18 May 2024, Saturday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

മാക്രിപ്പറ്റവും തന്തപുരാണവും

അഡ്വ. ആര്‍ വിജയകുമാര്‍
April 23, 2022 7:00 am

മാക്രിയില്ലാ കുളം എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അത് കൊല്ലത്താണ്. എന്നാൽ കേരളമാകെ മാക്രിപ്പറ്റങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരുപത്തെട്ട് വട്ടം ക്ഷത്രിയ നിഗ്രഹം നടത്തിയ പരശുരാമനെപോലെ പുതിയ ഒരു അവതാര പുരുഷൻ ഇവറ്റകളെ വംശ വിനാശം വരുത്തി കേരളത്തെ മാക്രിയില്ലാത്ത ‘കുള’മാക്കാനുള്ള തീവ്രയജ്ഞത്തിലാണ്. അഭിനയകാലം വടികുത്തി പിരിഞ്ഞെങ്കിലും ആക്ഷൻ ഹീറോ പഴയ കമ്മിഷണറുടെ സ്റ്റെെലിൽ തന്നെയാണ് ഇപ്പോഴും. ആന മെലിഞ്ഞെന്നുവച്ച് തൊഴുത്തിൽ കയറി നിൽക്കാൻ പറ്റുമോ? പാടുപെട്ട് ബുദ്ധിമുട്ടി കഷ്ടപ്പെട്ട് റിസർവ് ബാങ്കിൽ പോയി ഗവർണര്‍ക്ക് അപേക്ഷകൊടുത്ത് ലക്ഷം രൂപ മാറ്റി ഒരു രൂപ നോട്ടുകളാക്കിയെടുത്ത് വിഷുക്കൈനീട്ടം നല്‍കാൻ തീരുമാനിച്ചതിന്റെ നന്മ, മാക്രിപ്പറ്റങ്ങൾക്ക് മനസിലാകുന്നില്ല. അവറ്റകൾ പറ്റം ചേർന്ന് ‘പേക്രോം പേക്രോം’ എന്ന് അപശബ്ദം ഉണ്ടാക്കുകയാണ്. മാക്രിപ്പറ്റങ്ങൾ പണ്ടേ അങ്ങനെയാണ്. ‘ഇഹലോകത്ത് ആകെ ഹിന്ദു ഭൂരിപക്ഷം ഉള്ള ഒരേ ഒരു രാജ്യമെയുള്ളു: അത് ഹിന്ദുരാജ്യമായി തന്നെ നിലനിൽക്കണമെന്നും എങ്കിൽ മാത്രമെ ഇവിടെ തേനും പാലും ഒഴുകയുള്ളു’ എന്നും മറ്റും ചില നന്മനിറഞ്ഞ വാക്കുകൾ പറഞ്ഞതിനാണ് ‘കേരള തൊഗാഡിയ’ എന്ന് വിളിച്ചത്. വഴിയിൽ കണ്ടവനെല്ലാം കേറി അടിച്ചത്. സത്യം പറയണമല്ലോ ഇപ്പോഴത്തെ പെർഫോർമൻസ് അതിലും ഗംഭീരം തന്നെ. കമ്മിഷണറെക്കാൾ മെച്ചം തൊഗാഡിയ തന്നെ. കൊറോണ മാറ്റാൻ ഗോമൂത്രം കുറുക്കി കഴിച്ചാൽ മതിയെന്ന് കണ്ടുപിടിച്ച പ്രഗ്യാസിങുപോലും തോറ്റു പോകും. ‘എന്റെ കൈവശമിരിക്കുന്ന ഒറ്റ രൂപാ നോട്ടുകളും പത്ത് രൂപാ നോട്ടുകളും നൂറ് രൂപയും ആയിരം രൂപയുമായി മാറുന്ന കാലത്തെപ്പറ്റി ഞാൻ സ്വപ്നം കാണുകയാണ്’ എന്നൊരു സിനിമാ ഡയലോഗ് ഉണ്ടല്ലൊ. കുഞ്ഞുങ്ങൾക്ക് നൽകുന്ന ഒരോ രൂപയും ഒരു കോടിയായി പൊലിക്കും. അങ്ങനെ ഒരു ലക്ഷം രൂപ, ഒരു ലക്ഷം കോടിയായി പത്ത് വർഷം ഇങ്ങനെപോയാൽ പത്ത് ലക്ഷം കോടിയാകും നാട് സമ്പൽസമൃദ്ധമാകാൻ മറ്റെന്തെങ്കിലും വേണോ? കൈനീട്ടത്തിൽ ദുരുദേശ്യമില്ല! ഉദ്ദേശ്യം പൊലിവ് മാത്രം. നാട് സമ്പന്നമാകും പിന്നെ പിടിച്ചാൽ കിട്ടില്ല. വികസനത്തോടെ വികസനമായിരിക്കും എന്തിനേറെ പറയുന്നു, തോട്ടിൻകരയിൽ വിമാനത്താവളമെന്ന ‘സ്ഥാനാർത്ഥി സാറാമ്മയുടെ’ സ്വപ്നം പോലും യാഥാർത്ഥ്യമാക്കാം. ഇങ്ങനെയെല്ലാം ചിന്തിച്ചു ചിന്തിച്ച് ഒരു ‘കൈനീട്ട നന്മ’ ചെയ്യാമെന്ന് വച്ചപ്പോഴാണ് മാക്രികൾ പറ്റം ചേർന്ന് ആക്രമിക്കാൻ വരുന്നത്. മൈൻഡ് ചെയ്യരുത്! അവറ്റകൾ പോയി ചാകട്ടെ! അങ്ങനെ കേരളം മാക്രിരഹിത കേരളമാകട്ടെ! പേടിക്കരുത്’ കമ്മിഷണർ സ്റ്റെെലിൽ തന്നെ നിന്നാൽ മതി. അങ്ങനെ തന്നെയാണല്ലോ തൃശൂരിൽപോയി പയറ്റിയത്. വടക്കുംനാഥനെ മനസിൽ ധ്യാനിച്ച് ഒറ്റ കാച്ചായിരുന്നു.’ ഈ തൃശൂരിനെ എനിക്ക് വേണം തൃശൂര്‍ ഞാനിങ്ങ് എടുക്ക്വാ… ക്വാ… ക്വാ… (ക്വാ… ക്വാ പ്രതി ശബ്ദമാണ്) തൃശൂർ എടുത്താല്‍ പൊങ്ങുന്നതല്ലെന്നും ആക്ഷൻ ത്രില്ലിങ് കൊണ്ട് അവിടെ കാര്യമില്ലെന്നും അന്ന് ബോധ്യപ്പെട്ടു. സാരമില്ല, ഇനിയും അങ്കങ്ങൾക്ക് ബാല്യമുണ്ടല്ലോ. മാക്രിയും വിഷുവും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിക്കേണ്ടത് ആ കാര്യം പറഞ്ഞവനോട് തന്നെയാണ്. മാക്രിയും പോക്രിയും തമ്മിൽ ബന്ധമുണ്ടായിരിക്കാം. മാക്രിയെ കണ്ടപ്പോൾ ഇവനൊരു പോക്രിയാണെന്ന് തോന്നിയിരിക്കാം. അഥവാ പോക്രി തന്നെയാകാം മാക്രി. മാക്രിയും മഴയും തമ്മിൽ ബന്ധമുണ്ട്; വിഷുവും മാക്രിയും തമ്മിൽ ബന്ധമുണ്ട്. ‘മാക്രി കരഞ്ഞ് മഴ പെയ്യിച്ചു’ എന്ന് കേട്ടിട്ടില്ലേ? വിഷു ഇല്ലെങ്കിൽ മഴയില്ല എന്നാണ് സങ്കൽപ്പം. പണ്ട് നമ്പൂതിരിമാരോടുള്ള വിരോധം മൂത്ത് അവരെ മുച്ചൂടും തീർത്തു കളയാൻ കച്ചകെട്ടിയിറങ്ങിയ ഒരുവൻ കണ്ടെത്തിയ വിദ്യ നാട്ടിലെ കൊന്നയാകെ മുറിക്കുകയെന്നതാണ്. കൊന്ന പൂവ് ഇല്ലെങ്കിൽ വിഷു ഇല്ലല്ലോ വിഷു ഇല്ലെങ്കിൽ മഴയില്ല മഴയില്ലെങ്കിൽ പരുത്തി കൃഷി ചെയ്യുന്നതെങ്ങനെ? പരുത്തി ഇല്ലെങ്കിൽ പഞ്ഞിയില്ല പഞ്ഞിയില്ലെങ്കിൽ നൂലില്ല. നൂലില്ലാതെ പൂണൂലുണ്ടാക്കുന്നതെങ്ങനെ? പൂണൂൽ ചെവിയിൽ ചുറ്റാതെ നമ്പൂരിമാർക്ക് മൂത്രശങ്ക തീര്‍ക്കാൻ കഴിയിലല്ലോ! അങ്ങനെ നമ്പൂരി പറ്റം മൂത്രം മുട്ടി മരിക്കും. ‘ആരവിടെ; പിടിക്കവനെ- ആ ദേവസ്വം ബോർഡുകാരനെ ധിക്കാരി! അഹങ്കാരി! എന്ത്? ഭക്തർക്ക് വിഷുക്കൈനീട്ടം കൊടുക്കാൻ പണം നൽകിയാൽ വാങ്ങില്ലെന്നോ? പുറത്തുനിന്ന് പണം വാങ്ങില്ലെന്നോ? പിന്നെ ശമ്പളം വാങ്ങുന്നത് .….… ൽ നിന്നാണോ? ങ്ഹാ! എന്നെക്കൊണ്ട് മറ്റൊന്നും പറയിപ്പിക്കരുത്.’ കാൽതൊട്ടു വണങ്ങാൻ ആരെയെങ്കിലും പ്രേരിപ്പിച്ചോ എന്ന ചോദ്യം തികച്ചും ന്യായം മാത്രം. ഇല്ല, ഇല്ലേയില്ല. സത്യമായും ഇല്ല എന്ന് സമ്മതിച്ചേക്കാം. പക്ഷേ ഒന്നുണ്ട്, തൊട്ടു വണങ്ങാൻ പരുവത്തിൽ കാലും നീട്ടി കാറിൽ മലർന്നിരുന്നപ്പോഴുള്ള അനുഭൂതിയുടെ ആനന്ദം ആസ്വാദന പറ്റങ്ങളായ പൊതുജനം കണ്ടതു സത്യം. ‘കർഷക നിയമങ്ങൾ തിരിച്ചു വരും’ ദേ പോയി ദാ വന്നു എന്നതു പോലെ. പോയേലും വേഗത്തിൽ തിരിച്ചു വരും.’ തന്തക്ക് പിറന്ന കർഷകർ നിയമത്തെ എതിർക്കില്ല’! ആഹാ! എത്ര നല്ല ‘ലളിത കോമള മധുര മനോജ്ഞ പദാവലികൾ! എന്തു നല്ല ഭാഷ! എത്ര നല്ല സംസ്കാരം ആഹഹ. പക്ഷെ സംഗതി നിസാരമല്ല. സമരം ചെയ്ത ലക്ഷോപലക്ഷം കർഷകരുടെ തന്തമാരുടെ പ്രശ്നമാണ്. രഹസ്യമായി പറഞ്ഞാൽ അവരുടെ ജന്മരഹസ്യത്തിന്റെ പ്രശ്നമാണ് ആക്ഷൻ ഹീറോ ഉന്നയിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധന നടത്തി തന്തക്കാര്യം തെളിയിക്കേണ്ടത് ഇനി കർഷകരുടെ ബാധ്യതയാണ്. ടെസ്റ്റ് റിസള്‍ട്ട് പരിശോധിക്കാൻ ബിജെപി ഓഫീസുകളിൽ ഒരു സംവിധാനം ഉണ്ടാക്കുന്നത് നല്ലതാണ്. പക്ഷെ മിസ്റ്റർ! ഒന്ന് നിൽക്കു! ഒരു ചെറിയ സംശയം. തന്തയ്ക്ക് അല്ലാതെ മറ്റെത് കോവാലനാണ് മക്കൾ പിറക്കുന്നത്? ജനകൻ എന്നാൽ ജന്മദാതാവ്. അച്ഛൻ, പിതാവ് അഥവാ തന്ത. ജന്മദാതാവാണ് തന്ത. അത് ആരാണെന്ന് കൃത്യമായി അറിയണമെങ്കിൽ ഡി എൻഎ പരിശോധന തന്നെ വേണം ആർക്കായാലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.