Site iconSite icon Janayugom Online

അയോധ്യയിലെ ഭൂമി വാങ്ങലും കേന്ദ്ര സര്‍ക്കാരും പിന്നെ ഗവര്‍ണറും

‘പച്ചവെളിച്ചം തെളിഞ്ഞു
സീബ്രാവരയ്ക്കിപ്പുറം വന്നു
നിലച്ച നാല്‍ക്കാലികള്‍
നിശബ്ദമങ്ങനെ നീങ്ങി
വലത്തേക്ക് മറ്റൊരു പാത
തുടങ്ങി, ഗോഡ്സെ നഗര്‍’
കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഗോഡ്സെ നഗര്‍’ എന്ന കവിതയിലെ ആദ്യവരികളാണിത്. വൃത്തികേടിന്റെ വിളവുത്സവത്തെ ബഹുമാന്യ ജീവിതമെന്ന് വിശേഷിപ്പിക്കുന്നവരുടെ നെറികേടിനെക്കുറിച്ചും കവി വ്യാകുലപ്പെടുന്നുണ്ട്. പാര്‍ലമെന്റിനെ നിഷ്ക്രിയമാക്കിയും ഭരണഘടനയെ ധ്വംസിച്ചും രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കുവാന്‍ അംഗങ്ങളെ സമ്മേളനകാലം മുഴുവന്‍ പുറത്താക്കിയും മാപ്പുപറയണമെന്ന് ആജ്ഞാപിച്ചും ചര്‍ച്ചകളില്ലാതെ നിമിഷനേരം കൊണ്ട് ധാര്‍ഷ്ട്യത്തോടെ ബില്ലുകള്‍ പാസാക്കിയും വൃത്തികേടിന്റെ വിളവുത്സവം നടത്തി ബഹുമാന്യതയുടെ കപടവേഷം എടുത്തണിയുകയാണ് നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് ഭരണസംഘം. ശ്രീരാമനെയും അയോധ്യയെയും കാശിയെയും വര്‍ഗീയ‑രാഷ്ട്രീയ ആയുധങ്ങളാക്കി പരിണമിപ്പിച്ച് ഇന്ത്യയില്‍ ഗോഡ്സേ നഗറുകളുടെ പറുദീസയാക്കുവാനാണ് സംഘപരിവാര ഫാസിസ്റ്റ് ഭരണം യത്നിക്കുന്നത്.

അയോധ്യയില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളും യോഗി ആദിത്യനാഥിന്റെ സ്തുതിപാഠകരായ ഉദ്യോഗസ്ഥവൃന്ദങ്ങളും അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയ വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമ്പോള്‍ അനുവദിക്കാതെ അസഹിഷ്ണുത പ്രകടിപ്പിച്ച ഭരണപക്ഷം നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പേ ലോക്‌സഭാ-രാജ്യസഭാ സമ്മേളനങ്ങള്‍ അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ലഖിംപുര്‍ കര്‍ഷക കൊലയില്‍ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന പ്രതിപക്ഷ പ്രഖ്യാപനവും ഭരണകൂടത്തെ ആകുലപ്പെടുത്തി. ലഖിംപുര്‍ കൊലയില്‍ പുത്രന്‍ ആശിഷ് മിശ്ര കാരാഗൃഹത്തില്‍ കഴിയുമ്പോഴും മോഡി സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായി പിതാവ് വിഹരിക്കുന്നത് തന്നെ നിയമസംവിധാനത്തോടും ജനാധിപത്യ തത്വസംഹിതകളോടും ബിജെപി നടത്തുന്ന നിന്ദയുടെയും അവഹേളനത്തിന്റെയും അടയാളപത്രമാണ്.

 


ഇതുകൂടി വായിക്കാം;അയോധ്യയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് പിന്നിലും സാമ്പത്തിക തട്ടിപ്പ്


 

അയോധ്യയും രാമക്ഷേത്രവും രഥയാത്രയും ബിജെപി രാഷ്ട്രീയ ഘോഷയാത്രകളുടെ ആയുധങ്ങളാക്കി 1980 മുതല്‍ തന്നെ ഉപയോഗിക്കുവാന്‍ തുടങ്ങിയിരുന്നു. മിത്തുകള്‍, സങ്കല്പങ്ങള്‍ ദുരുപയോഗം ചെയ്യുകയും ചരിത്രവസ്തുതകളെ തമസ്കരിക്കുന്ന ഫാസിസ്റ്റ് ശൈലി നിരുപാധികം പ്രയോഗിക്കുകയും ചെയ്യുന്നത് ആര്‍എസ്എസ് പിറവിയെടുത്ത കാലം മുതല്‍ അനുവര്‍ത്തിക്കുന്നതാണ്. ‘തര്‍ക്കഭൂമി’ എന്ന് വിശേഷിക്കപ്പെട്ടിരുന്ന അയോധ്യയിലെ 464 വര്‍ഷക്കാലത്തെ പാരമ്പര്യമുണ്ടായിരുന്ന ബാബറി മസ്ജിദ് അഞ്ചര മണിക്കൂറുകള്‍ കൊണ്ട് തകര്‍ത്തു തരിപ്പണമാക്കിയവര്‍ കുറ്റപത്രത്തിലെ പ്രതികളായി സുപ്രീം കോടതിയുടെ മുന്നില്‍ നില്ക്കുമ്പോള്‍ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് ‘തര്‍ക്കഭൂമി’ സംഘപരിവാറിന് നല്കാന്‍ ഉത്തരവിട്ടതിന് പ്രതിഫലമായി അദ്ദേഹത്തെ ബിജെപി സര്‍ക്കാര്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു. ആ അയോധ്യയിലാണ് ബിജെപി, ആര്‍എസ്എസ് നേതാക്കളും അവരുടെ ജനപ്രതിനിധികളും ഭൂമി വാങ്ങിക്കൂട്ടി ഗോഡ്സെ പാര്‍ക്കുകള്‍ സ്ഥാപിക്കുവാന്‍ യത്നിക്കുന്നത്.

തുളസീദാസരാമായണം എഴുതിയ മഹാകവി തുളസീദാസ് ബ്രാഹ്മണനായിരുന്നു. പക്ഷേ എല്ലാ മതവിഭാഗങ്ങളുമായും അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മുഗള്‍ രാജാവ് അക്ബറുടെ കൊട്ടാര സദസിലെ പ്രമുഖ കവിയായ റഹിം ഖനിഖാന തുളസീദാസിന്റെ ഉറ്റമിത്രമായിരുന്നു. ഇരുവരും ചേര്‍ന്ന് കവിതകള്‍ രചിച്ചു. സവര്‍ണ ബ്രാഹ്മണ പൗരോഹിത്യം അതിഷ്ടപ്പെട്ടില്ല. തുളസീദാസ് താണ ജാതിക്കാരനാണെന്ന് അവര്‍ പ്രചരിപ്പിച്ചു. അതിന് തുളസീദാസിന്റെ മറുപടി സംഘപരിവാര ഫാസിസ്റ്റുകള്‍ ആവര്‍ത്തിച്ചു വായിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞതിങ്ങനെ- താണ ജാതിക്കാര്‍ എന്നു പറഞ്ഞോളൂ, ഭയമില്ല. ആരുടെയെങ്കിലും മകളെ കല്യാണം കഴിക്കാന്‍ ആവശ്യപ്പെടാന്‍ എനിക്ക് പുത്രന്‍മാരില്ല. ‍ഞാന്‍ രാമദാസനാണ്. മറ്റൊന്നുമാകാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഭക്ഷണത്തിനും നിദ്രയ്ക്കും ചിലപ്പോള്‍ ഞാന്‍ മുസ്‌ലിം പളളിയില്‍ പോകും. രാമഗാഥ പാടി ഉറങ്ങും. ഇതാണ് ഇന്ത്യയുടെ പൗരാണിക മതസൗഹൃദ ഭാവം. ഇതുതന്നെ ഗാന്ധിജിയും ആധുനിക കാലത്ത് ആവര്‍ത്തിച്ചു, രാമനും റഹീമും ഒന്നുതന്നെ, ഈശ്വര അള്ളാ തേരാനാം. സംഘപരിവാര ഫാസിസ്റ്റുകള്‍ തേരോട്ടം നടത്തി അമര്‍ച്ച ചെയ്യുന്നത് ഈ ദര്‍ശനങ്ങളെയാണ്. അതുവഴിയാണ് ഗോഡ്സേ പാര്‍ക്കുകള്‍ സൃഷ്ടിക്കുവാന്‍ ഒരുമ്പെടുന്നത്.

വാത്മീകിയുടെ രാമായണത്തിന് രാ-മായണം ഇരുട്ട് മായണം എന്നുകൂടി അര്‍ത്ഥമുണ്ട്. ഇന്ന് ഇന്ത്യയില്‍ ഇരുട്ട് നിറയ്ക്കുവാന്‍ പരിശ്രമിക്കുന്നവര്‍ രാമായണത്തെയും രാമനെയും അസ്ത്രങ്ങളാക്കുന്നുവെന്നതാണ് വിരോധാഭാസം.
എന്‍ ഇ ബാലറാം ‘അയോധ്യ തര്‍ക്കത്തിലെ സത്യവും മിഥ്യയും’ എന്ന ദീര്‍ഘ ലഘുലേഖയില്‍ ചരിത്രവസ്തുതകള്‍ ഉദ്ധരിച്ച് ഇങ്ങനെ രേഖപ്പെടുത്തി. ‘ശ്രീരാമനെക്കുറിച്ചോ, രാമജന്മഭൂമിയെക്കുറിച്ചോ, അയോധ്യയെക്കുറിച്ചോ ഒരു തര്‍ക്കം പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ഇന്ത്യയിലുണ്ടായിട്ടില്ല. തനി വര്‍ഗീയവാദികള്‍ എഴുതിയ ചരിത്രത്തിലും അത്തരമൊരു സംഭവം കാണുന്നില്ല. അപ്പോള്‍ പിന്നെ തര്‍ക്കം തുടങ്ങിയത് എന്നുമുതല്‍ക്കാണ്? തര്‍ക്കം ഉണ്ടാക്കിയവരാരാണ്? ഈ രണ്ട് ന്യായമായ സംശയങ്ങള്‍ക്ക് നാം ഉത്തരം കാണണം. ബാബര്‍ എന്ന മുഗള്‍ രാജാവ് വടക്കേ ഇന്ത്യ ഭരിക്കുന്ന കാലത്താണ് അയോധ്യയില്‍ ഒരു പള്ളി പണിതത്. ഉദ്ദേശം 464 കൊല്ലം മുമ്പേ ബാബറിന്റെ സൈന്യാധിപനായ മിര്‍ബക്കിയാണ് ഈ കൃത്യം നിര്‍വഹിച്ചത്. അക്കാലത്ത് അവിടെ നിവസിച്ചവരില്‍ ഭൂരിപക്ഷവും മുസ്‌ലിങ്ങളായിരുന്നു. നല്ലൊരു വിഭാഗം ഹിന്ദുക്കളും ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആരും പ്രസ്തുത പള്ളിയുടെ നിര്‍മ്മാണത്തെ എതിര്‍ക്കുകയോ, പ്രതിഷേധിക്കുകയോ ചെയ്തതായി യാതൊരു ചരിത്രകാരനും പറ‍ഞ്ഞിട്ടില്ല. ഇന്നുവരെ അതുസംബന്ധിച്ച ഒരു ചരിത്രരേഖയും കണ്ടുകിട്ടിയിട്ടുമില്ല. ആ ഭൂമിയിലാണ് സംഘപരിവാരം അതിക്രമിച്ചു കടന്ന് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ച് വര്‍ഗീയ മതതീവ്രവാദത്തിനു തുടക്കം കുറിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രു പറഞ്ഞു; അതിന്റെ കവാടങ്ങള്‍ താഴിട്ടു ബന്ധിച്ച് താക്കോല്‍ രാമന്‍ മുങ്ങിത്താണ സരയൂ നദിയുടെ ആഴങ്ങളില്‍ വലിച്ചെറിയൂ. പക്ഷെ, കോണ്‍ഗ്രസുകാര്‍ തന്നെ സംഘപരിവാര ശിലാന്യാസത്തിനായി ‘തര്‍ക്കഭൂമി’ തുറന്നുകൊടുത്തുവെന്നത് ചരിത്ര വൈചിത്ര്യം. ആസന്നമായിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വീണ്ടും രാമനെയും അയോധ്യയെയും ആയുധമാക്കുകയാണ് നരേന്ദ്രമോഡിയും അമിത് ഷായും സംഘകുടുംബവും.


ഇതുകൂടി വായിക്കാം; അയോധ്യ വിവാദം: പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇരുതട്ടിലായി കോണ്‍ഗ്രസ്, പക്ഷംചേര്‍ന്ന് ബിജെപിയും


 

ജനാധിപത്യ – ഭരണഘടനാ ധ്വംസനങ്ങള്‍ അനവരതം അരങ്ങേറുന്ന മോഡി ഏകാധിപത്യ ഭരണകൂടം, നിയമ നീതിന്യായ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതിനൊപ്പം ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍മാരെയും തങ്ങളുടെ കാല്ക്കീഴിലാക്കുന്നു. ബിജെപി നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ഏതു വഴിവിട്ട നിലപാടുകളെയും തീരുമാനങ്ങളെയും അവര്‍ കൊട്ടിഘോഷിക്കുകയും ഓശാന പാടുകയും ചെയ്യും. മറ്റു ഗവണ്‍മെന്റുകളുടെ മേല്‍ നിരന്തരം കുതിരകയറുകയും ഭരണസംവിധാനത്തെ തടസപ്പെടുത്തുകയും ചെയ്യും. പശ്ചിമബംഗാളില്‍ ഭീഷണിസ്വരമുയര്‍ത്തുന്ന ഗവര്‍ണറെയും ദില്ലിയില്‍ അധികാരം കവര്‍ന്നെടുക്കുവാന്‍ ശ്രമിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണറെയും മഹാരാഷ്ട്രയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഗവര്‍ണറെയും നാം കണ്ടു. കേരളാ ഗവര്‍ണര്‍, ബഹുവിധ പാര്‍ട്ടികളിലൂടെ സഞ്ചരിച്ച ആരിഫ് മുഹമ്മദ്ഖാനും, ബിജെപിയുടെ കോടാലിയായി മാറുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. മലര്‍ന്നുകിടന്നു തുപ്പുകയാണ് അദ്ദേഹം. താന്‍ കയ്യൊപ്പ് ചാര്‍ത്തിയ കണ്ണൂര്‍ വി സി നിയമനത്തെ അദ്ദേഹം തള്ളിപ്പറയുമ്പോള്‍ സ്വന്തം വ്യക്തിത്വത്തെ, കയ്യൊപ്പിനെ, സ്വയം അവഹേളിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കേസു നടത്തുവാന്‍ പോകുന്ന ലജ്ജാകരമായ അവസ്ഥയില്‍ പോലും അദ്ദേഹം തലകുത്തി വീണു. സമ്മര്‍ദത്തിനു വഴങ്ങി ഒപ്പുവച്ചു എന്നു പറഞ്ഞതിലൂടെ താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് സ്വയം സമ്മതിക്കുകയാണെന്ന വിവേകബുദ്ധിയെങ്കിലും ആരിഫ് മുഹമ്മദ് ഖാനുണ്ടാകേണ്ടതാണ്.
ഐക്യകേരള പിറവിക്കു ശേഷം കേരളത്തില്‍ 24 ഗവര്‍ണര്‍മാരുണ്ടായി. 1956 ല്‍ ബി രാമകൃഷ്ണറാവു മുതല്‍ 2019ല്‍ ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ വരെയുള്ളവര്‍. ബി രാമകൃഷ്ണറാവു ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതിലൂടെ കറുത്ത പാടുകള്‍ എടുത്തണിഞ്ഞു. പില്ക്കാലത്തു വന്ന ഒരു ഗവര്‍ണറും സൃഷ്ടിക്കാത്ത ദുഷ്‌പേരാണ് സംഘപരിവാര സമ്മര്‍ദത്താല്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വയം എടുത്തണിയുന്നത്.
വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കുവാനും ഗോഡ്സെ നഗറുകള്‍ വ്യാപിപ്പിക്കുവാനും ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ പദവികളെ കീഴ്പ്പെടുത്തുമ്പോഴും കുരീപ്പുഴയുടെ ഈ വരികള്‍കൂടി പ്രസക്തമാവുകയാണ്.
‘പങ്ക പറഞ്ഞു-
മൃഗങ്ങളേക്കാള്‍ ദുഷ്ട-
ജന്തുക്കളെ കണ്ടു ചുറ്റുകയാണു ഞാന്‍.
ഓരോ തെരുവും അരാജകപ്പേമാരി-
തോരാതെ പെയ്യും ചതുപ്പ്
ഭവനങ്ങള്‍ നീരാളി വാഴും കടല്‍പ്പൊയ്ക
പാതകള്‍ പ്രേതവിരിപ്പ്
അഴുക്കുചാല്‍ ജീവിതം’

Exit mobile version