Site iconSite icon Janayugom Online

ഇസ്‌ലാമിക രാജ്യങ്ങളില്‍; ഇന്ത്യന്‍ ബഹിഷ്കരണം

ബിജെപിയുടെ പ്രവാചക നിന്ദയ്ക്കെതിരെ രോഷം ആളിക്കത്തുന്ന ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കോപാഗ്നി കെടുത്തുന്നതിനു പകരം അത് ആളിക്കത്തിക്കാനുള്ള പ്രതികരണം ഇന്നലെ ഇന്ത്യയില്‍ നിന്നുണ്ടായതും പ്രകോപന ഹേതുവായി. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളിലെ വിപണികളില്‍ നിന്ന് ഇന്നലെ മുതല്‍ ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ അപ്രത്യക്ഷമായിത്തുടങ്ങി. ഇന്ത്യയുടെ കയറ്റുമതിയില്‍ നല്ലൊരു പങ്ക് ഗള്‍ഫ് മേഖലയിലേക്കും ഇസ്‌ലാമിക രാജ്യങ്ങളിലേക്കുമായതിനാല്‍ പുതിയ സംഭവവികാസം ഇന്ത്യയുടെ സമ്പദ്ഘടനയുടെ തകര്‍ച്ചയ്ക്ക് വഴിവച്ചേക്കും. 

57 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഇസ്‌ലാമിക രാഷ്ട്ര സംഘടന കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. വിഷയം ചര്‍ച്ചചെയ്യാന്‍ സംഘടനയുടെ (ഒഐഎസ്) അടിയന്തര യോഗം അടുത്ത ദിവസംതന്നെയുണ്ടാകുമെന്ന് സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം താഹ അറിയിച്ചു. അറബ് ലീഗ് രാഷ്ട്രങ്ങളുടെ യോഗവും അടിയന്തരമായി ചേരുന്നുണ്ട്. സാമ്പത്തിക ഉപരോധമുണ്ടായാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധന പ്രതിസന്ധി ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരും. ക്രൂഡ് ഓയിലും പ്രകൃതിവാതകവുമടക്കമുള്ള ഇന്ത്യയുടെ ഇറക്കുമതിയില്‍ 84 ശതമാനവും ഇറാഖ്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നാണ്. 

ഈ രാജ്യങ്ങളാണ് ബിജെപിയുടെ പ്രവാചക നിന്ദയ്ക്കെതിരെ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ഇന്ത്യക്കെതിരെ എണ്ണ ഉപരോധം പ്രഖ്യാപിച്ചാല്‍ അവരെ പിണക്കി ഇന്ത്യയ്ക്ക് ഇന്ധനം നല്കാന്‍ യുഎസ് തയാറാവുകയുമില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്തത് 7,79,000 കോടി രൂപയുടെ ക്രൂഡ് ഓയിലായിരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എണ്ണ ഉപരോധം വന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 300 രൂപ കടക്കുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. 

ബിജെപിയുടെ രണ്ട് ദേശീയ വക്താക്കള്‍ നടത്തിയ ഹീനമായ നബിനിന്ദ ഇസ്‌ലാമിക രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസി ലക്ഷങ്ങളുടെ ഭാവിയിലും കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒരു കോടിയോളം ഇന്ത്യക്കാരാണ് തൊഴില്‍ ചെയ്തിരുന്നത്. കോവിഡും എണ്ണ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും കാരണം അരക്കോടിയോളം പേര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പ്രവാചകനിന്ദയുടെ പേരില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നിഷേധം കൂടിയുണ്ടായാല്‍ ഒന്നേകാല്‍ കോടിയോളം ഇന്ത്യക്കാരായിരിക്കും കുടിയിറക്കപ്പെടുക. 

Eng­lish Summary;In Islam­ic coun­tries; Indi­an boycott
You may also like this video

Exit mobile version