5 May 2024, Sunday

Related news

December 11, 2023
December 1, 2023
November 30, 2023
November 28, 2023
November 23, 2023
November 17, 2023
November 15, 2023
November 15, 2023
November 8, 2023
November 7, 2023

ചരിത്രത്തിന്റെ ആവർത്തനം

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
October 25, 2023 4:30 am

ഇസ്രയേലും പലസ്തീനും തമ്മിലുള്ള അസ്വാരസ്യം അതിന്റെ എല്ലാ അതിർവരമ്പുകളെയും ലംഘിച്ചുകൊണ്ട് കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ ഇസ്രയേലിന്റെ പ്രവർത്തന ചരിത്രത്തെ ഒരിക്കൽക്കൂടി ചികഞ്ഞെടുക്കേണ്ടി വന്നിരിക്കുന്നു. സാംസ്കാരികമായി ഇസ്രയേലിന് സ്വന്തം ഭൂമി എന്നത് അവരുടെ സ്വത്വവുമായി യോജിക്കുന്നതല്ല. അവർ അർധദേശാന്തരീ വർഗമാണ്. എന്നാൽ കാലക്രമത്തിൽ അത് വിസ്മരിക്കപ്പെടുകയും തങ്ങൾക്കന്യമായ ജീവിത മാർഗത്തിലേക്ക് പരിവർത്തനപ്പെടുത്തുകയും ചെയ്തതാണ് അവർക്കും മറ്റുള്ളവർക്കും ദുരിതവും ജീവനാശവും ഉണ്ടാക്കുന്ന അധിനിവേശാവസ്ഥ സൃഷ്ടിച്ചത്. ഇസ്രയേലിന്റെ ഒന്നാം പലസ്തീൻ അധിനിവേശം, അവർ ഈജിപ്തിലെ അടിമത്തത്തിൽ നിന്നും വിമോചിതരായി കനാൻ എന്ന് വിളിക്കപ്പെടുന്ന ഇന്നത്തെ പലസ്തീൻ നാട്ടിൽ എത്തിയപ്പോഴാണുണ്ടായത്. ഇത് രണ്ട് ഘട്ടമായാണ് നടന്നത്. ഒന്ന്: ഈജിപ്തിൽ നിന്നും പുറപ്പെട്ട് ചാവുകടൽ എന്ന് വ്യാഖ്യാനിക്കപ്പെട്ട ഓടത്തണ്ടിന്റെ ‘കടൽ’ (റെഡ് സീ എന്നും റീഡ് സീ എന്നും തർജമ ചെയ്യാവുന്ന ഹീബ്രു വാക്ക്) കടന്ന് പലസ്തീനിൽ പ്രവേശിക്കുന്നതിനു മുമ്പ് ജോഷ്വാ, കാലേബ് എന്നിവരോടൊപ്പം നാലുപേർ കനാൻ നാടിന്റെ സാഹചര്യം കണ്ടറിയാൻ തിരിച്ചു. ജോഷ്വായുടെ നേതൃത്വത്തിൽ തിരികെവന്നവരിൽ പകുതിപ്പേർ പ്രവേശനം അസാധ്യമെന്ന് മോസസിനെ ബോധ്യപ്പെടുത്തി 40 വർഷത്തെ ചുറ്റിത്തിരിയലിന് പുറപ്പെടുന്നു. കാലേബും സംഘവും ധൈര്യപൂർവം കനാനിലേക്ക് പ്രവേശിക്കുകയും താമസമാവുകയും ചെയ്തു. വർഷങ്ങൾക്കു ശേഷമാണ് ജോഷ്വായുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. 40 വർഷത്തിനുശേഷം എന്ന വിവരണം ഒരു പൊതുകാലഗണനയാണ്, കൃത്യമാവണമെന്നില്ല.

ഈ കാലത്താണ് അവിടെ ഫ്യൂഡൽ പ്രഭുക്കളും കർഷകരും തമ്മിലുള്ള “അപിരു” എന്നറിയപ്പെട്ട സമരം നടക്കുന്നത്. ഇതിൽനിന്നാണ് “ഹീബ്രു” എന്നവാക്കുണ്ടായത് എന്നാണ് പണ്ഡിതമതം. കടന്നുവന്നവർ തുടക്കത്തിൽ മലനാടുകളിൽ താമസമാക്കുകയും സാവകാശം ‘അപിരു’ സമരത്തോടുള്ള ആഭിമുഖ്യത്തിൽ താഴ്‌വാരത്തിലേക്കിറങ്ങി സാന്നിധ്യം അറിയിക്കുകയും വ്യാപിക്കുകയും ചെയ്തു. മുമ്പ് വന്ന കാലേബ് സംഘവും ഇക്കൂട്ടത്തിൽ ചേർന്ന് ഒരു ശക്തിയായി. ഇതിനെ ഭാരതത്തിൽ വന്ന ആര്യരുടെ കുടിയേറ്റവും സാന്നിധ്യമുറപ്പിക്കലുമായി താരതമ്യം കാണാൻ കഴിയും. സാവകാശം ഈ കുടിയേറ്റക്കാർ ഭൂമിയും അതിന്റെ അവകാശവും കൈക്കലാക്കുകയും സ്വദേശികളെ വീട്ടുജോലിക്കാരും അടിമകളുമാക്കുകയും ‘നായ്ക്കൾ’ എന്നുവിളിച്ച് ആക്ഷേപിക്കുകയും പാർശ്വവൽക്കരിക്കുകയും ചെയ്തു. കേരളത്തിലേക്ക് വന്ന വടക്കേ ഇന്ത്യയിൽ മുന്നമേ സാന്നിധ്യമുണ്ടായിരുന്ന ചാതുർവർണ്യർ ഇവിടെ ഭൂമിയുടെ അവകാശികളായിരുന്ന ദ്രാവി‍ഡരോട് ചെയ്തതുപോലെ തന്നെ. ഈ ദേശത്തെ ഇവരുടെ ആദ്യപിതാവ് എന്നറിയപ്പെടുന്ന എബ്രഹാം കുടുംബത്തോടെ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടത്തിൽ ജീവിച്ചിരുന്നവർ എന്നാണ് ബൈബിൾ രേഖ. എന്നാൽ സ്ഥിരമായി അവിടെ താമസിച്ചിരുന്നവർ എന്നർത്ഥമില്ല. സാമൂഹിക ശാസ്ത്രപരമായി ഇവർ അര്‍ധദേശാന്തരികളായ (സെമി നൊമാഡ്സ്) ആട്ടിടയരായിരുന്നു. പലസ്തീനിലേക്ക് പുറപ്പെടും മുമ്പ് അവർ മെസപ്പൊട്ടോമിയയിൽ ആയിരുന്നുവെന്ന് മാത്രം. പലസ്തീനിലെത്തിയ ഈ സഞ്ചാരികൾ ഒരിടത്ത് തന്നെ ആയിരുന്നില്ല താമസിച്ചത്. ഹാരാൻ, ശേഖേം, ദമാസ്കസ്, ബേഥേൽ, ഈജിപ്ത്, ഹെബ്രോൻ തുടങ്ങി പതിനേഴ് ഇടങ്ങളിലെങ്കിലും ഇവർ താമസിച്ച് ആടുകളെ മേയ്ച്ചിട്ടുണ്ട്. ഇവിടെ ഒന്നും അദ്ദേഹത്തിനോ അനുയായികൾക്കോ സ്ഥിരതാമസ താല്പര്യം ഉണ്ടായിരുന്നില്ല. 400 വർഷത്തെ ഈജിപ്ത് വാസമാണ് ഈ അർധസഞ്ചാരി ഗോത്രത്തെ സ്ഥിരതാമസ സാമൂഹികതലത്തിലേക്ക് പരിവർത്തനപ്പെടുത്തിയത്. എങ്കിലും അവർക്കിടയിലെ ചിന്തിക്കുന്നവരുടെ ഉള്ളിന്റെയുള്ളിൽ മരുഭൂയാത്രയും, ആ സമയത്തെല്ലാം തുണയായിനിന്നു എന്നവർ വിശ്വസിച്ച യഹോവയുമായിരുന്നു സാന്നിധ്യമായി നിന്നത്. അതുകൊണ്ടുതന്നെ മരുഭൂമിയിലേക്ക് തിരിച്ചുപോകാൻ അവരുടെ മനം എന്നും ത്വരിതപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ താമസസ്ഥലത്തെ ആകർഷണങ്ങളും അയൽരാജ്യങ്ങളുടെ പ്രതിരോധവും അവരെ സ്ഥിരമായി ഒരിടത്ത് താമസിക്കാനും ഒരു പൊതു നേതാവിനെക്കുറിച്ച് ചിന്തിക്കാനും ആവശ്യപ്പെടാനും ഇടയാക്കി. അങ്ങനെയാണ് തുടക്കത്തിൽ അർധരാജാവായ ശൗലും പിന്നീട് ശക്തനായ ഡേവിഡ് രാജാവും അധികാരത്തിൽ വരുന്നത്.


ഇതുകൂടി വായിക്കൂ: ഹമാസ്-ഇസ്രയേല്‍ യുദ്ധം മോഡിയുടെ പ്രതികരണം ഏകപക്ഷീയം


ഡേവിഡ് ചെറുപ്പം മുതലേ യുദ്ധതല്പരനും, എതിരാളികളെ നേരിടുന്നതിൽ മിടുക്കനുമായിരുന്നു. ഇവിടെയാണ് രാഷ്ട്രീയ താല്പര്യത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴച്ച് അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പുതുതുരുത്തുകൾ തേടാൻ, പ്രാഥമികമായി ദേശാന്തരികളായിരുന്ന ഈ ജനസമൂഹം പരിവർത്തനപ്പെടുന്നത്. ഡേവിഡിന്റെ അധികാര പ്രമത്തതയിലൂടെ ഈ രാജ്യത്തെ നിലനില്പ് മറ്റുള്ളവരെ ഇല്ലാതാക്കിയേ സാധ്യമാകൂ എന്ന തെറ്റായ ധാരണയിലേക്ക് അവർ എത്തിച്ചേർന്നു. മുൻകാലങ്ങളിൽ ചെന്നിടത്തെല്ലാം, ഇവര്‍ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും, ഇല്ലാതായില്ല എന്നത് രാജാധികാരം കൊണ്ടല്ല, അവരുടെ ദൈവത്തിന്റെ സഹായം കൊണ്ടും ജീവിതശൈലി കൊണ്ടുമാണ്. രാജാധികാരത്തിന്റെ ആവശ്യം ഉണ്ടായതുതന്നെ സ്വന്തം സാമൂഹിക സ്വഭാവത്തിനു നിരക്കാത്ത ജീവിതശൈലിയായ സ്ഥിരതാമസം ഏറ്റെടുത്തതുകൊണ്ടാണ്. രാജാധികാരവും ഭരണവും അവർക്ക്, പഴയവയോടൊപ്പം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അത് ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയും ആഭ്യന്തരമായി കുടുംബങ്ങൾ തമ്മിൽ പോലുമുള്ള ശത്രുതയും വിഭജനവും ബാഹ്യാക്രമണത്താൽ നാശവും അടിമകളാക്കപ്പെട്ട് വിദേശപ്രവാസവും വരുത്തുകയും ചെയ്തു. പൗരാണികകാലത്തെ സാമൂഹിക വ്യവസ്ഥയിൽ ഇത് ഒരു പരിധിവരെ അംഗീകരിക്കപ്പെടാമെങ്കിലും, ജനാധിപത്യ വ്യവസ്ഥിതിയും സാമൂഹിക പരിവർത്തനവും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും ഒക്കെ സാംസ്കാരിക ഭാവങ്ങൾ ആവിർഭവിക്കുകയും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ആധുനിക സംസ്കൃതിയുടെ വെളിച്ചമുള്ള ഇക്കാലത്ത് അധിനിവേശത്തിന്റെ ശൈലി തികച്ചും സംസ്കാരശൂന്യതയാണ് പ്രകടമാക്കുന്നത്.

ഇവർക്ക് ദൈവം നൽകി എന്നവകാശപ്പെടുന്ന “കാണിപ്പാനിരിക്കുന്ന ദേശത്തിന്റെ അവകാശം” ചെല്ലുന്നിടത്തെല്ലാം അവരുടെ ആടുകളെ മേയ്ക്കാനുള്ള അവകാശം എന്നതിനപ്പുറം രാജ്യാധികാരത്തിന്റെ അവകാശമാണ് എന്ന് പിന്നീട് വ്യാഖ്യാനം ചെയ്യപ്പെട്ടതാണ്. അതാണ് അവർക്കും മറ്റുള്ളവർക്കും വിനയായത്. രണ്ടാമത്തെ അധിനിവേശം ബാബിലോണിലെ പ്രവാസത്തിൽനിന്നും തിരിച്ചുവന്നപ്പോഴുണ്ടായതാണ്. ഇതേക്കുറിച്ച് മുൻ ലക്കത്തിൽ വിശദമായി വിവരിച്ചിരുന്നു. ഇവിടെ നിർണായകമായ കാലിക ചിന്താവിഷയം ഇപ്പോൾ ആരംഭിച്ചിട്ടുള്ള ഇസ്രയേൽ‑പലസ്തീൻ സംഘർഷം എങ്ങനെ വിലയിരുത്തണം എന്നതാണ്. അവിടെയാണ് ഇസ്രയേലിനെ ഒന്നാമതായി കുറ്റപ്പെടുത്തേണ്ടിവരുന്നത്. ഈ ഭൂപ്രദേശം നിശ്ചയമായും ഇസ്രയേലിന് പൂർണമായി അവകാശപ്പെട്ടതല്ല. ഇവർ ഇവരുടെ സ്വാഭാവിക സാമൂഹിക ജീവിതശൈലിയിൽ നിന്നും വ്യതിചലിച്ച് സ്ഥിരവാസികളായി എന്നതുകൊണ്ട് മാത്രമല്ല ഇത്. മറിച്ച് തങ്ങളെപ്പോലെ വന്നുചേർന്നവരോ അതിനുമുമ്പ് അവിടുണ്ടായിരുന്നവരോ ആയ പലസ്തീൻ ജനതയ്ക്കും തങ്ങളെപ്പോലെതന്നെ അവിടെ പാർക്കാൻ അവകാശമുണ്ട് എന്നംഗീകരിക്കാൻ സാധിക്കുന്നില്ല എന്നതും സഹവാസികളെ ഇല്ലാതാക്കുക എന്നത് തങ്ങളുടെ അവകാശമാണ് എന്ന് കരുതി പ്രവർത്തിക്കുന്നതിനുമാണ്. ഇത് സംബന്ധിച്ചുള്ള ലോകസമൂഹത്തിന്റെ ഒരു ഇടപെടലിനും ഒത്തുതീർപ്പിനും ഇസ്രയേൽ വഴങ്ങുന്നുമില്ല. മുൻ ഉടമ്പടികളെ സമ്പൂർണമായി അവഗണിക്കുകയാണിവർ. ഇക്കാര്യത്തിൽ തികച്ചും നീതിരഹിതമായി, അഡാനി പോർട്ടും അഡാനി നിർമ്മാണ കരാറുകളുമുള്ള ഇസ്രയേലിനെ ചരിത്രവും ജനഹിതവും വിസ്മരിച്ച് ഭാരത സർക്കാർ പിന്തുണയ്ക്കുന്നുവെന്ന ലജ്ജാകരമായ അവസ്ഥയും ഉണ്ട്. അതോടൊപ്പം പറയേണ്ടതാണ് ഹമാസിന്റെ സമീപനം. തീവ്രവാദവും വിധ്വംസക പ്രവർത്തനങ്ങളും ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നവർ മനസിലാക്കേണ്ടിയിരിക്കുന്നു. ചർച്ചയിലൂടെയും ഒത്തുതീർപ്പുകളിലൂടെയും മാത്രമേ ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടാവൂ. തീർച്ചയായും ഒരു ഒത്തുതീർപ്പിനും വഴങ്ങാത്തവരാണ് മറുതലയ്ക്കൽ ഉള്ളത് എന്നംഗീകരിച്ചാൽത്തന്നെ, തീവ്രവാദം പ്രശ്നം വഷളാക്കുകയും അന്തർദേശീയ സമൂഹത്തിന്റെ അഭിപ്രായം എതിരാക്കുകയും ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ ജീവൻ നഷ്ടമാക്കുകയും ലോകത്തെ മുഴുവൻ വലിയൊരു പ്രതിസന്ധിയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യും. ഇപ്പോൾ അതാണ് സംഭവിച്ചിരിക്കുന്നത്. ലോക മാനവസമൂഹം ഉണരുകയും ഈ അരുംകൊലയ്ക്ക് ഒരറുതിയുണ്ടാക്കാൻ ശക്തവും ഫലപ്രദവുമായ ഇടപെടൽ ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.