1300ലധികം ജൂതജനതയെ കൊന്നൊടുക്കിയ ഹമാസ് ആക്രമണത്തിന് “കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന കല്പനയില്‍ ഇസ്രയേല്‍ പകരമെടുത്ത പലസ്തീനികളുടെ ജീവന്‍ 9,000ത്തിലധികമാണ്. മണ്ണോടു ചേര്‍ന്ന ഇവരിൽ പാതിയും കുട്ടികളാണ്. പലസ്തീനിയൻ ജനതയെ കണ്ണുംപൂട്ടി ബോംബില്‍ എരിക്കാന്‍ അമേരിക്കയ്ക്കൊപ്പം നിരവധി ലോകശക്തികളും ചൂട്ടുംകത്തിച്ച് ഇസ്രയേലിന് ഒപ്പം അണിനിരന്നിട്ടുമുണ്ട്.
സംഘര്‍ഷവുമായി ബന്ധപ്പെടുത്തി ഇസ്രയേലിനുള്ള അമേരിക്കയുടെ സഹായം പതിവില്‍ നിന്നും 3.3 ദശലക്ഷം ഡോളര്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്. 1948 മുതല്‍ ഇസ്രയേലിനുള്ള അമേരിക്കന്‍ സഹായം പ്രതിവര്‍ഷം 370 ദശലക്ഷം ഡോളറാണ്. യുദ്ധവുമായി ബന്ധപ്പെട്ട് 14.3 ദശലക്ഷം ഡോളര്‍ അടിയന്തരമായി അധികം നല്‍കാനും അമേരിക്ക നിര്‍ദേശിച്ചു.
ലേഖിക ന്യൂയോര്‍ക്കിലാണ് വാസം. ജന്മംകൊണ്ട് ഹിന്ദുവാണ്, അമേരിക്കന്‍ വംശജയും. ഭർത്താവ് സ്റ്റീഫൻ ഷാ ജൂതനാണ്, അമേരിക്കനും. സമാധാനത്തിന്റെ ജൂതസ്വരം, മനുഷ്യാവകാശ സംരക്ഷണത്തിന് ഹിന്ദു തുടങ്ങിയ സംഘടകളില്‍ ഞങ്ങള്‍ സജീവമാണ്. വെള്ളക്കാരുടെ മാത്രം രാജ്യമെന്ന് ആവര്‍ത്തിക്കുന്ന അപകടകരമായ നവഅമേരിക്കന്‍ ദേശീയതയുടെയും ഇസ്രയേലിലെ സയണിസത്തിന്റെയും ഇന്ത്യയിലെ തീവ്രഹിന്ദുത്വത്തിന്റെയും പശ്ചാത്തലത്തില്‍ ഏവർക്കും നീതി ഉറപ്പാക്കുന്ന വൈവിധ്യമാർന്ന കൂട്ടായ്മകളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും സകലരെയും ഉൾക്കൊള്ളുന്ന മാനവികതയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.
ഇതുകൂടി വായിക്കൂ: പലസ്തീന്‍ കൂട്ടക്കുരുതി, മറ്റൊരു ഹൊളോകാസ്റ്റ്
24 മണിക്കൂറിനുള്ളിൽ, ആയിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ബോംബാക്രമണത്തിന് വേഗതയേറുകയാണ്. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേലിന്റെ ചെയ്തികള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഗാസയിലേയ്ക്ക് ഭക്ഷണവും മരുന്നും വെള്ളവും നിഷേധിച്ചിരിക്കുന്നു. വൈദ്യുതിയും ഇന്റർനെറ്റും അടച്ചുപൂട്ടി. വന്യതയുടെ കൊടുമുടി കയറാന്‍ ഇസ്രയേൽ കരയുദ്ധവും ആരംഭിച്ചു. ലോകമെമ്പാടും വെടിനിർത്തല്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ കനക്കുകയുമാണ്.
ഒക്ടോബർ 27 വെള്ളിയാഴ്ച രാത്രി, വെടിനിർത്തല്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികളില്‍ ഭര്‍ത്താവ് സ്റ്റീഫനൊപ്പം പങ്കെടുത്തു. ഇറാഖ് യുദ്ധത്തിന് ശേഷം നഗരത്തില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധ റാലിയായിരുന്നു അത്. ആയിരക്കണക്കിന് ആളുകൾ, കൂടുതലും ജൂതന്മാർ, ഗ്രാന്റ് സെൻട്രൽ സ്റ്റേഷനിലെ ഗ്രാന്റ് കോൺകോർഡ് പ്രതിഷേധത്തിനെത്തിയവരെക്കൊണ്ട് നിറഞ്ഞു.
ഗാസയിൽ തുടരുന്ന കൂട്ടക്കൊലകൾക്ക് നികുതി പണത്തില്‍ നിന്ന് ധനസഹായം നൽകുന്ന ദുരവസ്ഥ ചര്‍ച്ചചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധവും നിസഹകരണവും കനത്തു. അറസ്റ്റിലേയ്ക്ക് നീണ്ടു കാര്യങ്ങള്‍. ഇറുകിയ വിലങ്ങ്. വേദന, കൈത്തണ്ടകള്‍ക്ക് ഇത്തരിപോലും അന്യോന്യം അകറ്റാന്‍ കഴിയില്ല. പ്ലാസ്റ്റിക്ക് വിലങ്ങ് വലിച്ചുനീട്ടാൻ കഴിയില്ല. പ്രാഥമിക കര്‍മ്മങ്ങള്‍ക്കുപോലും സൗകര്യമില്ല. കോടതികളില്‍ കയറിയിറങ്ങണമെന്നും രാജ്യാന്തര യാത്രകളിൽ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും യാഥാര്‍ത്ഥ്യ സാഹചര്യം. ഇസ്രയേലികളും പലസ്തീനികളുമായി ആയിരങ്ങള്‍ മരിക്കുകയും മരണസംഖ്യ നിയന്ത്രണാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതൊന്നും പരിഗണിക്കാനാകില്ലല്ലോ. ആയിരക്കണക്കിന് യഹൂദന്മാർക്കിടയിൽ തങ്ങളുടെ പേരിൽ നടക്കുന്ന അതിക്രമങ്ങളിൽ അവര്‍ വേദന പ്രകടിപ്പിക്കുന്നത് നോക്കിനില്‍ക്കെ അവര്‍ക്കിടയിലെ ഒരേയൊരു ഹിന്ദുവായിരിക്കുക എന്നത് കഠിനവും വേദനിപ്പിക്കുന്നതുമാണ്.
ഇതുകൂടി വായിക്കൂ: വംശവെറിയുടെ ഒരു പാഠമാണ് ഇസ്രയേല്‍
നരേന്ദ്ര മോഡിയേയും ആദിത്യനാഥിനെയും പോലുള്ളവരുടെ നേതൃത്വത്തിൽ ഹിന്ദു സവർണവാദികൾ ഹിന്ദുമതത്തെ ഹൈജാക്ക് ചെയ്തു. മുസ്ലിം സമുദായത്തെക്കുറിച്ചും അംഗങ്ങളെക്കുറിച്ചും ഇല്ലാക്കഥകള്‍ പരത്തുന്നു. ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നു. ബിജെപി ഭരണത്തിന് കീഴിൽ, മുസ്ലിങ്ങൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും സുരക്ഷിതമല്ലാത്ത ഒരു ഹിന്ദുരാഷ്ട്രമായി ഇന്ത്യ രൂപാന്തരപ്പെടുന്നു.
പലസ്തീന് അനുകൂലമായിരുന്ന ഇന്ത്യന്‍ സമീപനം ഇപ്പോഴത്തെ പശ്ചിമേഷ്യൻ സംഘർഷങ്ങളില്‍ മോഡിയുടെ കീഴിൽ മാറിമറഞ്ഞു. മോഡി ഭരണകാലത്ത് ഇസ്രയേല്‍ ബന്ധം തീവ്രമായിത്തീർന്നു. സ്വയം നിർണയാവകാശത്തിനായുള്ള പലസ്തീൻ പോരാട്ടത്തോട് ഇന്ത്യൻ ജനത വലിയ തോതിൽ അനുഭാവം പുലർത്തുന്നുണ്ടെങ്കിലും ആയുധക്കച്ചവടവും പ്രത്യയശാസ്ത്രവും നയതന്ത്രബന്ധം മാറ്റിമറിച്ചു.
ഇസ്രയേലുമായുള്ള ആയുധക്കച്ചവടം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 130 ദശലക്ഷം ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രയേലി ആയുധങ്ങളും സൈ നിക സാങ്കേതികവിദ്യയും ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. തീവ്ര ഹിന്ദുത്വം സയണിസവുമായി പ്രത്യയശാസ്ത്രപരമായ ഏറെ യോജിപ്പുമുണ്ട്. ഇസ്രയേൽ ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുകയും വർണവിവേചന ഭരണകൂടമായ ഇരട്ട നിയമവ്യവസ്ഥ നിലനിർത്തുകയും ചെയ്യുന്ന വംശീയ രാഷ്ട്രമാണ്. ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും മുസ്ലിങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ്. ഇസ്രയേൽ 60 ലക്ഷം പലസ്തീനികളെ പൗരത്വരഹിതരാക്കിയ രീതിയിൽ ഭൂരിപക്ഷം മുസ്ലിങ്ങളെയും കുടിയിറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഹിന്ദുത്വ വക്താക്കൾ വിമർശകരെ ഹിന്ദു വിരുദ്ധമെന്ന് മുദ്രകുത്താൻ തുടങ്ങി. ഏത് വിമർശനവും ധാർമ്മികമായി പരിധിയില്ലാത്തതെന്ന് ആക്ഷേപിച്ച് തള്ളിക്കളയുന്നു. ഇസ്രയേലിൽ വര്‍ണസങ്കരം നിരോധിക്കുന്ന നിയമം ശക്തമാണ്. ഹിന്ദു-മുസ്ലിം പ്രണയത്തെ “ലൗ ജിഹാദ്” ആയി ആക്രമിക്കുന്നു. ഇവിടെ ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം ആരംഭിച്ചപ്പോൾ, നരേന്ദ്ര മോഡി ആവര്‍ത്തിച്ചു, ‘ഇന്ത്യ ഇസ്രയേലിനൊപ്പം.’
ഇതുകൂടി വായിക്കൂ: നരേന്ദ്ര മോഡിയുടെ നിലപാട് ലജ്ജാകരം
ഇസ്രയേൽ അനുകൂല റാലികൾ അനുവദിക്കുമ്പോൾ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു. ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ നടപടിയില്‍ മാനുഷിക ഉടമ്പടി ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതും കൂട്ടിവായിക്കാം.
ഗ്രാന്റ് സെൻട്രൽ സ്റ്റേഷനിലെ ഭൂരിഭാഗം യഹൂദ പ്രതിഷേധക്കാർ സമാധാനത്തിനായി ഒരുമിച്ച് പാടുമ്പോൾ, ഞാൻ എന്റെ അടുത്തിരുന്ന യുവതിയെ സമീപിച്ചു. ഞാൻ ഒരു ഹിന്ദുവായി സംസാരിക്കുന്നതിന്റെ ഒരു ചെറിയ വീഡിയോ നിർമ്മിക്കാൻ അവളുടെ ഫോൺ എനിക്ക് ഉപകരിച്ചു. പിന്നീട് സ്വയം പരിചയപ്പെടുത്തി പറഞ്ഞു, ‘ഞാൻ നെരിഷയാണ്, ഞാനും ഒരു ഹിന്ദുവാണ്. ഹിന്ദുക്കൾ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളുടെ ഏറ്റവും കാരുണ്യപൂർണമായ പതിപ്പ് സൃഷ്ടിക്കാനും പ്രകടിപ്പിക്കാനും ഇടംകണ്ടെത്തുന്നു. എല്ലാത്തരം വിദ്വേഷത്തെയും മതഭ്രാന്തിനെയും എതിർക്കാനും ഒരുമിക്കുന്ന ഇടം കണ്ടെത്തിയതിൽ നെരിഷ ആവേശത്തിലായിരുന്നു.
ഇസ്രയേലിൽ നിന്നും പലസ്തീനിൽ നിന്നും മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുക എന്ന സയണിസ്റ്റ് പദ്ധതിയും ഇന്ത്യയിൽ നിന്ന് മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുന്ന ഹിന്ദുത്വ പദ്ധതിയും ഒന്നിക്കുന്നതിനാല്‍, യഹൂദ‑ഇന്ത്യൻ പ്രവാസികൾ ഇവ രണ്ടിനെതിരെയും പോരാടേണ്ടിയിരിക്കുന്നു.
പ്രതിഷേധത്തിൽ ഒരു ഗാനം ഉണ്ടായിരുന്നു, അത് പാടുമ്പോഴെല്ലാം എനിക്ക് സ്വരമിടറി കണ്ണുനിറഞ്ഞു. ‘നിന്റെ ജനം എന്റെ ജനമാണ്; നിന്റെ വിശുദ്ധി, എന്റെയും ദിവ്യത്വം.’
മതമോ ജാതിയോ വർഗമോ എന്തുതന്നെയായാലും എല്ലാവരിലും ഈശ്വരന്റെ തുല്യവും സമാനവുമായ സാന്നിധ്യം നിറയുന്നുവെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഹിന്ദുത്വത്തിന്റെ പേരിലുള്ള വിദ്വേഷത്തെയും അക്രമത്തെയും ചെറുക്കാൻ സ്‌നേഹത്തിന്റെ വേലിയേറ്റത്തിൽ ഹിന്ദുക്കൾ ഒന്നിക്കണം. ലോകമെമ്പാടുമുള്ള ജൂത സഹോദരങ്ങള്‍ തങ്ങളോടു കലരുന്ന വംശഹത്യയെ ചെറുക്കുന്നത് പോലെതന്നെ.
(കടപ്പാട്: ദ വയര്‍)