Site iconSite icon Janayugom Online

ടൊര്‍ണാഡോ എന്ന വാക്കിന്റെ അര്‍ത്ഥം

ബ്രീസ്, വിന്റ്, സ്റ്റോം, ടെംപസ്റ്റ് തുടങ്ങിയ കാറ്റുപോയ പാവം പദങ്ങളെ താലോലിച്ചു നടന്ന നമ്മള്‍ക്ക് ടൊര്‍ണാഡോ എന്ന അപരിചിതപദം നല്കിയത് പെരുമണ്‍ തീവണ്ടിദുരന്തത്തെ കുറിച്ചുള്ള അന്വേഷണമാണ്. അന്വേഷണറിപ്പോര്‍ട്ടില്‍ അപകടകാരണം എന്താണെന്ന് പറഞ്ഞിരുന്നു; അതാണ് ടൊര്‍ണാഡോ. ആര്‍ക്കും ഒന്നും മനസിലായില്ല. ജനങ്ങള്‍ നിഘണ്ടു പൊടിതട്ടിയെടുത്തു പരിശോധിച്ചു. പ്രചണ്ഡമാരുതന്‍, ചുഴലിക്കാറ്റ്. ബംഗളൂരുവില്‍ നിന്നും വന്ന ഐലന്റ് എക്സ്പ്രസ് അഷ്ടമുടിക്കായലിലെ പെരുമണ്‍ പാലത്തിലെത്തിയപ്പോള്‍ ഒരു പ്രചണ്ഡമാരുതന്‍ ഉണ്ടായി. തീവണ്ടിയെ കായലിലേക്ക് ചുഴറ്റിയെറിഞ്ഞു. 105പേര്‍ മുങ്ങിമരിച്ചു. ഇങ്ങനെയൊരു ചുഴലിക്കാറ്റ് വീശിയതായി കായലോരത്തെ കറുകപ്പുല്ലുകളോ ഇളം കാറ്റിലും ഇളകിയാടാറുള്ള തെങ്ങോലത്തുമ്പുകളോ കായലിലെ ചെറുതിരമാലകളോ നത്തോലിക്കുഞ്ഞുങ്ങളോ അറിഞ്ഞില്ല. കായലില്‍ ചെറുവള്ളങ്ങളില്‍ മീന്‍ പിടിച്ചുനിന്നവര്‍ ചുഴലിക്കാറ്റ് വീശിയതറിഞ്ഞില്ലെങ്കിലും തീവണ്ടി മറിയുന്നത് കണ്ടു. അവിടേക്ക് പാഞ്ഞു. കഴിയുംവിധം യാത്രക്കാരെ രക്ഷിച്ചു. അടുത്ത രണ്ടുമൂന്നു ദിവസങ്ങള്‍ ഉറ്റവരുടെ ഓമല്‍ശരീരങ്ങള്‍ അന്വേഷിക്കുകയായിരുന്നു ബന്ധുക്കള്‍. പെരുമണ്‍ കായലിലെ പാലത്തില്‍ അന്ന് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ശാസ്താംകോട്ടയില്‍ അവസാനമായി നിര്‍ത്തിയ വണ്ടിയുടെ വേഗതയെക്കുറിച്ചും യാത്രികര്‍ പറഞ്ഞു. മൃതശരീരങ്ങള്‍, കുളിച്ച പാടേ ഉറങ്ങിയവരെപ്പോലെ കൊല്ലം ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ നിരന്നുകിടന്നു. മരിച്ചവരുടെ ബന്ധുക്കള്‍ കായലിലേക്ക് പൂക്കളെറിഞ്ഞു. കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ മരിച്ചവരെ പോലെ ജീവിച്ചു. തീവണ്ടി മറിയാനുള്ള കാരണം അറിയാന്‍ കാത്തിരുന്നവരെ പമ്പരവിഡ്ഡികളാക്കിക്കൊണ്ടാണ് ടൊര്‍ണാഡോ എന്ന പ്രചണ്ഡമാരുതന്‍ അവതരിച്ചത്.

 


ഇതുകൂടി വായിക്കു; സംസര്‍ഗേ ഗുണ, ദോഷ, കഷണ്ടി!


അന്വേഷണങ്ങള്‍ അര്‍ത്ഥശൂന്യമാകുന്നതിന്റെ ഉദാഹരണമായിരുന്നു ടൊര്‍ണാഡോക്കഥ. ഒഡിഷയിലെ തീവണ്ടിയപകടം തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനത്യാഗം നടത്തണമെങ്കില്‍ ഹൃദയത്തില്‍ കണ്ണീര്‍ നിറയുന്ന രാഷ്ട്രീയനേതൃത്വം ഉണ്ടാകണം. അങ്ങനെയുണ്ടാകാന്‍ ഇത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കാലമൊന്നുമല്ലല്ലോ. ഭരണകൂടത്തിനു മതഭ്രാന്തു പിടിക്കാത്തകാലത്താണ് ടൊര്‍ണാഡോ അവതരിച്ചതെങ്കില്‍ ഇക്കാലത്ത് എന്തെല്ലാം സംഭവിക്കാം! തീവണ്ടികളുടെ യാത്രകളെല്ലാം രാഹുകാലത്തിന് ശേഷം ആക്കിയേക്കാം. സിഗ്നലിന്റെ ചുമതല ജ്യോത്സ്യന്മാരെ ഏല്പിച്ചേക്കാം. റെയില്‍വേ സ്റ്റേഷനുകളില്‍ ഗണപതിപൂജയും ഹോമവും നടത്തിയേക്കാം. തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് അര്‍ദ്ധനഗ്ന സന്യാസിമാരുടെ ആശീര്‍വാദ പൂജ സംഘടിപ്പിച്ചേക്കാം. കുളിക്കാതെ വണ്ടിയില്‍ കയറുന്നവരെ ഇറക്കിവിട്ടേക്കാം. സങ്കടത്തില്‍ നിന്നാണ് ഈ ചിന്തയുണ്ടാകുന്നത്.


ഇതുകൂടി വായിക്കു;  റെയില്‍വേ അപകടങ്ങള്‍: താല്‍ക്കാലിക ജാഗ്രത മാത്രം പോര


മുന്നൂറോളം പാവങ്ങളുടെ മരണത്തിന് ആര് മറുപടിപറയും? രക്ഷാകവചം ശിക്ഷാകവചമായി എന്നു മനസിലായിക്കഴിഞ്ഞു. ഇനി എന്തുചെയ്യും? മകന്റെ മൃതശരീരം അന്വേഷിക്കുന്ന അച്ഛന്‍, അച്ഛനെ അന്വേഷിക്കുന്ന മക്കള്‍, പ്രിയതമനെ അന്വേഷിക്കുന്ന സ്ത്രീകള്‍, പ്രേയസിയുടെ നിശ്ചലശരീരം തേടുന്ന പുരുഷന്മാര്‍, അമ്മമാരെ തേടുന്ന മക്കള്‍. അവരുടെ നിലവിളി അവസാനിക്കുന്നില്ല. നൂറിലേറെ മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട വണ്ടികള്‍ക്ക് എന്തൊരു വേഗതയായിരുന്നു! മരണത്തിലേക്കുള്ള യാത്രയ്ക്കും എന്തൊരു വേഗതയായിരുന്നു. വേഗത മരണസംഖ്യ വര്‍ധിപ്പിച്ചു എന്നു വായിക്കുമ്പോള്‍ മറ്റൊരു ചിന്തകൂടി ഉയരുന്നുണ്ട്. കാസര്‍കോട് നിന്നും നാലുമണിക്കൂര്‍ കൊണ്ട് നമുക്ക് തിരുവനന്തപുരത്ത് എത്തണോ? അല്പം സമാധാനത്തോടെ പോയാല്‍പ്പോരേ?

Exit mobile version