18 May 2024, Saturday

Related news

May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 27, 2024

നൂറ്റാണ്ടുകളുടെ ചരിത്രം ചവറ്റുകൊട്ടയിലേക്ക്

Janayugom Webdesk
April 17, 2023 5:00 am

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളും ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗവും രാജ്യത്തിന്റെ വാസ്തുവിദ്യാ നേട്ടങ്ങളും മനോഹാരിതയും അതിന്റെ പാരമ്പര്യവും ചരിത്രവും വിളിച്ചുപറയില്ല. കാരണം ചെങ്കോട്ടയ്ക്ക് അതിന്റെ ചരിത്രം അന്യമാകുകയാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ കേവലം ഭാവനാലോകമാകും. മഹാകവി രവീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചത് ഇക്കാലത്ത് അന്വര്‍ത്ഥമാകുന്നു, ‘കാലത്തിന്റെ ശാശ്വതമായ മടക്കുകളിൽ ഒരു തുള്ളി കണ്ണുനീർ’. ഭരണകൂടം ഓർമ്മിക്കണം, മധ്യകാലഘട്ടത്തെ പൂർണമായും തുടച്ചു മായിക്കാനാവില്ല എന്ന്. സ്ഥിരത, സംസ്കാരത്തിന്റെ കാലഗണന, അതിന്റെ ക്രമം, സർഗാത്മകത, പുരോഗതി ഇവയിലൂടെ വെളിപ്പെടുന്ന സത്യം. എന്തിനെയാണ് മൂടിവയ്ക്കാനാകുന്നത്. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ നേതൃത്വത്തിലാണ് കൊളോണിയൽ ഭരണാധികാരികൾക്കെതിരായ ആദ്യ സ്വാതന്ത്ര്യസമരം നടന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുള്ള മോചനം എന്ന ഒരൊറ്റ ലക്ഷ്യത്തോടെ നിരവധി പ്രദേശങ്ങളിൽ നിന്നും വിവിധ സമുദായങ്ങളിൽ നിന്നും ജനങ്ങൾ സ്വാതന്ത്ര്യസമരത്തിൽ അണിനിരന്നു.

 


ഇതുകൂടി വായിക്കു; ചരിത്രവും വര്‍ത്തമാനവും വെട്ടി എന്‍സിഇആര്‍ടി


സ്വാതന്ത്ര്യ സമരം ലക്ഷ്യം നേടുമ്പോൾ ആധുനിക ആദർശങ്ങളും മൂല്യങ്ങളുമുള്ള ജനാധിപത്യ സംവിധാനത്തിലേക്കുള്ള മാറ്റം സാധ്യമായി. 1947–49 കാലഘട്ടത്തിലെ ജനസംഖ്യാ പരിഗണനകളും ഭരണഘടനാ നിർമ്മാണത്തെ സ്വാധീനിച്ചു. പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആമുഖ പ്രഖ്യാപനത്തോടെ 1950ല്‍ ഭരണഘടന അംഗീകരിച്ചു. വിഭജനത്തെ അതിജീവിച്ച് രക്തരൂഷിതമായ നാളുകളെ മറികടന്ന് രാജ്യം മുന്നേറി. ജീവിതവും മൂല്യങ്ങളും പവിത്രമെന്ന് ബോധ്യപ്പെടുത്തി. ആദ്യ പൊതുതെരഞ്ഞെടുപ്പിൽ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി ജനങ്ങൾ വോട്ട് ചെയ്തു.
ഇപ്പോള്‍ രാജ്യത്തിന്റെ ചരിത്രം നേരിടുന്ന വെല്ലുവിളികൾ വർധിക്കുകയാണ്. ഡൽഹി സുൽത്താൻ കോയ്മയും മുഗൾ സാമ്രാജ്യ ചരിത്രങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വർഷങ്ങളുടെ വസ്തുതകൾ ഏപ്രിൽ ആദ്യം എൻസിഇആർടി പുറത്തിറക്കിയ പാഠപുസ്തകങ്ങളിൽ ഇല്ല. മഹാത്മാഗാന്ധിയുടെ കൊലപാതകം, ഗുജറാത്ത് കലാപം തുടങ്ങിയ സ്വാതന്ത്ര്യാനന്തര കാലഘട്ട ചരിത്രങ്ങളും പുസ്തകങ്ങളിൽ നിന്ന് ഒഴിവായി. ജാതി, വർഗം, മതം ഇവയും അധികാരവുമായുള്ള ബന്ധം തുടങ്ങിയ ഗൗരവചിന്തകളും ഇല്ലാതാക്കി.

വിദ്യാർത്ഥികളില്‍ അമിതഭാരം കയറ്റാതിരിക്കാനുള്ള നടപടികളുടെ ഭാഗമെന്ന് ആവർത്തിച്ച് തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ എൻസിഇആർടി ശ്രമിച്ചു. എഡി ആയിരത്തി അഞ്ഞൂറ് മുതൽ എഡി ആയിരത്തി എഴുനൂറിന്റെ മധ്യം വരെയുള്ള മുഗൾ കാലഘട്ടം പൂർണമായും വിദ്യാർത്ഥികളിൽ നിന്നും മറയ്ക്കുന്നു. രാജ്യത്ത് മൊത്തം ജനസംഖ്യയുടെ പതിനാല് ശതമാനമാണ് ഇസ്ലാം സമുദായത്തിലുള്ളവർ. രാജ്യത്തിന്റെ രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഇസ്ലാം സമുദായ അംഗങ്ങൾ നൽകിയ സംഭാവനകളെ നിസാരവല്‍ക്കരിക്കാനോ പൂർണമായും ഇല്ലാതാക്കാനോ ശ്രമം നടക്കുന്നു. 1999 മുതൽ 2004 വരെ അടൽബിഹാരി വാജ്പേയിയുടെ ഭരണകാലത്തും സമാനമായ ശ്രമങ്ങൾ നടന്നിരുന്നു, എൻസിഇആർടി പ്രസിദ്ധീകരിച്ചതും ആർ എസ് ശർമ്മയും ബിപിൻ ചന്ദ്രയും ഉൾപ്പെടെ നിരവധി പ്രശസ്ത ചരിത്രകാരന്മാർ എഴുതിയ ചരിത്ര പുസ്തകങ്ങൾ പാഠ്യക്രമങ്ങളിൽ നിന്ന് ഇല്ലാതാക്കി. ഇതോടൊപ്പം ചരിത്രത്തിലെ ചില വിലപ്പെട്ട വസ്തുതകളെയും ഇല്ലാതാക്കുന്നു. പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകങ്ങളിലെ ഗാന്ധിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉദാഹരണങ്ങളാണ്- ഗാന്ധിവധവും ആർഎസ്എസ് പങ്കാളിത്തവും തുടങ്ങി ലോകമറിയുന്ന ചരിത്രസത്യങ്ങൾക്ക് മറയിടാനുള്ള പരിശ്രമം.

 


ഇതുകൂടി വായിക്കു;  പാഠങ്ങള്‍ നീക്കിയാലും ചരിത്രം മായ്ക്കാനാവില്ല


 

ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ പുരോഗമന ചിന്തകൾക്ക് വഴിതുറന്ന സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളും ഒഴിവാക്കി. പന്ത്രണ്ടാം ക്ലാസിലെ ‘സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ രാഷ്ട്രീയം’ എന്ന പാഠപുസ്തകത്തിൽ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉയർച്ചയെ പരാമർശിച്ചിരുന്ന അധ്യായവും നീക്കി. കൂടെ അതേ പുസ്തകത്തിൽ നിന്ന് അക്രമം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഗുജറാത്ത് സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മിഷൻ നടത്തിയ വിമർശനവും ഇല്ലാതാക്കി. മനുഷ്യാവകാശ കമ്മിഷന്റെ വാക്കുകൾ ഇതായിരുന്നു, ‘ഗുജറാത്തിലേതുപോലെയുള്ള സംഭവങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിനായി മതവികാരം ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്.’ എൻസിഇആർടി പാഠപുസ്തകങ്ങൾ മാറ്റി മറിക്കുന്നത് പതിവായിരിക്കുന്നു. 2014 മുതൽ മൂന്നുതവണ ഭരണകൂടത്തിന് അനുകൂലമായ മാറ്റങ്ങൾ ഉണ്ടായി. 2017ൽ 1334 മാറ്റങ്ങളും 182 പുസ്തകങ്ങളിൽ കൂട്ടിച്ചേർക്കലുകളും ഉണ്ടായി. തുടർന്ന് 2019ൽ വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കാനെന്ന പേരിൽ കേന്ദ്രത്തിന്റെ ഇച്ഛയിൽ നിർണായക ചരിത്രവസ്തുതകളെയും ഒഴിവാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.