Site iconSite icon Janayugom Online

വർഗബോധമില്ലാത്തവർ വർഗവഞ്ചകരാവും

‘ജീവനുള്ള ഒരു ശാസ്ത്രമാണ് മാർക്സിസം. അതുകൊണ്ട് അതിന് നിശ്ചലമായി നിൽക്കാൻ വയ്യ. സാമൂഹ്യവളർച്ചയിലുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം പുതിയ അനുഭവങ്ങളും ഉൾക്കൊണ്ടുകൊണ്ട് അതു വളരുന്നു. കൂടുതൽ പുഷ്ടിപ്പെടുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മഹാനായ ലെനിൻ മാർക്സിയൻ ദർശനത്തെ നിർവചിച്ചത് ഇങ്ങനെ. സ്റ്റാലിൻ പറഞ്ഞതുകൂടി ഉദ്ധരിക്കട്ടെ; ‘ലെനിനിസം സാമ്രാജ്യാധിപത്യത്തിന്റെയും തൊഴിലാളി വിപ്ലവത്തിന്റെയും കാലഘട്ടത്തിലെ മാർക്സിസമാണ്. കുറേക്കൂടി വ്യക്തമായി പറയുകയാണെങ്കിൽ ലെനിനിസമെന്നത് തൊഴിലാളി സർവാധിപത്യത്തിന്റെയും തത്വവും തന്ത്രവുമാണ്. ’

ഇതൊന്നും വായിക്കാതെയും പഠിക്കാതെയും പുഷ്പം വിടരുന്നതുപോലെ കമ്മ്യൂണിസ്റ്റുകാരുടെ വേഷമണിയുന്നവർ ഒരു സുപ്രഭാതത്തിൽ കോൺഗ്രസിൽ ചേരുന്നതിൽ അതിശയമേതുമില്ല. വർഗബോധമില്ലാത്ത അത്തരം കൂട്ടർ വർഗവഞ്ചകരായി ചരിത്രത്തിലെ അപമാനരേഖയിൽ അടയാളപ്പെടുത്തപ്പെടും. കനയ്യകുമാറും അപമാന ചരിത്രരേഖയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു.
എഐഎസ്എഫ് അതിമഹത്തായ ചരിത്രപാരമ്പര്യമുള്ള വിദ്യാർത്ഥി പ്രസ്ഥാനമാണ് 1936 ഓഗസ്റ്റ് 12,13 തീയതികളിൽ ലഖ്നൗവിൽ ചേർന്ന സമ്മേളനത്തിൽ രൂപീകരിക്കപ്പെട്ട അവിഭക്ത ഇന്ത്യയിലെ ആദ്യ സംഘടിത ദേശീയ പ്രസ്ഥാനം. ആ പ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യ സമ്പാദന പോരാട്ട ചരിത്രവും ഹെമുകലാനി എന്ന വിദ്യാർത്ഥി രക്തസാക്ഷിത്വ മഹത്വവും അറിയാതെ എഐഎസ്എഫിൽ ചേക്കേറിയ കനയ്യകുമാറിന്റെ കോൺഗ്രസ് കൂടുമാറ്റം അതിശയിപ്പിക്കേണ്ട ഒന്നല്ല. അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യമിടുന്നവർക്ക് വിശ്വവിപ്ലവം വിജയിക്കട്ടെ എന്ന് മുദ്രാവാക്യം ഉയർത്തിക്കൊണ്ടേയിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിലനിൽക്കാനാവുകയില്ല. അത്തരം അധികാര ഭ്രമികൾക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവുകയുമില്ല. ഇത്തരം ആഡംബര ഘോഷികളെയും അധികാരഭ്രമക്കാരെയും അനർഹമായി പാർട്ടി സ്ഥാനങ്ങളിൽ അവരോധിക്കുന്നതും പുനർചിന്തനത്തിനു വിധേയമാക്കേണ്ടതാണ്.


ഇതുകൂടി വായിക്കൂ: ആസാദിയില്‍ നിന്ന് ആസ് ആകാനുള്ള യാത്ര


1920‑ൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ച എസ് എ ഡാങ്കേ 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാക്കളിൽ പ്രമുഖനായിരുന്നു. ആ എസ് എ ഡാങ്കേയെ പുറത്താക്കിയ പാർട്ടിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. മുസാഫിർ അഹമ്മദ് ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടപ്പോഴും 1964‑ൽ പാർട്ടിയെ ഭിന്നിപ്പിച്ച് തെന്നാലിയിൽ യോഗം ചേർന്ന് പുതിയ പാർട്ടി രൂപീകരിച്ചപ്പോഴും ശിഥിലമാകാതിരുന്ന പാർട്ടിയാണ് ഇന്ത്യൻ കമ്മ്യണിസ്റ്റ് പാർട്ടി. ആ ചരിത്ര ഏടുകളിൽ കനയ്യകുമാർ കേവലം അശുവാണ്. വളർത്തിയതും വലുതാക്കിയതും പ്രചാരം നല്കിയതും സിപിഐ ആണെന്ന് വിസ്മരിച്ച് ആത്മവഞ്ചനയോടെ ചേക്കേറുന്നത് മുങ്ങുന്ന കപ്പലായ കോൺഗ്രസിലേക്കാണ് എന്നത് അതിശയം. ഇന്ത്യയിലാകെ ശരശയ്യയിലായ, വിശിഷ്യാ മരണകിടക്കയിലായ ബിഹാറിൽ കോൺഗ്രസ് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്താണ് കനയ്യകുമാറിനെ ഒപ്പം കൂട്ടിയത് എന്നത് സമീകാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഫലിതം. രാഷ്ട്രീയത്തിൽ ബഫൂണുകളെ പലവട്ടം കണ്ടിട്ടുണ്ട്. അതിലെ ഏറ്റവും ഉഗ്രനായ ബഫൂണായി കനയ്യകുമാറിനെയും നാം കാണുന്നു.


ഇതുകൂടി വായിക്കൂ:കനയ്യയുടേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന: ഡി രാജ


കോൺഗ്രസിൽ നിൽക്കക്കള്ളിയില്ലാതെ ദേശീയ നേതാക്കൾപോലും കോൺഗ്രസ് വിട്ടു. ബിജെപിയിലേക്ക് പലായനം ചെയ്യുന്ന കാലത്താണ് മുങ്ങുന്ന കപ്പലിലേക്ക് കനയ്യകുമാറിന്റെ അപമാന രംഗപ്രവേശം. രാഹുൽ ബ്രിഗേഡ് സംഘങ്ങളായ ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് കേന്ദ്രമന്ത്രിയും എഐസിസി ഉപാധ്യക്ഷൻ ജിതേന്ദ്ര പ്രസാദിന്റെ പുത്രൻ ജിതിൻ പ്രസാദ് യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ അംഗവുമാണ്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ളവർ പ്രതിഷേധസ്വരവും കലഹശബ്ദങ്ങളുമായി രംഗത്തുവരുന്നു. ‘ഗാന്ധി മഹാത്മജി ചൊല്ലിയ മന്ത്രങ്ങൾ കേട്ടുനിന്നവരല്ലേ നാം’ എന്ന് കണിയാപുരം എഴുതിയ വരികൾ സുധീരാദി-മുല്ലപ്പള്ളിമാർ സുധാകര-സതീശ ദ്വന്ദ്വങ്ങളോട് ആരായുന്നു. ഗുലാം നബി ആസാദും കബിൽ സിബലും ആനന്ദ് ശർമ്മയും ഉൾപ്പെടെയുള്ള ജി 23 കലാപം അരങ്ങേറ്റപ്പെടുന്ന അരങ്ങിലേക്കാണ് ഭിക്ഷാംദേഹിയായി കനയ്യകുമാർ കടന്നുകയറുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരിന്ദർസിങ് കോൺഗ്രസ് വിട്ടൊഴിയുന്നു. കനയ്യകുമാർ കോൺഗ്രസിൽ ചേർന്നപ്പോൾ നവജ്യോത്സിങ് സിദ്ധുവും മന്ത്രിമാരും രാജിവയ്ക്കാനൊരുങ്ങുന്നു. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നല്ലാതെ ഈ വിഡ്ഢിവേഷത്തെക്കുറിച്ച് എന്തുപറയുവാൻ.
‘ഊഴിയിൽ ദാഹമേ ബാക്കി’ എന്ന കവിവാക്യം ഓർമ്മവരുന്നു, അധികാര ദാഹം അൽപ്പന്മാരെ നയിക്കും, തകർക്കും, നിശ്ചേതരാക്കും.

Exit mobile version