തെക്കനമേരിക്കന്‍ രാജ്യങ്ങളായ എല്‍സാല്‍വദോറും ഹോണ്ടുറാസും തമ്മില്‍ 1969ല്‍ നടന്ന യുദ്ധത്തെ ഫുട്ബോള്‍ യുദ്ധമെന്ന് വിളിക്കാറുണ്ട്. 1970ലെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാമത്സരങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷമാണ് ഇരുരാജ്യങ്ങളെയും യുദ്ധത്തിലേക്ക് നയിച്ചത്. ലോകത്തിലെ ഏറ്റവും അനാവശ്യയുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഏറ്റുമുട്ടലില്‍ ആറായിരം പേരാണ് കൊല്ലപ്പെട്ടത്. ആഭ്യന്തര യുദ്ധത്തിലും പരസ്പര പോരാട്ടത്തിലും കുപ്രസിദ്ധിയാര്‍ജിച്ച ആഫ്രിക്കയിലെ ചെറുരാജ്യങ്ങള്‍ ലോകം കറുത്തമുത്തെന്ന് വിശേഷിപ്പിക്കുന്ന ഫുട്ബോള്‍ മാന്ത്രികന്‍ പെലെയുടെ കളി കാണാന്‍ യുദ്ധം പരസ്പരധാരണയോടെ നിര്‍ത്തിവച്ച ചരിത്രവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു മൈതാനത്ത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ കളിക്കുമ്പോള്‍ രണ്ട് ജനതയുടെ അല്ലെങ്കില്‍ പക്ഷം പിടിക്കുന്നവരുടെ ആത്മാഭിമാനമാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ ഫുട്ബോള്‍ ഒരേസമയം യുദ്ധവും സമാധാനവുമാണ്. ലോകത്തിന് ഫുട്ബോള്‍ ഇന്ന് ആവേശവും ലഹരിയും സ്നേഹവും കലഹവും യുദ്ധവും സമാധാനവുമായി പരിണമിച്ചിരിക്കുന്നു.
ഇതുകൂടി വായിക്കു; അല്‍ ബെയ്ത്തില്‍ നിന്നുരുളുന്ന ഫുട്ബോള്‍ നിനവുകള്‍
അളവില്ലാത്ത ആനന്ദം തീര്‍ക്കുന്ന ഒരേയൊരു കളിയായ ഫുട്ബോള്‍ ലോകത്ത് നൂറുകോടിയിലേറെ മനുഷ്യര്‍ കളിക്കുന്നുവെന്നാണ് ഫിഫയുടെ കണക്കുകൾ. 26 കോടിയിലേറെ പേർ കളിക്കാരും പരിശീലകരും സംഘാടകരും മറ്റുമായി ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറുഗ്വേയില്‍ നടന്ന 1930ലെ പ്രഥമ ലോകകപ്പില്‍ നിന്ന് 2022 ഖത്തര്‍ ലോകകപ്പിലേക്കെത്തുമ്പോള്‍ അതിരുകളില്ലാത്ത, കാലദേശഭേദങ്ങളില്ലാത്ത, ഒരു മതമായി ഫുട്ബോള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. കാല്പനികതയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ മതത്തെ സജീവമാക്കുന്നത്. മതങ്ങള്‍ക്ക് പോലും എത്തിച്ചേരാന്‍ കഴിയാത്ത ഭൂപ്രദേശങ്ങളില്‍ ഫുട്ബോളിന് വേരുറപ്പിക്കാന്‍ കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ മതത്തേക്കാള്‍ ഫുട്ബോളിന് ആരാധകരുണ്ട്. ലോകത്തെ ക്രൈസ്തവരുടെ എണ്ണം 230 കോടിയാണ്. ലോകകപ്പ് ഫുട്ബോള്‍ മത്സരം തത്സമയം ടിവിയില്‍ മാത്രം കാണുന്നവരുടെ സംഖ്യ 300 കോടിയാണത്രേ! ഫുട്ബോളില്‍ ദൈവമില്ല എന്നാല്‍ ദൈവത്തെ അന്വേഷിക്കുന്ന മതമാണ് ഫുട്ബോള്‍ എന്നൊരു നിരീക്ഷണവുമുണ്ട്. സ്ഥാപനവല്ക്കരിക്കപ്പെട്ട മതത്തേക്കാള്‍ ഉയരെയാണ് അതിന്റെ സ്ഥാനം. ഒരു പന്തിന് പിന്നാലെ 22 പേര്‍ പായുമ്പോള്‍ പരശതം കാണികളും അതേമനസോടെ ഒപ്പം പായുന്നു. ഭൂമി തന്നെ ഒരു പന്ത് പോലെ പരിണമിക്കുകയാണ് ഫുട്ബോള്‍ മാമാങ്കവേളകളില്‍. ഇത്രത്തോളം സാമൂഹിക ധര്‍മ്മം നിറവേറ്റാന്‍ ഇതുവരെ ഒരു മതത്തിനോ തത്വസംഹിതകള്‍ക്കോ കഴിഞ്ഞിട്ടില്ല. രാജ്യാതിര്‍ത്തികള്‍ക്കും മതങ്ങള്‍ക്കുമപ്പുറം ഫുട്ബോള്‍ ജനമനസുകളെ ഒന്നിപ്പിക്കുമ്പോഴാണ് നമ്മുടെ നാട്ടില്‍ നിന്ന് വിഷലിപ്ത പ്രതികരണവുമായി ഒരു സമസ്തക്കാരന്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എത്തിയിരിക്കുന്നത്. ഫുട്ബോള്‍ ആവേശം അതിരുവിടുന്നുവെന്നും താരാരാധന ഇസ്‌ലാമിക വിരുദ്ധമാണെന്നുമാണ് അദ്ദേഹം പറയുന്നത്.
ഇതുകൂടി വായിക്കു; ടീംസേ… കണ്ടറിയണം എന്താകും നിങ്ങടെ സ്ഥിതിയെന്ന്…
പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കെത്താതെ ഉറക്കമിളച്ച് കളികാണുന്നതും പോര്‍ച്ചുഗലിനെപ്പോലുള്ള രാജ്യങ്ങളുടെ പതാകയെ സ്നേഹിക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം പറയുന്നു. മതംകൊണ്ട് വയറ്റിപ്പിഴപ്പ് നടത്തുന്നവര്‍ വിശ്വാസികളില്ലെങ്കില്‍ എങ്ങനെ ജീവിക്കും എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തിന്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ ഇസ്‌ലാമിക രാഷ്ട്രങ്ങളും അവിടുത്തെ ഇസ്‌ലാമിക ഭരണകൂടവും ഒരുകാലത്ത് ഫുട്ബോളിന് എതിരായിരുന്നു. എന്നാൽ 2002ല്‍ തുര്‍ക്കി ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇറാന്‍ 2022 ഖത്തര്‍ കപ്പില്‍ കളിച്ചു. സൗദി സാക്ഷാല്‍ ലയണല്‍ മെസിയെ തന്നെ മുട്ടുകുത്തിച്ചു. ചുരുക്കത്തില്‍ മതപ്രബോധനങ്ങള്‍ക്കോ താക്കീതുകള്‍ക്കോ ഒന്നിനും ഫുട്ബോളിനെ വിലക്കാനാവില്ല. കൂടത്തായിമാര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്തിനാണ്? ലോക ചരിത്രത്തിലെ ഏകാധിപതികളും സ്വേച്ഛാധിപതികളും പട്ടാളമേധാവിമാരും ഫുട്ബോളിന്റെ കാറ്റഴിച്ചുവിടാന്‍ ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും പന്ത് കുതിച്ചുയര്‍ന്നുകൊണ്ടുതന്നെയിരിക്കുന്നു. അതില്‍ മനസുകൊണ്ടും ജീവശ്വാസംകൊണ്ടും ശതകോടി മനുഷ്യര്‍ കാറ്റൂതി നിറച്ചു കൊണ്ടിരിക്കുന്നു. കാരണം ഫുട്ബോളിനോളം മനുഷ്യമനസിനെ ഇളക്കിമറിക്കാന്‍ കഴിയുന്ന മറ്റൊരു കായിക വിനോദവും ഇതുവരെ ഉണ്ടായിട്ടില്ല എന്നതുതന്നെ. മതമോ, ജാതിയോ, വര്‍ണമോ, വംശമോ ഒന്നും തീണ്ടാത്ത ആഗോള വ്യവസ്ഥയാണ് ഫുട്ബോള്‍. ഫുട്ബോളിന്റെ വാഴ്ത്തുകള്‍ നിരത്തുമ്പോഴും ഈ കളിയുടെ ചരിത്രപരമായ ന്യൂനത ലിംഗനീതിയുടെ പ്രശ്നങ്ങള്‍ മാത്രമാണ്. വിക് ഡ്യൂക്, ലിസ് ക്രോളറി എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ഫുട്ബോള്‍ നാഷണാലിറ്റി ആന്റ് ദ സ്റ്റേറ്റ്’ എന്ന പുസ്തകം പറയുന്നു “സ്ത്രീകള്‍ കളിക്കുന്നില്ല, ഫുട്ബോളില്‍ പുരുഷാധിപത്യമാണ്.” എന്ന് . ലോകം കാല്‍പ്പന്തുകളിയുടെ ഉത്സവലഹരിയില്‍ ആറാടുമ്പോള്‍ ഇന്ത്യക്കാര്‍ വെറും കാണികളായി ഗ്യാലറിയില്‍ തുടര്‍ന്നാല്‍ മതിയോ എന്നാണ് നമ്മളിനി ഉറക്കെ ചിന്തിക്കേണ്ടത്?
മാറ്റൊലി
സ്വര്‍ഗത്തില്‍ പോയാലും ഫുട്ബോള്‍
കളി കാണാനാകും ഞാന്‍ ഇഷ്ടപ്പെടുക
- സ്വാമി വിവേകാനന്ദന്‍