പത്തനാപുരത്ത് ഭാര്യയെ അസഭ്യം പറഞ്ഞതിനെത്തുടർന്ന് ഭർത്താവും സുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ രണ്ടാം പ്രതി പോലീസ് പിടിയിലായി. കറവൂർ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. പിറവന്തൂർ സ്വദേശി രജി (35) ആണ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായ അനിൽകുമാർ ഒളിവിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. രജിയും ഷാജഹാനും ഒന്നാം പ്രതി അനിൽകുമാറും സുഹൃത്തുക്കളായിരുന്നു. അനിലിന്റെ ഭാര്യയെ രജി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതാണ് ഷാജഹാനും അനിലും ചേർന്ന് രജിയെ കൊലപ്പെടുത്താൻ കാരണം. ഇരുവരും ചേർന്ന് ശനിയാഴ്ച വാഴത്തോട്ടത്തിൽ വെച്ച് രജിയെ മർദിക്കാൻ തീരുമാനിക്കുകയും, അവിടെ കാത്തുനിന്ന് രജിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം ഷാജഹാനും അനിൽകുമാറും ചേർന്ന് രജിയുടെ മൃതദേഹം പെരുന്തോയിൽ തലപ്പാക്കെട്ട് ഭാഗത്തുള്ള വനത്തിൽ ഉപേക്ഷിച്ചു. തുടർന്ന് ഇരുവരും ഒളിവിൽ പോയി. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അവർ വനപാലകരെ വിവരമറിയിക്കുകയും, തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ അനിൽകുമാറിന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, രജി തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി അവർ മൊഴി നൽകി. അവിവാഹിതനായ രജിക്ക് മറ്റാരുമായി ശത്രുതയുണ്ടായിരുന്നതായി വിവരമില്ല. ഒന്നാം പ്രതി അനിൽകുമാറിനെ പിടികൂടാനുള്ള തിരച്ചിൽ പത്തനാപുരം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

