2012ൽ യുഡിഎഫ് സർക്കാർ ഏകപക്ഷീയമായി പങ്കാളിത്ത പെൻഷൻ അടിച്ചേല്പിച്ചപ്പോൾ മുതൽ നിരന്തരമായ പ്രക്ഷോഭങ്ങളിലായിരുന്നു ജോയിന്റ് കൗൺസിൽ. 2022 ഒക്ടോബർ 26ന് പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന ഏക മുദ്രാവാക്യം ഉയർത്തി അധ്യാപക-സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സമീപകാലത്ത് സിവിൽ സർവീസ് കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു. 40,000ത്തിൽപ്പരം പേർ പങ്കെടുത്ത മാർച്ച് ഉദ്ഘാടനം ചെയ്തത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. പങ്കാളിത്തം കൊണ്ട് മാത്രമല്ല ജീവനക്കാരുടെ വികാരവും പ്രതിഷേധവും അലയടിച്ച ഒരു പ്രക്ഷോഭമായി അത് മാറി. സർക്കാർ നിയോഗിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ വിവരാവകാശ കമ്മിഷൻ നൽകിയ ഉത്തരവിനെപോലും മറികടക്കുന്ന സമീപനത്തിനെതിരെ ജോയിന്റ് കൗൺസിൽ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. എന്നാൽ പൊതുസമൂഹം ഇത്തരം വിഷയങ്ങളിൽ ജീവനക്കാരോടൊപ്പമല്ല എന്നൊരു തോന്നൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജീവനക്കാർക്ക് നൽകുന്ന വേതനവും പെൻഷനും ഖജനാവിനെ മുടിക്കുകയാണ് എന്നുള്ള ഒരു പ്രചരണം വ്യാപകമാവുകയാണ്. ഈ പ്രചാരവേലയ്ക്ക് ചിലർ കൂട്ടുനിൽക്കുകയുമാണ്. മുമ്പ് യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് ഇത്തരം പ്രചരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇക്കാലത്തും ഇത്തരം പ്രചരണങ്ങൾക്ക് ഇടം ലഭിക്കുന്നുണ്ട്.
ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന സേവന‑വേതന ആനുകൂല്യങ്ങൾ ഔദാര്യമല്ല എന്നും അതവരുടെ അവകാശമാണെന്നും അസന്ദിഗ്ധമായി കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസകരമായ സംഗതി. ജീവനക്കാർക്ക് അഞ്ച് ഗഡു ക്ഷാമബത്ത കുടിശികയാണ്. ആർജിതാവധി ആനുകൂല്യം മരവിപ്പിക്കപ്പെട്ടിരിക്കുന്നു. പതിനൊന്നാം ശമ്പള കമ്മിഷൻ നിർദേശിക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്ത വേതനകുടിശിക തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നു. സാധാരണക്കാരായ നോൺ ഗസറ്റഡ് ജീവനക്കാരുടെ ജീവിതം അത്യന്തം ദുരിതപൂർണമായിക്കഴിഞ്ഞു. ജീവനക്കാർക്ക് നൽകുന്ന ശമ്പളത്തെ സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനാണ് ഓരോ വിഭാഗം ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളത്തെ സംബന്ധിച്ച് വ്യക്തമായ കണക്ക് പുറത്തുവിടണമെന്ന് സർക്കാരിനോട് ജോയിന്റ് കൗൺസിൽ ആവശ്യപ്പെടുന്നത്. കേരളത്തിലെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. ക്ഷാമബത്തയുൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ തുച്ഛമായ ഈ തുകയിൽ നിന്ന് ജീവിതം മുന്നോട്ടു പോകാൻ സാധിക്കാത്ത ഗതികേടിലാണ് ജീവനക്കാർ. ഇത്തരത്തിൽ സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും പ്രത്യേകിച്ച് നോൺ ഗസറ്റഡ് ജീവനക്കാർ അനുഭവിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ വിവരണാതീതമാണ്. കേരളം ഇന്ന് കെെവരിച്ച നേട്ടങ്ങൾക്കെല്ലാം പിന്നിൽ സിവിൽ സർവീസിന്റെ ഇടപെടലുണ്ട്. കേരളത്തെ കേരളമാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പങ്ക് വിസ്മരിക്കാനാകില്ല. വിദ്യാഭ്യാസ‑ആരോഗ്യ മേഖലയിൽ കേരളം ഇന്നും മാതൃകയായി തുടരുന്നതിന്റെ പിന്നിലും സിവിൽ സർവീസിന്റെ പങ്ക് സ്മരണീയമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ളത് കേരളത്തിലാണ്. ഇന്ത്യയിൽ ഭരണ നിർവഹണ രംഗത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പൂർണമായും അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാത്ത ഒരു സമൂഹമായി കേരളം മാറണമെങ്കിൽ ഇനിയും ധാരാളം കടമ്പകൾ കടക്കേണ്ടതുമുണ്ട്. പൊതുഭരണം ഉൾപ്പെടെ സമസ്ത ഭരണനിർവഹണ മേഖലകളിലും ഒന്നാമതാകുമ്പോൾ കേരളത്തിലെ സിവിൽ സർവീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.
ഇതുകൂടി വായിക്കൂ;വെളിച്ചം കെടുത്തുന്നവര്‍ വിളക്കും തകര്‍ക്കുമ്പോള്‍
എന്നാൽ ഇന്ത്യയിലെ പൊതുസ്ഥിതി വ്യത്യസ്തമാണ്. കേന്ദ്രസർക്കാർ സർവീസിൽ മാത്രം 10 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മറ്റ് സംസ്ഥാന സർക്കാരുകളിൽ ഏകദേശം 22 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുസേവനങ്ങൾ സൗജന്യമായി നൽകുന്നതിൽ നിന്നും ഭൂരിഭാഗം സംസ്ഥാനങ്ങളും പിൻവാങ്ങിക്കഴിഞ്ഞു. ലാഭകേന്ദ്രീകൃതമായ സേവന മേഖലയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇവിടെ കേരളം മാത്രമാണ് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്. സ്ഥിരം തസ്തികകളിൽ നിയമനം നടത്തുന്നതിൽ കേരള സർക്കാർ ശ്രദ്ധ ചെലുത്തുന്നു. എന്നാൽ പുതുതായി രൂപീകരിക്കപ്പെടുന്ന സംവിധാനങ്ങൾക്ക് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിന് കേരളത്തിനും കഴിയുന്നില്ല. വൈജ്ഞാനിക ഭരണനിർവഹണം സാധ്യമാക്കേണ്ട ഐടി അധിഷ്ഠിത സേവന രംഗത്ത് താൽക്കാലിക ജീവനക്കാർ മാത്രമാകുന്ന സ്ഥിതിയാണുള്ളത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഓഫിസുകളിൽ ജനസംഖ്യാ വർധനവിനനുസരിച്ച് ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. വൈജ്ഞാനിക ഭരണനിർവഹണം സാധ്യമാകുമ്പോൾ ലഭ്യമാകുന്ന അധിക തസ്തികകൾ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഓഫിസുകളിലേക്ക് നിയോഗിക്കണം. ജീവനക്കാരുടെ കുറവ് സേവനഗുണമേന്മയെ ബാധിക്കുന്നുണ്ട്. വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, കോടതികൾ, പൊലീസ് സ്റ്റേഷനുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശാക്തീകരിക്കപ്പെടണം. മെച്ചപ്പെട്ട സിവിൽ സർവീസ് മികച്ച ജനാധിപത്യത്തിന്റെ അടിസ്ഥാനവും അനിവാര്യതയുമാണ്.
ഇതുകൂടി വായിക്കൂ;ചരിത്രത്തിന്റെ ആവർത്തനം
കേരളത്തിൽ സർക്കാർ ജീവനക്കാരുടെ വേതനത്തിന് ചെലവഴിക്കുന്ന തുകയുടെ 65 ശതമാനവും വിദ്യാഭ്യാസ‑ആരോഗ്യ മേഖലകൾക്കാണ്. അതുകൊണ്ടുതന്നെ സർക്കാർ സർവീസിലെ സേവന‑വേതന അവകാശങ്ങളിൽ വരുത്തുന്ന കുറവ് ഈ മേഖലയെ സാരമായി ബാധിക്കും. ഇത് കേരള മോഡലെന്ന് ബ്രാന്റ് ചെയ്യപ്പെട്ട ഭരണ നിർവഹണത്തെ ബാധിക്കും. സിവിൽ സർവീസിലെ അഴിമതിക്കാരെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും സർക്കാർ കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്ന് സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ സേവന മേഖലയെ പൂർണമായും അഴിമതി വിമുക്തമാക്കി അഴിമതിരഹിതമെന്ന നിലയിലേക്ക് എത്തിക്കണമെങ്കിൽ ധാരാളം കടമ്പകൾ ഇനിയും കടക്കേണ്ടതുണ്ട്. പൊതുസമൂഹമാകെ ഈ മുദ്രാവാക്യം ഏറ്റെടുക്കണം. പാരിതോഷികങ്ങൾ കൈപ്പറ്റില്ലെന്നും നൽകില്ലെന്നുമുള്ള ഒരു സംസ്കാരം വളരേണ്ടതുണ്ട്. സേവന മേഖലയില്‍ നിന്നും ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുന്നതിന് നടപടി ഉണ്ടാകണം. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാകത്തക്ക നിലയിൽ ഭരണ നിർവഹണം പുരോഗമനകരമാക്കണം. കൂടുതൽ സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റുകയും ജനങ്ങൾക്ക് ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും വേണം. ഈ സാഹചര്യത്തിലാണ് അഴിമതിക്കെതിരെ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക എന്ന ആശയം ജോയിന്റ് കൗൺസിൽ മുന്നോട്ടു വയ്ക്കുന്നത്.
കേന്ദ്രത്തിലെ ബിജെപി സർക്കാർ സ്വീകരിക്കുന്ന പ്രതിലോമകരമായ നയങ്ങൾ സർവീസ് മേഖലയെയാകെ ഇല്ലാതാക്കിയിരിക്കുന്നു. സാമ്പത്തിക‑സാംസ്കാരിക മേഖലയിൽ കേന്ദ്രത്തിന്റെ ഭരണഘടനാവിരുദ്ധമായ പ്രവൃത്തികൾ ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും മുമ്പാകെ അവതരിപ്പിക്കുന്നതും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിയുന്നു. കേരളത്തിലും ഇന്ത്യയിലും സിവിൽ സർവീസ് ഇന്ന് നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനങ്ങളുടെയും കൂടി പിന്തുണ തേടുന്നതിനാണ് ജോയിന്റ് കൗൺസിൽ സിവിൽ സർവീസ് സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഡിസംബർ ഏഴിന് കാൽനടയാത്രയുടെ സമാപനത്തോടനുബന്ധിച്ച പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.