ശ്രീനാരായണഗുരുവും മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരും തമ്മിലുണ്ടായ കൂടിക്കാഴ്ചയ്ക്കിടയിൽ ഉള്ളൂരിനുള്ളിലെ ജാതിചിന്തയെ ഗുരു പ്രതീകാത്മകമായി ഉച്ചാടനം ചെയ്തൊരു സംഭവമുണ്ട്. ശിവഗിരിയിലെത്തിയ ഉള്ളൂര്‍, ഔദ്യോഗിക പദവിയുടെ അലങ്കാരങ്ങളെല്ലാം അഴിച്ചുവച്ച് നഗ്നപാദനായിരുന്ന് ഗുരുവുമായി ദീർഘസംഭാഷണത്തിൽ മുഴുകി. മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. ഊണ് വിളമ്പിയിരിക്കുന്ന വരാന്തയിൽ സന്യാസിശിഷ്യർക്കൊപ്പം ദളിത് കുട്ടികളും ഭക്ഷണം കഴിക്കാനെത്തിയത് കണ്ട് ഉള്ളൂർ പകച്ചു. വംശസ്മൃതികൾ ഒരു മാത്ര അദ്ദേഹത്തെ പിന്നാക്കം വലിച്ചിരിക്കാം. ഗുരുവിനതു മനസിലായി. ഗുരുവിന്റെ വലതുവശത്ത് ഉണ്ണാനിരുന്ന ഉള്ളൂരിന്റെ ഇലയിൽ പപ്പടം വിളമ്പിയപ്പോൾ ഗുരു പറഞ്ഞു ‘പപ്പടം നമുക്ക് ഒന്നിച്ച് പൊട്ടിക്കണം’. പപ്പടം പൊടിയുന്ന ശബ്ദത്തിനിടയിൽ ഗുരു ഉള്ളൂരിനോട് ചോദിച്ചു; ‘പൊടിഞ്ഞോ?’ ധ്വനി ജാതിചിന്ത പൊടിഞ്ഞോ എന്നാണെന്ന് മനസിലാക്കാൻ കവിക്ക് അധികസമയം വേണ്ടിവന്നില്ല. പിന്നീട് വേടക്കിടാത്തനിലും ആധ്യാത്മിക വെളിച്ചം കണ്ട മഹാകവിയെ അധഃകൃതജനങ്ങളുടെ ക്ഷേത്ര പ്രവേശനത്തെപ്പറ്റി പഠിക്കാൻ രൂപീകരിച്ച സമിതിയിൽ (1932) സർ സി പി രാമസ്വാമി അയ്യർ നിയമിച്ചു.
ഭരണത്തിലിരുന്ന ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെയും ദിവാനായിരുന്ന രാമസ്വാമി അയ്യരുടെയും ജന്മനാളായ നവംബർ 12നാണ് 1936ൽ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നത്. അവർണർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചത് പോരാട്ടങ്ങളുടെ അനന്തരഫലമാണെന്ന് ജനാധിപത്യവാദികളും അതല്ല രാജാവിന്റെ ഔദാര്യമാണെന്ന് രാജഭക്തരും അവകാശപ്പെടുന്നു. ക്ഷേത്രപ്രവേശന വിളംബരം 87 വർഷങ്ങൾക്ക് ശേഷം വീണ്ടും ചർച്ചയും വിവാദവുമൊക്കെയാകാൻ വഴിതുറന്നത് വിളംബര വാർഷികത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ ഒരു നോട്ടീസാണ്. ബി മധുസൂദനൻ നായർ (ഡയറക്ടർ, സാംസ്കാരിക പുരാവസ്തു വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്) തുല്യം ചാർത്തിയ നോട്ടീസിലെ ചില വാക്യങ്ങളാണ് പുരോഗമനാശയക്കാരെയും ഉല്പതിഷ്ണുക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്. ധന്യാത്മൻ എന്ന അഭിസംബോധനയോടെ തുടങ്ങുന്ന നോട്ടീസിൽ ഇങ്ങനെ പറയുന്നു- “ജനക്ഷേമകരമായ അനേകം പ്രവർത്തനങ്ങൾ കൊണ്ടും ലളിതമധുരമായ സ്വഭാവ വൈശിഷ്ട്യം കൊണ്ടും മഹാജനങ്ങളുടെ സ്നേഹ ബഹുമാനാദികൾക്ക് പാത്രീഭവിച്ച തിരുവിതാംകൂർ രാജ്ഞിമാരായ എച്ച് എച്ച് പൂയം തിരുനാൾ ഗൗരീപാർവതീഭായി തമ്പുരാട്ടിയും എച്ച് എച്ച് അശ്വതിതിരുനാൾ ഗൗരീ ലക്ഷ്മിഭായി തമ്പുരാട്ടിയും ഭദ്രദീപം തെളിയിക്കും…”
അടിമുടി രാജഭക്തി തുളുമ്പുന്ന നോട്ടീസ് തയ്യാറാക്കിയവർ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന കാര്യം മറന്നുപോയോ? അതോ അംഗീകരിക്കുന്നില്ലേ? വെറും സാധാരണ ഇന്ത്യന്‍പൗരന്മാർ മാത്രമായ കവടിയാർ കൊട്ടാരത്തിലെ അന്തേവാസികളെ രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടങ്ങളെ വിസ്മരിക്കുന്നുവെന്നുമാണ് ജനാധിപത്യ വിശ്വാസികൾ വിമർശിക്കുന്നത്. ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്റെ കരുണയാണെന്ന് ധ്വനിപ്പിക്കുന്നു ദേവസ്വം ബോർഡ് നോട്ടീസ്. (സനാതനധർമ്മത്തിന് സനാധനധർമ്മം എന്ന് തെറ്റിച്ചാണ് നോട്ടീസിൽ എഴുതിയിരിക്കുന്നത്!)
ഇതുകൂടി വായിക്കു; കൊല്ലിക്കയല്ലേ നിനക്ക് രസം!
അവർണ പെൺകുട്ടി ഋതുമതിയായാൽ അവൾ മുലക്കരം കൊടുക്കണമെന്നും പണിയെടുക്കാൻ ശേഷിയുള്ള പുരുഷൻ തലക്കരം, മീശക്കരം എന്നിവ കൊടുക്കണമെന്നും കല്പിച്ചവരായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ. 1810 വരെ മുലക്കരം പിരിച്ചിരുന്നു. 1859 വരെ തിരുവിതാംകൂറിൽ ബ്രാഹ്മണ സ്ത്രീകൾക്ക് മാത്രമേ മൂക്കുത്തി ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളു. ഇത്തരം വിവേചനങ്ങൾക്കെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയത് കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായ ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. 1852ൽ അവർണർക്ക് ആരാധിക്കാൻ ശിവക്ഷേത്രം പണിത അദ്ദേഹം 1860ൽ മൂക്കുത്തി വിളംബരം നടത്തി. അവർണ സ്ത്രീകൾ മുട്ടിനുതാഴെ മുണ്ടുടുക്കാനോ മാറുമറയ്ക്കാനോ പാടില്ലെന്ന രാജകല്പനകൾക്കെതിരെ അച്ചിപ്പുടവ സമരവും ഏത്താപ്പു സമരവും സംഘടിപ്പിച്ചു. ഒടുവിൽ നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി ഒടുങ്ങുകയായിരുന്നു വേലായുധപ്പണിക്കർ. (രാജ കിങ്കരൻമാർക്ക് മുന്നിൽ മുല മുറിച്ചെറിഞ്ഞ നങ്ങേലിയെയും ഓർക്കുക).
തിരുവിതാംകൂർ ഭരണാധികാരികളുടെ വിവേചനങ്ങൾക്കെതിരെ അധഃകൃത ജനതയ്ക്ക് പ്രതിഷേധിക്കാനെങ്കിലുമായി. എന്നാൽ അതിലും കഷ്ടമായിരുന്നു ഭൃത്യജനങ്ങളായ ശൂദ്രവിഭാഗങ്ങളുടെ സ്ഥിതി. അകത്തു നായരെന്നും (കൊട്ടാരങ്ങൾക്കുള്ളിലെ ഭൃത്യർ) പുറത്തു നായർ (പുറംപണി ചെയ്യുന്നവർ) എന്നും വേർതിരിക്കപ്പെട്ടിരുന്ന ഇവർക്ക് കല്പനകളെ ശിരസാവഹിക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു. കൊട്ടാര സേവനം നടത്തുന്ന ശൂദ്രസ്ത്രീയുടെ ഗർഭത്തിന് പലപ്പോഴും പിതൃസ്ഥാനികൾ പോലും ഉണ്ടാവില്ല. (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ജന്മി സമ്പ്രദായം കേരളത്തിൽ- ഇളംകുളം കുഞ്ഞൻപിള്ള). തിരുവനന്തപുരം കോട്ടയ്ക്കകത്തുള്ള അമ്മവീടുകൾ ലൈംഗികാടിമത്തത്തിന്റെ ചരിത്ര സാക്ഷികളായി ഇപ്പോഴും നിലകൊള്ളുന്നു.
1905 ഡിസംബറിലെ ഒരു മലയാള പത്രത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു- “തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ റവുക്ക ധരിച്ചു പോയ ചില നായർ സ്ത്രീകൾ റവുക്കയോടുകൂടി ക്ഷേത്രത്തിനകത്തു കടക്കാൻ പാടില്ലെന്ന് ക്ഷേത്രത്തിലെ അധികാരി പറയുകയും വലിയ തമ്പുരാൻ തിരുമനസുകൊണ്ട് അധികാരിയുടെ തീരുമാനം സ്ഥിരപ്പെടുത്തുകയും ചെയ്കയാൽ ഈ സ്ത്രീകൾ റവുക്ക അഴിക്കേണ്ടിവന്നതായും ഇതിനെപ്പറ്റി സ്ത്രീകളുടെ സംബന്ധക്കാർ ഹർജികൾ അയച്ചിട്ടുള്ളതായും അറിയുന്നു.”
അനന്തപുരിയിലെ കവടിയാർ കൊട്ടാരത്തിൽ മാറുമറച്ചെത്തിയ നായർ ഭൃത്യയെ ചാട്ടയ്ക്കടിച്ച സംഭവവും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും 1904ൽ വെങ്ങാനൂരിൽ അയ്യൻകാളി സ്ഥാപിച്ച സ്കൂളിന് അവിടുത്തെ നായന്മാർ തീയിട്ടു. അയ്യൻകാളി പക്ഷേ നോക്കിനിന്നില്ല അവരെ എതിരിട്ടു. 1907ൽ സ്ഥാപിച്ച ഊരൂട്ടമ്പലം സ്കൂളിൽ അയ്യൻകാളി പഞ്ചമി എന്ന ബാലികയെ കൊണ്ടുപോയപ്പോൾ നായർ കുട്ടികൾ ഇറങ്ങിയോടിയതും നായന്മാർ സ്കൂൾ കത്തിച്ചതും മറ്റൊരു ചരിത്രം.
ഇതുകൂടി വായിക്കു;പാവപ്പെട്ടവര്‍ക്കു മീതെ ചാപ്പകുത്ത് മനുഷ്യാവകാശ ലംഘനം
വൈക്കം ക്ഷേത്രത്തിനടുത്തുള്ള പൊതുവഴിയിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകിട്ടുവാൻ ടി കെ മാധവന്റെയും മറ്റും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളും മറക്കാനാവില്ല. വൈകുണ്ഠ സ്വാമികൾ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, കുമാരനാശാൻ, അയ്യൻകാളി, മന്നത്തു പത്മനാഭൻ, ചങ്ങനാശേരി പരമേശ്വരൻപിള്ള… ഇങ്ങനെ എത്രയെത്ര മഹാൻമാരുടെ പരിശ്രമങ്ങൾക്കൊടുവിലാണ് തിരുവിതാംകൂറിലെ അധഃസ്ഥിതർക്ക് പൗരസ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും അനുഭവിക്കാനായത്? ഉച്ചനീചത്വങ്ങളിൽ മനംമടുത്ത അവർണ ഹിന്ദുക്കൾ വ്യാപകമായി മതപരിവർത്തന ഭീഷണി മുഴക്കിയതാണ് ക്ഷേത്രപ്രവേശന വിളംബരം നടത്തുവാനുള്ള മുഖ്യഹേതു. അംബേദ്കറും മറ്റും ഹിന്ദുമതം ഉപേക്ഷിക്കാൻ ദളിതരോട് ആഹ്വാനം ചെയ്ത കാലമായിരുന്നു അത്.
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ പോരാട്ടം സാമ്രാജ്യത്വശക്തിയായ ബ്രിട്ടനോടായിരുന്നില്ല, മറിച്ച് ദിവാൻ‑രാജ ഭരണത്തോടായിരുന്നു. ചരിത്രം ഇങ്ങനെയൊക്കെ ആയിരിക്കേ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത്തരം ഒരു നോട്ടീസ് ഇറക്കിയെങ്കിൽ അത് നേതൃസ്ഥാനത്തിരിക്കുന്നവരുടെ മനസിലെ ആധർമ്മണ്യ ചിന്തയിൽ നിന്ന് ഉത്ഭവിച്ചതാകാനേ തരമുള്ളു. ജനങ്ങളുടെ നികുതിപ്പണംകൊണ്ടും വിശ്വാസികളുടെ കാണിക്കകൊണ്ടും നിലനിൽക്കുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പു നടത്തുമ്പോൾ വിവേകവും ഉത്തരവാദിത്തവും പുലർത്തുകതന്നെ വേണം. ക്ഷണിക്കുന്നവർക്ക് ചരിത്രബോധമില്ലെങ്കിൽ ക്ഷണിതാക്കളെങ്കിലും ആത്മപരിശോധന നടത്തി സമകാലിക സമൂഹത്തിൽ സ്വയം സ്ഥാനനിർണയം നടത്തണം. ജാതിമേന്മയുടെ പപ്പടങ്ങൾ ഇനിയും എത്രകാലം പൊടിയാതെ ബാക്കികിടക്കും ഈ കേരളത്തിൽ?
“നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറേ? നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറേ? പിന്നെന്തെ ചൊവ്വറേ കുലം പിശക്ന്ന്? തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!”
(ചണ്ഡാളൻ ആദിശങ്കരനോട് പറഞ്ഞത്- പൊട്ടന്‍തെയ്യം തോറ്റം)

