5 May 2024, Sunday

ദുരവസ്ഥയ്ക്ക് നൂറു തികയുമ്പോള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
April 4, 2023 4:57 am

രചനാകാലത്തുതന്നെ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട കുമാരനാശാന്റെ ഏറ്റവും ദീര്‍ഘമായ ഖണ്ഡകാവ്യം 2022ല്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴും ആ കാവ്യം അതിശക്തമായി വിമര്‍ശിച്ച സാമൂഹ്യ അനാചാരങ്ങള്‍ ഇന്നത്തെ കേരള സമൂഹത്തില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്നത് തികച്ചും ദുഃഖകരമാണ്. അതിലും ദുഃഖകരമാണ് ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തിനു തന്നെ ആശാന്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ വര്‍ഗീയ വിദ്വേഷത്തിന്റെ ഒരു തലം സൃഷ്ടിക്കുക എന്നത്. ഹിന്ദുമതത്തില്‍ നിലനിന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ വര്‍ണവിവേചനത്തിനെതിരെയുള്ള ആശാന്റെ വിമര്‍ശനം ഒന്നിലധികം കൃതികളില്‍ പ്രതിഫലിക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് ദുരവസ്ഥ.

ആശാന്‍ ജനിച്ചുവളര്‍ന്ന സാഹചര്യം അദ്ദേഹത്തിന് കവിതയിലും കലകളിലും താല്പര്യം വളര്‍ത്തുന്നത് തന്നെയായിരുന്നു. അഞ്ചുതെങ്ങിനടുത്തുള്ള കായിക്കര ഗ്രാമത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ വലിയ പാണ്ഡിത്യമുണ്ടായിരുന്ന, സമുദായ പ്രമുഖനായിരുന്ന നാരായണന്‍ പെരുങ്ങാടിയുടെയും കാളിയമ്മയുടെയും മകനായി 1873 ഏപ്രില്‍ 12നാണ് ആശാന്‍ ജനിച്ചത്. ഒമ്പത് മക്കളില്‍ രണ്ടാമനായി. അമ്മ കീര്‍ത്തനങ്ങള്‍ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അച്ഛനും കവിതകളെഴുതുകയും അവ ശ്രുതിമധുരമായി ആലപിക്കുകയും കഥകളി, ശാസ്ത്രീയ സംഗീതം മുതലായവയില്‍ വലിയ അവഗാഹം നേടുകയും ചെയ്തിരുന്നു. വലിയ ആളാകുമ്പോള്‍ അച്ഛനെപ്പോലെ കവിത എഴുതുമെന്നും കൊച്ചു കുമാരന്‍ പറയാറുണ്ടായിരുന്നുവത്രെ. അക്കാലത്തെ ബ്രാഹ്മണ-ജന്മി കുടുംബങ്ങളില്‍ പലതിലും നിലനിന്നിരുന്ന നിരക്ഷരതയുടെ അന്തരീക്ഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആശാന്‍ വളര്‍ന്ന ഈഴവകുടുംബത്തിലെ ഉയര്‍ന്ന സാംസ്കാരികാന്തരീക്ഷം. 14-ാം വയസില്‍ സ്കൂള്‍ പരീക്ഷ പാസായി, പഠിച്ച സ്കൂളില്‍ തന്നെ അധ്യാപകനായ കുമാരുവിന് പ്രായക്കുറവുമൂലം ജോലി സ്ഥിരപ്പെട്ടില്ല. പിന്നീട് ഇംഗ്ലീഷ് ഭാഷ പഠിച്ചു. ഒരു വൈദ്യരുടെ കടയില്‍ കണക്കെഴുത്ത് ജോലിയില്‍ പ്രവേശിച്ചു. അക്കാലത്താണ് കവിതയെഴുത്ത് ആരംഭിക്കുന്നത്. പരവൂരില്‍ നിന്ന് കേശവനാശാന്‍ പ്രസിദ്ധീകരിച്ചിരുന്ന ‘സുജനനന്ദിനി’ എന്ന മാസികയിലാണ് ആശാന്റെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. കുമാരു, എന്‍ കുമാരന്‍, കായിക്കര എന്‍ കുമാരന്‍ എന്നീ പേരുകളില്‍.

 


ഇതുകൂടി വായിക്കു; മനസ് നിറയെ സ്നേഹം തന്നൊരാൾ


കുമാരന്റെ വിജ്ഞാനതൃഷ്ണ കാരണം അച്ഛന്‍ അദ്ദേഹത്തെ മണമ്പൂര്‍ ഗോവിന്ദനാശാന്‍ എന്ന പണ്ഡിതന്റെ “വിജ്ഞാന സന്ദായിനി” പാഠശാലയില്‍ ചേര്‍ത്തു. അവിടെ പഠിക്കുന്ന കാലത്താണ് “സുബ്രഹ്മണ്യശതകം സ്തോത്രം’ പുസ്തക രൂപത്തില്‍ അച്ചടിക്കപ്പെടുന്നത്. ഇക്കാലത്തൊക്കെ കുമാരനാശാന്റെ കവിതകള്‍ ശൃംഗാരശ്ലോകങ്ങള്‍ മുതല്‍ കീര്‍ത്തനങ്ങള്‍ വരെ പ്രത്യേകിച്ച് ഒരു ദിശാബോധവുമില്ലാതെ ഒഴുകി നടക്കുകയായിരുന്നു. കുമാരന്‍ അസുഖം ബാധിച്ച് കിടന്ന അവസരത്തില്‍ അഞ്ചുതെങ്ങ് ജ്ഞാനേശ്വരക്ഷേത്രത്തില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനോട് അച്ഛന്‍ വിവരം പറയുകയും അസുഖമായി കിടക്കുന്ന കുമാരുവിനെ കാണുവാന്‍ ഗുരു, വീട്ടിലേക്ക് ചെല്ലുകയുമുണ്ടായി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കുമാരു എന്ന ചെറുപ്പക്കാരന്‍ ഗുരുവിന് ശിഷ്യപ്പെട്ടു. കുമാരുവിന്റെ കവിതകള്‍ ഗുരുവിനെ ആകര്‍ഷിച്ചു. ശൃംഗാരകവിതകള്‍ ഇനി എഴുതേണ്ട എന്നും ഗുരു നിര്‍ദേശിച്ചു. കുമാരുവില്‍ നിന്ന് കുമാരനാശാനിലേക്കുള്ള പ്രയാണം ആരംഭിച്ചത് ഈ ദിവസത്തിലാണ്. ശ്രീരാമകൃഷ്ണനും നരേന്ദ്രനും തമ്മിലുള്ള ആദ്യദര്‍ശനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗുരുവും കുമാരുവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. ഗുരുവിന്റെ ഉത്സാഹത്തിലാണ് ആശാന്‍ 24-ാം വയസില്‍ ഉപരിപഠനത്തിന് ബംഗ്ലൂരുവിലേക്ക് പോകുന്നതും അവിടെ ചാമരാജേന്ദ്ര സംസ്കൃത കോളജില്‍ മൂന്നു വര്‍ഷം സ്കോളര്‍ഷിപ്പോടെ പഠിച്ച് ഉന്നത വിജയം നേടുന്നതും. ഡോ. പല്‍പ്പുവിനെയാണ് ഗുരു ആശാന്റെ ലോക്കല്‍ ഗാര്‍ഡിയനായി ചുമതലപ്പെടുത്തിയിരുന്നത്. 1898ല്‍ ഡോ. പല്‍പ്പുവിന്റെ ശ്രമഫലമായി കല്‍ക്കത്തയിലെ സംസ്കൃത കോളജില്‍ പ്രവേശനം ലഭിച്ചു. വീണ്ടും മൂന്നു വര്‍ഷം അദ്ദേഹം സംസ്കൃതത്തിലും ഇംഗ്ലീഷിലും അവഗാഹം നേടി. കേരളത്തില്‍ നാളിതുവരെയുള്ള കാലത്ത് ഭാഷയിലും വ്യാകരണത്തിലും തത്വശാസ്ത്രത്തിലും ഇത്രയേറെ അവഗാഹം നേടിയ ഒരു കവി വേറെയില്ല എന്ന് നിസംശയം പറയാന്‍ സാധിക്കും.
കല്‍ക്കത്തയിലെ വിദ്യാഭ്യാസം കഴിഞ്ഞ് 1901ല്‍ ആശാന്‍ അരുവിപ്പുറത്ത് തിരിച്ചെത്തി. 1903 ജൂണ്‍ നാലിന് എസ്എന്‍ഡിപി യോഗം സ്ഥാപിതമായപ്പോള്‍ ഗുരു അതിന്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുത്തത് കുമാരനാശാനെയായിരുന്നു. അന്ന് 30 വയസായിരുന്നു ആശാന് പ്രായം. തുടര്‍ന്ന് 16 വര്‍ഷക്കാലം യോഗം സെക്രട്ടറിയായുള്ള പ്രവര്‍ത്തനകാലത്താണ് കേരളത്തിലെ സാമൂഹ്യരംഗത്തെ അസമത്വങ്ങള്‍ക്കെതിരെയും സാമൂഹ്യമാറ്റങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുവാനുമുള്ള നിരന്തര പരിശ്രമങ്ങള്‍ ആശാന്‍ നടത്തുന്നത്. 1909ല്‍ തിരുവിതാംകൂര്‍ അസംബ്ലിയില്‍ അംഗമായ ആശാന്റെ സാമാജികനെന്ന നിലയിലുള്ള പ്രവര്‍ത്തനവും പ്രശംസനീയമായിരുന്നു.


ഇതുകൂടി വായിക്കു; കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി | കവിത


ശ്രീനാരായണ ഗുരുവുമായുള്ള സമ്പര്‍ക്കം കുമാരനാശാന്റെ വ്യക്തിത്വത്തിന് വര്‍ധിതശോഭ നല്കി, അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ചക്രവാളത്തിന് അതിരില്ലാത്ത വ്യാപ്തിയുണ്ടായി. ഈ ഘട്ടത്തിലാണ് മലയാളഭാഷയിലെ ഏറ്റവും ഈടുറ്റ കാവ്യങ്ങള്‍ ആശാന്‍ രചിക്കുന്നത്. 1907 ഡിസംബറിലാണ് കുമാരനാശാന്‍ ‘വീണപൂവ്’ മിതവാദി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ആകെ നാല്പത്തിയൊന്ന് ശ്ലോകങ്ങളടങ്ങിയ ആ ഖണ്ഡകാവ്യം അതുവരെയുണ്ടായിരുന്ന മലയാള കവിതയുടെ ഭാവുകത്വത്തെ ആകെ മാറ്റിത്തീര്‍ത്തു. ‘ഭാഷാ പോഷിണി‘യിലും വീണപൂവ് പ്രസിദ്ധീകരിക്കപ്പെട്ടു. അന്നുമുതല്‍ നാളിതുവരെ ആ കാവ്യം ആസ്വാദക മനസില്‍ ശോഭയോടെ വര്‍ത്തിക്കുകയാണ്. വീണപൂവിനെ തുടര്‍ന്നുവന്ന പ്രധാന ഖണ്ഡകാവ്യങ്ങള്‍ നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ എന്നിവയായിരുന്നു. നളിനി അസാധാരണമായ ഒരു പ്രണയകഥയാണ്. ആശാന്റെ തന്നെ ഉള്ളിലുള്ള പ്രണയിയും വേദാന്തിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് നളിനി എന്നും ഒരു പക്ഷമുണ്ട്.
‘തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയിതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍’
എന്ന നളിനിയിലെ വരികള്‍ നാളിതുവരെ എത്രയെത്ര കവിതകളില്‍, പാട്ടുകളില്‍ ആവര്‍ത്തിക്കപ്പെടുന്നത് നമ്മള്‍ കാണുന്നു. ലീലയും മരണത്തിനുപോലും വേര്‍തിരിക്കാനാവാത്ത പ്രണയകഥയാണ്. ബുദ്ധദര്‍ശനങ്ങള്‍ എന്നും ആശാനെ ആകര്‍ഷിച്ചിരുന്നു. ബുദ്ധസന്ദേശങ്ങള്‍ അത്യന്തം ആര്‍ജവത്തോടെ മനുഷ്യമനസുകളിലെത്തിച്ച കാവ്യങ്ങളാണ് ചണ്ഡാലഭിക്ഷുകിയും കരുണയും.
ആശാന്റെ ഖണ്ഡകാവ്യങ്ങളെല്ലാം തന്നെ വിവിധ ജീവിതാവസ്ഥകളുടെ ആഴത്തിലുള്ള അന്വേഷണമാണ്. ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ആശാന്റെ ജീവിതാവസ്ഥയുടെ ചിത്രീകരണമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ‘ചിന്താവിഷ്ടയായ സീത’ ഇന്നും ആശയത്തിന്റെ നവത്വംമൂലം നമ്മളെ അത്ഭുതപ്പെടുത്തും.

 


ഇതുകൂടി വായിക്കു; വെെക്കം ഒരു ചരിത്രമാണ്


 

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശാന്റെ നിലപാടുകള്‍ തികച്ചും ആധുനികമായിരുന്നു. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ഒരേ വര്‍ഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത് 1922ല്‍. അനാചാരങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച ദുരവസ്ഥയാണ് ആശാന്റെ ഏറ്റവും ദീര്‍ഘകാവ്യമായ ദുരവസ്ഥയില്‍ ചിത്രീകരിച്ചത്. ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള അതിശക്തമായ പ്രതികരണമാണത്. ദുരന്തങ്ങളാണ് സ്നേഹത്തിന്റെ യഥാര്‍ത്ഥ ശക്തി വെളിവാക്കുന്നതെന്ന് ദുരവസ്ഥയുടെ ആമുഖത്തില്‍ ആശാന്‍ പറയുന്നുണ്ട്. ബുദ്ധദര്‍ശനങ്ങളിലൂടെ ദുഃഖമാണ് മനുഷ്യജീവിതത്തില്‍ ശാശ്വതമായത് എന്ന തിരിച്ചറിവില്‍ നിന്ന് ദുഃഖം മനുഷ്യജീവിതത്തെ നന്മയുടെ യഥാര്‍ത്ഥ മാര്‍ഗത്തിലെത്തിക്കും എന്ന് ആശാന്‍ വിശ്വസിച്ചു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ തന്നെ ഈ 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍പോലും പലരും പറയാന്‍ ഭയപ്പെടുന്ന മനുഷ്യസങ്കല്പവും സ്ത്രീപക്ഷ നിലപാടുകളും നിര്‍ഭയമായി ആവിഷ്കരിച്ച കവിയായിരുന്നു ആശാന്‍. ചിന്താവിഷ്ടയായ സീതയില്‍.

‘അരുതോര്‍ക്കുകില്‍, നൃപന്‍ വധിച്ചു-നിഷ്
ക്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരൂപിക്കില്‍ മയക്കി ഭൂപനെ
തരുണീപാദ ജഗര്‍ഹിണീ ശ്രുതി’

അതായത് വേദശാസനകള്‍ സ്ത്രീയെയും ശൂദ്രനെയും ഒരുപോലെ തിരസ്കരിക്കുന്നുവെന്നും നീതിമാനായ രാജാവിനുപോലും ശ്രുതിയാല്‍ മയങ്ങി ഇതിന്റെ നീതിരാഹിത്യം കാണാതെ പോവുന്നു എന്ന് 1922ല്‍ സീതയുടെ ചിന്തയായ് അവതരിപ്പിക്കുവാനുള്ള ആര്‍ജവം ആശാനുമാത്രം അവകാശപ്പെടാവുന്നതാണ്. അന്നുവരെ നിലനിന്നിരുന്ന കാവ്യസങ്കല്പങ്ങളെയാകെ കീഴ്‌മേല്‍ മറിച്ചുകൊണ്ടും വായനാശീലങ്ങളെ തിരസ്കരിച്ചുകൊണ്ടുമാണ് ‘വീണപൂവു‘മായി ആശാന്‍ കാവ്യസപര്യ ആരംഭിക്കുന്നത്. ആശാനെന്ന വ്യക്തിയെയോ കവിയെയോ ഏതെങ്കിലും ചട്ടക്കൂടിനകത്ത് പ്രതിഷ്ഠിക്കാനാവില്ല. ദുരവസ്ഥ എന്ന കാവ്യത്തെയും ഒരിക്കലും പ്രതിലോമ ശക്തികള്‍ക്ക് ഉപകരണമാക്കാനാവില്ല. പാരമ്പര്യവാദത്തിന്റെയും പ്രതിലോമ ആശയങ്ങളുടെയും ഭാണ്ഡം പേറുന്നവരോട് ആ കാവ്യത്തിന്റെ അവസാന ഖണ്ഡങ്ങള്‍ നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുന്നു.

‘കാലം വെെകിപ്പോയി, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി.
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബല-
പ്പെട്ട ചരടില്‍ ജനതനില്ക്കാ-
മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.