പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാലയളവെന്നത് വ്യവസ്ഥകള്‍ക്ക് വിധേയമായി ഒഴിവാക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓഖ, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക.
അതേസമയം, നിബന്ധനകള്‍ക്ക് വിധേയമായാണിതെന്നും കോടതി നിരീക്ഷിച്ചു. ഒരു വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകര്‍ച്ചയുണ്ടാകുന്നതെന്ന് എപ്പോഴാണെന്ന് സംബന്ധിച്ച് മാനദണ്ഡങ്ങളും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന് പുറമെ ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ള നിര്‍ണയം എങ്ങനെ സന്തുലിതമാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിങ്, ആർ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിർബന്ധിത കാത്തിരിപ്പ് സുപ്രീംകോടതിയുടെ പ്രത്യേക അധികാര പരിധി ഉപയോഗിച്ച് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന് മുൻപാകെ ഉന്നയിക്കപ്പെട്ട ചോദ്യം. എന്നാൽ പൂർണമായ നീതി നടപ്പാക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം സുപ്രീംകോടതിക്ക് പ്രത്യേക അധികാരമുണ്ടെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.
english summary; Irretrievably broken marriages can now be dissolved quickly instead of waiting six months
you may also like this video: