Site iconSite icon Janayugom Online

സഹകരണ ഫെഡറലിസത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ

ബുധനാഴ്ച പാർലമെന്റിൽ ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി പ്രാഥമിക സഹകരണ സംഘങ്ങളെ വീണ്ടും കേന്ദ്രവലയിൽ വീഴ്ത്താൻ കെണിയൊരുക്കിയിരിക്കുകയാണ്. ഭരണഘടനയുടെ അന്തഃസത്തയെയും ഫെഡറൽ സംവിധാനത്തെയും ചോദ്യം ചെയ്യുന്ന സമീപനമാണ് ബജറ്റിൽക്കൂടി കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൈക്കൊള്ളുന്നത്. 2011ലെ97-ാം ഭേദഗതി നിയമത്തിൽക്കൂടി ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട പാർട്ട് IXബി (മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റികളുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴികെയുള്ളവ) സുപ്രീം കോടതി 2021 ജൂലൈയിൽ റദ്ദുചെയ്തു. സഹകരണ സംഘങ്ങൾ ഏഴാം പട്ടികയനുസരിച്ച് സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയിട്ടും ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് പുതിയ കേന്ദ്ര നീക്കം.
സംസ്ഥാന പട്ടികയിലെ 32-ാം വിഭാഗത്തിൽ വരുന്നതാണ് ”സഹകരണ സംഘങ്ങൾ” എന്നു വ്യക്തമാക്കിക്കൊണ്ടാണ് 97-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയത്. തന്നെയുമല്ല ആർട്ടിക്കിൾ 368(4) പ്രകാരം രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങളുടെ അനുമതി ഈ ഭേദഗതി ബില്ലിന് ലഭിച്ചിട്ടില്ലായെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ ”മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റീസ്” നിയമം നിലവിലുള്ളതുകൊണ്ടാണ് ഭൂരിപക്ഷവിധി പ്രകാരം ഭേദഗതി നിയമം പൂർണമായി റദ്ദ് ചെയ്യാതിരുന്നത്. ഇപ്പോൾ രാജ്യത്തെ 63,000ത്തിലധികം വരുന്ന പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ ഒറ്റ നെറ്റ്‍വർക്കിൽ ബന്ധപ്പെടുത്തി കേന്ദ്ര നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരാനാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ഏതെങ്കിലും വകയിൽ കുറെ പണം ലഭിക്കുമെങ്കിൽ ഭരണഘടനയും ഫെഡറലിസവും ഒന്നും നോക്കേണ്ടതില്ല എന്ന് ചിന്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാവും എന്ന ചിന്തയായിരിക്കും കേന്ദ്രത്തെ ഇതിനു പ്രേരിപ്പിച്ചത്. ഈ മാർഗത്തിൽക്കൂടി സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതിനുവേണ്ടി 2,516 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഡിജിറ്റലായി പണം കൈമാറ്റത്തിന് കേന്ദ്രശൃംഖല സഹായിക്കുമെന്ന തെറ്റായ ആശയമാണ് ഇതിനു വേണ്ടി പ്രചരിപ്പിക്കുന്നത്.

 


ഇതുകൂടി വായിക്കു; യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞ ബജറ്റ്


 

കേന്ദ്രം ഒരു പുതിയ നയം പ്രഖ്യാപിക്കുകയോ അത് നടപ്പിലാക്കാനായി സംസ്ഥാന വിഷയമായതുകൊണ്ട് ഗ്രാന്റായോ പ്രത്യേക ധനസഹായമായോ സംസ്ഥാനങ്ങൾക്ക് പണം അനുവദിച്ചു കൊടുക്കുകയോ ചെയ്താൽ മനസിലാക്കാം. ഇവിടെ അതല്ല, ഒരു സംസ്ഥാന വിഷയത്തെ കേന്ദ്ര നിയന്ത്രണത്തിനും ഇടപെടലിനും വിധേയമാക്കുകയെന്ന ഗൂഢലക്ഷ്യം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുക. പദ്ധതിയുടെ ഗുണമോ ദോഷമോ കേന്ദ്ര‑സംസ്ഥാന വിഹിതമോ അല്ല ഇവിടെ പരിഗണിക്കേണ്ടുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ തുടർച്ചയായി കൈകടത്തുന്ന കേന്ദ്ര സമീപനമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ഇന്ത്യൻ ഫെഡറലിസത്തിനു ഭീഷണിയാകുന്ന ഈ സമീപനത്തിനെതിരെ സംസ്ഥാനങ്ങൾ യോജിച്ചു നീങ്ങുകയാണു വേണ്ടത്.

സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യുക, ഓഡിറ്റ് നടത്തുക, തെരഞ്ഞെടുപ്പ് നടത്തുക, ലിക്വിഡേറ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുള്ള നടപടികളെടുക്കുക തുടങ്ങിയവയിൽ മാത്രമായി സംസ്ഥാന സര്‍ക്കാരിന്റെ പോലും അധികാരം പരിമിതപ്പെടുത്തി സഹകരണ സംഘങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പാക്കേണ്ട പുരോഗമന സമീപനത്തിനു പകരം എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സഹകരണ ഫെഡറലിസവും സഹകരണ ജനാധിപത്യവും ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളെ റിസർവ് ബാങ്കിനെക്കൊണ്ട് കൈവിലങ്ങ് അണിയിച്ച് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനെയും ചെക്ക് ഉപയോഗിക്കുന്നതിനെയും മൊത്തത്തിൽ ബാങ്കിങ് പ്രവർത്തനത്തെ തന്നെയും തടസപ്പെടുത്താൻ ശ്രമിച്ച കേന്ദ്രസർക്കാർ, ആദായനികുതി വകുപ്പിനെയും പ്രാഥമിക സഹകരണ സംഘങ്ങൾക്കെതിരെ ഉപയോഗിച്ചു.

 


ഇതുകൂടി വായിക്കു;  ഒരു വിഭാഗത്തെ ആശ്വസിപ്പിച്ചപ്പോള്‍ സാമൂഹ്യമേഖല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു


 

എന്നിട്ടും സഹകരണ സംഘങ്ങൾ പടുത്തുയർത്തിയ സമ്പദ്ഘടന തലയുയർത്തി നിൽക്കുന്നു. ഇതാണ് ആഗോളീകരണത്തിന്റെ വക്താക്കൾക്കും ധനമൂലധന ശക്തികൾക്കും സഹിക്കാൻ കഴിയാത്തത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരോ ഭരണസമിതിയംഗങ്ങളോ പണാപഹരണമോ ക്രമക്കേടുകളോ കാണിക്കുന്നുണ്ടെങ്കിൽ വകുപ്പുതലത്തിലുള്ള പലവിധ ഓഡിറ്റുകളിൽക്കൂടി അവ സമയാസമയങ്ങളിൽ കണ്ടെത്തേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി കൂട്ടുനിൽക്കുമ്പോഴാണ് അപഹരണം കൂടുന്നതും അത് വെളിയിൽ വരുന്നതിന് കാലതാമസം വരുന്നതും. അതിന് ജനകീയ ഭരണ സമിതികളും ഓഹരിയുടമസ്ഥരായ സഹകാരികളും നിതാന്ത ജാഗ്രത പുലർത്തണം. പക്ഷെ എലിയെ പേടിച്ച് ഇല്ലം ചുടാൻ പാടില്ല. ഫെഡറൽ സംവിധാനത്തിനെതിരെ സഹകരണ മേഖലയിൽ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങൾക്കെതിരെ സഹകാരികളും ജനങ്ങളും ശക്തമായി രംഗത്തുവരണം.

Exit mobile version