17 May 2024, Friday

Related news

May 14, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 7, 2024
May 7, 2024

നരേന്ദ്ര മോഡിയുടെ നിലപാട് ലജ്ജാകരം

ഡോ. ജിനു സഖറിയ ഉമ്മൻ 
October 15, 2023 4:30 am

അൽ ഫതാഹ് നേതാവ് യാസർ അറഫാത്തിന്റെ ആഗോളതലത്തിലുള്ള പ്രഭാവവും അംഗീകാരവും ഇല്ലാതാക്കാൻ വേണ്ടി മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമായിരുന്ന ഷെയ്ഖ് യാസിന് ഗാസയിൽ ഒരു ഇസ്ലാമിക കേന്ദ്രവും പിന്നീട് ഇസ്ലാമിക യൂണിവേഴ്സിറ്റിയും തുടങ്ങാൻ ഇസ്രയേൽ, ധനസഹായം നൽകിയത് എഴുപതുകളുടെ മധ്യത്തിലാണ്. തീർത്തും മതേതര മുന്നേറ്റമായിരുന്ന പിഎൽഒയെ ദുര്‍ബലപ്പെടുത്താനായി, ഇസ്രയേൽ‑പലസ്തീൻ വിഷയം ജൂത‑മുസ്ലിം പ്രശ്നമാക്കി മാറ്റുകയെന്നത് ഇസ്രയേലി സര്‍ക്കാരിന്റെ വലിയ കുതന്ത്രമായിരുന്നു. 1980കളുടെ അവസാനത്തോടെ ഷെയ്ഖ് യാസിൻ മതാധിഷ്ഠിത പാർട്ടിയായ ഹമാസ് രൂപീകരിക്കുകയും പിഎൽഒയ്ക്ക് ബദലായി പലസ്തീൻ ജനതയ്ക്കിടയില്‍ രംഗപ്രവേശനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. 2006ൽ നടന്ന പലസ്തീൻ തെരഞ്ഞെടുപ്പിൽ ഗാസയിലെ പ്രധാന ഒറ്റക്കക്ഷിയായി ഹമാസ് ജയിച്ചു. പിന്നീട് നാളിതുവരെ ഗാസ, ഇസ്രയേലിന്റെ സമ്പൂർണ ഉപരോധത്തിലാണ്. പശ്ചിമേഷ്യയിലെ അസ്ഥിരതയും യാസർ അറഫാത്തിന്റെ മരണവും പലസ്തീൻ രാഷ്ട്രമെന്ന സ്വപ്നത്തെ പുറകോട്ട് വലിച്ചു. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തെ പിഎൽഒ പിന്തുണച്ചത് ജിസിസി രാജ്യങ്ങൾ ചരിത്രപരമായി പലസ്തീൻ ജനതയ്ക്ക് നൽകുന്ന പിന്തുണ കുറയുന്നതിന് കാരണമായി. തുടർന്ന് അമേരിക്ക ഇറാഖിൽ നടത്തിയ ഇടപെടൽ, അറബ് വസന്തവുമായി ബന്ധപ്പെട്ട് സിറിയ, ലിബിയ, യമൻ എന്നീ രാജ്യങ്ങളിൽ സംഭവിച്ച അസ്ഥിരതകളും ഐഎസ്ഐഎസിന്റെ മുന്നേറ്റവും, ഇറാൻ‑സൗദി രാജ്യങ്ങൾക്കിടയിൽ സംഭവിച്ച വിള്ളലുകളും, ഖത്തറിനുമേൽ മറ്റു ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധവുമെല്ലാം പലസ്തീൻ മുന്നേറ്റത്തെ അതിശക്തമായി ബാധിച്ചു.

പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ അന്തഃഛിദ്രത്തെ മുതലെടുത്ത്, ഇസ്രയേൽ കഴിഞ്ഞ 15 വർഷമായി സമാനതകളില്ലാത്ത ക്രൂരതകളാണ് പലസ്തീൻ ജനതയുടെ മേൽ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇസ്രയേലുമായി ബഹ്റെെൻ, യുഎഇ, സുഡാൻ, മൊറോക്കോ എന്നീ അറബ് രാജ്യങ്ങൾ ‘അബ്രഹാം അക്കോർഡ്’ എന്ന പേരില്‍ നയതന്ത്ര ഉടമ്പടിയുണ്ടാക്കിയത് പലസ്തീൻ ജനതയുടെ സ്വപ്നങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ്. ഇസ്രയേലും സൗദി അറേബ്യയും നയതന്ത്ര ബന്ധത്തിൽ ഊഷ്മളമായി ഏർപ്പെടാനിരിക്കെയാണ് ഹമാസിന്റെ ആക്രമണം. ഈ കാലഘട്ടത്തിൽ ഇറാൻ, ഖത്തർ, സിറിയ എന്നീ രാജ്യങ്ങൾ മാത്രമാണ് പലസ്തീനൊപ്പം നിന്നത്. ഹമാസിന്റെ ഈ അതിസാഹസിക ആക്രമണം പലസ്തീൻ ജനതയെ ഇസ്രയേൽ കൂട്ടത്തോടെ ശിക്ഷിക്കുന്നതിനും പീഡിപ്പിക്കുന്നതിനുമുള്ള കാരണമായി. ‘അയൺ സ്വേർഡ്’ എന്ന പേരിൽ ഇസ്രയേൽ ആരംഭിച്ച പ്രത്യാക്രമണം ഗാസയെ ഒരു തീച്ചൂളയാക്കി മാറ്റിയിരിക്കുകയാണ്. ആയിരണക്കിന് പലസ്തീനുകാർ മരിച്ച് വീണു. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ ഗാസയിൽ എത്താത്ത രീതിയിലുള്ള ഉപരോധമാണ് ഇസ്രയേൽ ഒരുക്കിയിട്ടുള്ളത്. വെസ്റ്റ് ബാങ്കിലും ഗാസയിലുമായി 60 ലക്ഷം പലസ്തീനുകാരാണുള്ളത്. സ്ത്രീകളോടും കുഞ്ഞുങ്ങളോടും ഹമാസ് ചെയ്ത ആക്രമണങ്ങളെ പിന്തുണയ്ക്കാൻ ആര്‍ക്കും കഴിയില്ല. ലെബനൻ അതിർത്തിയിലെ ഹിസ്ബുള്ള എന്ന സായുധ ഗ്രൂപ്പ് കൂടി ഈ സംഘർഷത്തിന്റെ ഭാഗമായതോടെ ഇതൊരു ഭൗമ‑രാഷ്ട്രീയ യുദ്ധമായി മാറുകയാണ്. കൂടാതെ ഇസ്രയേലിനുള്ളില്‍ താമസിക്കുന്ന അറബികൾക്കു നേരെയും ശക്തമായ ആക്രമണം ഇസ്രയേൽ അഴിച്ചുവിടുന്നതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്. 20 ലക്ഷം അറബികളാണ് ഇസ്രയേലിലുള്ളത്.


ഇതൂകൂടി വായിക്കൂ: ഹമാസ്-ഇസ്രയേല്‍ യുദ്ധം മോഡിയുടെ പ്രതികരണം ഏകപക്ഷീയം


യുദ്ധത്തിന്റെ ഭാഗമായി പ്രതിപക്ഷ കക്ഷികളെ ചേർത്ത് ഒരു സർക്കാരിന് നെതന്യാഹു രൂപം കൊടുത്തിരിക്കുന്നു. പ്രതിപക്ഷത്തുള്ള ബെഞ്ചമിൻ ഗാന്റസ് സർക്കാരിന്റെ ഭാഗമായെങ്കിലും ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാവായ യേർ ലാപിഡ് ഇതിൽ നിന്ന് അകന്ന് നിൽക്കുകയാണ്. അതിനു കാരണം നെതന്യാഹുവിനെതിരായി ആളിക്കത്തുന്ന ജനരോഷം തന്നെയാണ്. ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് ഈജിപ്റ്റ് അപായസൂചനകൾ നൽകിയിട്ടും രാഷ്ട്രീയലാഭം ലക്ഷ്യംവച്ച് നെതന്യാഹു അതിനെ അവഗണിച്ചു എന്ന വികാരം ജനങ്ങളിൽ ശക്തമാണ്. നിലവിലെ പ്രശ്നങ്ങളുടെ മറ്റൊരു പ്രധാന ഉത്തരവാദി അമേരിക്കയാണ്. പശ്ചിമേഷ്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ വേണ്ടിയാണ് എല്ലാ യുദ്ധങ്ങളിലും അമേരിക്ക ഇസ്രയേലിന് പിന്തുണ നൽകുന്നത്. അതുപോലെ അറബ്-ഇസ്രയേലി സംഘർഷങ്ങൾ തുടരുന്നതിലും അമേരിക്കയ്ക്ക് വലിയ പങ്കുണ്ട്. നിലവില്‍ റഷ്യയും ചൈനയും പശ്ചിമേഷ്യയിൽ നിർണായക ശക്തികളാണ്. ഈ രണ്ട് രാജ്യങ്ങളുടെ നിലപാടിനെ തള്ളിക്കളയാൻ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ സാധ്യമല്ല. അതിനാൽ മുൻകാലങ്ങളിലേതു പോലെ നിലവിലെ പ്രശ്നങ്ങളിൽ മുതലെടുപ്പ് നടത്താൻ അമേരിക്കയ്ക്ക് സാധ്യമല്ല. ചരിത്രപരമായി പലസ്തീൻ ജനതയ്ക്ക് ഒപ്പം നിൽക്കുന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. 1974ൽ പിഎൽഒയെ അംഗീകരിച്ച ആദ്യ അറബിയിതര രാജ്യമാണ് ഇന്ത്യ. 1980ൽ പിഎൽഒ ഡൽഹിയിൽ എംബസി സ്ഥാപിച്ചു. 1988ൽ പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ച പ്രധാന രാജ്യങ്ങളിലും ഒന്ന് ഇന്ത്യയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേലിനോടുള്ള ഏകപക്ഷീയ പിന്തുണ തികച്ചും ലജ്ജാകരമാണ്. ഗ്ലോബൽ സൗത്തിന്റെ നേതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന നരേന്ദ്ര മോഡിയുടെ ഈ നിലപാട് പലസ്തീൻ ജനതയോടുള്ള പൊറുക്കാനാകാത്ത വഞ്ചനയാണ്. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും സംജാതമാകുവാനുള്ള ഏക ഉപാധി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുക എന്നതാണ്. അതിനുവേണ്ടി പ്രവർത്തിക്കാനും നിലവിലെ പ്രശ്നങ്ങൾ രമ്യമായി അവസാനിപ്പിക്കുവാനും ഊർജിതശ്രമങ്ങൾ നടത്തണം. (അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.