Site iconSite icon Janayugom Online

ആശാന്‍-മാനവികതയുടെ വെളിച്ചം

ശ്രീനാരായണഗുരുവിനെക്കുറിച്ച് പി കെ ബാലകൃഷ്ണന്‍ ഇങ്ങനെ എഴുതി ‘ചരിത്രത്തിന്റെ രാജപാതയില്‍ മാര്‍ഗരേഖകള്‍ പോലെ മഹാന്‍മാര്‍ നില്‍ക്കുന്നു. അത്തരത്തിലുള്ള വ്യക്തിപ്രതിഭാസങ്ങളെ ഗൗരവമായി പഠിക്കണമെന്നുള്ളവര്‍ക്ക് തങ്ങളുടെ പ്രാരംഭം ചരിത്രത്തില്‍ നിന്നുതന്നെ വേണ്ടിയിരിക്കുന്നു. നാരായണഗുരു കേരള ചരിത്രത്തിലേക്കുള്ള ഒടുക്കത്തെ മാര്‍ഗരേഖയാണ്. അതിനപ്പുറത്തേക്ക് കടക്കുക നമ്മുടെ ചുമതലയും, ആ യാത്ര നമ്മുടെ ഇന്നത്തെ പുരോഗതിയുമായിരിക്കും. അദ്ദേഹമെന്ന പ്രതിഭാസത്തെ അതിന്റെ എല്ലാ വ്യാപ്തിയിലും തിട്ടപ്പെടുത്തി, അതിലെ വിപ്ലവസാധ്യതകളെ മുഴുവനും ഉള്‍ക്കൊണ്ടതിനുശേഷമേ യഥാര്‍ത്ഥ പുരോഗതിയിലേക്ക് കടക്കാനാവു എന്നുള്ള സത്യം കൂടുതല്‍ പഠിക്കാനും ചിന്തിക്കാനുമുള്ള നമ്മുടെ ചുമതലകളെ വര്‍ധിപ്പിക്കുന്നു.’ ഗുരു എന്ന മാര്‍ഗരേഖ അതിന്റെ യഥാര്‍ത്ഥ വ്യാപ്തിയില്‍ ഉള്‍ക്കൊണ്ട ഗുരുദേവ ശിഷ്യനായിരുന്നു കുമാരനാശാന്‍. ഗുരുദേവന്റെ അതിവിശാലമായ പ്രപഞ്ചദര്‍ശനത്തില്‍ നിന്നും ഉറവെടുത്തതാണ് ആശാന്റെ കാവ്യപ്രപഞ്ചം എന്ന് ആശാന്‍ കവിതകളുടെ പ്രഥമ വായനയില്‍ത്തന്നെ വെളിവാകുന്നതാണ്. ഗുരുവിനെക്കുറിച്ച് ആശാന്‍ രചിച്ച വളരെ പ്രസിദ്ധമായ ‘നാരായണമൂര്‍ത്തേ’ എന്ന സ്തുതിയില്‍ ‘അന്യര്‍ക്ക് ഗുണം ചെയ‌്‌വതിനായുസും വപുസും ധന്യത്വമോടങ്ങാത്മതപസും ബലി ചെയ്‌വൂ’ എന്നാണ് പറയുന്നത്.

ശ്രീനാരായണന്‍, സ്വന്തം കാലത്തെ മറ്റ് ഗുരുവര്യരായ രമണ മഹര്‍ഷി, വിവേകാനന്ദന്‍ തുടങ്ങിയവരെക്കാള്‍ കവിത്വംകൊണ്ട് അനുഗ്രഹീതനായിരുന്നു. കവിതകളിലൂടെയും സ്തോത്രങ്ങളിലൂടെയുമാണ് ഗുരു ആത്മഭാഷണം നടത്തിയത്. കുമാരനാശാനെ സംബന്ധിച്ചിടത്തോളം ഭാഷയും സാഹിത്യവും സംഗീതവും നിറഞ്ഞ ഒരു ബാല്യകാലമാസ്വദിക്കാന്‍ സാധിച്ചു എന്നത് പരമപ്രധാനമാണ്. മലയാളത്തിലും തമിഴിലും പണ്ഡിതനായിരുന്ന അച്ഛന്‍ നാരായണന്‍, കീര്‍ത്തനങ്ങള്‍ രചിക്കുകയും അവ ശ്രുതിമധുരമായി ആലപിക്കുകയും ചെയ്യുമായിരുന്ന അമ്മ കാളിയമ്മ. അമ്മ പറയുന്ന കഥകളും അച്ഛന്‍ ആലപിക്കുന്ന കീര്‍ത്തനങ്ങളും കേട്ട് ബാലനായ കുമാരു പറയുമായിരുന്നു വലുതാവുമ്പോള്‍ അച്ഛനെപ്പോലെ കവിതകളെഴുതുമെന്ന്.
പഠനത്തില്‍ സമര്‍ത്ഥനായിരുന്നതിനാല്‍ കുടിപ്പള്ളിക്കൂടം കഴിഞ്ഞ് സ്കൂളില്‍ ചേരുകയും 14-ാം വയസില്‍ സ്കൂള്‍ പരീക്ഷ പ്രശസ്തമായ നിലയില്‍ ജയിച്ച് അതേ പള്ളിക്കൂടത്തില്‍ അധ്യാപകനാവുകയും ചെയ്തു. പിന്നീട് ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. ഇക്കാലത്ത് അസുഖം ബാധിച്ചു കിടന്ന കുമാരുവിനെ കാണുവാനായി അച്ഛന്റെ ക്ഷണപ്രകാരം ഗുരു കായിക്കരയിലെ വീട്ടിലെത്തി. കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി. മണമ്പൂര്‍ ഗോവിന്ദനാശാന്റെ ‘വിജ്ഞാന സന്ദായിനി’ എന്ന പാഠശാലയില്‍ ചേര്‍ന്ന് പഠിക്കുന്ന കാലത്താണ് പാട്ടുകളും ശ്ലോകങ്ങളുമെഴുതാന്‍ തുടങ്ങിയത്. അവയില്‍ സ്തോത്രങ്ങളും ശൃംഗാരകവിതകളും എല്ലാം ഉള്‍പ്പെട്ടിരുന്നു. അക്കാലത്തെഴുതിയ ‘സുബ്രഹ്മണ്യശതകം സ്തോത്രം’ എന്ന കൃതിയാണ് ആശാന്റെ ആദ്യമായി അച്ചടിക്കപ്പെട്ട കൃതി എന്ന് വിശ്വസിക്കപ്പെടുന്നു.
ശ്രീനാരായണഗുരു, കുമാരു എന്ന ചെറുപ്പക്കാരന്റെ കവിതകള്‍ വായിക്കുകയും അവയിലെ സ്തോത്രകവിതകള്‍ ഒരുപാടിഷ്ടപ്പെടുകയും ശൃംഗാര കവിതകള്‍ ഇനി എഴുതരുത് എന്ന് വിലക്കുകയും ചെയ്തു. കുമാരനാശാന്റെ കവിതകള്‍ക്ക് കൃത്യമായ ദിശാബോധം നിര്‍ണയിക്കുന്നതില്‍ ഗുരുവിന്റെ നിര്‍ദേശങ്ങള്‍ നിര്‍ണായകമായി. ഗുരുവും കുമാരനാശാനും തമ്മില്‍ കവിത്വം എന്ന കാണാച്ചരടിനാല്‍ രൂപപ്പെട്ട ഒരാത്മബന്ധം അതിശക്തമായി നിലനിന്നിരുന്നു. ‘മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ’ എന്ന വരികള്‍ ആശാന് ഗുരുവിലുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസമാണ് ധ്വനിപ്പിക്കുന്നത്.

 

 


ഇതുകൂടി വായിക്കൂ; ദുരവസ്ഥയ്ക്ക് നൂറു തികയുമ്പോള്‍


ആശാന്റെ പ്രധാന കൃതികള്‍ വീണപൂവ് (1907), നളിനി (1911), ലീല (1914), ബാലരാമായണം (1916), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918), പ്രരോദനം (1919), ചിന്താവിഷ്ടയായ സീത (1919), ദുരവസ്ഥ (1922), കരുണ (1923), സൗന്ദര്യലഹരിയുടെ പരിഭാഷ, സ്തോത്രകൃതികള്‍ ഇവയൊക്കെയാണ്. ചെറുപ്പകാലം മുതല്‍ വിജ്ഞാനസമ്പാദനത്തിന് അതീവ താല്പര്യം കാണിച്ചിരുന്ന കുമാരു എന്ന ബാലന്‍ ബാല്യ, കൗമാരകാലത്തിനുള്ളില്‍ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും സാഹിത്യത്തിലും അഗാധമായ അറിവ് നേടി. ആ അറിവിന്റെ പ്രവാഹം, ശാന്തമായൊഴുകുന്ന ആഴമേറിയ നദിയായി പരിണമിച്ചത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളാണ്. ഗുരുദര്‍ശനങ്ങളില്‍ നിന്നും സ്വാംശീകരിച്ച മാനവികതയും നീതിബോധവും വെെദികമതം സൃഷ്ടിച്ച ജാതി വെെകൃതങ്ങളെ രൂക്ഷമായി വിമര്‍ശിക്കാന്‍ ആശാനെ പര്യാപ്തനാക്കി.
‘അരുതോര്‍പ്പിന്‍ നൃപന്‍ വധിച്ചു നി-
ഷ്ക്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരൂപിക്കിന്‍ മയക്കി ഭൂപനെ
തരുണീ പാദജഗര്‍ഹിണി ശ്രുതി’ എന്ന് ശംബുകവധത്തെക്കുറിച്ച്, അതിന് കാരണമായ സ്മൃതി പാരമ്പര്യത്തെ വിമര്‍ശിക്കാനും ഗൗതമബുദ്ധ ദര്‍ശനങ്ങളെ സ്വാംശീകരിച്ച് ചണ്ഡാലഭിക്ഷുകി രചിക്കുവാനും ആശാന്റെ അതിരില്ലാത്ത പ്രതിഭയ്ക്ക് സാധിച്ചു. ‘വീണപൂവ്’ എന്ന അസാധാരണമായ ഖണ്ഡകാവ്യം ഇന്നും നിത്യനൂതനമായ വ്യാഖ്യാനങ്ങള്‍ക്ക് പാത്രമായിക്കൊണ്ടിരിക്കുന്നു.
1924 ജനുവരി 16ന് കേവലം അര നൂറ്റാണ്ട് മാത്രം നീണ്ട, ഇതിഹാസ തുല്യമായ ആശാന്റെ ജീവിതത്തിന് ഒരു ബോട്ടപകടം വിരാമമിട്ടു. എന്നാല്‍ 100 വര്‍ഷങ്ങള്‍ക്കിപ്പുറവും ആശാന്‍ എന്ന കവി, വാഗ്മി, സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ വാക്കുകള്‍ നിത്യനൂതനമായിത്തന്നെ നില്‍ക്കുന്നു. സ്നേഹത്തിന്റെ മാനവികതയുടെ ഗുരുദര്‍ശനം സ്വായത്തമാക്കി എന്നതാണ് കുമാരനാശാന്റെ കവിതകളുടെ വ്യാപ്തിയും മഹത്വവും. ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്നും വ്യക്തിജീവിതത്തിന്റെയും പൊതുജീവിതത്തിന്റെയും ആത്യന്തികമായ സാരം മാനവികതയാണെന്നും കവിതയിലൂടെ അദ്ദേഹം സമര്‍ത്ഥിച്ചു. സ്നേഹരാഹിത്യം മരണം തന്നെയാണെന്നും.

Exit mobile version