Site iconSite icon Janayugom Online

ദോഹയിലെ ഇസ്രയേൽ ആക്രമണം; സംഘര്‍ഷം വഷളാകുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ എതിർക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടുതൽ ഗൾഫ് നേതാക്കളെ നേരിട്ട് അറിയിച്ചേക്കും. ഖത്തർ അമീറുമായി നടത്തിയ സംഭാഷണത്തിൽ ഇസ്രയേൽ ആക്രമണത്തെ മോഡി അപലപിച്ചിരുന്നു. സംഘർഷം വഷളാകുന്നതിലുള്ള ആശങ്കയും  ഇന്ത്യ വിവിധ രാജ്യങ്ങളെ അറിയിക്കും.
”ഖത്തറിന്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നല്‍കുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നു.”- ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ സംഭാഷണത്തിൽ അറിയിച്ചത്. നയതന്ത്രത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കണം എന്നും മോഡി പറഞ്ഞു. രണ്ട് കൊല്ലമായി നടക്കുന്ന സംഘർഷത്തിൽ ഇസ്രയേലിന്റെ ഒരു നീക്കത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നത് ഇതാദ്യമായാണ്. ഇസ്രയേലുമായുള്ള ബന്ധം കണക്കിലെടുത്ത് എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും ഇന്ത്യ എതിർക്കുന്നുവെന്നും ഇന്ത്യയുടെ പ്രസ്താവനയിൽ ഉൾപ്പെടുത്തി.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി എതിർക്കാതിരുന്നാൽ അത് ദോഷം ചെയ്യും എന്നാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ഇന്ത്യയുമായി അടത്തു ബന്ധമുള്ള യുഎഇ പ്രസിഡന്റുമായും സൗദി കിരീടാവകാശിയുമായും മോദി ചർച്ച നടത്തിയേക്കും. ഖത്തർ ജനതയോടുള്ള ഐക്യദാർഡ്യത്തിന് അമീർ ഇന്നലെ മോഡിക്ക് നന്ദി അറിയിച്ചിരുന്നു

Exit mobile version