Site iconSite icon Janayugom Online

ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍

ആശാ വര്‍ക്കര്‍മാരുടെ ശക്തീകരണത്തിനായി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ദേശീയ മനുഷ്യവകാശ കമ്മിഷന്‍. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍സി) അധ്യക്ഷന്‍ ജസ്റ്റിസ് വി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയുടെ ഭാഗമായി. ആശാ വര്‍ക്കര്‍മാരെ ശാക്തീകരിക്കുന്നതിനൊപ്പം അന്തസോടെ അവര്‍ക്ക് ജോലി സുരക്ഷിതത്വം ഉറപ്പാക്കല്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എന്‍എച്ച്ആര്‍സി ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.
രാജ്യത്തെ നവജാത ശിശു മരണ നിരക്കില്‍ കാര്യമായ കുറവുണ്ടായത് ആശാ വര്‍ക്കര്‍മാരുടെ സേവന മികവാണ് വ്യക്തമാകുന്നത്. ഇവരുടെ ക്ഷേമത്തിനായി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് വി സുബ്രഹ്മണ്യം പറഞ്ഞു. 

കോവിഡ് കാലത്തെ ആശാ വര്‍ക്കര്‍മാരുടെ സേവനത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. മെഡിക്കല്‍ സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത വിദൂര മേഖലകളില്‍ വൈദ്യ പരിചരണത്തിന് എത്തുന്ന ഇവരുടെ പങ്ക് ഒരുതരത്തിലും അവഗണിക്കാനാകില്ലെന്ന് കമ്മിഷന്‍ അംഗം ജസ്റ്റിസ് ബിദ്യുത് രഞ്ചന്‍ സാരംഗി പറഞ്ഞു. ജോലിഭാരം, വിഭവങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഉള്‍പ്പെടെയുള്ള അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് സെക്രട്ടറി ജനറല്‍ ഭരത് ലാലും പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ക്ക് നിശ്ചിത ശമ്പളവും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലുള്ള ഇന്‍സെന്റീവുമാണ് അനിവാര്യമെന്ന പൊതു വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്.

പൊതുജനാരോഗ്യവും കുറഞ്ഞ വേതന നിര്‍ണയവും സംസ്ഥാന വിഷയമാണ്. ജനസംഖ്യാ നിയന്ത്രണം, കുടുംബാസൂത്രണം എന്നിവ കേന്ദ്ര വിഷയവുമാണ്. ഇതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഇവരുടെ വിഷയത്തില്‍ ഇടപെടണമെന്ന അഭിപ്രായമാണ് യോഗം മുന്നോട്ടു വച്ചത്. ആശാ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത പ്രതിമാസ ശമ്പളം, സാമൂഹ്യ സുരക്ഷ, പെന്‍ഷന്‍ ശമ്പളത്തോടെയുള്ള അവധിക്കൊപ്പം ഔപചാരിക തൊഴിലാളിയായി പരിഗണിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. ഈ വിഷയങ്ങളില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടിയ ശേഷമാകും കമ്മിഷന്‍ നിലപാടെടുക്കുക.

Exit mobile version