പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന ഘട്ടത്തിലേക്ക്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഈ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നും കപ്പലുകൾ കത്തിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാന്റെ ഈ നീക്കത്തിന് പിന്നാലെ ഖത്തർ പ്രകൃതിവാതക ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചു.
ലോകത്തെ പ്രധാന ഇന്ധന വിതരണ പാത തടസ്സപ്പെട്ടതോടെ വരും ദിവസങ്ങളിൽ എണ്ണവില കുതിച്ചുയരുമെന്നാണ് സൂചന. ഇന്ധനത്തിനായി ഗൾഫ് രാജ്യങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകും. പ്രത്യേകിച്ച് ഖത്തറിലെ വാതക സെക്ടറിനെ ഇറാൻ ലക്ഷ്യമിടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കും.

