Site iconSite icon Janayugom Online

രാജ്യത്തെ മാതൃ-ശിശുമരണ നിരക്ക് കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ മാതൃമരണ അനുപാതം (എംഎംആര്‍) 37 പോയിന്റ് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2014–16ല്‍ ഒരു ലക്ഷം പ്രസവങ്ങള്‍ക്ക് 130 മരണം ആയിരുന്നത് 2019–21ല്‍ 93 ആയി കുറഞ്ഞു.
1990 മുതല്‍ 2023 വരെ ആഗോളതലത്തില്‍ ശിശുമരണനിരക്ക് 48 ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ 86 ശതമാനം കുറഞ്ഞു. എസ്ആര്‍എസ് റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ ശിശുമരണ നിരക്ക്, 2014ല്‍ 1,000 പേരില്‍ 39 ആയിരുന്നു. 2021ല്‍ അത് 27 ആയി കുറഞ്ഞു. 

സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ്) അടിസ്ഥാനമാക്കിയ 2019–21ലെ മാതൃമരണത്തെ കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിന്‍ പ്രകാരം 20–29 പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ മാതൃമരണ അനുപാതം റിപ്പോര്‍ട്ട് ചെയ്തത്. ഒരു പ്രത്യേക കാലയളവില്‍ ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ എത്ര മരണങ്ങള്‍ സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് എംഎംആര്‍ നിര്‍വചിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഗര്‍ഭാവസ്ഥയിലോ, ഗര്‍ഭം അലസലിന് ശേഷമുള്ള 42 ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടോ ഒരു സ്ത്രീ മരിക്കുന്നതിനെയാണ് എംഎംആര്‍ ആയി കണക്കാക്കുന്നത്.
കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ‌്നാട്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങി എട്ട് സംസ്ഥാനങ്ങള്‍ സുസ്ഥിര വികസന ലക്ഷ്യം കൈവരിച്ചു. മധ്യപ്രദേശ് (175), അസം (167), ഉത്തര്‍പ്രദേശ് (151), ഒഡിഷ (135), ഛത്തീസ്ഗഢ് (132) എന്നിവിടങ്ങളിലാണ് ഉയര്‍ന്ന എംഎംആര്‍ അനുപാതം.

Exit mobile version