വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഇതോടെ ടൂറിസം സോണായ രാജമലയില്‍ ഒന്നാം തീയതി മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമാരംഭിക്കും.
വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. ഇരവികുളത്ത് ഇത്തവണ ഇതുവരെ 100ലധികം കുഞ്ഞുങ്ങള്‍ പിറന്നതായി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ നേര്യംപറമ്പില്‍ പറഞ്ഞു. ടൂറിസം സോണായ രാജമലയില്‍ മാത്രം 17 കുഞ്ഞുങ്ങള്‍ പിറന്നു. വരയാടുകളെ സന്ദര്‍ശിക്കുന്നതിനെത്തുന്ന സഞ്ചാരികള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രവേശനം ഓണ്‍ലൈന്‍ ബുക്കിഗ് വഴിമാത്രമാണ്. സഞ്ചാരികളുടെ സൗകര്യാര്‍ഥം അവര്‍ താമസിക്കുന്ന മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ ഏപ്രില്‍ 1ന് മുന്‍പ് സ്ഥാപിക്കും. മൂന്നാറിലെ 300 സ്ഥാപനങ്ങളിലാണ് ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്നത്. സഞ്ചാരികള്‍ക്ക് ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് മുന്‍കൂറായി ബുക്കു ചെയ്യാം. ഓണ്‍ലൈനില്‍ ബുക്കു ചെയ്ത ശേഷം ലഭിക്കുന്ന മെസ്സേജില്‍ നല്‍കിയിരിക്കുന്ന സമയത്ത് പ്രവേശന കവാടമായഅഞ്ചാംമൈലിലെത്തി വനംവകുപ്പ് തയ്യാറാക്കിയിട്ടുള്ള വാഹനത്തില്‍ കയറി രാജമലയിലെത്താം.
ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ശബ്ദരേഖയിലൂടെ ഇരവികുളം ദേശീയോദ്യാനത്തിന്റെ വിവരങ്ങള്‍, ലഭിക്കുന്ന സേവനങ്ങള്‍, ചെയ്യരുതാത്ത കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സഞ്ചാരികള്‍ക്ക് വിവരം കേള്‍ക്കാം. വിദേശികള്‍ക്ക് 500 ഉം, സ്വദേശികള്‍ക്ക് 200 രുപയുമാണ് പ്രവേശന ഫീസ്.
അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുന്ന മറയൂര്‍ റോഡിലെ ലക്കം വെള്ളച്ചാട്ടവും ഏപ്രില്‍ 1ന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ് പറഞ്ഞു. വെള്ളച്ചാട്ടത്തില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങള്‍, ശുചി മുറികള്‍, ഭക്ഷണശാല എന്നീ സംവിധാനങ്ങള്‍ ഇവിടെ പുതുതായി ഏര്‍പ്പെടുത്തിയതായി വാര്‍ഡന്‍ പറഞ്ഞു.
രാജമല സന്ദര്‍ശനത്തിനായി: www. eravikulamnationalpark. in, www. munnarwildlife. com.
English Summary: Iravikulam National Park will open on April 1
You may like this video also