Site iconSite icon Janayugom Online

ഹാപ്പിലി ഡിവോഴ്സ്ഡ്

സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ മിനിയുടെ മെസേജ്; “ഇന്നലെ എന്റെ മകൾ വിവാഹമോചിതയായി. മ്യൂച്വലായി പിരിയാൻ തീരുമാനിച്ചതുകൊണ്ട് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. വിവാഹം എന്ന അനുഭവം അവൾക്ക് വല്ലാത്ത ടോർച്ചർ ആയിരുന്നു. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനോ സാമ്പത്തികമായി ചുമതലകൾ പങ്കിടാനോ അവൻ തയ്യാറല്ലായിരുന്നു. ഓഫിസിൽ പോകുന്നതിനു മുമ്പ് മോൾ വീട്ടുപണികൾ മുഴുവൻ ചെയ്യണം. തിരിച്ചുവന്നാലും പണിയോടുപണി. അവൻ ഫുൾടൈം മൊബൈലിൽ കുത്തിക്കൊണ്ടേയിരിക്കും. എന്തെങ്കിലും ചോദിച്ചാൽ അലർച്ചയാണ്. ചിലപ്പോൾ അടിയും ഇടിയും കിട്ടും. അവൾക്ക് മുന്നോട്ട് പോകാൻ വയ്യെന്നായി; ഇങ്ങനെ ഒരു ജീവിതം വേണ്ടെന്ന് തീരുമാനിച്ചു. ഞങ്ങളോട് പറഞ്ഞപ്പോൾ ഞങ്ങൾ എതിർക്കാൻ പോയില്ല. അവളുടെ ജീവിതം ആണ്. നല്ലതും ചീത്തയും അവൾക്ക് അറിയാതിരിക്കില്ല. ഞങ്ങൾ കൂടെ നിന്നു. ഏതായാലും ആ അധ്യായം കഴിഞ്ഞു. നിങ്ങളെയെല്ലാം ഈ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആണ് ഞാൻ അവളുടെ കല്യാണം ക്ഷണിച്ചത്. മിക്കവരും വന്നു. അതുകൊണ്ട് ഇതിലൂടെ തന്നെ നിങ്ങളെ വിവാഹമോചനക്കാര്യവും അറിയിക്കണം എന്ന് തോന്നി. ഞങ്ങൾ നല്ല ടെൻഷനിൽ കൂടെ തന്നെയാണ് കടന്നുപോകുന്നത്. കുറച്ചു കഴിയുമ്പോൾ ഒക്കെ ശരിയാവുമായിരിക്കും.” മിനിയുടെ മെസേജിനു കീഴെ ഗ്രൂപ്പിലെ അംഗങ്ങൾ സജീവമായി പ്രതികരിച്ചു. എല്ലാവരും മിനിക്ക് സപ്പോർട്ട് നൽകി. മിനിക്കും മോൾക്കും ഒപ്പം നിൽക്കും എന്ന് പ്രഖ്യാപിച്ചു. കുറേ നേരത്തേക്ക് ഓരോരുത്തരും അവരവരുടെ ജീവിതവീക്ഷണങ്ങൾ, അനുഭവങ്ങൾ എഴുതിക്കൊണ്ടിരുന്നു. ഷീനയാണ് ആദ്യം എഴുതിയത്; “എത്ര നല്ല കാര്യമാണ് മിനിയുടെ മോൾ ചെയ്തത്. എത്രകാലം മുമ്പ് ഞാൻ ഇത് ചെയ്യാൻ ആഗ്രഹിച്ചതാണ്. അന്ന് അച്ഛനും അമ്മയും ചേട്ടനും എന്റെ കൂടെ നിന്നില്ല. അവർക്ക് മനുഷ്യന്മാരുടെ മുഖത്ത് നോക്കാൻ പറ്റില്ലെന്ന് പറഞ്ഞു. പെണ്ണായാൽ കുറച്ച് അടിയുംതൊഴിയും ആട്ടുംതുപ്പും ഒക്കെ സഹിക്കുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് പലവട്ടം പറഞ്ഞു. എനിക്ക് മടങ്ങിപ്പോകാൻ ഒരു വീടില്ലായിരുന്നു.

 


ഇതുകൂടി വായിക്കു; തീവ്രവര്‍ഗീയതയുടെ തീരമേഖല


പഠിത്തം നിന്ന് പോയതിനാൽ, ജോലിക്കു പോകാത്തതിനാൽ സ്വന്തമായി പണം ഉണ്ടായിട്ടേയില്ല. ഇപ്പോൾ ഓർക്കാറുണ്ട്, അന്ന് ഇറങ്ങിപ്പോയി വീട്ടുജോലി ചെയ്ത് ജീവിക്കാമായിരുന്നല്ലോ എന്ന്. അങ്ങനെയൊക്കെ അന്ന് ഓർത്തിട്ടുമുണ്ട്. മക്കൾ, അവരുടെ പഠിത്തം, ജീവിതം ഒക്കെ ഓർത്തപ്പോൾ അതിനു ധൈര്യം കിട്ടിയില്ല. ജീവിതം ജീവിച്ചതേയില്ലല്ലോ എന്നോർത്ത് ഞാൻ മരിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു’. നാലു വർഷമായി മകന്റെ വിവാഹമോചനത്തിനുവേണ്ടി കോടതി കയറിയിറങ്ങുന്ന കഥയാണ് വനജ എഴുതിയത്. ‘കോടതി ശരിക്കും യുദ്ധരംഗം തന്നെയാണ്. വക്കീലന്മാർക്ക് സന്തോഷമാണ്. പണം പോകുന്നതിനു കണക്കില്ല. മോൻ ആകെ തകർന്നു തരിപ്പണമായി. ഡിപ്രഷന് ചികിത്സയെടുക്കേണ്ടിവന്നു. എനിക്കും കൗൺസിലിങ് വേണ്ടിവന്നു. കടന്നു പോകുന്ന അവസ്ഥ ഭീകരമാണ്. കോടതി, പൊലീസ് സ്റ്റേഷൻ, മൊഴിയെടുക്കൽ, ഒന്നും പോരാഞ്ഞിട്ട് നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങളും വർത്തമാനങ്ങളും. ഭ്രാന്ത് പിടിക്കാത്തത് എന്തിനുമേതിനും കൂടെ നിൽക്കുന്ന കുറച്ചു കൂട്ടുകാർ ഉള്ളതുകൊണ്ട് മാത്രമാണ്. നമ്മുടെ നാട്ടിലെപ്പോലെ മറ്റുള്ളവരുടെ കാര്യങ്ങളിൽ താല്പര്യമുള്ളവരും ഇടപെടുന്നവരും വേറെയൊരു നാട്ടിലും കാണില്ല. ഇതിനെ പേടിച്ചാണ് നമ്മുടെ തലമുറ സഹിക്കാൻ വയ്യാത്ത വിവാഹ ബന്ധങ്ങളിൽപ്പെട്ട് ശ്വാസംമുട്ടി മരിക്കാൻ കാത്തിരിക്കുന്നത്. നമ്മുടെ മക്കൾ നമ്മൾ ജീവിച്ചത് കണ്ടുവളർന്നതുകൊണ്ട് ഇതൊന്നും സഹിക്കേണ്ട എന്ന് തീരുമാനിക്കുമ്പോൾ അവരെ കുറ്റം പറയാൻ പറ്റില്ല’.


ഇതുകൂടി വായിക്കു; തിരുമുറിവുമായി കക്കുകളി


 

മഞ്ജുള എഴുതി, ‘സ്കൂൾ‑കോളജ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സ്ത്രീകൾ നടത്തുന്ന ഇത്തരം തുറന്നുപറച്ചിലുകൾ മാറിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തിന്റെ ആത്മകഥകളായി പലപ്പോഴും തോന്നിയിട്ടുണ്ട്. “ഹാപ്പിലി ഡിവോഴ്സ്ഡ്” എന്ന ഒരു വീഡിയോ ആരോ സംവിധാനം ചെയ്യുന്നുണ്ടെന്ന് ഒരിക്കൽ ഫേസ്ബുക്കിൽ കണ്ടു. ഹാപ്പിലി ഡിവോഴ്സ്ഡ് എന്ന തീമിൽ ഫോട്ടോഷൂട്ട് നടത്തി ആ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഒരു പെൺകുട്ടി പങ്കുവച്ച ദിവസം മിക്ക ഗ്രൂപ്പുകളിലും ചർച്ച നടന്നത് സന്തോഷകരമായി വിവാഹ ബന്ധം അവസാനിപ്പിക്കാൻ ആവുമോ എന്നതിനെക്കുറിച്ചായിരുന്നു. ‘മനുഷ്യർ തമ്മിലുള്ള ഏതു ബന്ധവും സന്തോഷകരമാകുന്നത് സൗഹൃദം ഉള്ളപ്പോഴാണ്. ദാമ്പത്യത്തിൽ പ്രത്യേകിച്ചും. നല്ല സുഹൃത്തുക്കൾ ആകാൻ പറ്റാത്ത ബന്ധങ്ങളിൽ മനുഷ്യർ നിൽക്കുന്നത് ഗതികേട് കൊണ്ടായിരിക്കും’ കവിതയെഴുതുന്ന ശാന്തി ഞങ്ങളുടെ ഗ്രൂപ്പിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. അമേരിക്കയിൽനിന്ന് മഞ്ജു എഴുതി- ‘ഇവിടെയൊക്കെ വിവാഹിതർ ആജീവനാന്ത ശത്രുക്കളായി പിരിയുന്നതും ജീവിക്കുന്നതും വളരെ കുറവാണ്. വിവാഹമോചിതരായി എന്നതുകൊണ്ട് ജീവിതം നഷ്ടമായി എന്ന് കരുതുന്നവരും കുറവാണ്. വേർപിരിഞ്ഞ പങ്കാളിയുമായി അവസാനംവരെ ആരോഗ്യകരമായ ബന്ധങ്ങൾ സൂക്ഷിക്കുന്നവരെ ധാരാളം കാണാം. നമ്മുടെ നാട്ടിൽ പണ്ടേയുള്ള ചിന്തയാണ് തെറ്റിപ്പിരിയണം എന്നത്. അത് മാറിയാൽ തന്നെ പകുതിപ്രശ്നം തീരും. പിന്നെ വിവാഹം അന്യോന്യം കരുതൽ ഉണ്ടാക്കാനും നല്ലതും ചീത്തയും പങ്കുവയ്ക്കാനും ഉള്ളതാണ് എന്നതിനൊപ്പം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കാനും കൂടിയുള്ളതാണ് എന്ന ബോധ്യം ഉണ്ടായാൽ മതി. പങ്കാളിയുടെ സ്വാതന്ത്ര്യത്തെയും താല്പര്യങ്ങളെയും അംഗീകരിക്കാനുള്ള സന്നദ്ധത ഇല്ലാത്തവർ ധാരാളമാണ്, ഇത് ഇന്നത്തെ കുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടാക്കും. മറ്റെന്തിനെക്കാളും അവർക്ക് ഇന്ന് പ്രധാനം അവരായിരിക്കാനുള്ള അവസരം തന്നെയാണ്’.

‘ഞാൻ ഒരു പഴയ മട്ടുകാരിയാണ്. ഇന്നത്തെ കുട്ടികളുടെ സ്വഭാവം എനിക്ക് അത്ര പിടിക്കാറില്ല. അഡ്ജസ്റ്റ്മെന്റ് അവരുടെ സ്വഭാവത്തിലേ ഇല്ല. വെട്ടൊന്ന് തുണ്ട് രണ്ട് രീതിയൊക്കെ എത്രകാലം പറ്റും? വയസുകാലത്ത് ഒറ്റയ്ക്കാവുമ്പോൾ തീരും ഇവരുടെ പുരോഗമനം പറച്ചിലൊക്കെ’- പഴയ കാലത്തെ എല്ലാം നല്ലത് എന്ന് പറഞ്ഞു വാശിപിടിക്കുന്ന പത്മജ ഇത്തവണയും സ്വന്തം നിലപാട് വ്യക്തമാക്കി. ചരിത്ര അധ്യാപികയായ നീന അപ്പോൾ ഇടപെട്ടു. “ആരുപറഞ്ഞു ഇതൊക്കെ പുതിയ പ്രവണതയാണെന്ന്? കേരളത്തിന്റെ സാമൂഹിക ചരിത്രം വായിച്ചു നോക്കൂ. ഇങ്ങനെ കെട്ടുറപ്പുള്ള ദാമ്പത്യം എന്ന ചിന്ത ഒക്കെ വിദേശികൾ കൊണ്ടുവന്നതാണ്. നമ്മുടെ നാട്ടിൽ ഇങ്ങനെ ശ്വാസം മുട്ടിക്കുന്ന ഒരു കുടുംബ വ്യവസ്ഥ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തോടെ ഇറങ്ങിപ്പോകാനും മറ്റൊരു വിവാഹത്തിൽ ഏർപ്പെടാനും ഒക്കെ കഴിയുന്ന വിധത്തിൽ വളരെ ഫ്ലൂയിഡ് ആയിരുന്നു ഇവിടെ വിവാഹസമ്പ്രദായം.”
പതിവുപോലെ മറിയം സംശയം പങ്കുവച്ചു. “വിവാഹം അല്ലേ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം. അതിന് കെട്ടുറപ്പ് ഇല്ലാതായാൽ സാമൂഹ്യവ്യവസ്ഥ തകരുകയില്ലേ? സമൂഹത്തിൽ അരാജകത്വം ഉണ്ടാവില്ലേ? വിവാഹമോചനം വേണ്ട എന്നല്ല അത് സാധാരണം ആകുന്നത് അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല.” പുതിയ കുട്ടികളുടെ ചിന്തകൾ, തീരുമാനങ്ങൾ, അവരുടെ നിലപാടുകൾ ഒക്കെ മുതിർന്ന പലരുടെയും ജീവിത വീക്ഷണങ്ങളിൽ ഇളക്കങ്ങൾ ഉണ്ടാക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രശ്നത്തിന് യഥാർത്ഥ പരിഹാരമെന്തെന്ന് തീരുമാനിക്കാനാവാതെ തെറ്റേത് ശരിയേത് എന്ന് കണ്ടെത്താനാവാതെ പഴയകാലത്തെ ചിന്തകളിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്നവരുടെ തലമുറ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച തുടരുകയാണ്. ചർച്ചകൾക്കിടയിൽ നഫീസ പറഞ്ഞതിന് ഒരുപാട് ലൈക്ക് കിട്ടി. ഒറ്റവരിയായിരുന്നു അവൾ എഴുതിയത്, “കാലം പിന്നോട്ട് സഞ്ചരിക്കാറില്ല.”
(പേരുകൾ സാങ്കല്പികം).

Exit mobile version