Site iconSite icon Janayugom Online

10 കൊല്ലം കൊണ്ട് ബിജെപി കോര്‍പ്പറേറ്റുകളെ വെല്ലുന്ന സാമ്പത്തിക ശക്തിയായത് ദുരൂഹം

നരേന്ദ്ര മോഡി അധികാരത്തിലേറിയ ശേഷം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ബിജെപി കുതിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണം ഭൂരിപക്ഷം ജനങ്ങളും പ്രയാസപ്പെടുമ്പോഴും ബിജെപിയുടെ ആസ്തി വാനോളം ഉയരുന്നതിന്റെ രഹസ്യം ദുരൂഹം. കോര്‍പ്പറേറ്റ് കമ്പനികള്‍ ഉണ്ടാക്കുന്നതിനെക്കാള്‍ കോടിക്കണക്കിന് രൂപ പാര്‍ട്ടി വര്‍ഷംതോറും ഉണ്ടാക്കുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1998ല്‍ എ ബി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ചെലവ് മൊത്തം പാര്‍ട്ടികളുടെ ചെലവിന്റെ 20 ശതമാനമായിരുന്നു. 2019ല്‍ അത് 45 ശതമാനമായി കുതിച്ചുയര്‍ന്ന് 60,000 കോടിയായെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ (സിഎംഎസ്) റിപ്പോര്‍ട്ട് പറയുന്നു. ഇത്തവണത്തെ ചെലവ് 1,35,000 ആകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 10 വര്‍ഷത്തിനിടെ പാര്‍ട്ടി ഓഫിസുകളും അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനും പ്രചരണത്തിനുമായി ഒരുലക്ഷം കോടിയെങ്കിലും ചെലവഴിച്ചു. ഇത് 2014–23 കാലയളവില്‍ ബിജെപി പ്രഖ്യാപിച്ച വരുമാനമായ 14,663 കോടിയെക്കാള്‍ ഏഴ് മടങ്ങ് വരെ കൂടുതലാണെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തുടനീളം ജില്ലാ ആസ്ഥാന മന്ദിരങ്ങള്‍ നിര്‍മ്മിക്കാനായി 2,661, മറ്റ് കെട്ടിടങ്ങള്‍ക്കായി 900, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കായി 16,492, ലോക്‌സഭാ തെരഞ്ഞെടുപ്പിന് 54,000 — 87,750 കോടികള്‍ വീതം ബിജെപി ചെലവിട്ടു. അധികാരത്തിന്റെ തണലില്‍ വഴിവിട്ട മാര്‍ഗങ്ങളിലൂടെ ശതകോടിക്കണക്കിന് രൂപ നേടുന്നതായി അവരുടെ വാര്‍ഷിക വരുമാന കണക്ക് വ്യക്തമാക്കുന്നു. മോഡി അധികാരത്തിലേറിയ 2014–15 കാലത്ത് 970 കോടിയായിരുന്നു വാര്‍ഷിക വരുമാനം. തൊട്ടടുത്ത സാമ്പത്തിക വര്‍ഷം 570 കോടിയായി കുറഞ്ഞു. പിന്നീടുള്ള രണ്ട് കൊല്ലം യഥാക്രമം 1034, 1027 കോടിയായി. 2018–19 2410 കോടിയും 2019–20ല്‍ 3623 കോടിയുമായി. കോവിഡ് കാലമായ 20–21ല്‍ 752 കോടിയായി കുറഞ്ഞെങ്കിലും 21–22ല്‍ 1917ഉം, 22–23ല്‍ 2360 ഉം കോടിയായി വര്‍ധിച്ചു.

മോഡി അധികാരത്തിലെത്തിയതോടെയാണ് ആധുനിക ആശയവിനിമയ സംവിധാനങ്ങളുള്ള ജില്ലാ-സംസ്ഥാന ഓഫിസുകള്‍ വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചത്. തൊട്ടടുത്ത വര്‍ഷം രാജ്യത്തെ 694 ജില്ലകളില്‍ 635 ഇടത്തും ഓഫിസുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 290 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ബാക്കിയുള്ളവ പുരോഗമിക്കുകയാണെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ വ്യക്തമാക്കി. കോടികള്‍ മുടക്കി ആഢംബര പാര്‍ട്ടി ഓഫിസുകള്‍ നിര്‍മ്മിക്കുന്നത് വലിയ നിക്ഷേപമെന്ന നിലയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലെ എതിരാളികളെ അമ്പരപ്പിക്കുന്നതിന് കൂടിയാണ്. ഇപ്പോള്‍ നടത്തുന്ന തെരഞ്ഞെടുപ്പിലും ബിജെപി അത് വളരെ തന്ത്രപരമായി ഉപയോഗിക്കുന്നുണ്ട്. പെഗാസസ് പോലുള്ള ചാര സോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെയും പ്രധാ­ന വ്യക്തികളെയും രഹസ്യമായി നിരീക്ഷിക്കുകയും ജനപ്രതിനിധികളെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുകയും അതുവഴി അധികാരം നിലനിര്‍ത്തുകയുമാണ് അവരുടെ തന്ത്രം. ബിജെപിക്ക് എങ്ങനെയാണ് ഇത്രയും ആസ്തിയുണ്ടായതെന്ന വിവരം ചികഞ്ഞുപോയാല്‍ എത്തുംപിടിയും കിട്ടില്ല. അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളും മറ്റ് ചെലവുകളും കണക്കാക്കി ഏകദേശ കണക്ക് പറയാനേ കഴിയൂവെന്നും അതിലും കൂടുതലായിരിക്കും യഥാര്‍ത്ഥ കണക്ക് എന്നും ദി വയര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികളെ കൂടെ നിര്‍ത്തി, അധികാരത്തിലുള്ള സര്‍ക്കാരുകളെ താഴെയിറക്കാന്‍ മാത്രം എത്രയോ കോടിയാണ് ബിജെപി കഴിഞ്ഞ 10 കൊല്ലമായി ചെലവഴിച്ചത്. 

2024 മാര്‍ച്ച് വരെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള 444 എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ സുനേത്ര ചൗധരി പറയുന്നു. ഇക്കൊല്ലം ബിജെപിയില്‍ ചേരാനായി ആംആദ്മി പാര്‍ട്ടിയിലെ ഏഴ് എംഎഎമാര്‍ക്ക് 25 കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50 കോടി നല്‍കാമെന്നാണ് ഉറപ്പുകൊടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തിയിരുന്നു. 2022ല്‍ ഗോവയിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 40 മുതല്‍ 50 കോടി വരെ കൊടുത്തതായി പിസിസി പ്രസിഡന്റ് അമിത് പട്കര്‍ ആരോപിച്ചിരുന്നു. തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എമാര്‍ക്ക് 50 മുതല്‍ 100 കോടി വരെയായിരുന്നു വാഗ്ദാനം. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടക്കുകയാണ്. അധികാരത്തിന്റെ തണലില്‍ അനധികൃതമായി പണം സമ്പാദിക്കുകയും അതുപയോഗിച്ച് ജനാധിപത്യത്തെ വിലയ്ക്കെടുക്കുകയുമാണ് ബിജെപി ചെയ്യുന്നത്. കഴിഞ്ഞ 10 കൊല്ലം രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ അട്ടിമറിച്ചത് അതിന്റെ വ്യക്തമായ ഉദാഹരണമാണ്. 

Eng­lish Summary:It is a mys­tery that BJP is an eco­nom­ic force that can beat cor­po­rates in 10 years
You may also like this video

Exit mobile version