Site iconSite icon Janayugom Online

ഇപ്റ്റ ദേശീയ സമ്മേളനത്തിന് തുടക്കം

IPTAIPTA

ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷൻ (ഇപ്റ്റ) പതിനഞ്ചാം ദേശീയ സമ്മേളനത്തിന് ഝാർഖണ്ഡിലെ ദൽത്തോംഗഞ്ചിൽ പതാക ഉയർന്നു. ദേശീയ വൈസ് പ്രസിഡന്റും വിഖ്യാത നാടക, സിനിമാ പ്രവർത്തകനുമായ പ്രൊഫ.സമിക് ബന്ദ്യോപധ്യായ പതാക ഉയർത്തി. 15-ാം സമ്മേളനത്തിന്റെ പ്രതീകമായി 15 ദുന്ദുബി വാദകർ അണിനിരന്ന ഡ്രം ബീറ്റിനുശേഷമായിരുന്നു പതാക ഉയർത്തൽ. ഇപ്റ്റയുടെ പതാകയിൽ ആലേഖനം ചെയ്തിട്ടുള്ള സംഘടനയുടെ അടയാള മുദ്ര വിശ്വപ്രസിദ്ധ ചിത്രകാരൻ ചിത്ത പ്രസാദ് രചിച്ച ദുന്ദുബി വാദകന്റെ രൂപമാണ്.

പ്രതിനിധി സമ്മേളനത്തിന്റെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിച്ചത്. ദേശീയ വൈസ് പ്രസിഡന്റുമാരായ പ്രൊഫ.സമിക് ബന്ദ്യോപധ്യായ, ടി വി ബാലൻ, സീതാറാം സിങ്, തൻവീർ അക്തർ, ഹിമൻഷു റായ്, അമിതാബ് ചക്രവർത്തി എന്നവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജനറൽ സെക്രട്ടറി രാകേഷ് വേദ, സെക്രട്ടറിമാരായ രാജേഷ് ശ്രീവാസ്തവ, ഉഷാ വരാഖർ ആത് ലെ, ഫിറോസ് അഷ്റഫ് ഖാൻ, അഡ്വ.എൻ ബാലചന്ദ്രൻ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായ പ്രമോദ് ഭൂയൻ, മനിഷ് ശ്രീവാസ്തവ, ശൈലേന്ദ്ര, എസ് കെ ഗനി, ഹരിയോം റജോരിയ, ലക്ഷ്മിനാരായണ, ദിലീപ് രഘുവംശി, ട്രഷറർ സുകേന്ദു മനാദൽ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളന നടപടികളെ സഹായിക്കുന്നു.

ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണത്തോടെയാണ് പ്രതിനിധി സമ്മേളന നടപടികൾ തുടങ്ങിയത്. ഇൻഡോറിൽ നടന്ന ഇപ്റ്റയുടെ 14-ാമത് ദേശീയ സമ്മേളന വേദിയിൽ ആർഎസ്എസ് അക്രമികൾ നടത്തിയ പൈശാചിക ആക്രമണത്തെ ഓർമ്മപ്പെടുത്തിയാണ് റിപ്പോർട്ട് ആരംഭിച്ചത്. പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും വ്യത്യസ്ത രൂപങ്ങളിൽ തുടരുകയാണെന്ന് റിപ്പോർട്ടിന്റെ ആമുഖത്തിൽ ജനറൽ സെക്രട്ടറി പറഞ്ഞു. റിപ്പോർട്ടിലെ സംഘടനാ രംഗത്തെക്കുറിച്ച് സെക്രട്ടറി ഉഷ ആത് ലെ വിവരിച്ചു.

ഉച്ചക്ക് രണ്ട് മണിക്ക് ദല്‍തോംഗഞ്ച് പട്ടണത്തില്‍ ഝാര്‍ഖണ്ഡിലെ 15 നഗരങ്ങളില്‍ നിന്ന് ആരംഭിച്ച ഡ്രം ബീറ്റും വിവിധ സംസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള കലാസാംസ്കാരിക ഘോഷയാത്രയും  സമ്മേളന നഗരിയെ വര്‍ണാഭമാക്കി. ഇന്ത്യയിലുടനീളമുള്ള നാടോടി സംഗീതം, നാടോടി വാദ്യങ്ങൾ, നാടോടി നൃത്തങ്ങൾ എന്നിവ സാംസ്കാരിക ഘോഷയാത്രയെ വൈവിധ്യമാക്കി. തുടര്‍ന്ന് 4.30ന് ശിവജി മൈതാനത്ത്  നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കലാസാംസ്കാരിക പരിപാടികളും നടക്കും. വിശ്വവിഖ്യാത നാടക പ്രവർത്തകൻ പ്രസന്നയാണ് ഉദ്ഘാടനം ചെയ്യുന്നത്.
മീര്‍ മുക്തിയാര്‍ അലിയുടെ സൂഫി പാട്ടും പത്മശ്രീ മധു മംസൂരിയുടെ നാടന്‍ പാട്ടും ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ നൃത്തരൂപങ്ങളുമാണ് ഉദ്ഘാടന സമ്മേളനത്തിന്റെ ആകര്‍ഷണം.

18ന് രാവിലെ 9.10ന് സമകാലിക വിഷയങ്ങളെ അധികരിച്ച് ശില്പശാല. വൈകിട്ട് യുപി ഇപ്റ്റയുടെ നാടന്‍ നൃത്തനൃത്യങ്ങളും ബിഹാറില്‍ നിന്നുള്ള ബിഹു നൃത്തം, ബംഗാളിന്റെ ബാഗുലും തെലങ്കാന, കേരള സംസ്ഥാനങ്ങളുടെ നാടന്‍ കലാരൂപങ്ങളും അരങ്ങേറും.
19ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം രണ്ടാംഘട്ടം ആരംഭിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടും പൊതുചര്‍ച്ചയും പ്രമേയാവതരണവും ദേശീയ കമ്മിറ്റി, ഭാരവാഹി തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കി വൈകിട്ട് ആറിന് സമാപിക്കും. തുടര്‍ന്ന് ശിവജി മൈതാനത്ത് സമാപന സാംസ്കാരിക സായാഹ്നം ആരംഭിക്കും. ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഗാനമെഴുതി ആലപിച്ചതിന് യുപിയില്‍ സംഘ്പരിവാര്‍ പ്രതിഷേധങ്ങള്‍ക്ക് പാത്രമായ ഗായിക സ്നേഹ സിങ് റാത്തോറിന്റെ നാടന്‍ പാട്ടുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൃശ്യാവിഷ്കാരങ്ങളും തെരുവുനാടകങ്ങളും അരങ്ങേറും.

Eng­lish Sum­ma­ry: IPTA Nation­al Con­fer­ence Begins

You may also like this video

Exit mobile version