27 April 2024, Saturday

പെരുകുന്ന തീ; ചെയ്യാനേറെ

ഡോ.കെ ജി താര
ഭൂമിക
January 21, 2022 7:00 am

മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം ഉണ്ടായി. തിരുവനന്തപുരം നഗരത്തിലെ പിആർഎസ് ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയിലും തീയുണ്ടായി. അവിടെയും ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. സെപ്‌റ്റംബറില്‍ കോഴിക്കോട്ടെ മിഠായി തെരുവിൽ തീ അണയ്ക്കാൻ അഞ്ച് യൂണിറ്റ് അഗ്നിശമന വാഹനങ്ങൾ പാടുപെട്ടെങ്കിലും മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു പോയി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ‑ലെ റിപ്പോർട്ട് പ്രകാരം ബിസിനസ് പ്രവർത്തനങ്ങൾക്ക് ഏറ്റവും ഭീഷണിയുയർത്തുന്ന ദുരന്തങ്ങളിൽ മൂന്നാം സ്ഥാനമാണ് തീപിടിത്തത്തിനുള്ളത്. അന്തരീക്ഷത്തിലെ ചൂട് കൂടിവരുന്നതും വർധിച്ചുവരുന്ന ഇടിമിന്നലുകളും തീപിടിത്തങ്ങളുടെ സാധ്യത വളരെയേറെ കൂടിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ 70 ശതമാനത്തോളം ആളുകളും നഗരങ്ങളിൽ ആയിരിക്കും. സംസ്ഥാനങ്ങളിൽ, അറുപത്തിരണ്ടു ശതമാനവുമായി ഗോവയാണ് മുൻപിൽ കേരളത്തിൽ കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ സംഭവിച്ച ഇരട്ടിയോളം വളർച്ച എടുത്തു പറയേണ്ട വിശേഷമാണ്. നഗരങ്ങൾ വളർന്നതിനോടൊപ്പം പരിസ്ഥിതി പ്രശ്നങ്ങളും ദുരന്തങ്ങളും പ്രത്യേകിച്ച് തീപിടിത്ത സാധ്യതകളും വളർന്നുകൊണ്ടേയിരിക്കുന്നു.
ജർമ്മനിയിൽ നഗരങ്ങളിൽ അഗ്നിബാധയുണ്ടായാൽ എട്ടു മുതൽ 15 മിനിറ്റുകൾക്കകം അഗ്നിശമന വാഹനങ്ങൾ അവിടെ എത്തും. ജപ്പാനിൽ ഇത് അഞ്ചു മുതൽ 10 മിനിറ്റ് മാത്രമാണ്. അമേരിക്കയിൽ, സമയം പിന്നെയും കുറവാണ്; 3 ‑4 മിനിറ്റ് മുതൽ എട്ട് മിനിറ്റു മാത്രമാണ്. ഇന്ത്യൻ സാഹചര്യത്തിൽ, ശുപാർശ ചെയ്യപ്പെടുന്നത് നഗരങ്ങളിൽ അഞ്ച് മുതൽ ഏഴു മിനിറ്റ് വരെയും ഗ്രാമങ്ങളിൽ 20 മിനിറ്റ് വരെയുമാണ്. എന്നാൽ, ഫലത്തിൽ, ഇതിന്റെ പലമടങ്ങു സമയമാണ് എടുക്കുന്നത്. ഫയർ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നതാണ് ഒരു പരിഹാരം. ഒരു അഗ്നിദുരന്ത സാധ്യതാ പഠനവും ഓരോ സംസ്ഥാനത്തിന്റെയും അഗ്നിശമന ഡിപ്പാർട്ട്മെന്റിന്റെ കാര്യക്ഷമത വിശകലനം ചെയ്യുന്ന റിപ്പോർട്ടും 2012 ‑ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയതിൽ പറയുന്നത്, കേരളത്തിലെ ഫയർ സ്റ്റേഷനുകളുടെ എണ്ണം, ആവശ്യമായതിനേക്കാൾ 56 ശതമാനം കുറവാണ് എന്നാണ്. വാഹനങ്ങളുടെ എണ്ണം വേണ്ടതിനേക്കാൾ 68 ശതമാനം കുറവും, ആധുനിക ഉപകരണങ്ങളുടെ കുറവ് 94 ശതമാനവുമാണ്. കേരളത്തിൽ നിലവിലുള്ളത് 24 മണിക്കൂർ ഡ്യൂട്ടി പാറ്റേൺ ആണ്. ഡബിൾ ഷിഫ്റ്റ് ഡ്യൂട്ടി പാറ്റേൺ പ്രകാരം, സംസ്ഥാനത്തെ അഗ്നിശമന ഡിപ്പാർട്ട്മെന്റിൽ വേണ്ട ജീവനക്കാരുടെ എണ്ണമാകട്ടെ ആവശ്യമായതിനേക്കാൾ 86 ശതാനം കുറവാണ്.

 


ഇതുംകൂടി വായിക്കാം; ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോഴും തൊഴിലില്ലായ്മ വര്‍ധിക്കുന്നു


 

ഇന്ത്യയിലെ അഗ്നിശമന വിഭാഗത്തിനെ ശക്തിപ്പെടുത്താൻ 2009‑ൽ 200 കോടി രൂപയുടെ ഒരു പദ്ധതിയും കേന്ദ്രം വിഭാവന ചെയ്തു. സംസ്ഥാന സർക്കാരുകൾ 40 കോടിയും നൽകി. ഈ പദ്ധതിയുടെ മുഖ്യ ഉദ്ദേശം അഗ്നിശമന ഡിപ്പാർട്ട്മെന്റിനെ വിവിധ ദുരന്തങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജരാക്കുക എന്നതായിരുന്നു. പക്ഷെ, ഗുണനിലവാരമുള്ള യൂണിഫോം, തീയുടെ ചൂടിൽ നിന്നും രക്ഷപ്പെടാൻ എല്ലാ അഗ്നിശമന സേനാംഗങ്ങൾക്കും പ്രത്യേക സുരക്ഷാ ഉടുപ്പ് (പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) കിറ്റുകൾ), ഫയർ എൻജിനുകളും അതിലെ ഉപകരണങ്ങളും പ്രവർത്തനക്ഷമമായി സൂക്ഷിക്കാൻ അറ്റകുറ്റപ്പണിക്കായുള്ള വാർഷിക അലവൻസ്, പെട്രോൾ, ഡീസൽ, ലൂബ്രിക്കന്റ് എന്നിവയ്ക്കുള്ള തുക, ഫയർ സ്റ്റേഷനുകൾ അറ്റകുറ്റ പണി നടത്തി സൂക്ഷിക്കുന്നതിന് വേണ്ട വാർഷിക തുക, വിദഗ്ധ പരിശീലനത്തിനായുള്ള തുക എന്നിങ്ങനെ 10 വര്‍ഷത്തേക്ക് എകദേശം 10,760 കോടി രൂപയെങ്കിലും കേരളത്തിലെ അഗ്നിശമന ഡിപ്പാർട്ട്മെന്റിന് വേണ്ടിവരുമെന്ന വിദഗ്ധ സമിതിയുടെ പഠനം ഉള്ളപ്പോഴാണ്‌ ഇന്ത്യയൊട്ടാകെ 200 കോടി കൊടുക്കാൻ ആലോചിച്ചത്. ഒരിക്കലോ മറ്റോ നൂറോ, ഇരുന്നൂറോ കോടി രൂപ കേരളത്തിലെ അഗ്നിശമന ഡിപ്പാർട്ട്മെന്റിന് ദുരന്ത നിവാരണ ഉപകരണങ്ങൾ വാങ്ങുന്നതിനും പരിശീലനത്തിനുമായി കിട്ടി എന്നതൊഴിച്ചാൽ കാര്യമായ ഒരു സഹായവും ഈ സേനയ്ക്ക് കിട്ടിയിട്ടില്ല എന്നാണറിവ്.

ചൂണ്ടിക്കാണിക്കാം പക്ഷെ, നടപടി എടുക്കാനാവില്ല
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബഹുനില കെട്ടിടങ്ങളുടെ എണ്ണം ഒരുപാട് വർധിച്ചു. ഇവയിൽ ഏറിയ പങ്കും അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കെട്ടിയുയർത്തിയതാണ്. ലോക നഗരങ്ങളിലെ തീപിടിത്തങ്ങളിൽ 21.9 ശതമാനവും നിർമ്മിതിയിലെ പിഴവുകൾ മൂലമാണെന്ന് സെന്റർ ഓഫ് ഫയർ സ്റ്റാറ്റിസ്റ്റിക്സ് (2019) പറയുന്നുണ്ട്. ഇന്ത്യയിലെ ദേശീയ കെട്ടിട നിർമ്മാണ ചട്ടത്തിൽ കെട്ടിടങ്ങളിലെ അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റി പറയുന്നുണ്ട്. പക്ഷെ, നിർമ്മാണ സമയത്ത് അഗ്നിശമന സുരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കാറില്ല. നിലവിൽ ഉള്ള കെട്ടിടങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണിയും ശ്രദ്ധിക്കാറില്ല. തീപിടിത്തം പ്രതിരോധിക്കേണ്ടതും സുരക്ഷയൊരുക്കേണ്ടതും അതതു സംസ്ഥാന സർക്കാരുകളാണ്. നിരവധി ബഹുനിലക്കെട്ടിടങ്ങൾ ഉള്ള കൊച്ചിയിൽ ഫയർ എക്സ്റ്റിങ്ങുഷറുകളോ, രക്ഷാ മാർഗങ്ങളോ, പ്രഷർ പമ്പുകളോ, വെള്ളം ഭൂമിക്കടിയിൽ ശേഖരിക്കാനുള്ള സൗകര്യങ്ങളോ പല കെട്ടിടങ്ങൾക്കും ഇല്ല. കൊച്ചിയിൽ 2021 ഏപ്രിൽ മാസം ഇലക്ട്രിക്കൽ ‑ഇലക്ട്രോണിക്സ് ഗോഡൗൺ കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ കെട്ടിടത്തിന്റെ ഒരു വശത്തുകൂടി മാത്രമേ അഗ്നിശമന യൂണിറ്റുകൾക്ക് പ്രവേശിക്കുവാൻ സൗകര്യം ഉണ്ടായിരുന്നുള്ളൂ. തീ പിടിത്തമുണ്ടായാൽ മറ്റു മൂന്നു വശങ്ങളിലൂടെയും അഗ്നിശമന സേനയ്ക്കു പ്രവേശിക്കാൻ സൗകര്യം വേണമെന്ന നിബന്ധനയാണ് ഇവിടെ ലംഘിക്കപ്പെട്ടത്.
ദേശീയ കെട്ടിട നിർമ്മാണ കോഡിൽ പറയുന്ന സുരക്ഷാ നിബന്ധനകൾ തന്നെയാണ് കേരളം മുനിസിപ്പാലിറ്റി ബിൽഡിങ് റെഗുലേഷനിലും. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനുള്ള എൻഫോഴ്‌സിങ് ഏജൻസിയായി അഗ്നിശമന ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്തിയാൽ ഒരു പരിധിവരെ നിയമലംഘനങ്ങൾ കുറയ്ക്കാൻ പറ്റും. നിലവിൽ, ഈ നിയമങ്ങൾ നടപ്പിലാക്കാനുള്ള ബാധ്യത ഒരു ഏജൻസിയ്ക്കും നൽകിയിട്ടില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കാനുള്ള അനുവാദം മാത്രമേ നൽകിയിട്ടുള്ളൂ.

നമുക്കും വേണ്ടേ ഒരു ബോധവല്ക്കരണം
തീപിടിത്തത്തിന് പ്രധാന കാരണമാകുന്നത് ഗുണമേന്മയില്ലാത്ത ഇലക്ട്രിക്ക് ഉപകരണങ്ങൾ, ദുർബ്ബലമായ വയറിങ്, ഷോർട്ട് സർക്യൂട്ട് എന്നിവയാണ്. പാചക വാതകം, പെ­ട്രോൾ, ഡീസൽ എന്നിവ ലീക്ക്‌ ചെയ്യുന്നതും തീ ഉണ്ടാക്കും. പാചകസമയത്തെ അശ്രദ്ധ കൊണ്ടും തീയുണ്ടാകാം. സിഗരറ്റു കുറ്റി അശ്രദ്ധമായി ഇടുന്നതും, ഇലക്ട്രിക്ക് ഉപകരണങ്ങളുടെ സ്വിച്ചു് ഒരുപാട് നേരം ഓണാക്കിയിടുന്നതു മൂലം അവ ആവശ്യത്തിൽ കൂടുതൽ ചൂടാകുന്നതും അപകടം ക്ഷണിച്ചു വരുതാറുണ്ട്. ഇലക്ട്രിക്ക് ഉപകരണങ്ങളും, വ്യവസായ ശാലകളിൽ തീ പിടിക്കാൻ സാധ്യതയുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിക്കാൻ അറിയാത്തതും, ശരിയായ നടപടിക്രമങ്ങൾ പാലിക്കാതിരിക്കുന്നതും തീ ഉണ്ടാക്കും. ഫർണീച്ചറും, മതിലുകളും മോടിപിടിപ്പിക്കാൻ ഉപയോഗിക്കുന്ന വാർണിഷ്, പെയിന്റ് എന്നിവയൊക്കെ എളുപ്പത്തിൽ തീപിടിക്കാൻ ഇടയുള്ള സാധനങ്ങളാണ്.

സർക്കാറിനു ചെയ്യാനാവുന്നത്
വീടുകളിൽ, പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ, അത്യാവശ്യം വേണ്ട അഗ്നിശമന സംവിധാനങ്ങളെപ്പറ്റി പൊതുജനങ്ങൾക്ക് ബോധവല്ക്കരണ പദ്ധതിയിടണം. ബഹുനിലക്കെട്ടിടങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വയ്ക്കാനും, ഇല്ലെങ്കിൽ കനത്ത പിഴ ഒടുക്കാനും വ്യവസ്ഥ വേണം. തീപിടിത്തമുണ്ടായാൽ ആരൊക്കെ എന്തൊക്കെ ചെയ്തിരിക്കണം എന്നത് വർഷത്തിൽ രണ്ടു പ്രാവശ്യം എങ്കിലും മോക്ക് ഡ്രിൽ നടത്തി അതാത് ജില്ലാ അഗ്നിശമന ഓഫീസിൽ റിപ്പോർട്ട് ചെയ്യണം എന്നതും നിർബന്ധമാക്കാം. വെള്ളം ചീറ്റി ഒഴിക്കാനുള്ള സ് സ്പ്രിങ്‌ലറുകൾ, മറ്റു അഗ്നിശമന ഉപകരണങ്ങൾ എന്നിവ ഉപയോഗക്ഷമമായി സൂക്ഷിക്കുന്ന ചുമതല, അതാതു കെട്ടിടങ്ങളുടെ ഉടമസ്ഥർക്കോ, താമസക്കാർക്കോ ആയിരിക്കണം എന്ന നിബന്ധന കൊണ്ട് വരുന്നതും നല്ലതാണ്.

ഒരു ഫയർ ഓഡിറ്റിങ് ആവാം
ഏറ്റവും അത്യാവശ്യം, ഓരോ ജില്ലയിലേയും തീപിടിത്ത സാധ്യതകൾ കണ്ടെത്തുക എന്നതാണ്. പൊതുജനങ്ങൾ നിരന്തരം സന്ദർശിക്കുന്ന പൊലീസ് സ്റ്റേഷനുകൾ, കളക്ടറേറ്റുകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, സിനിമാ ശാലകൾ, തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഇടങ്ങളിലും റാപ്പിഡ് വിഷ്വൽ സ്ക്രീനിങ് പ്രകാരം ഈ സർവേ നടത്താവുന്നതേയുള്ളൂ. ഉദാഹരണമായി, അഗ്നിശമനവാഹനങ്ങൾക്കു കടന്നുവരാനുള്ള ഒമ്പത് മീറ്റര്‍ വീതം സ്ഥലം വലിയ കെട്ടിടങ്ങൾക്കു ചുറ്റിലും ഉണ്ടോ, ദുരന്തമുണ്ടായാൽ രക്ഷപ്പെടുന്നത് ഏതു വഴികളിൽക്കൂടി വേണമെന്നതു മുൻകൂട്ടി അടയാളപ്പെടുത്തിയിട്ടുണ്ടോ, പുകയോ, തീയോ ഉണ്ടായാൽ അലാറമോ മറ്റു സൂചനകളോ തരാനുള്ള ഉപകരണങ്ങൾ ഉണ്ടോ, ഉണ്ടെങ്കിൽ അവ പ്രവർത്തനക്ഷമം ആണോ, കെട്ടിടങ്ങളുടെ പഴക്കം എത്രയാണ്, മെയിൻ റോഡിൽ നിന്നുള്ള അകലം കൂടുതലാണോ, ഇലക്ട്രിക്കൽ വയറിങ്ങുകൾക്ക് ഇൻസുലേഷൻ ഉണ്ടോ, തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അവിടെ ശേഖരിച്ച് വച്ചിട്ടുണ്ടോ തുടങ്ങി എഴുതിത്തയാറാക്കിയ ചോദ്യ പട്ടികയുടെ സഹായത്തോടെ ഈ സർവേ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതേയുള്ളൂ.
പത്ത് ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളിൽ, അവരുടെ അധികാര പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ ഒരു അഗ്നിദുരന്ത പ്രതികരണ‑നിവാരണ പ്ലാൻ തയാറാക്കണം. സർക്കാർ ഓഫീസുകളിള്‍, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലും ചെറുതും വലുതുമായ വ്യാപാര ‑വ്യവസായ സ്ഥാപനങ്ങൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, സിനിമ തിയേറ്ററുകൾ എന്നിവിടങ്ങളിൽ വർഷത്തിൽ ഒന്ന് എന്ന കണക്കിൽ ഒരു ഫയർ ഓഡിറ്റിങ് നിർബന്ധമായും നടത്തണം.
അഗ്നിശമന സുരക്ഷാ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ, കെട്ടിട നിർമ്മാണം നിബന്ധനകൾക്കനുസൃതമാണോ, തീ പിടിക്കാനുള്ള സാധ്യതകൾ, എന്തിനെയൊക്കെ ബാധിക്കാം, ബാധിച്ചാൽ ആഘാതം എത്രയായിരിക്കും (ഹസാർഡ്, വൾനറബിലിറ്റി, റിസ്‌ക്) എന്നിവയെല്ലാം ഈ ഓഡിറ്റിങ്ങിൽ വ്യക്തമാവും. ഇനി അതുമല്ലെങ്കിൽ, സാറ്റലൈറ്റുകളുടെ സഹായത്തോടെ ലൈറ്റ് ഡിറ്റക്ഷൻ ആന്റ് റേഞ്ചിങ് ടെക്‌നോളജി (ലിഡാര്‍) ഉപയോഗിച്ച്, കെട്ടിടങ്ങൾക്ക് ചുറ്റിലും അഗ്നിശമന വാഹനങ്ങൾ കയറിവരുന്നതിനുള്ള ഒമ്പതു മീറ്റർ സ്ഥല വിസ്തൃതി ഉണ്ടോ എന്നും ഫയർ എക്സിറ്റുകൾ എന്നിവ ഉണ്ടോ എന്നും കണ്ടുപിടിക്കാവുന്നതേയുള്ളൂ. 2016ലെ ദേശീയ കെട്ടിട നിർമ്മാണ ചട്ടമനുസരിച്ച് ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ആറ് മാസത്തിൽ ഒരിക്കൽ അഗ്നി സുരക്ഷാ പരിശോധനകൾ നടത്തി, അഗ്നിശമന വകുപ്പിന് റിപ്പോർട്ട് കൊടുക്കണമെന്നുണ്ട് എന്ന് നിലവിൽ നിയമം ഉണ്ടെങ്കിലും ആരും അത് പാലിക്കുന്നതായി കാണുന്നില്ല.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.