Site icon Janayugom Online

ഇന്റര്‍നെറ്റ് നിരോധനം; ആറ് മാസം: 2000 കോടി നഷ്ടം

ഇന്റര്‍നെറ്റ് സേവന നിരോധനത്തിലൂടെ കഴിഞ്ഞ ആറ് മാസത്തില്‍ ഇന്ത്യക്ക് 2000 കോടി രൂപയിലേറെ നഷ്ടമായതായി കണക്കുകള്‍.
മുന്‍വര്‍ഷത്തെ കണക്കുകളേക്കാള്‍ 25 ശതമാനം അധികം ആറുമാസ സമയംകൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ടോപ്പ് 10 വിപിഎൻ വെബ്സൈറ്റിന്റെ കണക്കനുസരിച്ച് 2022ല്‍ 1500 കോടി രൂപയായിരുന്നു രാജ്യത്തിന്റെ നഷ്ടം.ജനങ്ങളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അക്സസ് നൗ സംഘടന പുറത്തിറക്കിയ “മിഡ് ഇയര്‍” റിപ്പോര്‍ട്ടനുസരിച്ച് ഇന്റര്‍നെറ്റ് സേവന നിരോധനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. 

അക്സസ് നൗവിന്റെ തന്നെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്റര്‍നെറ്റ് സേവന നിരോധനം ഏറ്റവും കൂടുതല്‍ തവണ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ റാങ്കുകളിലാണ് ഇന്ത്യയെന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യം ഇങ്ങനെ തന്നെ തുടരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റഷ്യ, എത്യോപ്യ, ഇറാൻ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ഇന്റര്‍നെറ്റ് സേവന നിരോധനത്തിലൂടെ സാമ്പത്തിക നഷ്ടമുണ്ടായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എത്തിയോപ്പിയ, മ്യാൻമാര്‍ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഈ രാജ്യങ്ങളില്‍ മതപരിപാടികള്‍, പ്രക്ഷോഭങ്ങള്‍, വര്‍ഗ്ഗീയ കലാപം എന്നിവയെ തുടര്‍ന്ന് ഒരു പ്രദേശത്തോ മേഖലയിലോ മാത്രമായി ഇത്തരം നിരോധനങ്ങള്‍ ഒതുങ്ങാറുണ്ടെങ്കിലും ചില അവസരങ്ങളില്‍ രാജ്യവ്യാപകമായും നിരോധനങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് അക്സസ് നൗ പറയുന്നു. 

മെയ് 19 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 33 തവണ ഇന്റര്‍നെറ്റ് സേവന നിരോധനമുണ്ടായതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ജൂണ്‍ 18 വരെ 2,353 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവന നിരോധനമുണ്ടായതായും 4.32 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഇത് ബാധിച്ചതായും ബിസിനസ് സ്റ്റാൻഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം റദ്ദാക്കപ്പെടുന്ന മേഖല ജമ്മു കശ്മീരാണ്. മണിപ്പൂര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഒന്നരമാസത്തിലേറെയായി ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്. മൊബൈൽ ഫോണുകളിലടക്കം ഇന്റർനെറ്റ് സേവനം തടയുന്നത് ഗ്രാമീണ തൊഴിലുറപ്പ്, സർക്കാരിന്റെ ഭക്ഷ്യധാന്യ വിതരണം അടക്കമുള്ള പദ്ധതികളുടെ ഗുണഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നുണ്ട്. 

Eng­lish Summary:internet ban; Six months: 2000 crore loss

You may also like this video

Exit mobile version