അഗ്നി സുരക്ഷാ പരിശോധനകളും അഗ്നിശമന വകുപ്പിന്റെ ശാക്തീകരണവും അനിവാര്യമാണ്. ഇതിനു വേണ്ടിവരുന്ന തുക പഞ്ചായത്തു ഫണ്ടിൽ വകയിരുത്താൻ കഴിയും. ബഹുനിലക്കെട്ടിടങ്ങൾക്കും വലിയ കെട്ടിടങ്ങൾക്കും വസ്തുനികുതിക്കു പുറമെ ഒരു ഫയർ ടാക്‌സ് (നിലവിലുള്ള വസ്തു നികുതിയുടെ ഒരു ശതമാനമെങ്കിലും) ഏർപ്പെടുത്തിയാൽ വരുമാനത്തിന് മറ്റൊരു വഴിയായി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അഗ്നിസുരക്ഷയിൽ പരിശീലനം നിര്‍ബന്ധമാക്കി അതിനൊരു ഫീസും നിശ്ചയിച്ചാൽ ഫണ്ടിനും സുരക്ഷയ്ക്കും മാർഗമാവും. കെട്ടിടത്തിന്റെ പ്ലാനുകൾ പരിശോധിക്കുമ്പോൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടോ എന്ന് നോക്കുന്നതിനു അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കാം. അതിനൊരു ഫീസും ഏർപ്പെടുത്താം. ഉപയോഗശൂന്യമായ ഉപകരണങ്ങൾ, സ്റ്റോർ ഐറ്റംസ് തുടങ്ങിയവ വിറ്റും പൈസ ഉണ്ടാക്കാം.
അഗ്നിശമന വകുപ്പിന്റെ ദുര്യോഗം
ആധുനിക ഉപകരണങ്ങളും പ്രത്യേക പരിശീലനവും നൽകാൻ ദുരന്ത നിവാരണത്തിൽ വകയിരുത്തിയിട്ടുള്ള തുക പൊലീസ് സേനയുടെ കംപ്യൂട്ടറൈസേഷനും ആധുനികവൽക്കരണത്തിനും ചെലവാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പൊലീസിന്റെ മുഖ്യ ജോലി നിയമപരിപാലനമാണ്.
അഗ്നിശമന വകുപ്പിലെ സേനാംഗങ്ങളാകട്ടെ നിത്യേനയെന്നോണം ഇത്തരം അപകട സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആളുകളാണ്. അതുകൊണ്ടുതന്നെ, ദുരന്ത രക്ഷാപ്രവർത്തനത്തിൽ പൊലീസ് സേനയെ സജ്ജമാക്കുന്നതിലും പ്രയോജനപ്രദമാണ് അഗ്നിസേനയെ ശാക്തീകരിക്കുക എന്നത്.
വണ്ടിയുണ്ട്, ഓടിക്കാൻ ആളില്ല
അഗ്നിശമന സേനയിൽ 50ലധികം അത്യാധുനിക വാഹനങ്ങളും 2500ലധികം ആധുനിക ജീവൻരക്ഷാ ഉപകരണങ്ങളും നൂറോളം ബോട്ടുകളും ഉണ്ടെങ്കിലും ഇതിൽ മുന്നൂറോളം വാഹനങ്ങളുടെ സേവനമേ പൊതുജനത്തിന് ലഭിക്കുന്നുള്ളൂ. ബാക്കിവരുന്ന 550ഓളം വാഹനങ്ങൾ ആർക്കും പ്രയോജനപ്പെടാതെ, വർഷാവർഷം പണം ചെലവാക്കി അറ്റകുറ്റപ്പണി നടത്തി നിലയങ്ങളിൽ സംരക്ഷിക്കുകയാണ്. ഇതിന് കാരണം ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ എന്ന തസ്തികയിലെ ആളുകളുടെ കുറവാണ്. നിലവിൽ ഈ തസ്തികയിൽ ഉള്ളവർക്ക് മാത്രമേ വണ്ടി ഓടിക്കാൻ അനുമതിയുള്ളൂ. ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഒരു ഫയർ സ്റ്റേഷനിൽ അഞ്ചിൽ കൂടുതൽ വാഹനങ്ങൾ ഉള്ളപ്പോഴും ഒന്നോ രണ്ടോ പേർ മാത്രമേ വാഹനമോടിക്കാൻ ഉള്ളൂ എന്ന സ്ഥിതിയാണ്. ഉദാഹരണമായി കഞ്ചിക്കോട് ആറ് വാഹനം ഉണ്ട് ഒരു ഡ്രൈവറെ ഉള്ളൂ.
കോങ്ങാട്, കൊല്ലംകോട് എന്നിവിടങ്ങളിൽ നാല് വാഹനം വീതം ഉണ്ട് പക്ഷേ ഡ്രൈവർ ഒന്നേയുള്ളൂ. ആലത്തൂരിലും മണ്ണാർക്കാടിലും അഞ്ച് വാഹനം വീതമുണ്ട്. പക്ഷേ അവിടെയും ഡ്രൈവർ ഒന്ന് മാത്രമേ ഉള്ളൂ എന്നും, പല ജില്ലകളിലും ഇത് തന്നെയാണ് സ്ഥിതി എന്നുമൊക്കെ വാർത്തകളായിട്ടുണ്ട്. മാത്രമല്ല നാല് മണിക്കൂർ ഡ്യൂട്ടി ആണ് ഫയർ സർവീസ് ഡിസിപി ജീവനക്കാർക്ക് ഉള്ളത്. 24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ ഇവർക്ക് വിശ്രമിക്കാനുള്ള അനുവാദമുണ്ട്. ഇതിനുപുറമേ ലീവും കൂടിയാകുമ്പോൾ ഫലത്തിൽ ഡ്യൂട്ടിയിൽ 300 പേരുടെ സേവനമേ ലഭിക്കുന്നുള്ളൂ. ഒരേ സമയം ഒന്നിലധികം അപകടമോ തീപിടിത്തമോ സംഭവിച്ചാൽ ഒരു വാഹനം മാത്രമേ എത്തിക്കാൻ കഴിയൂ എന്നർത്ഥം. മറ്റുള്ള സംസ്ഥാനങ്ങളിൽ ഉദാഹരണമായി തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ എല്ലാ ജീവനക്കാരും വാഹനങ്ങൾ പ്രവർത്തിപ്പിക്കാനും ഓടിക്കാനും അറിഞ്ഞിരിക്കണം എന്ന് നിബന്ധനയുണ്ട്.
ഇതുംകൂടി വായിക്കാം; പെരുകുന്ന തീ; ചെയ്യാനേറെ
ഒരു അപകടം നടന്നുകഴിഞ്ഞാൽ, ഡ്രൈവർ ഇല്ല എന്ന കാരണംകൊണ്ട് രക്ഷാപ്രവർത്തനം വൈകരുത് എന്നാണതിന്റെ താൽപ്പര്യം. ഇവിടെയും ഡ്രൈവർ വിഭാഗത്തിന് പുറമേ, ജീപ്പും മോട്ടോർസൈക്കിൾ വിത്ത് വാട്ടർ മിസ്റ്റ്, മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, റെസ്പോൺസ് വെഹിക്കിൾ, സ്‌കൂബാ വാൻ തുടങ്ങി വകുപ്പിന്റെ കീഴിലുള്ള എല്ലാ വാഹനങ്ങളും ഓടിക്കാൻ അംഗീകൃത ലൈസൻസ് ഉള്ള എക്സിക്യൂട്ടീവ് ഓഫീസർമാർക്കും അനുമതി നൽകിക്കൊണ്ട് 2021 മാർച്ച് മാസം പതിനാറാം തീയതി അഗ്നിശമനസേനയുടെ മേധാവി ഒരു ഉത്തരവ് ഇറക്കി. പക്ഷെ, ഇപ്രകാരം വണ്ടി ഓടിക്കാൻ “താൽപ്പര്യം ഉള്ള” എക്സിക്യൂട്ടീവ് ഓഫീസർമാരുടെ പേരു വിവരം, അതാതു ജില്ലാ ഫയർ ഓഫീസർമാർ ശേഖരിച്ചു ഉത്തരവിനായി അയച്ചുകൊടുക്കണമെന്ന് അവസാനമൊരു വാചകവും കൂടി ചേർത്തു. ഒരു അധികജോലി കൂടി തലയിലെടുത്തുവയ്ക്കാൻ “താൽപ്പര്യം” ഉള്ള സർക്കാർ ഉദ്യോഗസ്ഥന്മാർ ഉണ്ടാവുന്നത് വിരളമായതിനാൽ, ആ ഉത്തരവ് സ്വയം മരണപ്പെടുകയാണുണ്ടായത്. പുതുതായി സർവീസിൽ എടുക്കുന്ന ആളുകൾക്ക് ഹെവി ഡ്രൈവിങ് ലൈസൻസ് കൂടി യോഗ്യതയിൽ ഉൾപ്പെടുത്തി, എല്ലാവരും അത്യാവശ്യഘട്ടങ്ങളിൽ ഫയർഎൻജിൻ അടക്കമുള്ള എമർജൻസി വാഹനങ്ങളും കൂടി ഓടിക്കാൻ തയ്യാറാവണമെന്നു നിബന്ധന വച്ചാൽ പ്രശ്നപരിഹാരമാവും.
ജോലി ചെയ്താൽ ശിക്ഷ കിട്ടുന്ന സ്ഥിതി
ഉൾനാടൻ ജലഗതാഗത ചട്ടം പ്രകാരം എൻജിൻ ഘടിപ്പിച്ച റബ്ബർ ഡിങ്കി ഉൾപ്പെടെ യന്ത്രവൽകൃത ജലയാനങ്ങൾ ഓടിക്കുവാൻ ലൈസൻസ് ആവശ്യമാണ്. പക്ഷെ, പല അപകട സമയത്തും ഈ ലൈസൻസ് ഇല്ലാത്ത അഗ്നിരക്ഷാ ജീവനക്കാർക്ക് 25 എച്ച്പി യമഹ എൻജിൻ ഫിറ്റ് ചെയ്ത ജലയാനങ്ങൾ ഓടിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇങ്ങനെ ലൈസൻസില്ലാതെ ഓടിക്കുന്നത് ശിക്ഷാർഹമാണ് എന്നും ഓടിച്ച് അപകടമുണ്ടാക്കി മറ്റു വസ്തുക്കൾക്ക് നാശനഷ്ടമോ മറ്റൊരാൾക്ക് മരണമോ സംഭവിച്ചാൽ ആ ജലയാനം ഓടിച്ച ആൾക്ക് എതിരെ കെഐവി റൂൾ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്നും നീണ്ടകരയിലെ വിവരാവകാശ ഓഫീസർ 30.12.2019 ന് ഔദ്യോഗികമായി നല്‍കിയ മറുപടി ഇത്തരത്തിൽ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക് ഒരു ഭീഷണിയായി ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്.
ഒരു മാറ്റവുമില്ലാതെ…
ജീവനക്കാർക്ക് പ്രമോഷൻ സാധ്യതകൾ ഇല്ല എന്നുള്ളതും വലിയൊരു പോരായ്മയാണ്. ഫയർ ആന്റ് സേഫ്റ്റി ഓഫീസർ (ഡ്രൈവർ) തസ്തികയിൽ, പ്രൊമോഷൻ ഇല്ലാതെ 26 വർഷമായി ജോലി ചെയ്തുവരുന്ന ആളുകളെ എനിക്ക് നേരിട്ടറിയാം. പൊലീസിന് അർഹതപ്പെട്ട പ്രമോഷനുകൾ കുറേക്കൂടെ കാര്യക്ഷമമായി നടക്കുന്നുണ്ട്. 2001ലെ വനിതാ ബാച്ച് പൊലീസുകാർക്ക് എസ്ഐമാരായി സ്ഥാനക്കയറ്റം ലഭിച്ചത് ഈയിടെയാണ്.
വേണ്ടേ അവരുടെയും ജീവനൊരു പരിരക്ഷ ?
ഭരണഘടനയുടെ ഇരുന്നൂറ്റി നാല്പത്തിമൂന്നാം ആർട്ടിക്കിൾ പന്ത്രണ്ടാം ഷെഡ്യൂളിന്റെ കീഴിലാണ് അഗ്നിശമന സേവനങ്ങൾ വരുന്നത്. തീപിടിത്തങ്ങൾ മാത്രമല്ല, കെട്ടിടം തകരൽ, റോഡപകടങ്ങൾ, കിണറിൽ കുടുങ്ങുന്നവരെയും മരത്തിന് മുകളിൽപ്പെട്ട് പോകുന്നവരെയുമുൾപ്പെടെ അപായങ്ങളിൽ നിന്നും രക്ഷപ്പെടുത്തുക തുടങ്ങി വിവിധങ്ങളായ അത്യാഹിത സാഹചര്യങ്ങളിലും മെഡിക്കൽ എമർജൻസി, വിഐപി സുരക്ഷാ തുടങ്ങി പല സ്പെഷ്യൽ ഡ്യൂട്ടികളിലും അഗ്നിശമന വകുപ്പ് ഏർപ്പെടാറുണ്ട്. ഇതിനൊക്കെപ്പുറമെ, അതാത് പ്രദേശങ്ങളിലുള്ള തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വ്യവസായ ശാലകൾ, എണ്ണ‑പ്രകൃതി വാതക യൂണിറ്റുകൾ, തുടങ്ങി പല സ്ഥാപനങ്ങളിലും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പ്രാദേശിക തലത്തിൽ സഹായം എത്തിക്കാനും അവർക്ക് ബാധ്യതയുണ്ട്. നിത്യേന അപകടങ്ങൾ കൈകാര്യം ചെയ്യുന്ന അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർക്ക് മറ്റുള്ള സർക്കാർ ഉദ്യോഗസ്ഥരെപ്പോലെയുള്ള ഇൻഷുറൻസ് കവറേജ് മാത്രമേ ഉള്ളൂ എന്നത് ക്രൂരമാണ്. അവർക്ക് ഒരു ‘ഡബിൾ ഇൻഷുറൻസ്’ തീർച്ചയായും ഏർപ്പെടുത്തണം. ഉയരുന്ന അന്തരീക്ഷ താപനിലയും കുറഞ്ഞു വരുന്ന ഈർപ്പവും ലോകമെമ്പാടുമുള്ള നഗരങ്ങളിൽ തീപിടിത്ത സാധ്യതകൾ വല്ലാതെ വർധിപ്പിച്ചിരിക്കുന്നു. ആ വകുപ്പിനെ ശക്തിപ്പെടുത്തുന്നത് ഇനിയും വൈകിക്കാതിരിക്കുകയാണ് ബുദ്ധി.
(അവസാനിച്ചു)