26 July 2024, Friday
KSFE Galaxy Chits Banner 2

അരുതു മക്കളേയെന്നു കേഴുന്ന അമ്മമലയാളം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
January 6, 2022 6:00 am

ഡിപിഇപി കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന് നല്കിയ ഏറ്റവും വലിയ സംഭാവന, മലയാളം അക്ഷരങ്ങളെ മായിച്ചു കളഞ്ഞതാണ്. മറ്റൊരു ഇടതുപക്ഷ സർക്കാർ വന്നാണ് മലയാളത്തിളക്കത്തിലൂടെ അക്ഷരമാലയെ തിരിച്ചു പിടിക്കാൻ ശ്രമിച്ചത്. എന്നാൽ ഇപ്പൊഴും മലയാള അക്ഷരമാല പാഠപുസ്തകത്തിനു പുറത്താണ്! അതെ. ചെറുശ്ശേരിയുടെ കാലം തൊട്ടേ എഴുതിപ്പോരുന്ന അമ്മമലയാളം വീട്ടിന്റെ പിൻവേലിക്കൽ വന്നുനിന്ന് അടുക്കളത്തിണ്ണയിലെങ്കിലും മഴ നനയാതെ ഒന്നു കേറിനിന്നോട്ടേ എന്നു യാചിക്കുകയാണ്. മനുഷ്യനെയോ മൃഗത്തെയോ പക്ഷിയെയോ കൊന്നാൽ കേസെടുക്കാം. ഭാഷയെ കൊന്നാൽ കേസെടുക്കാൻ കഴിയുമോ? അക്ഷരങ്ങൾ ക്രമേണ കുഞ്ഞുമനസുകളിൽ പ്രവേശിച്ചുകൊള്ളും എന്ന സമീപനത്തിന് ഒരു യുക്തിയൊക്കെയുണ്ട്. അപ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യം പരിചയപ്പെടാൻ സാധ്യത തീരെയില്ലാത്ത അക്ഷരങ്ങളോ? വയലാറിന്റെ സർഗസംഗീതം വായിച്ചു പഠിക്കുന്ന കാലത്ത് മാത്രമേ ഝ എന്ന അക്ഷരം മനസിൽ കയറൂ എന്നാണെങ്കിൽ ശാസ്ത്രീയ സംഗീതം വരെ കേട്ടു പഠിച്ചു സമ്മാനം നേടുന്ന ഇക്കാലത്ത് ഇത്തരം അക്ഷരങ്ങൾ മരണപ്പെടുമെന്നുറപ്പ്. എല്ലാ അക്ഷരവും എക്കാലവും ജീവിച്ചിരിക്കണമെന്ന് വല്ല നിർബന്ധവും വേണോ? എത്രയോ അക്ഷരങ്ങൾ ഉപയോഗപ്രദം അല്ലാതാവുകയും ഉപേക്ഷിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ഇനിയും കുറെ ആട്ടുകല്ലുകളെയും അരകല്ലുകളെയും ഈർക്കിൽചൂലുകളെയും പനയോലവിശറികളെയും കൂടി വലിച്ചെറിയാമെന്ന് വച്ചാൽ ഒരു മറുചോദ്യം ഉയർന്നു വരും. മലയാളഅക്കങ്ങളുടെ മ്യൂസിയം സർക്കാർ കലണ്ടറിലും ഗൂഗിളിലുമല്ലാതെ എവിടെയെങ്കിലും ഉണ്ടോ? ബേബിക്ലാസിൽ വച്ച് പരിചയപ്പെടുത്തിയാൽ ആ കുസൃതിക്കുടുക്കകൾ ഈ ജിലേബിച്ചിത്രങ്ങൾ മറക്കുമെന്നുറപ്പ്. പ്രൈമറി ക്ലാസിലെ പാഠപുസ്തകത്തിന്റെ അവസാന പേജിൽ ഒരു അലങ്കാര­മെന്ന പരിഗണനയിൽ പെടുത്തിയെങ്കിലും മലയാള അക്ഷരങ്ങൾ അച്ചടിക്കുന്നതിൽ എന്താണ് കുഴപ്പം? വൈസ് ചാൻസലർ നിയമനം മുതൽ സ്ത്രീധനദുർമരണം വരെയുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന ആദരണീയനായ ഗവർണർക്ക് ഇക്കാര്യത്തിൽ എന്താണഭിപ്രായം. അദ്ദേഹത്തിന് വായുവും വെള്ളവും കൊടുത്തു പുലർത്തിപ്പോരുന്ന നാട്ടുകാരുടെ അമ്മമൊഴിക്കാര്യമല്ലേ.


ഇതുകൂടി വായിക്കാം; വഴിമാറി നടക്കുന്ന മലയാളം


കേരളത്തിനു പുറത്തുനിന്നുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം മണിമണി പോലെ മലയാളം പറയും. ഗവർണറും മലയാളം പഠിച്ചു കാണുമെന്നു നമുക്ക് കരുതാം. ആ പരിഗണനയിലെങ്കിലും കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കണമെന്നൊരു അഭിപ്രായപ്രകടനം അ­ദ്ദേഹത്തിൽ നിന്നുണ്ടാകുമോ? ജ്യോതി വെങ്കിടാചലം എന്നൊരു ഗവർണറെ ഒരിക്കൽ കേന്ദ്രം നമുക്ക് സംഭാവന തന്നിരുന്നു. സർക്കാർ വിരുദ്ധപ്രതികരണങ്ങളാൽ കേരളത്തിന്റെ അപ്രീതി നേടിയ ഒരു വ്യക്തിയായിരുന്നു ആ ഗവർണർ. സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുക്കുന്നതും ഗവർണറെ മുകളിൽ നിന്നും ഇ­റക്കുന്നതും ആണല്ലോ. അവരെ ആദരണീയനായ ഇപ്പോഴത്തെ ഗവർണർ ഓർമ്മിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലത് ഗവർണർനിന്ദയോ മറ്റോ ആകുമോ? കേന്ദ്രത്തോടുള്ള കടപ്പാട് ഗവർണർമാർക്ക് ഉണ്ടാവുക സ്വാഭാവികം. ബ്രിട്ടീഷ് രാജ്ഞി പണ്ട് നിയമിച്ച വൈസ്രോയിമാരെ ആണല്ലോ ഗവർണർമാർ ഓർമ്മിപ്പിക്കുന്നത്. ഗവർണർ നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങൾ തന്നെയാണ്. പാ­ർട്ടി സംസ്ഥാന പ്രസിഡന്റിനെ ഗവർണ­ർ ആക്കാമെന്ന കീഴ്‌വഴക്കം തുടങ്ങിയത് കോ­ൺഗ്രസാണ്. കെപിസിസി പ്രസിഡന്റ് കെ വിശ്വനാഥനെ ഗുജറാത്ത് ഗവർണർ ആക്കിക്കൊണ്ടായിരുന്നു തുടക്കം. കോൺഗ്രസിന്റെ ഇളയ സഹോദരസംഘടനയായ ബിജെപിയും അവരു­ടെ സംസ്ഥാന പ്രസിഡന്റുമാരെ ഗവർണർമാർ ആക്കിക്കൊണ്ട് ആ മാതൃക പിന്തുടർന്നുവെന്നേയുള്ളൂ. കേന്ദ്രത്തിന്റെ ഇഷ്ടഭാഷകൾ സംസ്കൃതവും ഹിന്ദിയുമൊക്കെയായതിനാൽ ഹിന്ദി അക്ഷരമാല നിർബന്ധം ആക്കണമെന്നാവുമോ ഗവർണറുടെ അഭിപ്രായം? ഗവർണറോ മുഖ്യമന്ത്രിയോ ആരെങ്കിലും ഇക്കാര്യത്തിൽ ഇടപെട്ട് പാഠപുസ്തകത്തിന്റെ അവസാനതാളിലെങ്കിലും മലയാളത്തിനൊരു ഇടം കൊടുക്കേണ്ടതാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എസ്എസ്എൽസി ബുക്കിൽ നിന്നും മലയാളത്തിൽ പേരെഴുതാനുള്ള ഇടം ഒഴിവാക്കിയിരുന്നു. ഈ പംക്തിയിലെഴുതിയ എസ്എസ്എൽസി ബുക്കിൽ ശ്രദ്ധയുമില്ല ശിഹാബുമില്ല എന്ന ലേഖനം മലയാളം തിരിച്ചു കൊണ്ടുവരാനൊരു കാരണമായിരുന്നു. മലയാള അക്ഷര മാലയും തിരിച്ചുവരും എന്നുതന്നെ പ്രതീക്ഷിക്കുന്നു. എന്തായാലും അക്ഷരമാല ചേർക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാക്ക് പാലിക്കപ്പെടട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.