Site iconSite icon Janayugom Online

തിരുവല്ല നഗരസഭയില്‍ എൻജിനീയറിംഗ് സെക്ഷനിൽ എ ഇ ഇല്ലാതായിട്ട് നാളുകളാകുന്നു

നഗരസഭയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എൻജിനീയറിംഗ് സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ ഇല്ലാതായിട്ട് നാളുകളാകുന്നു. ഇതോടെ പദ്ധതി വർഷം പൂർത്തീകരിക്കേണ്ട പ്രവൃത്തികൾ മുടങ്ങാനാണ് സാധ്യത. അടിയന്തിര പ്രാധാന്യമുള്ള റോഡ് വർക്കുകൾ ഉള്‍പ്പെടെയുള്ള ഫയലുകള്‍ ഒതുങ്ങിപ്പോയ സ്ഥിതിയാണ്. മാസങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന എഇ സ്ഥലം മാറിപ്പോയതിന് ശേഷം പകരം ആളെത്താത്തതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത്. ഇതിനിടയില്‍ ഒരാള്‍ വന്നെങ്കിലും ഒരാഴ്ചപോലും ഇരുന്നില്ല. ഇപ്പോള്‍ കുറ്റൂർ പഞ്ചായത്തിൽ നിന്നുള്ള എഇക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. അതും ആഴ്ചയിൽ രണ്ടു ദിവസം. പഞ്ചായത്തിലെ നടപടിക്രമങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നഗരസഭയിലേത്. 

പരിചയമുള്ളവര്‍ക്ക് പോലും പെട്ടെന്ന് ഫയലുകള്‍ പഠിച്ച് പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമായ സ്ഥിതിക്കാണ് പഞ്ചായത്തിലെ ആള്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഇത് കാരണം ഫയലുകള്‍ നീങ്ങുന്നതിന് വലിയ കാലതാമസം വരുന്നുവെന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. അഞ്ഞൂറിലധികം ഫയലുകൾ നഗരസഭയിൽ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ആക്ഷേപം. പുതിയ എഎക്സ്ഇ വന്നെങ്കിലും എഇ ഇല്ലാത്തതിനാൽ ഫയലുകൾ മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ല. ഡിപിസി അംഗീകാരം ലഭിച്ച വർക്കുകൾ മാർച്ച് മാസങ്ങൾക്കു മുമ്പ് പൂർത്തീകരിക്കേണ്ടതാണ്. ഇതും വലിയ പ്രതിസന്ധിയായി തുടരുന്നു. നിലവിലെ സാഹചര്യത്തിൽ പല കോൺട്രാക്ടർമാരും പ്രവൃത്തികൾ ഏറ്റെടുക്കുവാൻ തയാറാകുന്നില്ല. എടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ അവരും വളരെയധികം ബുദ്ധിമുട്ടിലാണ്. എഞ്ചിനീയറിംഗ് സെക്ഷനില്‍ നിന്നും അനുമതി ലഭിക്കേണ്ട സാധാരണക്കാരുടെ ഫയലുകള്‍ നീങ്ങാത്തതിനാല്‍ അവരും പ്രതിഷേധത്തിലാണ്. കെട്ടിട ലൈസൻസുകള്‍ വിതരണം ചെയ്യുന്നതിലും ഇതോടെ തടസ്സമുണ്ടായി. 

Exit mobile version