Site iconSite icon Janayugom Online

വിലക്കയറ്റം,പട്ടിണി,പലായനം: ദുരിതദ്വീപായി ശ്രീലങ്ക

sreelankasreelanka

ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ത്ഥികള്‍ എത്തി.
ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പ്രതിസന്ധി ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് വലിയ അഭയാര്‍ത്ഥി പ്രവാഹമുണ്ടായേക്കും. അടുത്തയാഴ്ചയോടെ രണ്ടായിരത്തോളം പേരെങ്കിലും എത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 1980കളിലെ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി തമിഴ്‌നാട്ടിലെ 107 ക്യാമ്പുകളിലും പുറത്തുമായി ഒരുലക്ഷത്തോളം അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ട്.

കോവിഡില്‍ ടൂറിസം മേഖലയിലുണ്ടായ പ്രതിസന്ധിയും വിദേശനാണയശേഖരത്തിലുണ്ടായ ഗണ്യമായ ഇടിവുമാണ് ശ്രീലങ്കന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്തതെന്നാണ് വിലയിരുത്തല്‍. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായിരുന്നു. ഭക്ഷ്യോല്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ് രാജ്യം.

ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഏറ്റവുമധികം വില. വൈദ്യുതിയോ ഇന്ധനമോ പാചകവാതകമോ രാജ്യത്ത് കിട്ടാനില്ല. അഞ്ച് മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ക്ഷാമം രൂക്ഷമായതോടെ ഭരണകൂടത്തിനെതിരെ ജനരോഷവും ആളിക്കത്തുകയാണ്. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

കടുത്ത പട്ടിണികാരണമാണ് രാജ്യം വിട്ടതെന്ന് ശ്രീലങ്കയില്‍ നിന്നെത്തിയ ഗജേന്ദ്രന്‍, ഭാര്യ മേരി എന്നിവര്‍ മധുരയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. രാമേശ്വരം തീരത്ത് എത്തിയ ഇവരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ രാമനാഥപുരം കോടതിയില്‍ ഹാജരാക്കുമെന്ന് തീരസംരക്ഷണ സേന അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നേരത്തെ എസ്ബിഐ നൂറുകോടി ഡോളറിന്റെ വായ്പ ശ്രീലങ്കയ്ക്ക് അനുവദിച്ചിരുന്നു. 250 കോടി ഡോളര്‍ സാമ്പത്തിക പാക്കേജ് ചൈനയും അനുവദിച്ചേക്കുമെന്ന് സൂചനയുണ്ട്.

Eng­lish Sum­ma­ry: Infla­tion, famine, migra­tion: Sri Lan­ka as an island of misery

You may like this video also

Exit mobile version