Site iconSite icon Janayugom Online

രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു; ഭക്ഷ്യവില പൊള്ളുന്നു

രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിക്കുന്നു. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 11.5 ശതമാനം വിലക്കയറ്റം സ്ഥിരമായി നിലനില്‍ക്കുന്നത് വരുംമാസങ്ങളിലും വില വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന. ജൂണില്‍ 4.55 ശതമാനം രേഖപ്പെടുത്തിയ വിലക്കയറ്റമാണ് 11.5 ലേക്ക് കുതിച്ചത്.
രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ വിലക്കയറ്റം ഗുരുതരമായി ബാധിച്ച് കഴിഞ്ഞു. ജൂലൈയില്‍ രാജ്യത്തെ പണപ്പെരുപ്പം 7.4 ശതമാനമാണ് രേഖപ്പെടുത്തിയത്. ലോങ് പീരിയഡ് ആവറേജി (എല്‍പിഎ) നേക്കാള്‍ ഏറെ ഉയര്‍ന്ന നിലയിലാണ് വിലക്കയറ്റം. ഓഗസ്റ്റ് മാസത്തില്‍ വീണ്ടും കുതിക്കുമെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പ കണക്കുകള്‍ ഈ മാസം പന്ത്രണ്ടിനാണ് പുറത്തുവരിക. 

ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കൂടുതല്‍ പണം വിനിയോഗിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജൂലൈയില്‍ പച്ചക്കറി അടക്കമുള്ളവയുടെ വില വന്‍തോതില്‍ വര്‍ധിച്ചു. തക്കാളിക്ക് പിന്നാലെ ഉള്ളി, ഉരുളക്കിഴങ്ങ് വിലയും ജനങ്ങളുടെ കൈ പൊള്ളിച്ചിരുന്നു.
ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടല്‍ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നുവെങ്കിലും പൊതുവിപണിയിലെ വിലക്കയറ്റത്തില്‍ മാറ്റമുണ്ടായില്ല. ധാന്യങ്ങളുടെയും പരിപ്പിന്റെയും ഉഴുന്നിന്റെയും വിലപ്പെരുപ്പം ജൂലൈയില്‍ 13.27 ശതമാനമായിരുന്നത് വീണ്ടും ഉയര്‍ന്നു. കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീവിടങ്ങളില്‍ ഉല്പാദനം ഗണ്യമായി കുറഞ്ഞതാണ് ധാന്യ വിലക്കയറ്റത്തിന് ഇടയാക്കിയിരിക്കുന്നത്. ധാന്യ ഇറക്കുമതിക്ക് ചുമത്തിയിരുന്ന 10 ശതമാനം നികുതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടും വില പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടില്ല.

തക്കാളി അടക്കമുള്ള പച്ചക്കറി വിലയിലും ഗണ്യമായി വര്‍ധനവാണ് ഇപ്പോഴും രേഖപ്പെടുത്തുന്നത്. തക്കാളി കിലോ 51.83 രൂപയായി കുറഞ്ഞുവെങ്കിലും അനുബന്ധ പച്ചക്കറി വിലയില്‍ കുറവ് വന്നിട്ടില്ല. ഉള്ളിക്ക് രാജ്യത്തെ ശരാശരി വില കിലോയ്ക്ക് 25.58 ആയി തുടരുകയാണ്. സസ്യഎണ്ണ, അരി, ഗോതമ്പ് അടക്കം എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും വില കൂടുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍. റാബി- ഖാരിഫ് വിളവെടുപ്പ് തിരിച്ചടിയായാല്‍ വിലക്കയറ്റത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ നല്‍കുന്ന സുചന.

രൂപ വീണ്ടും കൂപ്പുകുത്തി, ഡോളറിനെതിരെ 83.14

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. 10 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 83.14 എന്ന നിലയിലെത്തി. അമേരിക്കന്‍ ഡോളര്‍ ആറു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതിന്റെ ഫലമാണ് രൂപയുടെ വിലയിടിവ്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇടിവിന് ആക്കം വര്‍ധിപ്പിച്ചു.
ഇന്റര്‍ ബാങ്ക് വിദേശ എക്സ്ചേഞ്ചില്‍ യുഎസ് ഡോളറിനെതിരെ 83.08ല്‍ ആരംഭിച്ച വിനിമയം 83.02 മുതല്‍ 83.18 എന്ന ക്രമത്തില്‍ നീങ്ങിയെങ്കിലും ഒടുവില്‍ 83.14 ലേക്ക് കൂപ്പുകുത്തുകയായിരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരെ 33 പൈസ ഇടിഞ്ഞ് 83.04 എന്ന ക്രമത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഈവര്‍ഷം ഓഗസ്റ്റ് 21ന് ഇന്ത്യന്‍ രൂപ 83.13 എന്ന നിരക്കില്‍ എത്തിയിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ യുഎസ് ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചതായി ബിഎന്‍പി പാരിബായുടെ സാമ്പത്തിക വിദഗ്ധനായ അനുജ് ചൗധരി പറഞ്ഞു. 

Eng­lish Sum­ma­ry: Infla­tion is soar­ing in the country

You may also like this video

Exit mobile version