Site iconSite icon Janayugom Online

ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച ഇന്ദുജയുടെ മരണം ആത്മഹത്യ; സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം പാലോട് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച ഇന്ദുജയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും തമ്മില്‍ കുറച്ച് നാളുകളായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അഭിജിത്ത് ഇന്ദുജയെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഭിജിത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും മര്‍ദനമേറ്റ പാടുകളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇന്നലെ ഉച്ചയോടെയാണ് ഇന്ദുജയെ ഭര്‍തൃവീട്ടിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വീട്ടിലെത്തിയ അഭിജിത്താണ് ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുജയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മരണം കൊലപാതകമണെന്നും അഭിജിത്തിന്റെ കുടുംബത്തെ സംശയമുണ്ടെന്നും കഴിഞ്ഞ മകള്‍ വീട്ടിലെത്തിയപ്പോള്‍ ദേഹത്ത് മുറിവുകളുണ്ടായിരുന്നെന്നും ഇന്ദുജയുടെ പിതാവ് പറഞ്ഞു. വിവാഹ ശേഷം ഇന്ദുജ സ്വന്തം വീട്ടില്‍ പോകുന്നതിനെ അഭിജിത്ത് തടഞ്ഞിരുന്നതായും സഹോദരന്‍ ഷിനുവും ആരോപിച്ചു. 

ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇന്ദുജയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അന്ന് മുതല്‍ തന്നെ ഇന്ദുജയുടെ വീട്ടുകാരുമായി അഭിജിത്തിന് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഒരു സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു ഇന്ദുജ. സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ് അഭിജിത്ത്. 

Exit mobile version