Site iconSite icon Janayugom Online

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്‌ദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി. 528 വോട്ടുകള്‍ നേടിയാണ് ധന്‍ഖര്‍ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകള്‍ ലഭിച്ചു. 15 വോട്ട് അസാധുവായി. ഇന്ന് രാവിലെ മുതലാണ് ഉപരാഷ്ട്രപതി വോട്ടെടുപ്പ് ആരംഭിച്ചത്. 780 അംഗ ഇലക്ട്രല്‍ കോളജിലെ 725 എംപിമാര്‍ വോട്ട് ചെയ്തു. 92.94 ശതമാനമാണ് ആകെ വോട്ട് മൂല്യം. ഇതില്‍ 74.36 ശതമാനം വോട്ട് നേടിയാണ് ജഗ്‌ദീപ് ധന്‍ഖര്‍ വിജയമുറപ്പിച്ചത്. 1997ന് ശേഷമുള്ള ആറ് ഉപരാഷ്ട്രപതിമാരില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ധന്‍ഖറാണ്.

ലോക്‌സഭ ജനറല്‍ സെക്രട്ടറി ഉത്പല്‍ കെ സിങ്ങാണ് ഫലം പ്രഖ്യാപിച്ചത്. രാജ്യസഭയിലെ എട്ട് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 39 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ എംപിമാരായ ശിശിര്‍ കുമാര്‍ അധികാരിയും ദിബ്യേന്ദു അധികാരിയും വോട്ട് രേഖപ്പെടുത്തി. രണ്ട് ബിജെപി എംപിമാര്‍ ആരോഗ്യ കാരണങ്ങളാല്‍ വോട്ട് ചെയ്തില്ല. 

രാജസ്ഥാനിലെ കിതാനയിലുള്ള കര്‍ഷകകുടുംബത്തില്‍ 1951ലാണ് ധന്‍ഖര്‍ ജനിച്ചത്. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2019 മുതല്‍ ബംഗാളിലെ ഗവര്‍ണറായിരുന്നു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും. വ്യാഴാഴ്ച പുതിയ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Eng­lish Summary:Jagdeep Dhankar Vice Pres­i­dent of india
You may also like this video

Exit mobile version