3 May 2024, Friday

വെളിച്ചം കെടുത്തുന്നവര്‍ വിളക്കും തകര്‍ക്കുമ്പോള്‍

Janayugom Webdesk
October 25, 2023 5:00 am

‘ഹേ, മാതൃഭൂമീ! നിനക്കായി ഞാനർത്ഥിപ്പത് ഭീതിബാധയിൽ നിന്നുമുള്ള സ്വാതന്ത്ര്യം മാത്രം’- വിശ്വമഹാകവിയും നൊബേല്‍ ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്റെ സ്വാതന്ത്ര്യം എന്ന കവിതയുടെ തുടക്കം ഇങ്ങനെയാണ്. ഭീതിബാധയിൽ നിന്നുള്ള സ്വാതന്ത്ര്യമുണ്ടാകണം എന്ന് കവി ആഗ്രഹിച്ച നാട് സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഭീതിയുടെ ഇരുളിലാണ്. വെളിച്ചങ്ങളൊന്നൊന്നായി തല്ലിക്കെടു‌ക്കുകയും വിളക്കുമരങ്ങളുടെ ഓര്‍മ്മകളെപ്പോലും മായ്ച്ചുകളയുകയും പകരം തങ്ങളുടെ വികൃതചിത്രങ്ങള്‍ വെള്ളപൂശി പ്രതിഷ്ഠിക്കുകയും ചെയ്യുകയാണ് നവഫാസിസ്റ്റ് ഭരണാധികാരികള്‍. എന്നിട്ടവര്‍ മനോഹരമായ കള്ളക്കഥമെനയുകയും കപടവേഷം ആടിത്തിമിര്‍ക്കുകയും ചെയ്യും. ടാഗോർ പണികഴിപ്പിച്ച വിശ്വഭാരതി സര്‍വകലാശാല നിലകൊള്ളുന്ന ശാന്തിനികേതനിലെ രേഖകളില്‍ നിന്ന് ടാഗോറിനെ നീക്കം ചെയ്യുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. യുനെസ്കോയുടെ ലോക പൈതൃകപദവി ലഭിച്ചതിനോടനുബന്ധിച്ച് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകങ്ങളില്‍ നിന്ന് ടാഗോറിന്റെ പേര് ഒഴിവാക്കി, പ്രധാനമന്ത്രി നരേന്ദ്രമോഡി (ചാൻസലര്‍), വൈസ് ചാൻസലർ വിദ്യുത് ചക്രവർത്തി എന്നിവരുടെ പേരുകൾ മാത്രമാണ് ചേർത്തിരിക്കുന്നത്. യുനെസ്കോയുടെ അംഗീകാരം ലഭിച്ചതിന്റെ കീർത്തിമുഴുവൻ തങ്ങളുടേതാണ് എന്നുള്ള പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും അവകാശവാദം മാത്രമായി ഇതിനെ ചുരുക്കിക്കാണാനാവില്ല.

സ്വാതന്ത്ര്യപൂര്‍വ ചരിത്രസത്യങ്ങളെ കുഴിച്ചുമൂടാനുള്ള ഭരണകൂടവ്യഗ്രതയായിത്തന്നെ വിലയിരുത്തണം. അന്താരാഷ്ട്ര സർവകലാശാല എന്ന ആശയത്തിലൂന്നി 1921ലാണ് ടാഗോര്‍ വിശ്വഭാരതി പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ സ്ഥാപിച്ചത്. ‘ശാന്തിനികേതനെയും കൊളോണിയൽ യൂറോപ്യൻ പൈതൃകത്തിൽ നിന്നും വ്യത്യസ്തമായി ശാന്തിനികേതൻ എന്ന ആശയത്തെ പ്രാവർത്തികമാക്കിയ ടാഗോറിനെയും പ്രശംസിക്കുന്നു’ എന്നാണ് യുനെസ്കോ പുരസ്കാര പ്രഖ്യാപനത്തോടൊപ്പം അറിയിച്ചിരുന്നത്. എന്നിട്ടും സർവകലാശാലാകാമ്പസിൽ സ്ഥാപിച്ച മൂന്ന് മാർബിൾഫലകങ്ങളിലും സ്ഥാപകനായ ടാഗോറിന്റെ പേര് ചേർക്കാൻ അധികൃതർ തയ്യാറായില്ലെന്നത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണല്ലോ. ‘പേരുമാറ്റം തുടർക്കഥയാക്കിയ പ്രധാനമന്ത്രി നാസിസം എന്നതിനെ മോഡിസം എന്ന് പുനർനാമകരണം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണ’മെന്ന കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്. രാഷ്ട്രശില്പിയും പ്രഥമപ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിനെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാനും തല്‍സ്ഥാനത്ത് സ്വയംപ്രതിഷ്ഠിതനാകാനും നരേന്ദ്രമോഡി നടത്തുന്ന ശ്രമങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. ഡൽഹിയിലെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആന്റ് ലെെബ്രറിയെ ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റി’ എന്ന് പുനർനാമകരണം ചെയ്തു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരായാണ് പേര് മാറ്റിയതെന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ വിശദീകരണമുണ്ടായത്. ചരിത്രത്തിലില്ലാത്തവര്‍ക്ക് ചരിത്രം കാണുമ്പോഴുണ്ടാകുന്ന കേവലാസൂയയല്ലിത്, ചരിത്രത്തിലേക്ക് നുഴഞ്ഞുകയറിയുള്ള വ്യാജചരിത്രനിര്‍മ്മിതിയുടെ സ്വയംന്യായീകരണം തന്നെയാണ്. ചന്ദ്രയാന്‍ 3 ന്റെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിജയമാണെന്ന് പാഠപുസ്തകമിറക്കി ഉറപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. എന്‍സിഇആര്‍ടി പോലുള്ള സ്വയംഭരണസ്ഥാപനങ്ങളിലൂടെ ആധികാരികമായിത്തന്നെയാണ് വികലചരിത്ര വ്യാപനം എന്നത് വിഷയം എത്രഗുരുതരമാണെന്ന് വെളിപ്പെടുത്തുന്നു. നെഹ്രുവും ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയും തമ്മിലുള്ള ബന്ധം വ്യക്തമാണെങ്കിലും അദ്ദേഹത്തിന് ശാസ്ത്രനേട്ടങ്ങളില്‍ യാതൊരു ബന്ധവും ഇല്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്.


ഇതുകൂടി വായിക്കൂ: ചന്ദ്രയാനില്‍ മോഡിയുടെ ബിംബവല്‍ക്കരണം അല്പത്തം


പ്രഥമ പ്രധാനമന്ത്രിയുടെ പേര് ഐഎസ്ആര്‍ഒയുടെ പേജില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആസൂത്രിത ശ്രമം തുടരുന്നതിനു തെളിവായി വിക്കിപീഡിയില്‍ മാത്രം 80 ലേറെ തിരുത്തലുകള്‍ നടന്നുവെന്നതിന്റെ രേഖകള്‍ പുറത്തുവന്നതാണ്. അതിന് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന ബുദ്ധിപരമായ ഒരു ചോദ്യം ‘1964ല്‍ മരിച്ച നെഹ്രു എങ്ങനെ 1969ല്‍ ഐഎസ്ആര്‍ഐ സ്ഥാപിച്ചു‘വെന്നാണ്. ഐഎസ്ആർഒ നിലവില്‍ വരുന്നത് 1969 ഓഗസ്റ്റിലാണെങ്കിലും അതിന്റെ ആദ്യപതിപ്പായ ഇൻകോസ്പാർ രൂപംകൊണ്ടതടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത് നെഹ്രു അധികാരത്തിലിരിക്കെയാണെന്നും 1961നാണ് ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കംകുറിച്ചതെന്നുമുള്ള വിശദീകരണം എത്തുംമുമ്പേ ജനങ്ങളില്‍ സംശയമുണര്‍ത്തുക എന്നതാണ് സംഘ്പരിവാര്‍ രീതി. ഇതുതന്നെയാണ് ശാന്തിനികേതന്റെ കാര്യത്തിലും നടക്കുന്നത്. ‘വൈസ് ചാൻസലർ പരമാധികാരിയായി സ്വയം അവരോധിച്ചിരിക്കുകയാ‘ണെന്ന് ടാഗോർ കുടുംബാംഗവും ആശ്രമവാസിയുമായ സുപ്രിയ ടാഗോർ ഫലകവിഷയത്തെ വിമർശിച്ചു. ഇത്തരത്തിലൊരു നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നും രവീന്ദ്രനാഥ ടാഗോർ എന്നൊരു വ്യക്തി ഇവിടെയുണ്ടായിരുന്നെന്നുപോലും അദ്ദേഹം മറന്നിരിക്കുകയാണെന്നും സുപ്രിയ പറഞ്ഞു. ഫാസിസത്തിന്റെ ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ക്ക് ടാഗോറിന്റെ കവിതയില്‍ത്തന്നെ മറുപടിയുണ്ട്: ‘വിളക്കിന്റെ പ്രകാശത്തിന് നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കുപിടിച്ചു നിൽക്കുന്നയാളെ മറക്കാതിരിക്കയും ചെയ്യുക’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.