18 April 2024, Thursday

ഒരു വിഭാഗത്തെ ആശ്വസിപ്പിച്ചപ്പോള്‍ സാമൂഹ്യമേഖല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു

ഡോ. ഗ്യാന്‍ പഥക്
February 3, 2023 4:33 am

25 വർഷത്തെ അമൃത്കാലിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങൾ മികച്ചതാണ്. ഒരു ആധുനിക സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ അതിന്റെ നൂറാം വാർഷികത്തിലേക്കുള്ള യാത്ര മെച്ചപ്പെട്ടതാക്കുന്നതിന് നയങ്ങൾ ശ്രദ്ധാപൂർവം പിന്തുടരുന്നു” എന്ന ശബ്ദഘോഷത്തോടെയുള്ള പ്രസ്താവനയായിരുന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നടത്തിയത്. എന്നാൽ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കപ്പെടുന്നതാണെന്ന അവധാനതയോടെ സൂക്ഷ്മമായും ഭംഗിയായും ശബ്ദഘോഷമുണ്ടാക്കുന്നതിനാണ് ശ്രമിച്ചത്. ശൂന്യമായ പാത്രങ്ങൾ വളരെയധികം മുഴക്കമുണ്ടാക്കുന്നുവെന്ന പഴഞ്ചൊല്ലിനെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 2014 മുതലുള്ളതെന്ന് പറഞ്ഞ് നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. ആരും ഒഴിഞ്ഞുപോകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും ആളോഹരി വരുമാനം ഇരട്ടിച്ച്, 1.97 ലക്ഷമായെന്നും അവര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ സമ്പദ്ഘടന ലോകത്ത് പത്തില്‍ നിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. അതൊരു പക്ഷേ വസ്തുതയായിരിക്കും. പക്ഷേ ധനികരുടെ കയ്യില്‍ സമ്പത്ത് കുമി‍ഞ്ഞു കൂടിയതിന്റെ അടിസ്ഥാനത്തില്‍ ശരാശരി നിശ്ചയിച്ച് ആളോഹരി വരുമാനവും വളര്‍ച്ചയും കൊട്ടിഘോഷിക്കുന്നത് വഞ്ചനയാണ്. മോ‍ഡി ഭരണകാലത്ത് അസമത്വം വലിയ വിടവ് സൃഷ്ടിച്ചാണ് കൂടിക്കൊണ്ടിരിക്കുന്നത്.

 


ഇതുകൂടി വായിക്കു; യുവജനത സംരംഭങ്ങളിലേക്ക് മാറണം; തൊഴിലില്ലായ്മ, പരിഹാര നിര്‍ദേശങ്ങളില്ല


കേന്ദ്ര സര്‍ക്കാര്‍ നിര്‍വചിക്കുവാന്‍ ശ്രമിക്കുന്ന അമൃത്കാല്‍ വര്‍ഷത്തെ ആദ്യ ബജറ്റാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും സ്വപ്നങ്ങള്‍ (വാഗ്ദാനങ്ങള്‍) വില്പന നടത്തിയാണ് മോഡി വിജയിച്ചത്. എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ പരാജയമായിരുന്നുവെങ്കിലും അതിലും വലിയ സ്വപ്നങ്ങള്‍ വില്ക്കുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതാണ് അടുത്ത 25 വര്‍ഷത്തിനുള്ളില്‍, അതായത് 2047ഓടെ രാജ്യം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്ന വാഗ്ദാനം.
കേന്ദ്ര ബജറ്റ് അമൃത്കാലത്തിനായുള്ള ദര്‍ശനമെന്ന പേരില്‍ മൂന്ന് മുന്‍ഗണനകളാണ് അവതരിപ്പിക്കുന്നത്. 2024 മുതല്‍ മുഴുവന്‍ പൗരന്മാര്‍ക്കും അവസരം, യുവജന കേന്ദ്രീകൃതമായ വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും, ഒപ്പം സുസ്ഥിരമായ സാമ്പത്തിക അന്തരീക്ഷം എന്നിവയാണവ. എന്നാല്‍ ഇത് അത്രത്തോളം മുഖവിലയ്ക്കെടുക്കുവാന്‍ കഴിയുന്നതല്ല. 15നും 30നുമിടയില്‍ പ്രായമുള്ള 30 കോടി ചെറുപ്പക്കാര്‍ ഇപ്പോള്‍ തെരുവിലാണ്. അവരില്‍ നാലുകോടിപേര്‍ വിദ്യാഭ്യാസരംഗത്താണ്. ജോലിയെടുക്കുന്ന പത്തുകോടിയോളം യുവാക്കളില്‍ മഹാഭൂരിപക്ഷവും കൃത്യമായ വേതനമോ സാമൂഹ്യ — സുരക്ഷിതത്വമോ ഇല്ലാത്തവരുമാണ്. യുവജന കേന്ദ്രീകൃതമായ വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും ലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് പക്ഷേ, ഇവര്‍ക്കായി എന്തെങ്കിലും പദ്ധതി പറഞ്ഞില്ലെന്നുമാത്രമല്ല ഇവരുടെ പ്രശ്നങ്ങളോടേ് മഹാമൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്.

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് കൂടിയായതിനാൽ മോഡി സർക്കാരിന്റെ പരാജയം മൂടിവയ്ക്കുകയല്ലാതെ ധനമന്ത്രാലയത്തിന് മറ്റ് മാർഗമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒമ്പതാം വര്‍ഷത്തെ ബജറ്റ് മൊത്തത്തില്‍, പ്രത്യേകിച്ച് സാമൂഹിക മേഖലയിൽ, ഗംഭീര നേട്ടങ്ങളുടെ കാഹളധ്വനി മുഴക്കുകയും പുതിയ നിർദേശങ്ങളവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ മഹാഭാരതത്തിലെ അശ്വത്ഥാ മാ ഹതഃ എന്നതാണ് ഓര്‍മ്മിപ്പിക്കപ്പെടുന്നത്. സപ്തര്‍ഷികള്‍ എന്ന പേരില്‍ ഏഴ് മുന്‍ഗണനാ മേഖലകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന ലാപിലെത്തുന്നതിനായി ഉള്‍ച്ചേര്‍ക്കല്‍ വികസനം, യുവശക്തി, സാമ്പത്തിക മേഖല, ഹരിത വളര്‍ച്ച, വിഭവ സ്വാതന്ത്ര്യം, അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം എന്നിവയാണ് അവ. മോഡി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷ കാലയളവില്‍ രൂക്ഷമായി വര്‍ധിച്ച അസമത്വമെന്ന സാഹചര്യമായിരിക്കാം ഇത്തരമൊരു സംജ്ഞ കണ്ടെത്തുന്നതിന് പ്രേരണ ആയിട്ടുണ്ടാവുക. സമ്പദ്ഘടനയുടെ എല്ലാ രംഗത്തുമുണ്ടായ പരാജയത്തിന്റെ കുറ്റബോധത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് അത്തരമൊരു പദത്തെ കണ്ടെത്തുകയായിരുന്നുവെന്നും വ്യാഖ്യാനിക്കാവുന്നതാണ്.

 


ഇതുകൂടി വായിക്കു;  യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞ ബജറ്റ്


 

2023–24 ലെ ബജറ്റ് എന്താണ് ചെയ്യേണ്ടതെന്ന് സാമ്പത്തിക സര്‍വേ പോലും വ്യക്തമായി സൂചിപ്പിച്ചിരുന്നു. അത് സാമൂഹ്യമേഖലയെക്കുറിച്ചുള്ള ഭാഗമായിരുന്നു. എന്നാല്‍ ബജറ്റില്‍ അതിന്റെ പ്രതിഫലനമുണ്ടായില്ല. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം പരാജയപ്പെട്ടിട്ടും കാര്‍ഷിക വായ്പകള്‍ക്കായി 20 ലക്ഷം കോടി വിനിയോഗിക്കുന്നതിനെക്കുറിച്ചു മാത്രമാണ് ബജറ്റ് സംസാരിക്കുന്നത്. ആരോഗ്യമേഖലയില്‍ 157 നഴ്സിങ് കോളജുകള്‍ സ്ഥാപിക്കും, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ഗവേഷണത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും എന്നതുള്‍പ്പെടെ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴും ആരോഗ്യമേഖലാ വിഹിതം 2019ലെ 1.4 ശതമാനത്തില്‍ നിന്ന് നടപ്പുവര്‍ഷം 2.1 ശതമാനം മാത്രമായേ വര്‍ധിപ്പിച്ചിട്ടുള്ളൂ. വിദ്യാഭ്യാസ മേഖലാ വിഹിതം 2.8ല്‍ നിന്ന് 2.9 ശതമാനം മാത്രവും. സാമ്പത്തിക സർവേയില്‍ സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളും തൊഴിലും: വലിയ കൂടാരമെന്ന അധ്യായത്തില്‍ എല്ലാവരെയും ഉൾക്കൊള്ളുന്ന വലിയ കൂടാരം എന്നാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും ബജറ്റിൽ 9 കോടി കുടിവെള്ള കണക്ഷനുകൾ, 2.2 ലക്ഷം കോടി രൂപ പിഎം കിസാന്‍, 11.7 കോടി ഗാർഹിക ശൗചാലയങ്ങൾ, 9.6 കോടി എൽപിജി കണക്ഷനുകൾ, 220 കോടി വാക്സിനുകൾ തുടങ്ങിയവയെകുറിച്ചാണ് പരാമര്‍ശിക്കുന്നത്. താഴെത്തട്ടിലെ യഥാര്‍ത്ഥ ജീവിത സാഹചര്യവും ദയനീയാവസ്ഥയും പരിഗണിക്കുമ്പോള്‍ മുഖ്യ പരിഗണന കിട്ടേണ്ട സാമൂഹ്യമേഖലയിലെ ചെലവ് വിഹിതം കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ 26.6 ശതമാനം മാത്രമാണ്. നടപ്പു സാമ്പത്തിക വര്‍ഷം 21.3 ലക്ഷം കോടിയായിരുന്നു ഇത്. അവകാശവാദത്തിലെ പൊള്ളത്തരങ്ങള്‍ ഏറ്റവും പ്രകടമാകുന്നത് ആരോഗ്യ, തൊഴില്‍ മേഖലകളിലാണ്.
മഹാമാരിയുടെ നിഴലില്‍ ഇന്ത്യയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുറന്നുകാട്ടപ്പെട്ടതായിരുന്നു. ശ്വാസവായു കിട്ടാതെ ആളുകള്‍ മരിച്ചുപോകുന്ന സാഹചര്യം പോലുമുണ്ടായി. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും വലിയ പ്രതിസന്ധി നേരിട്ടു. അക്കാലത്ത് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിങ്ങനെ വിദഗ്ധരുടെ അഭാവവും തുറന്നുകാട്ടപ്പെട്ടു. എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പോലും നടപ്പുവര്‍ഷം ആരോഗ്യ മേഖലാ ചെലവ് 2.1 ശതമാനം മാത്രമേയുള്ളൂ. പുതിയ ബജറ്റില്‍ അത് 2.2 ശതമാനമെത്തുന്നുമില്ല. ദേശീയ ആരോഗ്യ നയം അനുസരിച്ച് 2025-ഓടെ ഇന്ത്യ ഇത് 2.5 ശതമാനമായി ഉയർത്തേണ്ടതായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഉടനെയൊന്നുമുണ്ടാകാനിടയില്ല.
മോഡി ഭരണത്തിന്റെ മൂന്നാംവര്‍ഷം മുതല്‍ 2017–18ഓടെയാണ് ഇന്ത്യ തൊഴിലില്ലായ്മയുടെ യുഗത്തിലേക്ക് പ്രവേശിച്ചത്. ആ വര്‍ഷം 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.1 ശതമാനത്തിലെത്തി. 2022 ഡിസംബറില്‍ 8.3 ശതമാനമാകുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരമൊരു തൊഴിലില്ലായ്മ അനുഭവപ്പെട്ടിട്ടില്ല. ഇങ്ങനെ ഓരോ മേഖല പരിശോധിച്ചാലും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു. അതിനാൽ 2023–24 ലെ ബജറ്റ് സാധാരണക്കാർക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ലെന്ന് വ്യക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.