വസ്തുതകളുടെ നിശിതമായ നിരീക്ഷണത്തിൽ നിന്നു തുടങ്ങുന്ന ഒരന്വേഷകന്റെ നീതിബോധം, സത്യസന്ധമായ നിഗമനങ്ങളിലേക്ക് എത്താൻ സാഹസികത കൂടി സ്വന്തമാക്കണം. “സാഹസികത” സ്വന്തമാക്കാതെ ഇന്ന് സത്യത്തെ സമീപിക്കുക എന്നത് അസാധ്യമായൊരു കാലത്താണ് നാം ജീവിക്കുന്നത്. ചരിത്രം വികൃതമായി ചിത്രീകരിക്കപ്പെടുമ്പോൾ സത്യം ഉറക്കെ വിളിച്ചു പറയണം. മുഗൾ രാജ്യവംശത്തിന്റെ ചരിത്രവും, ഗാന്ധി വധത്തെ കുറിച്ചുള്ള ഭാഗവും, ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് നീക്കപ്പെട്ടു കഴിഞ്ഞ ഈ കാലത്ത്, നെഹ്രു ചരിത്രത്തിൽ നിന്ന് തമസ്കരിക്കപ്പെടുമ്പോൾ, സർദാർ പട്ടേലിനെ ഒരു പ്രതിമയാക്കുമ്പോൾ, ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ചരിത്രപുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ, ടിപ്പുസുൽത്താന്റെ പ്രവര്‍ത്തനങ്ങള്‍ ദുർവ്യാഖ്യാനിക്കപ്പെടുമ്പോൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൽ തീരെ പങ്കെടുക്കാത്ത ഹിന്ദുത്വ വാദ ശക്തികളും അവരുടെ ആശയങ്ങളും അപ്രമാദിത്വം നേടുമ്പോൾ സത്യം ഉറക്കെ പറയണം. ചരിത്ര സത്യങ്ങളെ വസ്തുനിഷ്ഠമായി ജനങ്ങളുടെ മുന്നിൽ പറയണം.
ഭൂതകാലത്തിന്റെ സംഭരണ ശാലയിൽ നിന്ന് അഗ്നിയും വെളിച്ചവും വർത്തമാന കാലത്തിനു വേണ്ടി വീണ്ടെടുക്കണം, അപ്പോൾ നമ്മൾ ചരിത്രബോധത്തിന്റെ കാവൽക്കാരായി തീരുന്നു. ഊർജസ്വലമായ വിചാര സാഹസം വഴി ചിന്താ ലോകത്ത് കൊടുങ്കാറ്റഴിച്ചുവിടൽ ഇന്ന് അനിവാര്യമായിരിക്കുന്നു. ഫാസിസ്റ്റുകളുടെ പ്രാകൃത ചിന്താ ലോകത്തെ തകർത്തേ മതിയാകൂ. മനുഷ്യവംശത്തിലെ പ്രാകൃതയുഗത്തിൽ ജീവിച്ചിരിക്കുന്നവർക്കു പോലും അപമാനം വരുത്തുന്ന ആധുനിക പ്രാകൃതചിന്തകൾക്ക് കിടപ്പറ ഒരുക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു അധീശത്വവർഗവും, അവരുടെ ബ്രാഹ്മണ്യ സംസ്കാരവും. സാമൂഹ്യ ജീവിയായ മനുഷ്യൻ എന്തു ചെയ്തു എന്നതിനേക്കാൾ എന്തു ചിന്തിച്ചു എന്നതായിരിക്കണം ചരിത്രാന്വേഷണത്തിന്റെ പ്രധാന മേഖല. എന്തു ചിന്തിച്ചു എന്നതുകൊണ്ട് എന്തു ചെയ്തു എന്നർത്ഥമാകില്ല. പക്ഷെ അത് മനുഷ്യ സമൂഹത്തിന്റെ ക്രിയാത്മക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. ചിന്തയാണ് പ്രമുഖ ഘടകം. ആശയങ്ങളാണ് മുന്നോട്ട് നയിക്കുക. ആശയങ്ങളെ കുറിച്ചുള്ള ഗഹനമായ പഠനവും, മാനവ വിമോചനത്തിന്റെ ആശയങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയും ആണ് മുന്നോട്ട് ഗമിക്കാനുള്ള ശക്തി പകരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും ഗാന്ധിവധത്തിന് പശ്ചാത്തലം ഒരുക്കുകയും ചെയ്ത സംഘ്പരിവാർ ശക്തികൾക്കോ, അതിന്റെ ഉല്പന്നമായ ഇന്നത്തെ ഭരണാധികാരികൾക്കോ, സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഒരു നേതാവിനെപ്പോലും തങ്ങളുടേതായി കിട്ടാനില്ല. അതുകൊണ്ടാണ് സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ച്, പട്ടേലിന്റെ ഉരുക്കുമുഷ്ടി പ്രതീകമാക്കിക്കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോഡി, നെഹ്രുവിനെയും ഭംഗ്യന്തരേണ മഹാത്മാ ഗാന്ധിജിയെയും ആക്രമിക്കുന്നത്. അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ കാലത്താണ്, പാർലമെന്റ് ഹാളിൽ സവർക്കറിന്റെ ചിത്രം തൂക്കിയതെന്ന് ഓർക്കുക.
ഇതുകൂടി വായിക്കൂ: ഇല്ലാതാകുന്ന ജനാധിപത്യ മൂല്യങ്ങള്‍
ആകാലത്ത് മുരളി മനോഹർ ജോഷി ഇന്ത്യയുടെ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ കിണഞ്ഞു ശ്രമിച്ചു. അന്നും പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിവധം ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്തിനധികം, അന്ന് ഗാന്ധിജിയുടെ സമാഹൃത കൃതികളിൽ നിന്ന് പല പരാമർശങ്ങളും വെട്ടിമാറ്റി. പിന്നീട് ആ നീക്കം സർക്കാർ പിൻവലിച്ചു. ഇപ്പോൾ വീണ്ടും ഗാന്ധിവധത്തെ പരാമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കുന്നു. ഇന്നത്തെ ഭരണകൂടവും ഭരണാധികാരിയും അധികാരത്തിന്റെ കേന്ദ്രീകരണത്താൽ മാത്രമാണ് ചലിക്കപ്പെടുന്നത്. മനഃശാസ്ത്ര വിശാരദന്മാരുടെ അഭിപ്രായത്തിൽ, മാനവികതലത്തിൽ ഇത്തരം വ്യക്തികൾക്ക് യാതൊരു ഭൂതദയയുമില്ല. ജനനായകരുടെ തലത്തിലേക്ക് അവരെ ഉയർത്തുന്ന ജനങ്ങളുടെ അരക്ഷിതാവസ്ഥയിലും ആശങ്കകളിലും അവർക്ക് ധാരണയും പിടിയുമുണ്ട്. അവർ അത്തരം ജനങ്ങളുടെ ആശങ്കകളിലാണ് കളിക്കുക. എന്നാൽ ജനങ്ങളുമായി അവർക്ക് യാതൊരു ബന്ധവുമില്ല. അധികാരം നിലനിർത്തണം എന്നു മാത്രമാണ് അവരുടെ ഉൽക്കടമായ ആഗ്രഹം. അതിന് അവർ ചരിത്രത്തെ വളച്ചൊടിക്കും. ചിലരുടെ ചരിത്രം പൂർണമായും തള്ളിക്കളയും. മിത്തുകെട്ടുകഥകളെ സത്യങ്ങളായി വിളമ്പും. ചരിത്രവും ഭൂമിശാസ്ത്രവും തിരുത്തും. രാഷ്ട്രീയ ആധിപത്യം നേടാനും നേടിയത് നിലനിർത്താനും എപ്പോഴും ആധിപത്യം സ്ഥാപിക്കേണ്ടത് വിദ്യാഭ്യാസ, സാംസ്കാരിക, ചരിത്ര രംഗത്താണ് എന്നത് ഫാസിസ്റ്റുകൾക്ക് നന്നായി അറിയാം. കല, സാഹിത്യം, സംഗീതം, സിനിമ, ആചാരം, അനുഷ്ഠാനം തുടങ്ങി മനുഷ്യനെ സംബന്ധിക്കുന്നതെല്ലാം അവർ അധിനിവേശോപകരണമാക്കി മാറ്റുന്നു. ഇവിടെ നടക്കാത്തതായി ഒന്നുമില്ല. രഥയാത്രയും മണ്ഡലും കമണ്ഡലവും മത പ്രീണനങ്ങളും വർഗീയതയെ രാജ്യത്തിലെ ഭാവമാക്കി മാറ്റി. തൊണ്ണൂറുകളിൽ ഉദാരവൽക്കരണവും വിപണിവൽക്കരണവും ആഗോളീകരണവും മുഴുവനായ അർത്ഥത്തിൽ നടത്താൻ തുനിഞ്ഞതോടെ സ്റ്റേറ്റ് നിയന്ത്രിച്ചിരുന്ന ഇന്ത്യൻ സാമ്പത്തിക ഘടന ഉലയാൻ തുടങ്ങി.
മറുഭാഗത്ത് ശ്രീരാമന്റെ നാമത്തിൽ ഇന്ത്യൻ സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിച്ചു. ആദി കവി വാത്‌മീകിയുടെ ശ്രീരാമന്റെ ചരിത്രം ദുർവ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ പ്രത്യാഘാതം ഈ രാഷ്ട്രം അനുഭവിച്ചു. അറിവ് നേടാനുള്ള, സത്യം അറിയാനുള്ള ത്വര ജനത്തിനു നഷ്ടപ്പെട്ടതിന്റെ ഫലമായി, ജനം സങ്കുചിതത്വത്തിന്റെ മാളങ്ങളിൽ ഒളിക്കുന്നവരായി. മനസ് ചെറുതായി. ഇന്നിവിടെ ദൈവത്തെ പോലും വികൃതമായി അവതരിപ്പിക്കുന്നു. ഗാന്ധിവധം നിരന്തരം നടക്കുന്നു. ദൈവമാണ് ആദ്യത്തെ മനുഷ്യനെ സൃഷ്ടിച്ചത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഒരു കഥ പറയുന്നു. ആദാമിന്റെ മുന്നിൽ മാലാഖമാർ കൈകൂപ്പി. പക്ഷെ ഒരാൾ കൈ കൂപ്പിയില്ല. അയാളാണ് “സാത്താൻ”. ധിക്കാരത്തിന്റെ കാരണം തിരക്കിയ ദൈവത്തോട് സാത്താൻ പറഞ്ഞു “ഞാൻ ആദാമിന്റെ മുന്നിൽ കൈകൂപ്പില്ല”. ദൈവം സാത്താനെ ശപിച്ചു, നീ സ്വർഗത്തിൽ നിന്ന് പുറത്താണ് എന്ന്. ഇറങ്ങിപോകുന്നതിനു മുമ്പ് സാത്താൻ ദൈവത്തോട് പറഞ്ഞു, ദൈവമേ, ഞാൻ നിന്നെ മാത്രമെ ആരാധിച്ചിട്ടുള്ളു, നീ പറയുന്നതേ കേട്ടിട്ടുള്ളു, അതിനാൽ എനിക്ക് മൂന്ന് വരം തരണം. ലോകാവസാനം വരെ നീണ്ടു നിൽക്കുന്ന ആയുസും ദൈവത്തിന്റെ പ്രജകളെ വഴിപിഴപ്പിക്കാനുള്ള സ്വാതന്ത്ര്യവും, ദൈവത്തെ തന്നെ ദുർവ്യാഖ്യാനിക്കാനുള്ള അധികാരവും. ദൈവം ഈ വരങ്ങളെല്ലാം നൽകുകയും ചെയ്തു. ഇന്ന് പലരും സത്യത്തിന്റെ വഴിയിൽ നിന്ന് എത്രയോ അകലെയാണ്. നീതിയുടെ കൂടെ നിൽക്കാൻ പലരും വിമുഖരാണ്. അധികാരത്തോടും, സമ്പത്തിനോടും ഉള്ള ആർത്തിയുടെ ഫലമായി, സ്വജനപക്ഷപാതവും, സ്വാർത്ഥതയും, വഞ്ചനയും, അനാരോഗ്യ മത്സരങ്ങളും ക്രമാതീതമായി വർധിക്കുന്നു. സാത്താന് കിട്ടിയ വരം ഫലിക്കുന്നു. ഫാസിസത്തിൽ ജീവിതത്തിന്റെ സകലമേഖലകളിലും തിന്മ അധികരിക്കുന്നു.
ഇതുകൂടി വായിക്കൂ: വടക്കു കിഴക്കല്ല കേരളം
സാമ്പത്തിക വളർച്ചയും ലാഭവും മാത്രമായി മുദ്രാവാക്യങ്ങൾ. എല്ലാം മൂലധന ശക്തികൾ കൈയടക്കി. ഒരു കാര്യം സ്പഷ്ടമാണ്. ഹിന്ദുരാഷ്ട്ര സങ്കല്പത്തിന്റെ ശക്തി രാഷ്ട്രീയ സ്വയം സേവക് സംഘാണ്. അവരുടെ ശാഖകളിൽ പഠിപ്പിക്കുന്ന ഹിന്ദു സംസ്കാരം ഭൂരിപക്ഷത്തിന്റെ അധികാര ഭാഷയാണ്. അവരുടെ കളി നിയമങ്ങൾ അനുസരിക്കാൻ എല്ലാവരെയും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ അവർ ബാധ്യസ്ഥരാക്കുന്നു. മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള വേർതിരിവിനെ അപ്രസക്തമാക്കിക്കാെണ്ടാണ് അവർ ഇപ്പോൾ സംസ്കാര വ്യവസായം പ്രവർത്തിപ്പിക്കുന്നത്. അത് പുതിയ രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ജാതിയും, മതവും മേധാവിത്വം പുലർത്തുന്ന ഇന്ത്യൻ സമൂഹത്തിൽ, അവയെ എല്ലാം സാംസ്കാരിക വ്യവസായത്തിന്റെ ഭാഗമാക്കാൻ മുലധനശക്തികൾക്ക് കഴിഞ്ഞിരിക്കുന്നു. സമകാല ജീവിതത്തിനുമേൽ പതിച്ചു കൊണ്ടിരിക്കുന്ന സർവ ആധിപത്യങ്ങളെയും പ്രതിരോധിക്കണം. അതിലൂടെ ഒരു പുതിയ മാനവ സംസ്കൃതി രൂപപ്പെടണം പണാധിപത്യം മൂലം ഉണ്ടാകുന്ന അപമാനത്തെ പ്രതിരോധിക്കണം. വ്യാജങ്ങളെ മാത്രം ഉൾക്കൊള്ളുന്ന മനസ് മാത്രം സൃഷ്ടിക്കാൻ ഫാസിസ്റ്റുകൾ നിതാന്ത ശ്രമം നടത്തുമ്പോൾ അതിനെതിരെ സത്യം പ്രചരിപ്പിക്കാൻ നാം കഠിനാധ്വാനം ചെയ്തേ മതിയാകൂ. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരവും ശക്തിയും അവർ തകർക്കുമ്പോൾ, അത് പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും ഭൂരിഭാഗം പേരും കണ്ണുതുറക്കുന്നില്ല.
ആഞ്ഞടിക്കുന്നില്ല, ഏകാധിപത്യ പ്രവണതകൾക്കെതിരെ കാർഷിക മേഖലയുടെ തകർച്ച മൂലം നട്ടം തിരിയുന്ന കർഷകരേയും, തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും മുങ്ങിക്കിടക്കുന്ന കർഷകത്തൊഴിലാളികളെയും എരിപൊരി കൊള്ളുന്ന മുഴുവൻ ഗ്രാമീണ ജനതയെയും, നിത്യജീവിതത്തിൽ കൊടിയ ദുരിതവും, പീഡനവും അനുഭവിക്കുന്ന സ്ത്രീകളെയും, രാഷ്ട്രത്തിന്റെ ജ്വാലയായ യുവത്വത്തിനേയും അസന്നിഗ്‌ധമായ പോരാട്ടത്തിലേക്ക് ആനയിക്കുക എന്നതാണ് ഫാസിസ്റ്റുകളുടെ കരാളഹസ്തത്തിൽ നിന്ന് നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയെ രക്ഷിക്കാനുള്ള മാർഗം. തെരുവില്‍ ഇരുട്ട് മാത്രമല്ല, മിന്നുന്ന എത്രയോ സ്ഥലങ്ങൾ ഉണ്ട് അവിടെ. നിലവിളികൾക്കിടയില്‍ അതിനും ചിരിക്കാൻ കഴിയും. തെരുവ് ആരും സ്വമേധയാ തെരഞ്ഞെടുക്കുന്നതല്ല. പക്ഷെ വലിയ ഒരു വിഭാഗം ഇവിടെ തെരുവിലാണ്. തളിർക്കാത്ത ജന്മങ്ങളുടെ രോഷാഗ്നിയാണ് അവിടെ കത്തുന്നത്. ദുരാധികാരത്തിനെതിരെ പ്രതിരോധം തീർക്കുക, ചരിത്രദുർവ്യാഖ്യാനത്തിനെതിരെ പോരാട്ടം നടത്തുക, ചരിത്രസത്യങ്ങൾ ഉച്ചൈസ്തരം പറയുക. അധികാരം രുധിരതാളത്തോടെ അവരെ നേരിട്ടേക്കാം. അപ്പോഴും പരിമിതികൾക്കിടയിൽ നിന്ന് പ്രതിരോധിക്കുകയാണ് ജനതയുടെ കടമ. അപ്പോൾ അവർ തങ്ങളും മനുഷ്യരെന്ന് ഓർമ്മിപ്പിക്കുന്നു.