കേരളത്തില്‍ ജന്മിത്വത്തിനും മാടമ്പിവാഴ്ചയ്ക്കുമെതിരായ സമരാവേശത്തിന്റെ തീജ്വാലകള്‍ പടരുന്നതിനു മുമ്പുളള ഒരു കാലമുണ്ടായിരുന്നു. മനുസ്മൃതിയില്‍ അധിഷ്ഠിതമായ ബീഭത്സമായ സാമൂഹ്യവ്യവസ്ഥയുടെ കാലം. സവര്‍ണര്‍ അപകടം മണത്തറിഞ്ഞു. അവര്‍ ഒരുമുഴം കൂട്ടിയെറിഞ്ഞു. അന്ന് മാടമ്പിമാര്‍ അവര്‍ണര്‍ക്കെതിരേ മുഴക്കിയ ഒരു മുദ്രാവാക്യമുണ്ടായിരുന്നു. ‘തമ്പ്രാനെന്നു വിളിപ്പിക്കും, കുഴിയില്‍ കഞ്ഞികുടിപ്പിക്കും.’ സമപ്രായക്കാരായ കുട്ടികളാണെങ്കില്‍പോലും അവര്‍ണക്കുട്ടി സവര്‍ണക്കുട്ടികളെ തമ്പ്രാനെന്നേ വിളിക്കാവൂ. പണിയാളരായ അവര്‍ണര്‍ക്ക് ഉച്ചയ്ക്ക് ജന്മി കഞ്ഞി വിളമ്പും. കഞ്ഞികുടിക്കാന്‍ മണ്‍ചട്ടികൊണ്ട് വന്നാലും അതില്‍ കഞ്ഞിവിളമ്പില്ല. നിലത്ത് കുഴികുത്തി അതിനുള്ളില്‍ വാഴയില വച്ച് കഞ്ഞിക്കു കാത്തിരിക്കണം. ജാതിവ്യവസ്ഥയുടെ ഹീനമായ അടയാളങ്ങള്‍. ശ്രീനാരായണഗുരുവും മഹാത്മാ അയ്യന്‍കാളിയും അയ്യാ ഗുരുവുമടക്കമുള്ള നവോത്ഥാന നായകരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പടയോട്ടത്തില്‍ മാടമ്പിവാഴ്ചയും അയിത്തവും ഒലിച്ചുപോയി. പക്ഷേ ഇപ്പോഴും ജാതിവ്യവസ്ഥ നമ്മുടെയിടയില്‍ അങ്ങിങ്ങു കാണുന്നില്ലേ. മുസ്‌ലിമിനെ അമ്പലത്തിന്റെ നാലയലത്ത് പ്രവേശിപ്പിക്കില്ല. ഗാനഗന്ധര്‍വന്‍ യേശുദാസിനെ താന്‍ ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചിട്ടും അമ്പലത്തില്‍ പ്രവേശിപ്പിച്ചില്ല. ഗുരുപവനപുരനാഥന് സംഗീതാര്‍ച്ചന നടത്തണമെങ്കില്‍ അത് ചുറ്റമ്പലത്തിനു പുറത്തുമാത്രം. കലാമണ്ഡലം ഹൈദരാലിക്ക് ഗുരുവായൂര്‍ കൃഷ്ണന്റെ സതീര്‍ത്ഥ്യനായ കുചേലനെക്കുറിച്ച് കഥകളി പദങ്ങള്‍ ചൊല്ലണമെങ്കില്‍ അത് പുറത്തുനിന്നായിക്കൊള്ളണം. മന്‍സിയ എന്ന മുസ്‌ലിം നര്‍ത്തകി ഹിന്ദുവിനെ കല്യാണം കഴിച്ചിട്ടുപോലും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ വിലക്ക്. ഹിന്ദുവായ ഭര്‍ത്താവ് ശ്യാം കല്യാണിന് പക്ഷേ സംഗീതക്കച്ചേരിയില്‍ വയലിന്‍ വായിക്കാന്‍ അനുമതി! ഇതെല്ലാം നവോത്ഥാന കേരളത്തിലെ കറുത്ത പൊട്ടുകളാണെങ്കിലും ഉത്തരേന്ത്യന്‍ ജാതിവ്യവസ്ഥയുടെ തിടമ്പെഴുന്നള്ളിപ്പുകളെ അപേക്ഷിച്ച് നാം എന്തുഭേദമെന്ന് തെല്ലൊന്ന് അഭിമാനിക്കാം. യുപിയില്‍ റായ്ബറേലിയില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇതെല്ലാം ഓര്‍ത്തുപോകാന്‍ കാരണം. പത്താം ക്ലാസുകാരനായ ദളിത് വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയും കാല്‍ നക്കിക്കുകയും ചെയ്ത ജന്മിവര്‍ഗത്തില്‍പ്പെട്ട ഠാക്കൂര്‍ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്ത. ജന്മിയുടെ പാടത്ത് തന്റെ അമ്മ പണിയെടുത്തതിന്റെ കൂലി ചോദിച്ചതാണ് ആ ദളിത് ബാലന്‍ ചെയ്ത കുറ്റം. കാല്‍ നക്കിച്ചശേഷം സമപ്രായക്കാരായ ജന്മിക്കുട്ടികള്‍ ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് ‘ഠാക്കൂര്‍ ജി, മാഫ് ദീജിയേ’ എന്ന് മാപ്പിരപ്പിക്കുകയും ചെയ്തു. എന്തൊരു കാട്ടാളത്തം. ദളിതുകളെ മഹാത്മാഗാന്ധി മഹാവിഷ്ണുവിന്റെ സന്തതികള്‍ എന്നര്‍ത്ഥമുള്ള ഹരിജന്‍ എന്ന ഓമനപ്പേരിട്ട് വിളിച്ചിട്ട് ഒരു നൂറ്റാണ്ടോളമായിട്ടും ദളിതന്‍ ഇന്നും പാര്‍ശ്വവല്കൃതനും പീഡിതനും നിന്ദിതനും. ഇതോര്‍ത്തപ്പോഴാണ് ഈ സവര്‍ണര്‍ ഭാരതീയ സമൂഹത്തിന് എന്തു സംഭാവനയാണ് നല്കിയതെന്നു ചോദിച്ചുപോകുന്നത്. ചിന്തകനും പ്രഭാഷകനുമായ ഡോ. രാജാ ഹരിപ്രസാദിന്റെ ഒരു പ്രസംഗത്തിലെ വാചകങ്ങളില്‍ മേല്‍പ്പറഞ്ഞ ചോദ്യത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടിയുണ്ട്. അദ്ദേഹം സവര്‍ണരെ ഓര്‍മ്മിപ്പിക്കുന്നത് ഇങ്ങനെ; ‘ഓര്‍ക്കേണ്ടതാണ്, വാത്മീകി എന്ന മനുഷ്യന്‍ ദളിതനായിരുന്നു. രാമായണമെഴുതിയ വാത്മീകി. വേദങ്ങളെ പകുത്തുണ്ടാക്കി മഹാഭാരതമെഴുതിയ വ്യാസനുണ്ടല്ലോ വ്യാസന്‍ ദളിതനായിരുന്നു.
ഇതുകൂടി വായിക്കാം; മാക്രിപ്പറ്റവും തന്തപുരാണവും
പറയസ്ത്രീയുടെ മകനായ പരാശരന്‍ മുക്കുവസ്ത്രീയുടെ മകളായ സത്യവതിയെ വെളിമ്പറമ്പില്‍ വച്ച് പിഴപ്പിച്ചുണ്ടാക്കിയ കുട്ടിയാണ് വ്യാസന്‍. കൃഷ്ണദ്വൈപായനന്‍ എന്നും വ്യാസനു പേരുണ്ട്. ദ്വീപില്‍ ജനിച്ചവന്‍, കറുത്ത നിറമുള്ളവന്‍ എന്നാണര്‍ത്ഥം. ആ വ്യാസനെഴുതിയതാണ് മഹാഭാരതം. ഇതൊക്കെ അങ്ങോട്ട് മാറ്റി നിര്‍ത്തിയാല്‍ എന്ത് മണ്ണാങ്കട്ടയാണ് ബാക്കിയുള്ളത്. നിങ്ങള്‍ സവര്‍ണര്‍ അഭിമാനിക്കുന്ന ഈ പൈതൃകമുണ്ടല്ലോ. അത് ഇന്നാട്ടിലെ ദളിതനുണ്ടാക്കിയതാണ്. അംബേദ്കര്‍ പറഞ്ഞ പ്രസിദ്ധമായ വാചകങ്ങളുണ്ട്. സവര്‍ണര്‍ക്ക് രാമായണം ആവശ്യമുണ്ടായിരുന്നു. അവര്‍ വാത്മീകിയെ വിളിച്ചു. അവര്‍ക്ക് മഹാഭാരതം ആവശ്യമുണ്ടായിരുന്നു. അവര്‍ വ്യാസനെ വിളിച്ചു. അവര്‍ക്ക് ഭരണഘടന ആവശ്യമുണ്ടായിരുന്നു. അവര്‍ എന്നെ വിളിച്ചു.” ഇതില്‍പരം എന്തുവേണം ദളിതനെ മഹത്വവല്ക്കരിക്കാന്‍. എന്നിട്ടും സവര്‍ണര്‍ക്കാണ് നെഗളിപ്പ്. തൊഴിലില്ലായ്മ എന്ന് പറഞ്ഞ് തൊഴില്‍രഹിതര്‍ കുത്തിയിരുന്ന് പരസ്പരം കെട്ടിപ്പിടിച്ച് കരയുന്ന കാലമാണിത്. എന്നാല്‍ എന്തെല്ലാം പുതിയ തൊഴില്‍ മേഖലകള്‍ ഉദയം ചെയ്തിരിക്കുന്നുവെന്ന് നാമറിയാതെ പോകുന്നു. പരിസ്ഥിതി നാശവും വനങ്ങളിലെ ഭക്ഷണ ദാരിദ്ര്യവുംമൂലം കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷികള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതികള്‍ തുടര്‍ക്കഥയാവുന്നു. വരട്ടെ, ഇവയെയൊന്നും വെടിവച്ചുകൊല്ലേണ്ട. തെലുങ്കാനയില്‍ സിദ്ദിപ്പേട്ടിലെ ഭാസ്കര്‍ റെഡ്ഡി എന്ന കര്‍ഷകന്റെ ചോളപ്പാടങ്ങളില്‍ കരടിവേഷം കെട്ടി മൃഗങ്ങളെ തുരത്താന്‍ ഒരാളെ നിയോഗിച്ചു. പ്രതിദിനം 500 രൂപ കൂലി. ഒറ്റ വന്‍മൃഗവും റെഡ്ഡിയുടെ പാടത്ത് അടുക്കാറില്ല. ഇതോടെ മറ്റു കര്‍ഷകരും കരടിവേഷക്കാരെ പാടത്തിറക്കി. വയലേലകള്‍ സുരക്ഷിതം. അനേകം യുവാക്കള്‍ക്ക് പണി. പിന്നെയും എത്ര തൊഴിലുകള്‍. ഇണചേരലിലൂടെയും അല്ലാതെയും ബീജദാനം ചെയ്ത് പണമുണ്ടാക്കുന്ന കാലിഫോര്‍ണിയയിലെ കൈല്‍ ഗോര്‍ഡി നമ്മുടെ തൊഴില്‍രഹിത പയ്യന്മാര്‍ക്ക് മാതൃകയാവുന്നു. പ്രായം വെറും 30 വയസ്. ഈ സ്വയം തൊഴില്‍ കണ്ടെത്തലിലൂടെ ഗോര്‍ഡി സമ്പാദിച്ചത് കോടികള്‍. മാവിലപെറുക്കി വിറ്റാല്‍ കിലോയ്ക്ക് നൂറ്റന്‍പത് രൂപ കിട്ടും. നീലേശ്വരത്താണ് ഈ പുതിയ തൊഴില്‍മേഖല ഉദയമെടുത്തിരിക്കുന്നത്. പഴുത്ത മാവില കൊണ്ട് പല്ലുതേച്ചാല്‍ പുഴുത്ത പല്ലിലും കളഭം മണക്കും, മുഖതേജസ് വര്‍ധിച്ച് വൃദ്ധനും കാമദേവ തുല്യനാകും എന്നൊക്കെയാണല്ലോ പ്രമാണം. മാവിലകൊണ്ടുള്ള ദന്തധാവന ചൂര്‍ണവും ടൂത്ത് പേസ്റ്റുമുണ്ടാക്കുന്ന ഫാക്ടറിക്ക് വേണ്ടിയാണ് മാവിലശേഖരണ ജോലി. തൊഴിലില്ലായ്മയെന്ന് പറഞ്ഞ് വിലപിക്കാതെ മാറാപ്പുമായി മാവിലശേഖരണത്തിനിറങ്ങാന്‍ സര്‍ക്കാര്‍ തന്നെ ഒരാഹ്വാനം പുറപ്പെടുവിച്ചാലോ! നമ്മുടെ പൊലീസ് എന്തു ഭാഗ്യവാന്മാരാണ്. പണിയില്ലെങ്കില്‍ പോയി അണ്ടിപെറുക്കെടാ എന്ന് പണ്ടൊക്കെ തൊഴില്‍രഹിതരെ നോക്കി പറയുമായിരുന്നു. കശുഅണ്ടി പെറുക്കി വിറ്റാലും അത് തൊഴിലാകുമല്ലോ. പണിയൊന്നുമില്ലാതിരിക്കുന്ന മലപ്പുറം പാണ്ടിക്കാട് ക്യാമ്പിലെ പൊലീസുകാര്‍ക്ക് എട്ടിന്റെ പണികിട്ടി. ക്യാമ്പിനോടനുബന്ധിച്ച കശുമാവിന്‍തോട്ടങ്ങളില്‍ നിന്ന് അണ്ടി ശേഖരിക്കുക, ഉണക്കി സൂക്ഷിക്കുക, നല്ല വില കിട്ടുമ്പോള്‍ വില്‍ക്കുക, കച്ചവടം കഴിയുന്നതുവരെ കശുഅണ്ടിക്ക് കാവലിരിക്കുക, പുതിയ തൊഴില്‍ മേഖല പൊലീസുകാര്‍ക്ക് ഇഷ്ടമാണ്. പക്ഷേ പാണ്ടിക്കാട് പൊലീസിനെ ജനവും സ്വന്തം ഭാര്യയും മക്കളും അണ്ടിപ്പോലീസ് എന്ന് പേരിട്ടുകളയുമോ എന്ന തെല്ലു ജാള്യതയേയുള്ളു.