Site iconSite icon Janayugom Online

സ്റ്റാലിനെ ഉന്നമിട്ട് തമിഴ്‌നാട്ടില്‍ ഐടി റെയ്ഡ്

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നോട്ടമിട്ടും നരേന്ദ്ര മോഡി ഭരണകൂടം കേന്ദ്ര ആയുധം ഇറക്കി. തമിഴ്‌നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി ഇടപാടുണ്ടെന്ന് ആരോപിച്ചാണ് ആദായ നികുതി വിഭാഗത്തെ രംഗത്തിറക്കിയിരിക്കുന്നത്.

ചെന്നെയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ ആരോപിച്ചിരുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ‘ഡിഎംകെ ഫയൽസ്’ എന്ന പേരിൽ ഡിഎംകെയുടെ അഴിമതികളെ കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതുസംബന്ധിച്ച് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ ഓഡിയോക്ലിപ്പും പുറത്തുവന്നു. ഓഡിയോക്ലിപ്പിന്റെ ആധികാരികത പരിശോധിക്കണെമെന്ന് ഡിഎംകെയും നടപടികൾ സ്വീകരിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കൂടിയാണ് ഇന്ന് ആദ്യ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നത്.

ബിജെപി ആരോപിക്കുന്നത് പോലെ ഡിഎംകെ നേതാക്കളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി ജി സ്ക്വയർ രംഗത്ത് വന്നിരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് – നിർമ്മാണ കമ്പനിയാണ് ജി ജി സ്ക്വയർ. ബിജെപിയുടെ തെന്നിന്ത്യയിലെ ബാലികേറാമലകളായ കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ആരോപണങ്ങളുടെ പിറകെ വിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് സ്റ്റാലിനെതിരെയുള്ള നീക്കമെന്ന നിഗമനമാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുള്ളത്.

 

Eng­lish Sam­mury: Income Tax depart­ment probes real estate com­pa­ny G Square in tamilnad

Exit mobile version