നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ ആക്കണമെന്ന പ്രധാന ശുപാർശയുമായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉന്നതതല കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ദേശീയതലത്തില്‍ പരീക്ഷകളില്‍ കാതലായ മാറ്റം നിര്‍ദേശിക്കുന്നുണ്ട്.
ദേശീയ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍ടിഎ) സമൂലമാറ്റം ആവശ്യമാണെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. ദേശീയ പ്രവേശന പരീക്ഷകള്‍ മാത്രമായിരിക്കണം എന്‍ടിഎ നടത്തേണ്ടത്. റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്തില്ല. അടുത്ത വര്‍ഷം ഏജന്‍സി പുനഃക്രമീകരിക്കണം. 10 പുതിയ തസ്തികകള്‍ ഏജന്‍സിയില്‍ ക്രമീകരിക്കണം. പരാതികള്‍ പരിശോധിക്കാന്‍ ദേശീയതലത്തില്‍ സമിതി വേണമെന്നും ശുപാർശയുണ്ട്. ഇവ ഉള്‍പ്പെടെ 101 ശുപാർശകളാണ് റിപ്പോര്‍ട്ടിലുള്ളത്.
സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചതായും 2025 മുതല്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) ഒരു റിക്രൂട്ട്മെന്റ് പരീക്ഷകളും സംഘടിപ്പിക്കില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. എന്‍ടിഎ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലേക്ക് (സിബിടി) മാറണോ എന്നതില്‍ മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.
കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി)-യുജി വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടക്കുമെന്ന് ഉറപ്പാക്കാന്‍ എന്‍ടിഎയുടെ പ്രവര്‍ത്തനത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.