Site iconSite icon Janayugom Online

സംസ്ഥാനത്ത് മഴ കനക്കും; തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി

സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ബുധനാഴ്ചയോടെ ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 11 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള — ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Exit mobile version