Site iconSite icon Janayugom Online

അന്താരാഷ്ട്ര ലഹരി മൊത്ത വില്പനക്കാരെ ബംഗളൂരുവിൽ നിന്ന് പിടികൂടി

വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മൊത്ത വില്പനക്കാരെ കുന്ദമംഗലം പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. കൊടുവള്ളി തെക്കേപ്പൊയിൽ അബ്ദുൾ കബീർ (36), പരപ്പൻപൊയിൽ നങ്ങിച്ചിതൊടുകയിൽ നിഷാദ് (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 24 ന് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് (24)നെ ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് നിന്ന് ലഹരി മരുന്നുമായി പൊലീസ് പിടികൂടിയിരുന്നു. സ്കൂട്ടറിൽ വില്പനയ്ക്കായി കൊണ്ടുവന്ന 59.7 ഗ്രാം എംഡിഎംഎയുമായിട്ടാണ് കുന്ദമംഗലം പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നുമാണ് കൂട്ടുപ്രതികളെപ്പറ്റി മനസിലാക്കിയത്. പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നിർദ്ദേശ പ്രാകാരം സബ് ഇൻസ്പെക്ടർ നിധിന്റെ നേതൃത്വത്തിലാണ് ബംഗളൂരുവിലെ എം എസ് പാളയത്ത് വെച്ച് പ്രതികളെ പിടികൂടിയത്. 

അറസ്റ്റിലായ അബ്ദുൾ കബീറും നിഷാദും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സ്വദേശികളിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിച്ച് ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയാണ് ചെയ്തിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. അബ്ദുൾ കബീറിനെതിരെ കൊടുവള്ളി, കുന്ദമംഗലം സ്റ്റേഷനുകളിൽ മയക്കുമരുന്ന് വില്പനയ്ക്ക് ഉൾപ്പെടെ നിരവധി കേസുകളുണ്ട്. നിഷാദിനെതിരെ സുൽത്താൻ ബത്തേരി സ്റ്റേഷനിൽ കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയതിന് കേസുണ്ട്. ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെക്കുറിച്ച് വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ എ ബോസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Exit mobile version