കര്‍ണാടകയിലെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേടില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കേസിലെ പ്രതിയും ബിജെപിയുടെയും മഹിളാ വിഭാഗത്തിന്റെയും കലബുര്‍ഗിയിലെ നേതാവുമായ ദിവ്യ ഹാഗരഗിയെയാണ് കര്‍ണാടക പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്(സിഐഡി) പൂനെയില്‍ വച്ച് അറസ്റ്റ് ചെയ്തത്. അര്‍ച്ചന, സുനന്ദ എന്നീ രണ്ട് കൂട്ടുപ്രതികളെയും എസ്‌പി രാഘവേന്ദ്ര ഹെഗാഡെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ദിവ്യയുടെ ഉടമസ്ഥതയിലുള്ള ജ്ഞാന ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ക്രമക്കേടുകള്‍ നടന്നത്. തട്ടിപ്പ് വെളിച്ചത്തുവന്നതിനെത്തുടര്‍ന്ന് 18 ദിവസമായി ഇവര്‍ ഒളിവിലായിരുന്നു. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയതിന്, സോലാപുര്‍ സ്വദേശിയായ ബിസിനസുകാരനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ് ഹാഗരഗി നേരത്തെ അറസ്റ്റിലായിരുന്നു.
ക്രമക്കേടുകള്‍ പുറത്തുവന്നതിനുശേഷവും, ദിവ്യക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നായിരുന്നു ബിജെപി നേതാക്കള്‍ വാദിച്ചിരുന്നത്. റിക്രൂട്ട്മെന്റ് ഫലം പുറത്തുവന്നതിനുശേഷം, കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ദിവ്യയെ സന്ദര്‍ശിച്ചിരുന്നു.
21 ചോദ്യങ്ങളുടെ ഉത്തരം മാത്രം എഴുതിയിട്ടും വീരേഷ് എന്ന ഉദ്യോഗാര്‍ത്ഥിക്ക് 121 മാര്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് ദിവ്യയുടെ പേര് സിഐഡി അന്വേഷണത്തില്‍ ഉള്‍പ്പെട്ടത്. ജ്ഞാന ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു വീരേഷ് പരീക്ഷയെഴുതിയത്. ഏഴാം റാങ്കാണ് വീരേഷിന് ലഭിച്ചത്. തട്ടിപ്പിലൂടെയാണ് വീരേഷിന് കൂടുതല്‍ മാര്‍ക്ക് ലഭിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിയുകയായിരുന്നു. ഈ സ്ഥാപനത്തില്‍ പരീക്ഷയെഴുതിയ നിരവധി പേരും ഈ ക്രമക്കേടില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ സ്ഥാപനം പരീക്ഷാ കേന്ദ്രമായി അനുവദിക്കരുതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടും പൊലീസിന്റെ റിക്രൂട്ട്മെന്റ് വിഭാഗം ജ്ഞാന ജ്യോതി സ്കൂളിനെ തെരഞ്ഞെടുക്കുകയായിരുന്നു. പരീക്ഷ നടക്കുന്ന സമയത്ത് സിസിടിവി കാമറകളുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 545 ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളമുള്ള 54,289 പേരാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ നവംബറിലാണ് പരീക്ഷ നടന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ക്രമക്കേടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്, പരീക്ഷ റദ്ദ് ചെയ്തതായും പുതിയ പരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബംഗളുരുവിലെ ഒരു കേന്ദ്രത്തിലും തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ട്.
English Summary:Irregularities in Karnataka SI Recruitment Examination; BJP women leader arrested
You may also like this video