Site iconSite icon Janayugom Online

മാതൃഭാഷാ നിഷേധം ജനാധിപത്യ വിരുദ്ധം

മാതൃഭാഷ ഏത് ജനവിഭാഗത്തിന്റെയും ജന്മാവകാശമാണ്. മൂന്നരക്കോടിയോളം വരുന്ന വലിയൊരു ജനസഞ്ചയത്തിന്റെ മാതൃഭാഷയാണ് മലയാളം. സംസാരിക്കുന്നവരുടെ എണ്ണം മാനദണ്ഡമാക്കുമ്പോൾ ലോകഭാഷകളുടെ കൂട്ടത്തിൽ മലയാളത്തിന്റെ സ്ഥാനം ഇരുപത്താറാമതാണ്. രാഷ്ട്രം അംഗീകരിച്ചിട്ടുള്ള അഞ്ചു ശ്രേഷ്ഠ ഭാഷകളിൽ ഒന്നാണ് മലയാളം. എടുത്തുപറയാവുന്ന അഭിമാനകരമായ കുറേ നേട്ടങ്ങൾക്ക് അവകാശിയുമാണ് ഈ ഭാഷ. പറഞ്ഞിട്ടെന്ത് കാര്യം, അങ്ങനെയുള്ള നമ്മുടെ ഭാഷയുടെ ‘തലയിലെഴുത്ത്’ വല്ലാത്ത ഒന്നായിപ്പോയി. ആദി ദ്രാവിഡത്തിൽ നിന്ന് ഇതര ദക്ഷിണേന്ത്യൻ ഭാഷകളോടൊപ്പം ജനിച്ചുവളർന്നു മുന്നേറിക്കൊണ്ടിരിക്കുന്ന മലയാളം നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ നടുവിലാണ്. ആരാണ് ഉത്തരവാദികൾ എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, മലയാളികൾ. അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും സമൂഹത്തെയും നാടിനെയും സ്നേഹിക്കുന്ന ഒരു സംസ്കാരത്തിൽ നിന്നാണ് മാതൃഭാഷാ സ്നേഹം ജനിക്കുന്നത്. പരപ്രേരണയില്ലാതെ സംഭവിക്കുന്ന തീവ്രമായ ഒരു വൈകാരികാനുഭവമാണത്. അതറിയുന്നതുകൊണ്ടാണ് 1956ൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചത്. അങ്ങനെയൊരു പരിഷ്കാരത്തിലേക്ക് കേന്ദ്ര ഭരണകൂടത്തെ നയിച്ചത് ഭാഷാ സംസ്ഥാനത്തിന് വേണ്ടി ആന്ധ്രയിൽ നടന്ന പ്രക്ഷോഭങ്ങളും മരണപര്യന്തം നീണ്ട നിരാഹാര സത്യഗ്രഹവും വഹിച്ച പങ്ക് നിർണായകമായിരുന്നു.

 


ഇതുകൂടി വായിക്കു; നാളെ ലോക മാതൃഭാഷാ ദിനം; ശ്രേഷ്ഠം മലയാളം


 

വിദേശാധിപത്യം അവസാനിച്ച ഇന്ത്യയിൽ ഭരണഭാഷയും വിദ്യാഭ്യാസഭാഷയും കോടതിഭാഷയും വിദേശ ഭാഷ തന്നെ ആയിരിക്കുന്നുവെന്നതിനർത്ഥം നാം നേടി എന്ന് അവകാശപ്പെടുന്ന സ്വാതന്ത്ര്യം അത്രമേൽ അപൂർണമാണെന്നാണ്. അന്യഭാഷ സൃഷ്ടിക്കുന്ന അപൂർണമായ സ്വാതന്ത്ര്യം അഭിമാനകരമെന്ന് വിശ്വസിക്കുന്ന പുതിയ സമൂഹം അതിന്റെ ആധിപത്യം നിലനിർത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ വരേണ്യവർഗത്തെയും കീഴാള വർഗത്തെയും വേറിട്ട് നിർത്തിയിരുന്ന ജനവിരുദ്ധതയുടെ പുതിയ അവതാരങ്ങളാണ് ഭാഷാഭേദത്തെ ആയുധമാക്കി സാമൂഹ്യ പുരോഗതിയെ തടയുന്നത്. സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും പബ്ലിക് സർവീസ് കമ്മിഷന്റെ ആസ്ഥാനത്തുമെല്ലാം അത്തരം അവതാരങ്ങളുണ്ട്. സുവ്യക്തവും യുക്തിഭദ്രവുമായ നിർദേശങ്ങൾ പോലും മനസിലാവുന്നില്ല എന്ന മട്ടിൽ അവർ അഭിനയിച്ചുകളയും. നിർദേശം മുഖ്യമന്ത്രിയുടേതായാലും ഫലത്തിൽ മാറ്റമില്ല.
സാങ്കേതികമായി ഭാഷാ ന്യൂനപക്ഷങ്ങളില്ലാത്ത ഒരു സംസ്ഥാനമാണ് കേരളം. തമിഴരും കന്നടക്കാരും അടക്കം മൂന്ന് ശതമാനമാണ് കേരളത്തിലെ ഇതര ഭാഷാ ജനവിഭാഗങ്ങൾ. കന്നടക്കാർ എന്നു പറയുന്നവരില്‍ ഭൂരിപക്ഷവും യഥാർത്ഥത്തിൽ തുളു മാതൃഭാഷയായിട്ടുള്ളവരാണെന്നും ഉദ്യോഗലബ്ധിക്ക് എളുപ്പവഴി എന്ന നിലയ്ക്ക് രേഖകളിൽ കന്നട എന്ന് ചേർക്കുകയാണെന്നും ആ വഴിയിൽ പഠനം നടത്തിയ ഭാഷാഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 80 മുതൽ 90ശതമാനം വരെയാണ് സംസ്ഥാന ഭാഷ മാതൃഭാഷയായിട്ടുള്ളവർ. കേരളത്തിൽ അത് 97 ശതമാനമാണ്.

ജീവിതത്തിന്റെ എല്ലാതലത്തിലും ഉള്ള വ്യവഹാരങ്ങൾ മാതൃഭാഷയിൽ ആയിരിക്കണമെന്നത് ഓരോ ജനതയുടെയും അവകാശമാണ്. ആ അവകാശം ജനങ്ങൾ ആവശ്യപ്പെടാതെ തന്നെ നടപ്പിലാക്കാനുള്ള ആർജവം മിക്ക സംസ്ഥാനങ്ങൾക്കുമുണ്ട്. പരീക്ഷാർത്ഥികൾക്കുള്ള ചോദ്യപേപ്പറുകൾ മാതൃഭാഷയിലും ഭാഷാ ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഇംഗ്ലീഷിലുമാണ് കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും നൽകുന്നത്. ഒരുവശത്ത് ഭരണഭാഷ മലയാളമാക്കാനുള്ള ശ്രമം തീരെ മന്ദഗതിയിലെങ്കിലും പുരോഗമിക്കുമ്പോഴും പിഎസ്‍സി പരീക്ഷയിൽ നിന്ന് മലയാളത്തെ ഒഴിവാക്കാനുള്ള നീക്കങ്ങളാണ് മറുവശത്ത് നടക്കുന്നത്. ഉയർന്ന ജീവിത സാഹചര്യങ്ങളിൽ നിന്നെത്തുന്നവരൊഴികെയുള്ളവർക്ക് അവസരം നിഷേധിക്കുന്ന നയവൈകല്യം ജനാധിപത്യവിരുദ്ധമാണ്. ഐഎഎസ് മുതൽക്കുള്ള യുപിഎസ്‍സി പരീക്ഷകൾ മലയാളത്തിലും എഴുതാം എന്നിരിക്കെ കേരളത്തിലെ ശിപായി മുതൽക്കുള്ള തസ്തികകളിലേക്കുള്ള ആംഗലേയശാഠ്യം ഉദ്ദേശശുദ്ധി ഇല്ലാത്തതാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള മത്സരപരീക്ഷകളിൽ നിന്നും മാതൃഭാഷയെ മാറ്റിനിർത്തിയതിലും ശാഠ്യങ്ങളല്ലാതെ ന്യായീകരണമുണ്ടെന്നു തോന്നുന്നില്ല. ജനാധിപത്യ സംസ്കാരത്തിന് ഊന്നൽ നൽകിക്കൊണ്ട് മലയാളത്തോടുള്ള അവഗണന അവസാനിപ്പിക്കാനും മാതൃഭാഷ എന്ന നിലയ്ക്കുള്ള അതിന്റെ അവകാശങ്ങൾ അംഗീകരിക്കാനും കേരള പബ്ലിക് സർവീസ് കമ്മിഷൻ തയ്യാറാകുമെന്നും ആശിക്കുന്നു.

 


ഇതുകൂടി വായിക്കു;  അരുതു മക്കളേയെന്നു കേഴുന്ന അമ്മമലയാളം


 

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമാണ് 1999ലാണ് യുനെസ്കോ മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ എന്ന രാഷ്ട്രം രൂപം കൊള്ളുമ്പോൾ പടിഞ്ഞാറൻ പാകിസ്ഥാനിലെ പ്രധാന ഭാഷയായ ഉറുദുവും കിഴക്കൻ പാകിസ്ഥാനിലെ പ്രധാന ഭാഷയായ ബംഗാളിയും തുല്യ പ്രാധാന്യമുള്ള ഔദ്യോഗിക ഭാഷകളായി അംഗീകരിക്കപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ ഉറുദു മാത്രമാണ് ഔദ്യോഗിക ഭാഷ എന്ന പ്രഖ്യാപനം ഉണ്ടായി. കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾ മാതൃഭാഷയ്ക്ക് വേണ്ടി പ്രക്ഷോഭമാരംഭിച്ചു. പൊലീസും പട്ടാളവും പ്രക്ഷോഭകർക്ക് നേരെ നിറയൊഴിച്ചു. ധാക്ക ഹൈക്കോടതിയിലേക്ക് മാർച്ച് ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ നടന്ന വെടിവയ്പിൽ നാല് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. 1952 ഫെബ്രുവരി 21നാണ് അതുണ്ടായത്. ആ ദിവസമാണ് മാതൃഭാഷാ ദിനമായി യുനെസ്കോ പ്രഖ്യാപിച്ചത്. ബംഗാളിയുടെ മാതൃഭാഷാ വികാരമാണ് ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രത്തിന്റെ പിറവിയോളം കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. അത്രമേൽ പ്രഗാഢമായി ജനങ്ങൾ നമ്മുടെ മാതൃഭാഷയെ സ്നേഹിക്കുന്ന ഒരു കാലം സംഭവിച്ചെങ്കിൽ എന്നാശിക്കാം.

Exit mobile version