Site iconSite icon Janayugom Online

നിയമവും വിദ്യാഭ്യാസവും അട്ടിമറിക്കുമ്പോള്‍ അരമനകളിലെ കരംമുത്തലുകള്‍ പരിഹാസ്യം

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ! ശിവ, ശിവ! — ഈ ഗാന്ധാരീ വിലാപം നരേന്ദ്രമോഡിയും അമിത് ഷായും ആദിത്യനാഥും അടക്കിവാഴുന്ന ഇന്ത്യന്‍ ധരണിയില്‍ അമ്മമാരുടെയും പെങ്ങന്മാരുടെയും പിതാക്കളുടെയും ആങ്ങളന്മാരുടെയും കണ്ഠങ്ങളില്‍ നിന്ന് അനവരതം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. സംഘ്പരിവാര്‍ ഫാസിസ്റ്റ് ഭരണത്തില്‍ കബന്ധങ്ങളുടെയും ചോരപ്പുഴകളുടെയും മണ്ണായി ഇന്ത്യ ദിനംപ്രതി മാറുന്നു. കപട സന്ന്യാസി വേഷം ധരിച്ച ആദിത്യനാഥിന്റെ ആറു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, 10,900 പൊലീസ് ഏറ്റുമുട്ടല്‍, 23,300 കുറ്റവാളികള്‍ പിടിയില്‍, ക്രൂരബലാത്സംഗങ്ങളും കൊടും കൊലപാതകങ്ങളും നടത്തി അഭിരമിക്കുന്ന സംഘ്പരിവാര്‍ ക്രിമിനലുകള്‍ ഇപ്പോഴും സ്വൈരവിഹാരത്തില്‍. ഇതാണ് യുപിയിലെ വര്‍ത്തമാനകാലം. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംഘടിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ് 2002ല്‍ നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവേ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ. ഇന്ന് മോഡി പ്രധാനമന്ത്രിയും അമിത് ഷാ കേന്ദ്രമന്ത്രിയുമായിരിക്കുമ്പോള്‍ ആദിത്യനാഥ് അമിത് ഷായുടെ റെക്കോഡ് ഭേദിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്. ഏറ്റവും ഒടുവില്‍ യുപിയിലെ പ്രയാഗ് രാജില്‍ പൊലീസ് വലയത്തിനുള്ളിലുണ്ടായിരുന്ന ക്രിമിനലായ രാഷ്ട്രീയനേതാവ് ആതിഖ് അഹമ്മദിനെയും സഹോദരനെയും ജയ് ശ്രീറാം വിളികളോടെ വെടിവച്ചു വീഴ്ത്തുന്നു. ആതിഖ് അഹമ്മദിന്റെ മാറില്‍ ഒമ്പത് വെടിയുണ്ടകള്‍ തുളഞ്ഞുകയറി. സഹോദരന്റെ ദേഹത്ത് അഞ്ച് വെടിയുണ്ടകളും. തോക്കുധാരികളായ ആദിത്യനാഥിന്റെ പൊലീസ് നിസംഗതയോടെ നോക്കിനിന്നു. കൊല്ലപ്പെട്ടവര്‍ ക്രിമിനലുകള്‍ തന്നെ. 2005ല്‍ ബിഎസ്‌പി എംഎല്‍എയായിരുന്ന രാജുപാലിന്റെ വധത്തിലെ മുഖ്യപ്രതി. ആതിഖിന്റെ സഹോദരന്‍ അഷ്റഫ് അസീമിനെ അലഹബാദ് വെസ്റ്റ് മണ്ഡലത്തില്‍ പരാജയപ്പെടുത്തിയതിനുള്ള സമ്മാനമായിരുന്നു രാജുപാലിന് ലഭിച്ചത്. ആ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ്‌പാലിനെ വധിച്ചതും ഇവര്‍ തന്നെ. എന്നിരുന്നാലും വധശിക്ഷ വിധിക്കുവാന്‍ സംഘ്പരിവാറുകാര്‍ക്ക് ആര് അവകാശം നല്കി.
സംഘ്പരിവാര്‍ ഭരണത്തില്‍ നിയമത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും നീതിപീഠങ്ങള്‍ക്കും തൃണവിലയാണ് കല്പിക്കപ്പെടുന്നത്. നിയമവും നീതിയും ശിക്ഷയും തങ്ങള്‍തന്നെ നിശ്ചയിക്കുമെന്ന ഫാസിസ്റ്റ് ധാര്‍ഷ്ട്യം അവതരിപ്പിക്കുകയാണ് അവര്‍. 2002ല്‍ വംശഹത്യാ പരീക്ഷണം നടത്തിയതിനു ശേഷം ‘ഗുജറാത്ത് ഒരു പരീക്ഷണ ശാല മാത്രം, നാളെ ഇന്ത്യയില്‍ ഗുജറാത്ത് എവിടെയും ആവര്‍ത്തിക്കപ്പെടും’ എന്ന് പറഞ്ഞ നരേന്ദ്രമോഡിയുടെ വാക്കുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

 


ഇതുകൂടി വായിക്കു; ഇരുട്ടിനെന്തിരുട്ട്, പക്ഷെ തെരുവുകളിൽ പ്രകാശമുണ്ട്….


നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും സംഘ്പരിവാര്‍ ഭരണം എങ്ങനെ ധ്വംസിക്കുന്നുവെന്ന് ബില്‍ക്കീസ് ബാനു കേസിലെ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ‘ഇന്ന് ബില്‍ക്കീസ് ബാനുവിന് സംഭവിച്ചത് നാളെ ആര്‍ക്കും സംഭവിക്കാം’ എന്ന് സുപ്രീം കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍ വിപുലമായ അര്‍ത്ഥതലങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യാ പരീക്ഷണവേളയില്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മകളെയടക്കം കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ പതിനൊന്ന് ബിജെപി-ആര്‍എസ്എസ് പ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടു. വിചാരണവേളയില്‍ തന്നെ ഈ കൊടും ക്രിമിനലുകള്‍ക്ക് ആയിരത്തിലേറെ ദിവസം ഗുജറാത്ത് ഭരണകൂടം പരോള്‍ അനുവദിച്ചു. പ്രതികളെ മോചിപ്പിക്കുവാന്‍ 2022 ജൂണ്‍ 28ന് ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്വര വേഗതയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു കാരാഗൃഹ കവാടങ്ങള്‍ തുറന്നുകൊടുത്തു. വിശ്വഹിന്ദു പരിഷത്തുകാര്‍ അവര്‍ക്ക് വന്‍ വരവേല്‍പ്പു നല്കി. ബിജെപി എംപിയും എംഎല്‍എമാരും പങ്കെടുത്ത വേദിയില്‍ അവര്‍ അഭിനന്ദിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ഗോമാംസം സൂക്ഷിച്ചു എന്നാരോപിച്ച് യുപിയിലെ ദാദ്രി ജില്ലയില്‍ മുഹമ്മദ് അഖ്‌ലഖ് എന്ന മധ്യവസ്കനെ കൊന്നുതള്ളിയവരെ സ്വീകരിച്ചാനയിച്ച ആദിത്യനാഥിന്റെ അതേ പ്രവര്‍ത്തനം തന്നെ.  ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികളുടെ മോചനം. സംസ്കാര സമ്പന്നത ഉയര്‍ത്തിപ്പിടിക്കുന്ന നിരപരാധികളായ ബ്രാഹ്മണരെയാണ് ശിക്ഷിച്ചതെന്നും അതിനെതിരെ പ്രതികരിക്കണമെന്നും ചന്ദ്രസിങ് റൗള്‍ജി (മുന്‍മന്ത്രി) ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ആക്രോശിച്ചു. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളോട് ഉയര്‍ത്തിയ ചോദ്യശരങ്ങള്‍ പ്രസക്തമാണ്. ഇവരെ എങ്ങനെ മോചിപ്പിച്ചു. ഒരാളെ കൊല്ലുന്നതുപോലെയല്ല, ഒരു ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നതും നിരവധിയാളുകളെ കൊന്നുതള്ളുന്നതും എന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. രേഖകള്‍ ഹാജരാക്കുവാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അതു നല്കാതെ ഭരണാധികാരികള്‍ തലയണയ്ക്കിടയില്‍ കാത്തുവച്ചിരിക്കുന്നതും നിയമ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

 


ഇതുകൂടി വായിക്കു; നൂറ്റാണ്ടുകളുടെ ചരിത്രം ചവറ്റുകൊട്ടയിലേക്ക്


 

ന്യൂനപക്ഷ പ്രേമം വഴിഞ്ഞൊഴുകുകയാണ് ഇപ്പോള്‍ ബിജെപിക്ക്. പ്രത്യേകിച്ചും കേരളത്തില്‍. ഞങ്ങള്‍ക്ക് മൂന്ന് മുഖ്യശത്രുക്കള്‍. ഒന്ന് മുസ്ലിങ്ങള്‍, രണ്ട് ക്രിസ്ത്യാനികള്‍, മൂന്ന് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് ആര്‍എസ്എസിന്റെ ആചാര്യന്‍ മാധവ് സദാശിവ് ഗോള്‍‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ കുറിച്ചിട്ടത് ഇനിയും മാഞ്ഞുപോയിട്ടില്ല. മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ സായുധമായിടപെടുന്ന സംഘ്പരിവാര്‍ യുവതലമുറയെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ പിടികൂടുവാന്‍ വിദ്യാഭ്യാസ കരിക്കുലത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യ ചരിത്രവും മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജീവിതവും ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ– മതനിരപേക്ഷ–സോഷ്യലിസ്റ്റ് ആശയങ്ങളെയും ആസൂത്രിതമായി വെട്ടിനിരത്തുന്നു. കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ–തൊഴില്‍ സംവരണമാകെ ബിജെപി സര്‍ക്കാര്‍ വെട്ടിക്കുറച്ച് സാമൂഹ്യനീതിയുടെ നിഷേധം നടപ്പാക്കുന്നു. ഇക്കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ മേധാവി മോഹന്‍ ഭാഗവത് മധ്യപ്രദേശില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു; ‘ക്രിസ്ത്യന്‍ മിഷണറിമാര്‍ ചതിക്കും. കരുതിയിരിക്കണം’. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു; ക്രിസ്ത്യന്‍ മിഷണറിമാര്‍ പ്രബലരായിരിക്കുന്നു. അവര്‍ ഭക്ഷണവും പണവും നല്കി മതപരിവര്‍ത്തനം നടത്തുകയാണ്. അതിനെതിരെ ജാഗ്രത വേണം. ഒന്നര നൂറ്റാണ്ടുകാലം ക്രൈസ്തവ വിശ്വാസികളുടെ മാത്രം ഗ്രാമമായിരുന്ന ഒന്ന്, ആര്‍എസ്എസ് നേതൃത്വം നല്കുന്ന കല്യാണ്‍ ആശ്രമത്തിലൂടെ സനാതന ഹിന്ദു ധര്‍മ്മമനുഷ്ഠിക്കുന്നവരുടെ ഗ്രാമമാക്കി മാറ്റിയെന്നു പറഞ്ഞ മോഹന്‍ ഭാഗവത്, ഇവര്‍ സൃഷ്ടിക്കുന്ന രോഗങ്ങളെ ഉന്മൂലനം ചെയ്ത് അനുഗ്രഹം തിരികെ പിടിക്കണം എന്ന് ആഹ്വാനം ചെയ്തു. അപ്പോഴാണ് കേരളത്തില്‍ ബിജെപി നേതാക്കള്‍ അരമനകള്‍ കയറിയിറങ്ങുന്നതും ബിഷപ്പുമാരുടെ കരം മുത്തുന്നതും ചില വികാരികളെങ്കിലും സ്ഥാപിത താല്പര്യത്താല്‍ വിധേയപ്പെടുന്നതും.

ഈ അടുത്ത ദിവസങ്ങളിലാണ് നിരവധി ക്രിസ്തീയ സഭകള്‍ ഒത്തുചേര്‍ന്ന് രാജ്യതലസ്ഥാനത്ത് ക്രൈ സ്തവര്‍ക്കുനേരെയും ആരാധനാലയങ്ങള്‍ക്കെതിരെയും കന്യാസ്ത്രീകള്‍ക്കെതിരെയും സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും ആരാധനാലയങ്ങളിലെ തീവയ്പുകള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയത്. ഗ്രഹംസ്റ്റെയിനെ ചുട്ടുകൊന്നതാരാണ്? ഒഡിഷയില്‍ കന്യാസ്ത്രീകളെ മാനഭംഗം ചെയ്തതും ചുട്ടുകൊന്നതും ആരാണ്? സ്റ്റാന്‍സ്വാമിയെ നിര്‍ദയം മരണത്തിലേക്ക് തള്ളിവിട്ടതാരാണ്? ഗുജറാത്തില്‍ 1998 മുതല്‍ തുടങ്ങി ചര്‍ച്ചുകള്‍ക്ക് തീയിടലും ക്രൈസ്തവാക്രമണങ്ങളും. മധ്യപ്രദേശിലെ ജാംബുവയിലുള്ള പള്ളിയും ബിഷപ്പുമാരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. യുപി, മധ്യപ്രദേശ്, ഹരിയാന, ഒഡിഷ, മണിപ്പൂര്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, കര്‍ണാടകം എന്നിവിടങ്ങളില്‍ ക്രൈസ്തവരും അവരുടെ ആരാധനാലയങ്ങളും കടന്നാക്രമണത്തിന് ഇരയായിക്കൊണ്ടേയിരിക്കുന്നു. ആ ഘട്ടത്തിലാണ് കോണ്‍ഗ്രസിന്റെ സൂപ്പര്‍ നേതാവ് എ കെ ആന്റണിക്ക് പുത്രന്‍ അനില്‍ ആന്റണിയെ ബിജെപിയിലെത്തിക്കാനായത്. അദ്ദേഹത്തെ അഭിനന്ദിക്കാതെ തരമില്ല. ജോണി നെല്ലൂരും സംഘവും ബിജെപി കൂടാരത്തിലേക്ക്. രാത്രിയിലെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും നേരം വെളുക്കുമ്പോള്‍ ബിജെപി. ‘കര്‍ത്താവേ, ഇവര്‍ ചെയ്യുന്ന പാതകം ഇവര്‍ തിരിച്ചറിയുന്നില്ല’.

Exit mobile version