30 April 2024, Tuesday

പാവപ്പെട്ടവര്‍ക്കു മീതെ ചാപ്പകുത്ത് മനുഷ്യാവകാശ ലംഘനം

Janayugom Webdesk
November 17, 2023 5:00 am

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നുണ്ട്. വളരെ തുച്ഛമായ കേന്ദ്രവിഹിതമാണ് അത്തരം പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ലഭിക്കുന്നത് എന്നത് പരമാര്‍ത്ഥവുമാണ്. നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും പരാധീനതകളും കാരണം അത് യഥാസമയം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. പല പദ്ധതികള്‍ക്കുമുള്ള പ്രധാന പോരായ്മകളില്‍ ഒന്ന് അവ അതാത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ചല്ല രൂപപ്പെടുത്തിയിരിക്കുന്നത് എന്നതാണ്. അതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. നമ്മുടെ സംസ്ഥാനത്ത് നല്‍കുന്ന ക്ഷേമ — സാമൂഹ്യ പെന്‍ഷന്‍ തുകയും കേന്ദ്ര വിഹിതവും പരിശോധിച്ചാല്‍ത്തന്നെ അത് വ്യക്തമാകും. ഇവിടെ 1600 രൂപയാണ് പ്രതിമാസ പെന്‍ഷനായി വിതരണം ചെയ്യുന്നത്. ഇന്ദിരാ ഗാന്ധിയുടെ പേരില്‍ 80 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാര്‍ധക്യകാല പെന്‍ഷന് കേന്ദ്ര വിഹിതം 500 രൂപ മാത്രമാണ്. ബാക്കി 1100 രൂപ സംസ്ഥാന വിഹിതം ചേര്‍ത്താണ് 1600 രൂപ നല്‍കുന്നത്. 80ന് താഴെ പ്രായമുള്ളവര്‍ക്ക് കേന്ദ്ര വിഹിതം 200 രൂപ മാത്രവും. ഇതിന്റെകൂടെ 1400 രൂപ ചേര്‍ത്ത് സംസ്ഥാനം 1600 രൂപ തികച്ചുനല്‍കുന്നു. 4,49,200 ഓളം പേര്‍ക്കാണ് കഴിഞ്ഞ ഏപ്രില്‍ വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് ഈ പെന്‍ഷന്‍ നല്‍കിവരുന്നത്.

ഇതിന് സമാനമാണ് അംഗപരിമിത, വിധവാ പെന്‍ഷനുകളുടെയും സ്ഥിതി. വൈകല്യത്തിന്റെ തോതനുസരിച്ച് നാലു വിഭാഗങ്ങളായി 29,935 പേര്‍ക്കാണ് ഈ പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ രണ്ട് വിഭാഗത്തിന് കേന്ദ്ര വിഹിതം തന്നെ ലഭിക്കുന്നില്ല. അവശേഷിക്കുന്ന രണ്ടിനത്തില്‍ 1600ല്‍ യഥാക്രമം 300, 500 രൂപവീതം ലഭിക്കുന്നു. ഇതുതന്നെയാണ് കേന്ദ്രത്തില്‍ നിന്നുള്ള മിക്കവാറും എല്ലാത്തിന്റെയും വിഹിതത്തോത്. കേന്ദ്ര വിഹിതം ലഭിക്കുന്ന പദ്ധതികളില്‍ ഒന്നാണ് പ്രധാന്‍ മന്ത്രി ആവാസ് യോജന (പിഎംഎവൈ). വീടൊന്നിന് ഗ്രാമപ്രദേശങ്ങളിൽ 72,000, നഗരപ്രദേശങ്ങളിൽ 1.5 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് കേന്ദ്ര വിഹിതം. പ്രകൃതി ക്ഷോഭങ്ങളില്‍ തകരുന്ന വീടുകള്‍ പുതുക്കിപ്പണിയുന്നതിനുള്ള നഷ്ടപരിഹാരമായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നതും 1,20,000 രൂപ തന്നെയാണ്. കേരളത്തിന്റെ ഭൗതിക സാഹചര്യത്തില്‍ ഈ തുകയ്ക്ക് ഒരു വീട് പണിയുക എന്നത് അസാധ്യമായ കാര്യമാണെന്ന് അധികമാലോചിക്കാതെ പറയാന്‍ കഴിയും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കേന്ദ്ര വിഹിതം കൂടി ചേര്‍ത്തുള്ള പുതിയ ഭവന പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഭവനരഹിതരായ മനുഷ്യരുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതായതുകൊണ്ട് ലൈഫ് എന്ന് പേരിട്ടാണ് ഇത് നടപ്പിലാക്കുന്നത്. ഒരു വീടിന് നാല് ലക്ഷം രൂപയാണ് കേരളം ചെലവഴിക്കുന്നത്. ഇതിൽ ഗ്രാമ- നഗര പ്രദേശങ്ങള്‍ക്കായുള്ള കേന്ദ്ര വിഹിതം യഥാക്രമം 72,000, 1.5 ലക്ഷം രൂപയും ഉള്‍പ്പെടുന്നുണ്ട്.


ഇതുകൂടി വായിക്കൂ:നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശ സംരക്ഷണവും


ലൈഫ് എന്ന പാവപ്പെട്ടവന്റെ ആശ്വാസ പദ്ധതിയെ തകര്‍ക്കുന്നതിന് വിവിധ തരത്തിലാണ് കേന്ദ്രവും സംസ്ഥാനത്തെ പ്രതിപക്ഷവും ശ്രമിക്കുന്നത് എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ചില മാധ്യമങ്ങളും അതിന്റെ കൂടെയുണ്ട്. ഇഡി പോലുള്ള അന്വേഷണ ഏജന്‍സികള്‍ അതിന് ചുറ്റും വട്ടമിട്ട് പറക്കുകയുമാണ്. അഴിമതി ആരോപണമുന്നയിച്ച് ലൈഫ് പദ്ധതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയ്ക്ക് വഴിയൊരുക്കുന്നതില്‍ യുഡിഎഫും ബിജെപിയും ഒരേ തൂവല്‍പ്പക്ഷികളെ പോലെയാണ് പെരുമാറുന്നത്. ചെറിയ വീഴ്ച പോലും പെരുപ്പിച്ച് ഈ സ്വപ്ന പദ്ധതി അവതാളത്തിലാണെന്ന് വരുത്തുന്നതിന് ചില മാധ്യമങ്ങളും അധിക ജോലി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോള്‍ സംസ്ഥാനം ഭീമമായതും കേന്ദ്രം നാമമാത്രവുമായ വിഹിതം വിനിയോഗിക്കുന്ന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പേരിടല്‍ നിര്‍ബന്ധമാക്കിയുള്ള തിട്ടൂരം. പിഎംഎവൈയുടെ ലോഗോയും പേരും വീടുകളിൽ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കേന്ദ്ര വിഹിതം തടയുമെന്നും അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിച്ചവയില്‍ 31.45 ശതമാനം വീടുകൾക്ക് മാത്രമാണ് തുച്ഛമായ കേന്ദ്രസഹായം ലഭിച്ചിട്ടുള്ളത്.

പശ്ചിമ ബംഗാളില്‍ വിഹിതം തടഞ്ഞ അനുഭവവുമുണ്ട്. ഈ വീടുകളുടെയെല്ലാം മുമ്പിൽ ഇത് കേന്ദ്രസർക്കാരിന്റെ പണം കൊണ്ടുനിർമ്മിച്ച വീടാണെന്ന് പ്രദർശിപ്പിക്കണമെന്ന് ആകെ നിര്‍മ്മാണ ചെലവിന്റെ 18 ശതമാനം തുക മാത്രം നൽകുന്ന കേന്ദ്രം നിർബന്ധം പിടിക്കുന്നത് അല്പത്തമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറയുകയുണ്ടായി. പാവപ്പെട്ടവരെ ചാപ്പകുത്തുന്ന ഈ സമീപനം അനുവദിക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞു. ഭവനരഹിതരായ സാധാരണക്കാര്‍ക്ക് അത് നല്‍കുക എന്നത് ഭരണഘടനാനുസൃതമായ ഉത്തരവാദിത്തമാണ്, ഔദാര്യമല്ല. എന്നാല്‍ ഔദാര്യമാണെന്നും പ്രദര്‍ശന വസ്തുവാണെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. രാജവാഴ്ചക്കാലത്തുപോലുമില്ലാത്ത മനുഷ്യത്വരഹിത സമീപനമാണ് ഇതിലൂടെ വെളിപ്പെടുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി പിന്തുടരുന്ന യാഥാസ്ഥിതിക‑സവര്‍ണ ബോധ്യത്തില്‍ നിന്നാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉടലെടുക്കുന്നതെന്നതില്‍ സംശയമില്ല. എന്തും ഏതും തങ്ങളുടെ നേട്ടമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് പാവപ്പെട്ടവര്‍ക്കുമേല്‍ ചാപ്പകുത്തുന്ന ഈ സമീപനം മനുഷ്യാവകാശ ലംഘനവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.