28 March 2024, Thursday

അല്‍ ബെയ്ത്തില്‍ നിന്നുരുളുന്ന ഫുട്ബോള്‍ നിനവുകള്‍

പി എ വാസുദേവൻ
കാഴ്ച
November 26, 2022 4:57 am

ഖത്തറിലെ അല്‍ഖോറില്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ എക്വഡോറിനും ആതിഥേയരായ ഖത്തറിനും ഇടയില്‍ കാല്‍പ്പന്തിനു ജീവന്‍ വച്ചപ്പോള്‍ എന്റെ ഏറനാടന്‍ ബാല്യത്തിലും പന്തുരുളുകയായിരുന്നു. ഇന്ന് ലോകം മുഴുവനും ഒരു തുകല്‍ പന്തിലേക്ക് ചുരുങ്ങുമ്പോള്‍ എന്റെ ലോകവും ഏറനാട്ടിലെ പെരിങ്ങാവെന്ന ഗ്രാമത്തിലേക്കും ചാക്കിന്‍നൂലും ചൂടിയും കൊണ്ട് കെട്ടിയ പന്തിലേക്കും ചുരുങ്ങുകയായിരുന്നു. ഞങ്ങള്‍ കോഴിക്കോട്, മലപ്പുറംകാര്‍ക്ക് പന്ത് വിട്ടൊരു കളിയില്ല. സ്വരൂപിച്ചു കൂട്ടിയ ഏതാനും ഉറുപ്പികകള്‍ ചേര്‍ത്തുവച്ച് ഒരു ഫുട്ബോള്‍ തരമാക്കിയ അന്നത്തെ ഞങ്ങളുടെ ബാലസദസിന്റെ സന്തോഷം പറയാനാവതില്ലായിരുന്നു. അതിന്റെ പുറംതോല്‍ പൊട്ടിയാലോ, ബ്ലാഡര്‍ കീറിയാലോ അതൊരു ദുരന്തമായിരുന്നു ഞങ്ങള്‍ക്ക്. ഇപ്പോള്‍ ഖത്തറില്‍ പന്തുരുളാന്‍ തുടങ്ങുമ്പോള്‍ എന്റെ മുന്നില്‍ രണ്ട് തലമുറകളുടെ പ്രതിനിധികളുണ്ട്. അവരും ഖത്തറില്‍. ഖത്തറില്‍ ജോലി ചെയ്യുന്ന മകന്‍ ദേവദത്തനും അവന്റെ മകന്‍ അദ്വെെതും. ഈ രണ്ട് തലമുറകള്‍ക്കും ഞാന്‍ ‘കളിഭ്രാന്ത്’ പകര്‍ന്നു കൊടുത്തിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തെ കൊണ്ടോട്ടി, നെടിയിരുപ്പ്, വള്ളുവമ്പ്രം എന്നിവിടങ്ങളിലെ കാല്‍പ്പന്ത് മെെതാനങ്ങളില്‍ നിന്ന് അല്‍ബെെത്തിലേക്കുള്ള ദൂരം അറിയാന്‍ അസാമാന്യ ഊഹം വേണം. വേനല്‍ വന്ന് കൊയ്ത്തുപാടങ്ങള്‍ വരളുന്നതോടെ ഞങ്ങളുടെ കളിക്കാലം തുടങ്ങും. ഓരോ ഗ്രാമവും മറ്റു ഗ്രാമങ്ങളുമായി ഏറ്റുമുട്ടും. അതിനായി ഉച്ചഭക്ഷണ ശേഷം, ‘അത്യാവശ്യ’ ഗ്രാമക്കാരെയും കൂട്ടിയുള്ള ഒരു പോക്കുണ്ട്. പന്തുമായി മുന്നില്‍ നടക്കുന്നവര്‍ക്ക് മറഡോണയുടെയോ, പെലെയുടെയോ ഭാവമായിരുന്നു. ഏതാണ്ട് അറുപത്തഞ്ച് കൊല്ലം മുമ്പത്തെ കഥാകഥനമാണിത്.
കളികാണാന്‍ കൂടെ പോരുന്നവര്‍ ഞങ്ങളുടെ ‘ബഫര്‍’ ആണ്. കളിക്കിടയില്‍ അടി സാധാരണം. ഇവര്‍ അതിനുള്ള ചേകവന്മാരാണ്. കളിയിലെ കുറവ്, അടിയില്‍ നികത്തും. തിരിച്ചെത്തിയാല്‍ കളിയെപ്പറ്റിയല്ല, അടിയെപ്പറ്റിയാവും സംസാരം. ലോക്കല്‍ കളിക്കാരില്‍ വമ്പന്‍മാരുമുണ്ട്. വള്ളുവമ്പ്രം, നെടിയിരുപ്പ്, മോങ്ങം, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളില്‍ ഭേദപ്പെട്ട ടീമുകളുണ്ട്. കെട്ടിമറച്ച മെെതാനങ്ങളില്‍ കളികളും നടക്കും. ടിക്കറ്റും വാതുവപ്പും വേറെ. ഖത്തറില്‍ 1,000 കോടിയുടെ വാതുവയ്പ് എന്നു കേട്ടപ്പോള്‍ ഗ്യാലറികളില്‍ കാണികള്‍ നടത്തിയിരുന്ന വാതുവയ്പുകള്‍ ഓര്‍ത്തു. കളിക്കാര്‍ ഇറങ്ങുന്നത് ഒന്നു കാണണം. നീറാട് മറഡോണ എന്ന കുഞ്ഞാത്തന്‍, വള്ളുവമ്പ്രം പക്രൂട്ടി എന്ന പെലെ, രാമനാട്ടുകര മേവ്‌ലാല്‍ എന്ന ഗോവിന്ദന്‍കുട്ടി, ഫറോക്ക് തങ്കരാജ് എന്ന ഗോളി പപ്പു. ഒപ്പം തല്ല് സംഘവും ‘തള്ള്’ സംഘവും. എന്നും വെെകുന്നേരം ‘കഥകള്‍ നിറഞ്ഞ കാല’മായിരുന്നു.

 


ഇതുകൂടി വായിക്കു; റിയോ ഡി ജനീറോ മുതൽ ഷറം അൽ ഷെയ്ഖ് വരെ


വേനല്‍ക്കാലം അങ്ങനെ പോയിക്കിട്ടും. ‘ഖത്തറിന്റെ അത്രയില്ലെങ്കിലും’ ഇതിനുമൊക്കെ പണച്ചെലവുണ്ട്. അവിടെ പന്ത്രണ്ട് ലക്ഷം കോടി (230 ബില്യന്‍ ഡോളര്‍) ആണ് ചെലവെന്ന് കേട്ട് ഞെട്ടിപ്പോയി. നാട്ടിന്‍പുറത്തെ കാല്‍പ്പന്ത് കാലം കഴിയുമ്പോഴേക്കും കടക്കാരാവുന്ന മാനേജര്‍മാരുണ്ട്. ‘സുഡാനി’ സിനിമയിലെ മാനേജരെപോലെ. ആ കളി നടക്കുന്ന നാടും, ഇപ്പറഞ്ഞ എന്റെ ഗ്രാമത്തിനടുത്താണ്. ‘ഓനെങ്ങനാ പെെപ്പുണ്ടാവ്വാ. ഓന്റെ പള്ളേല് ഫുട്ബോളല്ലേ’ എന്നപോലെ സര്‍വസ്വം കളിയായി നടക്കുന്നവര്‍. പന്തുകളി എന്നു പറഞ്ഞാല്‍, കളി മാത്രമല്ല നേരത്തെ പറഞ്ഞ അടി, സംഘാടകത്വം, തുടര്‍ന്നുള്ള ഗ്രാമകലഹങ്ങള്‍ എല്ലാം പെടും. ചില മത്സരങ്ങള്‍ കഴിഞ്ഞാല്‍, ആ ഗ്രാമങ്ങളില്‍ കൂടി പിന്നെ വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു. ‘ഐറിഷ് തെമ്മാടികള്‍’ (ഹൂളിഗന്‍സ്) എന്ന ഒരു കൂട്ടരുണ്ട്. അക്കാലത്തും അത്തരം ‘തെമ്മാടി‘കള്‍ക്ക് കുറവില്ലായിരുന്നു.

എന്നാലും ആകെ മൊത്തം ഒരാഘോഷമാണ്. അതിനിടയില്‍ സൗഹൃദങ്ങളുമുണ്ട്. അടിക്ക് ശേഷവും ‘അതിഥി‘കളെ നാട്ടിന്‍പുറ ചായയും ‘ഉണ്ട’യും തന്ന് സല്‍ക്കരിക്കും. പലര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ‘കെട്ടു‘ബന്ധങ്ങളും കാണും. മലപ്പുറം ജില്ലയിലെ സെവന്‍സ് അതിപ്രസിദ്ധമായിരുന്നു. ജില്ലയുടെ പല സ്ഥലങ്ങളും അന്ന് കണ്ടത് അങ്ങനെയൊക്കെയാണ്. അല്പം ‘സഫിസ്റ്റിക്കേഷന്‍’ ഉള്ള കളികള്‍ നടക്കുക രാമനാട്ടുകരയിലും ഫറോക്കിലുമാണ്. പക്ഷെ കിഴക്കന്മാരുടെ കളിക്കാണ് ഊക്ക് കൂടുക. ഒന്ന് ലാറ്റിന്‍ അമേരിക്കന്‍ സ്റ്റെെല്‍, മറ്റേത് യൂറോപ്യന്‍ സ്റ്റെെല്‍. ഇവ രണ്ടുകൂട്ടരും രാമനാട്ടുകരയില്‍ ഏറ്റുമുട്ടുമ്പോള്‍ യൂറോപ്യന്‍-ലാറ്റിന്‍ അമേരിക്കന്‍ വമ്പന്മാരുടെ കൊമ്പുകോര്‍ക്കലാവും. ‘കിഴക്കന്മാ‘രുടേത് ടോട്ടല്‍ ഫുട്ബോളാണ്. ശാരീരികശക്തിയുടെ മികവു തന്നെ. സ്പാനിഷ് ‘ടിക്കി ടാക്കി‘ക്കൊന്നും ഇവിടെ സ്ഥാനമില്ല. ആളെ ഉന്നം വച്ച് കളി. ലക്ഷ്യം എതിരാളിയുടെ ‘ഷിന്‍’ തന്നെ. നേരത്തെ പറഞ്ഞ അടികലശലിന്റെ കാരണവും അതുതന്നെ. റഫറിക്ക് വ ലിയ പങ്കൊന്നുമില്ല. ദയനീയമായി അഭ്യര്‍ത്ഥിക്കാം. കണ്ടും കേട്ടും നിന്നാല്‍ റഫറിക്ക് കൊള്ളാം.

 


ഇതുകൂടി വായിക്കു;  ജി-20 പ്രസക്തിയും ബാലി സമ്മേളനവും


 

അങ്ങനെ ‘കഥകള്‍ നിറഞ്ഞ മാസ’ങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു. പാടങ്ങള്‍ പുരയിടങ്ങളായി പഴയ കളിക്കളങ്ങള്‍ വീട്ടുമുറ്റങ്ങളായി. പക്ഷെ പന്തുകളി മാത്രം മനസിലുണ്ടായിരുന്നു. ടിവി സൗകര്യങ്ങള്‍ വന്നതുമുതല്‍, ലോകകപ്പ് കണ്ടു തുടങ്ങി. രണ്ടുനാള്‍ മുമ്പ് ഖത്തറില്‍ ജോലി ചെയ്യുന്ന മകന്‍ വിളിച്ചു. ‘അച്ഛാ ഞാനും വേള്‍ഡ് കപ്പ് കാണാന്‍ പോകുന്നു. കൂടെ അദ്വെെതിനെയും കൂട്ടും’ എനിക്ക് സന്തോഷമായി. ഒരു തലമുറയുടെ സ്വപ്നം, തൊട്ടടുത്ത രണ്ട് തലമുറകള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ആശംസിച്ചു ‘ഹയ്യ, ഹയ്യ’ . ഇനിയൊരു സന്ദര്‍ഭമുണ്ടാവുമോ എന്നറിയില്ല. ഇപ്പോള്‍ തൊട്ടടുത്ത് കളി നടക്കുമ്പോള്‍, പോയി കണ്ടുവാ. പെരിങ്ങാവിലെ പാടത്ത് കളിച്ചു നടന്ന എന്റെ അടുത്ത തലമുറകള്‍ ലോകകപ്പ് കാണാന്‍ അങ്ങു ദൂരെ സ്റ്റേഡിയത്തിലെത്തുന്നു. ആ മഹാ കാര്‍ണിവലിന്റെ ഭാഗമായി പോയ് വരൂ. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്ന് അവര്‍ സനത് ജയസൂര്യയുടെ കൂടെ സെല്‍ഫി അയച്ചുതന്നു.
ഈ ആരവങ്ങളുടെ ഒരുക്കങ്ങള്‍ തുടങ്ങി കുറച്ചുകഴിഞ്ഞ ഘട്ടത്തില്‍ ഞാനും രതിയും മക്കളെ കാണാന്‍ ഖത്തറിലെത്തിയിരുന്നു. ഒരു ദിവസം മകന്‍ കാറില്‍ ഞങ്ങളെ സകല സ്റ്റേഡിയങ്ങളുടെയും അടുത്തുകൂടെ കൊണ്ടുപോയി. ആഘോഷ വിശേഷങ്ങള്‍ പറഞ്ഞുതന്നു മോഹിപ്പിച്ചു. കളികാണാന്‍ ഏര്‍പ്പാടാക്കാമെന്ന് പിന്നെയും മോഹിപ്പിച്ചു. അല്‍ ബെയ്ത്ത്, അല്‍തുമാമ സ്റ്റേഡിയം, ഫെെനല്‍ നടക്കുന്ന ലുസെെല്‍ സ്റ്റേഡിയം, അല്‍ജനുബ് സ്റ്റേഡിയം. അങ്ങനെ എല്ലാം കണ്ടു. അന്ന് മനസില്‍ കണ്ട പന്തുരുളലൊക്കെ തുടങ്ങിക്കഴിഞ്ഞു. പാലക്കാട്ടെ സ്വീകരണമുറിയിലിരുന്ന് ഞാനതൊക്കെ കാണാന്‍ തുടങ്ങി. എന്നും എന്റെ ഹീറോ ആയിരുന്ന മാറഡോണയുടെ പിന്‍മുറക്കാരന്‍ കളിക്കുന്നു- ലയണല്‍ മെസി. ഇനിയൊരു ലോകകപ്പിനുള്ള കാലം എനിക്കുണ്ടാവാനിടയില്ല. എന്നാലും ഇത്രവരെയായതാണ് ഭാഗ്യം. അല്‍ ബെയ്ത്തില്‍ നിന്നും, ലുസെെല്‍ലില്‍ നിന്നും തുകല്‍പ്പന്ത് ഉരുണ്ടെത്തുന്നത് എന്റെ മനസിലേക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.