2 May 2024, Thursday

നാളെ ലോക മാതൃഭാഷാ ദിനം; ശ്രേഷ്ഠം മലയാളം

വിജയ് സി എച്ച്
February 20, 2022 2:00 am

പൈതൃക വികസനത്തിനും, അതിന്റെ സംരക്ഷണത്തിനും മാതൃഭാഷയേക്കാൾ ശക്തിയുള്ള മറ്റൊരു മാദ്ധ്യമമില്ലെന്നാണ് ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ മാതൃഭാഷയായ ബംഗാളിയെ പരിരക്ഷിക്കാൻ 1952‑ൽ ബംഗ്ലാദേശുകാർ നടത്തിയ പോരാട്ടമാണ് പിന്നീട് ലോക മാതൃഭാഷാദിനം ആഗോളതലത്തിൽ ആചരിക്കാനുള്ള പ്രചോദനം നൽകിയത്. വർഷങ്ങൾ നീണ്ടു നിന്ന കൂടിയാലോചനകൾക്കൊടുവിൽ, 1999‑ലാണ് ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യുനെസ്കോ, ഫെബ്രുവരി-21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും, ഭാഷാ വികസനത്തിന് ഒരു സർവകലാശാല സ്ഥാപിതമായി ഒരു ദശകം പിന്നിടുന്ന വേളയിൽ നമ്മുടെ മാതൃഭാഷയുടെ ആഴവും പരപ്പും പ്രാചീനതയും തെളിയിക്കുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ കൺവീനറും അന്താരാഷ്ട്രാ ദ്രാവിഡ ഭാഷാ പഠന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ സംസാരിക്കുന്നു…

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് ഒമ്പതു വർഷം കഴിഞ്ഞു. കേന്ദ്ര ധനസഹായം പ്രയോജനപ്പെടുത്തി നടന്ന ശ്രേഷ്ഠഭാഷാ പുരോഗമന പ്രവർത്തനങ്ങൾ വിവരിക്കാമോ?

2013‑ലെ കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം, മലയാള ഭാഷ ക്ലാസിക് ഭാഷയായി അംഗീകരിക്കപ്പെട്ടുവെങ്കിലും തുടർനടപടികൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് പെറ്റിഷേനിലുള്ള തീർ‍പ്പിനു വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിധി വന്നത് 2016‑ലാണ്. കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ ഭാഷകളെ ക്ലാസിക് ഭാഷകളായി പ്രഖ്യാപിച്ചത് വിദഗ്ദ്ധസമിതികളാണ്. അതിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു വിധിയിലെ പൊരുൾ. തുടർന്ന് മൈസൂറിലെ സെൻട്രൽ‍ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (സിഐഐഎൽ‍) ക്ലാസിക് ഭാഷകൾക്ക് സെൻന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല ക്ലാസിക് ഭാഷയ്ക്കു വേണ്ടിയുള്ള ഗവേഷണപഠനകേന്ദ്രം. ക്ലാസിക് ഭാഷകൾക്കുള്ള കേന്ദ്ര സ്ഥാപനവും വികസനവും സംബന്ധിച്ച നടപടികൾക്ക് കേന്ദ്ര സർക്കാറിന്റെ അധീനതയിലുള്ള ഭാഷാകേന്ദ്രമായ സിഐഐഎല്ലിനെയാണ് കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. മലയാളം ശ്രേഷ്ഠഭാഷാ സെന്റർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ തുടങ്ങണമെന്ന് കേരള സർക്കാർ താല്പര്യമറിയിച്ചു. ചർച്ചകളും എഴുത്തുകുത്തുകളുമായി കാലം കുറേ മുന്നോട്ടുനീങ്ങി. സ്ഥല പരിമിതിയിൽ ക്ലേശിക്കുന്ന മലയാളം സർവ്വകലാശാല സ്വന്തം നിലയിൽ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് സെന്റർ തുടങ്ങാമെന്നറിയിച്ചു. കരാർ വ്യവസ്ഥയിൽ ഒരു ഡപ്യൂട്ടി ഡയറക്ടറെ സെന്ററിന്റെ പ്രവർത്തനത്തിനായി സിഐഐഎൽ നിയമിക്കുകയും ചെയ്തു. ഒരു വർഷത്തേയ്ക്കായിരുന്നു നിയമനം. കാലാവധി തീരുംമുമ്പേ ഡെപ്യൂട്ടി ഡയറക്ടർ‍ രാജിവെച്ചു.

നൂറു കോടി രൂപ ചെലവിൽ‍ നിർ‍മ്മിക്കാവുന്ന ശ്രേഷ്ഠമലയാളഭാഷാഗവേഷണകേന്ദ്രവും അതിന്റെ പ്രവർ‍ത്തന ചെലവിനായി കൊല്ലം തോറുമുള്ള അഞ്ചുകോടിയും. ഇന്ത്യയിലെ സകല സർവകലാശാലകളിലും ലഭിക്കാവുന്ന മലയാളം ചെയറും, രാജ്യാന്തര പുരസ്കാരങ്ങളും വെറും മരീചികയാവുകയാണോ?

നൂറു കോടി രൂപ കേന്ദ്രം ഒറ്റയടിയ്ക്ക് നല്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കേന്ദ്ര സർക്കാറിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഭാഷാഗവേഷണ സെന്ററുകൾ പ്രവർത്തിക്കുക. സംസ്ഥാന സർക്കാറിന്റെയോ സർവ്വകലാശാലകളുടെയോ അധികാര പരിധിയിൽ‍ വരുന്ന സ്ഥാപനവുമല്ലിത്. സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് സിഐഐഎൽ‍ മുഖാന്തിരമാണ്. നിർമ്മാണത്തിലിരിക്കുന്ന പ്രോജക്ടുകൾക്കനുസരിച്ചായിരിക്കും ഫണ്ട് അനുവദിക്കുന്നത്. സെന്ററിന്റെ ആകെയുള്ള പ്രവർത്തനങ്ങൾക്ക് പ്രതിവർഷം അഞ്ചുകോടി രൂപ വരെ പ്രവർ‍ത്തന മൂലധനം പ്രതീക്ഷിക്കാവുന്നതാണ്. ക്ലാസിക് പദവി ലഭിച്ച ഭാഷകൾ‍ക്ക് ചില ആനുകൂല്യങ്ങൾ‍ കൂടിയുണ്ട്. ക്ലാസിക് ഭാഷകൾക്ക് കേന്ദ്രസർവ്വകലാശാലകളിൽ‍ പഠനവിഭാഗങ്ങൾ‍ തുടങ്ങാനുള്ള നിർദ്ദേശമാണതിലൊന്ന്. അന്തർദേശീയ നിലവാരം പുലർത്തുന്ന ഭാഷാസാഹിത്യപഠനങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിക്കുമെന്നതാണ് മറ്റൊന്ന്. മൈസൂറിലെ സിഐഐഎൽ പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഭാഷാ ഗവേഷണകേന്ദ്രം മലയാളത്തിന് കിട്ടുകയെന്നത് ചില്ലറക്കാര്യമല്ല. അവിടെ സംസ്ക്കാരം, ചരിത്രം, പാരമ്പര്യം, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും അത്യന്താധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്താനാകും. ഇതൊക്കെ സാധിച്ചെടുക്കാൻ‍ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നും ശക്തമായ നീക്കങ്ങളുണ്ടാകണം. കന്നഡ, തെലുങ്ക്, തമിഴ് ക്ലാസിക് സെന്ററുകൾ കാര്യക്ഷമമായി പ്രവർ‍ത്തിച്ച് കേന്ദ്ര ഫണ്ടുകൾ‍ യഥേഷ്ടം നേടുന്ന ചിത്രം നമ്മൾ‍ കാണേണ്ടതാണ്. എഴുത്തച്ഛൻ സർവ്വകലാശാലയുടെ പരിമിതികളിൽ‍ പ്രവർത്തിക്കുന്ന മലയാളം ക്ലാസിക്കൽ‍ സെന്റർ ബാലാരിഷ്ടതകളിൽ‍പ്പെട്ട് ഉഴലുകയാണ്. കേരള സർക്കാർ‍ മനസ്സുവെച്ചെങ്കിലേ മലയാളം ക്ലാസിക് സെന്റർ രക്ഷപ്പെടൂ. കേന്ദ്രത്തിൽ നിന്നും നൂറും നൂറ്റമ്പതും കോടി രൂപ കിട്ടുമെന്ന് എഴുത്തച്ഛൻ‍ സർവ്വകലാശാലയിലെ ആർക്കെങ്കിലും പ്രതീക്ഷയുണ്ടെങ്കിൽ‍ അത് തട്ടിക്കുടഞ്ഞുകളയുകയാണ് നല്ലത്. കാസർ‍കോട്ടെ കേന്ദ്രസർവ്വകലാശാലയിൽ‍ മലയാളവിഭാഗം തുടങ്ങിയെന്നതല്ലാതെ മറ്റൊരു കേന്ദ്രസർവ്വകലാശാലയിലും മലയാളത്തിനു ചെയർ‍ ഭാവനയിൽ‍പോലുമില്ല. അലിഗഡിൽ‍ മലയാളം ചെയർ‍ പണ്ടേയുള്ളതാണല്ലോ. ശ്രേഷ്ഠഭാഷയുമായി ബന്ധപ്പെട്ട അന്തർദേശീയ പുരസ്കാരങ്ങളൊന്നും നാളിതുവരെ മലയാളത്തിനു ലഭിച്ചിട്ടില്ല.

മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവിയ്ക്കുള്ള നിവേദനം മുമ്പൊരിക്കൽ കേന്ദ്ര സാഹിത്യ അക്കാദമി നിരസിച്ചിരുന്നുവല്ലൊ. അമ്മ മലയാളത്തിന് ഈ സ്ഥാനം നിഷേധിക്കാൻ അധികൃതർ അന്ന് നിരത്തിയ കാരണങ്ങൾ എന്തെല്ലാമായിരുന്നു?

മലയാളം, മറാത്തി ഭാഷകൾക്ക് ക്ലാസ്സിക് പദവി നല്കുന്നതിനെപ്പറ്റി ചർച്ചചെയ്യാൻ കേന്ദ്രസാഹിത്യ അക്കാദമി, 2012 ജനുവരിയിൽ 23 വിദഗ്ദ്ധ സമിതിയുടെ യോഗം വിളിച്ചു ചേർത്തു. വിദഗ്ദ്ധ സമിതിയിൽ‍ മലയാളിയായ ഡോ. ശ്രീനാഥൻ ‍ പ്രത്യേക ക്ഷണിതാവായിരുന്നു. വിദഗ്ദ്ധസമിതി അംഗങ്ങളായ സുനിൽ‍ ഗംഗോപാധ്യായ, പ്രൊഫ. ഗോപിചംന്ദ് നരംഗ്, പ്രൊഫ. ഉദയ നാരായണ സിംഗ്, ഡോ. ബി എൻ‍ പട്നായ്ക്ക്, പ്രൊഫ. ബി എച്ച് കൃഷ്ണമൂർ‍ത്തി തുടങ്ങിയവർ‍ വിവിധ കാരണങ്ങളാൽ യോഗത്തിന് എത്തിച്ചേർന്നിരുന്നില്ല. ശ്രീനാഥന്റെ കാഴ്ചപ്പാട് വ്യക്തമാകുന്ന കുറിപ്പ് സന്നിഹിതരായിരുന്ന സമിതി അംഗങ്ങൾക്കു നല്കി. മലയാളത്തിനു ക്ലാസിക് പദവി നൽകണമെന്നായിരുന്നു കുറിപ്പിലെ താല്പര്യം. മുതിർന്ന അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി പ്രശ്നം ചർ‍ച്ച ചെയ്യുന്നതിലേക്കായി വിദഗ്ദ്ധ സമിതിയുടെ അടുത്തയോഗം ഹൈദരാബാദിൽ ‍ ചേരാൻ‍ തീരുമാനിച്ചു. ആ യോഗത്തിൽ 1500 വർ‍ഷത്തിൽ‍ കൂടുതൽ‍ പഴക്കം എന്ന മാനദണ്ഡത്തിന്റെ കാര്യത്തിൽ‍ കൃഷ്ണമൂർത്തി സംശയം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ‍ പഴന്തമിഴിന്റെ പടിഞ്ഞാറൻ ഭാഷാഭേദത്തിൽ‍ നിന്നും മലയാളം സ്വതന്ത്രമാകുന്നത് 8-ാം നൂറ്റാണ്ടോടുകൂടിയാണ്. അതിനാൽ, ‍ 1300 വർഷത്തിനുമേൽ‍ പഴക്കം മലയാളത്തിനു കല്പിക്കാനാവില്ല. ഈ നിലപാടിൽ‍ വിദഗ്ദ്ധ സമിതി ഉറച്ചു നില്കുകയും, യുക്തമായ തീരുമാനം കൈക്കൊള്ളാൻ സർക്കാറിന് ശുപാർശ നല്കുകയും ചെയ്തു.

കേന്ദ്രസർക്കാർ പുതിയതായി നൽകിയ ക്ലാസിക് പദവികൾ മദ്രാസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, കന്നഡ, തെലുങ്കു ഭാഷാപണ്ഡിതർ എതിർവാദവുമായി കോടതിയിലെത്തിയിരുന്നു. മലയാളം ശ്രേഷ്ഠഭാഷയാക്കാൻ നമ്മൾ കാണിച്ച ശുഷ്കാന്തി, നേടിയ പദവി വെല്ലുവിളിക്കപ്പെട്ടപ്പോൾ അത് സംരക്ഷിക്കാൻ എന്തുകൊണ്ട് ശ്രമിച്ചില്ല?
ഇതു ശരിയല്ല. കേരള സർക്കാർ യഥാസമയം കേസിൽ‍ കക്ഷിചേർ‍ന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, മലയാളം സർവ്വകലാശാല എന്നീ സ്ഥാപനങ്ങളോട് മലയാളഭാഷയുടെ ക്ലാസിക് പദവിക്കാധാരമായ വസ്തുതകളും രേഖകളും സമർപ്പിക്കാൻ‍ കേരള സർ‍ക്കാർ‍ ആവശ്യപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ താല്പര്യപ്രകാരം എന്റെ കൈവശമുള്ള രേഖകളും വിദഗ്ദ്ധസമിതി റിപ്പോർ‍ട്ടിലെ പ്രസക്തഭാഗങ്ങളും ഞാൻ‍ കേസിന്റെ ആവശ്യത്തിലേക്കു നല്കി. മലയാള സർവ്വകലാശാലയും കേരളസാഹിത്യ അക്കാദമിയും സംയുക്തമായാണ് മദ്രാസ് ഹൈക്കോടതിയിൽ‍ കേരളത്തിനുവേണ്ടി ഹാജരായ അഡ്വക്കേറ്റിന് തെളിവുകൾ‍ നല്കിയത്. കേസിന്റെ കാര്യത്തിൽ‍ കേരള സർ‍ക്കാർ‍ അനാസ്ഥ കാണിച്ചിട്ടില്ല. കന്നഡ, തെലുങ്ക്, ഒഡിയ ഭാഷക്കാരെപ്പോലെ കേസിന്റെ കാര്യം വൈകാരികമായി മലയാളികൾ‍ ഏറ്റെടുത്തില്ലെന്നത് നേര്. മലയാളഭാഷയുടെ കാര്യം വരുമ്പോൾ‍ മലയാളികൾ‍ എക്കാലത്തും അങ്ങനെയായിരുന്നല്ലോ. മലയാളത്തിന് ക്ലാസിക്കൽ‍ പദവിക്ക് അർഹതയില്ലെന്ന് വാദിച്ചവരിൽ‍ വീറും വാശിയും ഏറെക്കാണിച്ചത് മലയാളികളായിരുന്നെന്നോർ‍ക്കുക.

കന്നഡയ്ക്കും (2008), തെലുങ്കിനും (2008), മലയാളത്തിനും (2013), ഒഡിയയ്ക്കും (2014) നൽകിയ ക്ലാസിക് പദവിയ്ക്ക് എതിരെയുള്ള പൊതുതാൽപര്യ ഹർജികൾ 2016‑ൽ തള്ളിപ്പോയെങ്കിലും, അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ നമുക്കു മാത്രം എന്താണിത്ര ആലസ്യം? മറ്റു ഭാഷകളുടെ വികസന പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നല്ലോ!
കന്നഡ, തെലുങ്ക്, ഒഡിയ ഭാഷക്കാർ അവരുടെ ഭാഷയോടുകാണിക്കുന്ന മമത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജനതയുടെ വികാരം ഉൾക്കൊണ്ട് അതതു സംസ്ഥാനസർക്കാരുകളും ഭാഷാപോഷണത്തിനായി ഭരണപരമായ ഇടപെടലുകൾ‍ നടത്തുന്നു. കേരളത്തിലെ സ്ഥിതിയോ? മലയാളം ആക്ട് രാഷ്ട്രപതിഭവനിൽ‍ കിടക്കുന്നു. അധ്യയനമാധ്യമത്തിന് കോടതി നടപടികളിൽ‍ കുരുങ്ങി ശ്വാസം മുട്ടുന്നു. കോടതിഭാഷ മലയാളമെന്ന ആശയം പെരുവഴിയിൽ. ഇംഗ്ലീഷുകാർ‍ അവരുടെ ഭാഷയിലൂടെ ഇന്ത്യ ഭരിച്ചു. ഇംഗ്ലീഷ്ഭാഷ പഠിച്ച് ഉദ്യോഗത്തിൽ‍ കയറിയവരിൽ‍ ഏറെപ്പേരും മലയാളികളാണ്. ആംഗലസംസ്കാരത്തോട് സവിശേഷവിധേയത്വം സൃഷ്ടിക്കാൻ‍ ഇംഗ്ലീഷിനു കഴിഞ്ഞു. ആ വിധേയത്വം ഇംഗ്ലീഷുകാർ ഇന്ത്യവിട്ടിട്ടും തുടരുന്നു. പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ മലയാളികളിൽ. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിച്ച് ഇംഗ്ലീഷിലുള്ള പരീക്ഷകൾ‍ ജയിച്ച് ഉദ്യോഗത്തിൽ‍ കയറിയ ഭൂരിപക്ഷത്തിനും മലയാളം മ്ലേഛഭാഷയാണ്. പിന്നെങ്ങനെ ഭരണ അധ്യയന മാധ്യമമായി മലയാളം മാറും? ഭാഷ ശ്രേഷ്ഠമായാലെന്ത് അല്ലെങ്കിലെന്ത്?

കടം കൊള്ളാത്ത സാഹിത്യപാരമ്പര്യം ഭാഷയ്ക്ക് വേണമെന്നുള്ളത് ക്ലാസിക് പദവി ലഭിക്കാനുള്ളൊരു മാനദണ്ഡമാകുന്നു. മലയാളത്തിലെ പ്രഥമ സാഹിത്യ കൃതിയായി കരുതപ്പെടുന്നത് 12‑ആം ശതകത്തിലെ ‘രാമചരിത’മാണ്. കല്ലിലും, പനയോലയിലും, ചെമ്പുതകിടിലുമുള്ള പുരാതന മലയാള ലിഖിതങ്ങൾ തമിഴിൽ നിന്ന് എത്രത്തോളം സ്വതന്ത്രമാണ്?
ഒരു ഭാഷയെ ‘ശ്രേഷ്ഠഭാഷ’ എന്ന വിഭാഗത്തിൽ‍ പരിഗണിക്കപ്പെടുന്നതിനുള്ള അർഹത തീരുമാനിക്കുന്നതിനായി നാല് മാനദണ്ഡങ്ങൾ ഉണ്ട്. അതിലൊന്നാണ് സാഹിത്യപാരമ്പര്യം മൗലികതയുള്ളതും മറ്റൊരു ഭാഷാ സമൂഹത്തിൽനിന്ന് കടം കൊള്ളാത്തതുമായിരിക്കണമെന്നുള്ളത്. മലയാളത്തിന്റെ സാഹിത്യ പാരമ്പര്യത്തിന് സംഘകാലത്തോളം പഴക്കമുണ്ട്. മലയാളത്തിലെ സാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ച് ആധികാരികമായ അറിവ് ലഭിക്കുന്നത് ‘ലീലാതിലക’ത്തിൽ‍ നിന്നാണ്. പാട്ട്, മണിപ്രവാളം എന്നിവയാണ് ലീലാതിലകത്തിൽ‍ സൂചിതമായിട്ടുള്ള പ്രാചീനമലയാള സാഹിത്യപ്രസ്ഥാനങ്ങൾ‍. തമിഴിലും കന്നഡത്തിലും തെലുങ്കിലും പാട്ടുണ്ടെങ്കിലും ലീലാതിലകം ലക്ഷണനിർ‍വ്വചനം ചെയ്തിട്ടുള്ള പാട്ട് മലയാളത്തിൽ‍ മാത്രമേയുള്ളൂ. പ്രാചീന മലയാളത്തിന്റെ സ്വഭാവം വ്യക്തമായി ധരിച്ചിട്ടില്ലാത്ത ചില പണ്ഡിതന്മാർ രാമചരിതത്തിലെ ഭാഷ തമിഴാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭാഷയെ തമിഴെന്ന് പ്രാചീനകാലത്ത് വിളിച്ചിരുന്നു. എന്നുവെച്ച് സാക്ഷാൽ തമിഴെന്ന് ധരിക്കരുത്. മലനാട്ടുഭാഷ എന്ന അർ‍ത്ഥത്തിലാണ് മലനാട്ടുതമിഴ്, ഭാഷ എന്നീ വാക്കുകൾ ഉപയോഗിച്ചിരുന്നത്. മലയാളം എന്ന ഭാഷാനാമം തെലുങ്ക് മഹാകവി ശ്രീനാഥൻ‍ ‘ഭീമേശ്വരപുരാണമു’ എന്ന തെലുങ്കു കാവ്യത്തിൽ പ്രയോഗിച്ചിട്ടുണ്ടെങ്കിലും, ആ ഭാഷാസംജ്ഞയ്ക്ക് പ്രചാരം സിദ്ധിച്ചത് ഗുണ്ടർ‍ട്ടിന്റെ ‘മലയാളഭാഷാവ്യാകരണ’ത്തോടുകൂടിയാണ്.

മഹാകവി വള്ളത്തോളിന്റെ ‘എന്റെ ഭാഷ’ എന്ന കാവ്യത്തിൽ, ‘സംസ്കൃത ഭാഷതൻ സ്വാഭാവികോജസ്സും സാക്ഷാൽ തമിഴിന്റെ സൗന്ദര്യവും’ മലയാളത്തിൽ ഒത്തുചേർന്നിട്ടുണ്ടെന്നൊരു പരാമർശമുണ്ട്. തമിഴിന്റെ ആ സൗന്ദര്യം എന്താണെന്ന് വിശദീകരിക്കാമോ? നമ്മുടെ ഭാഷയിൽ എവിടെയൊക്കെയാണ് ആ തമിഴ് ചന്തം തെളിഞ്ഞു കാണുന്നത്?
‘സംസ്കൃതഹിമഗിരിഗളിതാ ദ്രാവിഡവാണീകളിന്ദജാമിളിതാ കേരളഭാഷാഗംഗാ’ എന്ന് ആലങ്കാരികഭാഷയിൽ‍ കേരളഭാഷയുടെ സംസ്കൃത‑തമിഴ് ബന്ധത്തെപ്പറ്റി കോവുണ്ണി നെടുങ്ങാടി 1878‑ൽ ‘കേരളകൗമുദി’ എന്ന വ്യാകരണ ഗ്രന്ഥത്തിൽ കുറിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ‘എന്റെ ഭാഷ’യിലും സംസ്കൃത‑തമിഴ് ബന്ധം സൂചിതമാണ്. നെടുങ്ങാടിയുടെ ശ്ലോകം മലയാളം സംസ്കൃത ജന്യമാണെന്ന അർത്ഥം തരുന്നുണ്ടെങ്കിലും തുടർന്ന് അദ്ദേഹം മലയാളത്തെ ദ്രാവിഡോക്തി കന്യക എന്നു പരാമർ‍ശിച്ചിട്ടുള്ളതും ഓർക്കേണ്ടതാണ്. മഹാകവി വള്ളത്തോൾ‍ മലയാളത്തിന്റെ ഉല്പത്തിയെപ്പറ്റി എങ്ങും സൂചിപ്പിച്ചിട്ടില്ല. പാരാവാരസദൃശം വള്ളത്തോളിന്റെ ഭാഷാസ്നേഹം അലയടിച്ചുയരുന്ന കവിതയാണ് ‘എന്റെ ഭാഷ’. ഭാഷയുടെ ഓജസ്സിനു നിദാനം പദസമ്പത്തും അക്ഷരസംഖ്യയുമാണ്. സംസ്കൃതത്തിന്റെ ഗഗനഭാവവും, ദ്രാവിഡത്തിന്റെ ലാവണ്യവും ഏകീഭവിച്ചിട്ടുള്ള ഭാഷയാണ് മലയാളമെന്ന് കവി വിവക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.