ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ നിക്ഷേപ വാഗ്ദാനങ്ങളില്‍ 4410 കോടി രൂപയുടെ 13 പദ്ധതികൾ അടുത്ത മാസം തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 1670 കോടി രൂപയുടെ നാല് പദ്ധതികൾ ഇതിനോടകം ആരംഭിച്ചതായും ഇൻഡസ്ട്രിയൽ ലാൻഡ്, ഇഒഐ ട്രാക്കിങ് വെബ്സൈറ്റുകൾ പുറത്തിറക്കിയ ശേഷം മന്ത്രി പറഞ്ഞു.
ഇൻവെസ്റ്റ് കേരളയ്ക്കു ശേഷം ഈ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 1385 കോടി രൂപയുടെ 76 പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി (ഐകെജിഎസ്2025)യിൽ ലഭിച്ച സമ്മതപത്രങ്ങളിലെ തുടർനടപടികൾക്കായിട്ടാണ് ഇഒഐ ട്രാക്കിംഗ് വെബ് പോർട്ടൽ (http://ikgseoi.kerala.gov.in) ആരംഭിച്ചത്. വ്യാവസായിക ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് ലഭ്യമായ ഭൂമിയുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനാണ് ഇൻഡസ്ട്രിയൽ ലാൻഡ് വെബ് പോർട്ടൽ (https://industrialland.kerala.gov.in).
ഇൻവെസ്റ്റ് കേരളയുമായി ബന്ധപ്പെട്ട് ഓരോ മാസവും വരുന്ന നിക്ഷേപ വാഗ്ദാനങ്ങളും വെബ്സൈറ്റിൽ രേഖപ്പെടുത്തും. പദ്ധതികളുടെ തുടർനടപടികളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുരോഗതിയും മറ്റ് വിശദാംശങ്ങളും അതത് സമയം പോർട്ടലിൽ ലഭിക്കും. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഇതുവരെ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. കെഎസ്ഐഡിസി എംഡി മിർ മുഹമ്മദ് അലി, എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ പങ്കെടുത്തു.

