Site iconSite icon Janayugom Online

ജനസാഗര സംഗമം, കൊട്ടി കലാശത്തിലും ഇടതുമുന്നേറ്റം; നിലമ്പൂർ മറ്റന്നാൾ വിധിയെഴുതും

ജനസഞ്ചയം ഇരമ്പിയ നിലമ്പൂരിലെ കൊട്ടി കലാശത്തിലും ഇടതുമുന്നേറ്റം ദൃശ്യം. മഴയിലും ചോരാത്ത ആവേശമായിരുന്നു മണ്ഡലത്തിലെങ്ങും. ചെങ്കൊടികളുമായി ആയിരങ്ങൾ പടയണി തീർത്തപ്പോൾ നാടൻ കലാ രൂപങ്ങളും വാദ്യമേളങ്ങളും കൊഴുപ്പേകി. കൊട്ടിക്കലാശത്തിൽ അണിനിരന്ന എൽഡിഎഫ് പ്രവർത്തകർ വോട്ട് ചോദിച്ചും ജനങ്ങളെ അഭിവാദ്യം ചെയ്തും സ്വയം സ്ഥാനാർത്ഥിയായി മാറിയപ്പോൾ എം സ്വരാജിന്റെ വിജയം ഉറപ്പെന്ന് നിലംമ്പൂർ വിളംബരം ചെയ്‌തു.

എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള കലാശക്കൊട്ട് റോഡ് ഷോ രാവിലെ മരുതയിൽ നിന്നാണ് ആരംഭിച്ചത്. വഴിക്കടവ്, എടക്കര, ചുങ്കത്തറ, മുട്ടിക്കടവ്, പാലേങ്കര, കരുളായി, മയിലുംപാറ, ചുള്ളിയോട്, പൂക്കോട്ടുംപാടം, അഞ്ചാം മൈൽ, ഉപ്പുവള്ളി, ചേലോട്, കരുളായി, ചന്തക്കുന്ന് എന്നിവിടങ്ങളിലൂടെ കടന്നാണ് റോഡ് ഷോ കലാശക്കൊട്ടിനായി നിലമ്പൂർ നഗരത്തിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണു റോഡ് ഷോ മുന്നോട്ടുപോയത്. റോഡ് ഷോയോടെയാണ് യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി. 

വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളിൽ വൈകിട്ട് മൂന്നോടെ തന്നെ പ്രവർത്തകർ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം പൂർത്തിയാകുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ എല്ലാം. നിലമ്പൂർ മറ്റന്നാൾ പോളിങ് ബൂത്തിലേക്ക് എത്തും. ജൂണ്‍ 23 നാണ് വോട്ടെണ്ണൽ. 

Exit mobile version